Pages

Monday, January 30, 2017

പുലിമുരുകന്‍ വരുന്നേ പുലിമുരുകന്‍!

     എ.ഇ.ഒ വരുന്നത്, സ്കൂളില്‍ പോകുന്ന കാലത്ത് ഒരു പേടി സ്വപ്നമായിരുന്നു. അദ്ദേഹം ഏതെങ്കിലും ക്ലാസ്സില്‍ കയറി എന്തെങ്കിലും ചോദ്യം ചോദിക്കും എന്നും ഉത്തരം കിട്ടിയില്ലെങ്കില്‍ നല്ല ശിക്ഷ കിട്ടും എന്നൊക്കെയായിരുന്നു തലമുറകളായി എ.ഇ.ഒ മാരെപ്പറ്റി കൈമാറി വരുന്ന വാര്‍ത്ത.ഒരു അധ്യയന വര്‍ഷത്തിലെ ഇത്രാമത്തെ പ്രവൃത്തി ദിനത്തിലാണ് അദ്ദേഹം വരിക എന്നതൊക്കെ പുതിയ നിയമമാണ്.പഴയ നിയമത്തില്‍ അദ്ദേഹം ഏത് ദിവസത്തിലും കയറി വരാം.
     ഏകദേശം ആ ദിവസങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു സംഭവം ഈ അടുത്ത് ഉണ്ടായി.ഞങ്ങളുടെ എന്‍.എസ്.എസ് ക്യാമ്പ് സന്ദര്‍ശിക്കാനായി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വരുന്നതായി എനിക്ക് ഒരു സന്ദേശം ലഭിച്ചു. ഞാന്‍ അത് ക്യാമ്പ് അംഗങ്ങളെ അറിയിക്കാനായി വളണ്ടിയര്‍ സെക്രട്ടറിമാരെയും ഏല്പിച്ചു.അല്പ സമയത്തിന് ശേഷം എനിക്ക് ലഭിച്ച വാട്സ് ആപ്പ് സന്ദേശ പ്രകാരം സ്റ്റേറ്റ് കോര്‍ഡിനേറ്ററുടെ അന്നത്തെ സന്ദര്‍ശനത്തില്‍ വയനാട് ജില്ല ഉണ്ടായിരുന്നില്ല.ഉറപ്പ് വരുത്താനായി ഫോണ്‍ ചെയ്തപ്പോള്‍ അന്നേ ദിവസം വരുന്നില്ല എന്ന വിവരം ലഭിക്കുകയും ചെയ്തു.
     കോര്‍ഡിനേറ്ററെ നേരത്തെ മറ്റൊരു ക്യാമ്പില്‍ കണ്ട് “അറിഞ്ഞ” വളണ്ടിയര്‍ സെക്രട്ടറിമാര്‍ അവര്‍ക്ക് കിട്ടിയ വിവരവും അവര്‍ അറിയുന്ന കാര്യങ്ങളും അല്പം എരിവും പുളിയും കൂട്ടി ക്യാമ്പിലെ മറ്റംഗങ്ങള്‍ക്ക് കൈമാറി.കോര്‍ഡിനേറ്റര്‍ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധ്യതയുണ്ടെന്നും ആരോ പറഞ്ഞ് പരത്തി. അതോടെ പണ്ടത്തെ എ.ഇ.ഒ വരുന്ന സംഭവം പോലെ എല്ലാവരും പരക്കം പായാന്‍ തുടങ്ങി.

“അദ്ദേഹം സ്കൂളിലേക്ക് വരോ, അതോ ആശുപത്രിയിലേക്കോ?” ആരോ സംശയം പ്രകടിപ്പിച്ചു.

“അത് അറിയില്ല”

“ഇത്രേം ആള്‍ക്കാര്‍ വരുന്ന ആശുപത്രിയില്‍ കോര്‍ഡിനേറ്റര്‍ വന്നാല്‍ ഞങ്ങള്‍ എങ്ങനെ തിരിച്ചറിയാനാ?” ആരോ ന്യായമായ ഒരു സംശയം ഉന്നയിച്ചു.

“ശരിയാ...പക്ഷേ അതിന്‍ ഞാന്‍ ഒരു പോംവഴി പറഞ്ഞ് തരാം....സാറ്‌ വരുന്നത് ഒരു വെള കാറിലായിരിക്കും...” സെക്രട്ടറി പറഞ്ഞു.

“ങാ...പക്ഷേ വെള കാറില്‍ വരുന്നവര്‍ വേറെയും ഉണ്ടാകില്ലേ?”

“ഇതാ...വെള കാറില്‍ ഈ കാണുന്ന ആള്‍ വന്നാല്‍ അതാണ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍...” കോട്ടും സ്യൂട്ടുമിട്ട ഒരു ഫോട്ടോ കാണിച്ചുകൊണ്ട് സെക്രട്ടറി മറുപടി നല്‍കി.

:ഓ കെ...” ആളെ കണ്ട സമാധാനത്തില്‍ എല്ലാവരും പറഞ്ഞു.

“അപ്പോ ഇനി എല്ലാവരും വേഗം ആശുപത്രിയിലേക്ക് നീങ്ങുക...ഏത് ഗ്രൂപ്പിന്റെ അടുത്ത് സാറ് എത്തിയാലും വിവരം മറ്റു ഗ്രൂപ്പിലേക്കും ക്യാമ്പ് ഓഫീസിലേക്കും പാസ് ചെയ്യണം...” സെക്രട്ടറി നിര്‍ദ്ദേശം കൊടുത്തു.

“ഓ.കെ...” എല്ലാവരും വേഗത്തില്‍ സൈറ്റിലേക്ക് നീങ്ങി. ഞാന്‍ ക്യാമ്പ് ഓഫീസില്‍ എന്റെ ജോലികളിലും മുഴുകി. ഏകദേശം 12 മണിയോടെ വളണ്ടിയര്‍മാരില്‍ ഒരാള്‍ ഓടിക്കിതച്ച് എന്റെ അടുത്തെത്തി.

“സാര്‍...സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്!!”

“ങേ!!” ഞാന്‍ വെറുതെ ‘ഞെട്ടല്‍‘ രേഖപ്പെടുത്തി. പണ്ട് ‘ആകാശം ഇടിഞ്ഞു വീഴുന്നേ’ എന്ന് പറഞ്ഞ കഥയിലെപ്പോലെ, മേല്‍ വളണ്ടിയര്‍ കാണുന്നവരുടെ അടുത്തെല്ലാം ഈ വിവരം അറിയിച്ചു.ഒന്നും സംഭവിക്കാത്ത പോലെ ഞാന്‍ എന്റെ ജോലിയില്‍ തന്നെ തുടര്‍ന്നു.
ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേ വളണ്ടിയര്‍ എന്റെ അടുത്ത് എത്തി പറഞ്ഞു 
“സാര്‍...അത് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആയിരുന്നില്ല...”

“പിന്നെ?”

“ഏതോ ഒരാള്‍...”

“അപ്പോ ആരാ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആണെന്ന് പറഞ്ഞത് ?” ഞാന്‍ ചോദിച്ചു.

“അത്...ഗ്രൂപ്പ് രണ്ടിന്റെ അടുത്ത് ഒരു വെള കാര്‍ വന്ന് നിര്‍ത്തി...അതില്‍ നിന്ന് രാവിലെ ഞങ്ങള്‍ക്ക് കാണിച്ച ഫോട്ടോയിലെപ്പോലെ കോട്ട് ഇട്ട ഒരാള്‍ ഇറങ്ങി...”

“ആഹാ..”

“അദ്ദേഹം നമ്മുടെ വളണ്ടിയര്‍മാരോട് എന്തോ ചോദിക്കുന്നത് ഞാന്‍ ദൂരെ നിന്ന് കണ്ടു. ഇത് തന്നെ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എന്ന ധാരണയില്‍ ഞാന്‍ അത് എല്ലാ ഗ്രൂപ്പിലും അറിയിച്ചു...സാറെയും...”

“ഹ ഹ ഹാ...” എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.

“പക്ഷെ...ഒരു ഗുണം ഉണ്ടായി സാര്‍...”

“അതെന്താ?”

“ആ ഒന്നര മണിക്കൂര്‍ കൊണ്ട് എല്ലാ ഗ്രൂപ്പുകാരും കൂടി രണ്ട് ദിവസത്തെ വര്‍ക്കാ ചെയ്തു തീര്‍ത്തത് !!”

പിറ്റേ ദിവസം ഉച്ചയോടെ സ്റ്റേറ്റ് കോര്‍ഡിനേറ്ററും ടീമും ക്യാമ്പില്‍ എത്തി. തലേ ദിവസം കാണിച്ച ഫോട്ടോയും ഒറിജിനല്‍ ആളും തമ്മിലുള വ്യത്യാസവും പറഞ്ഞ് കേട്ടതും അനുഭവിച്ച് അറിഞ്ഞതുമായ സ്വഭാവ വ്യത്യാസവും പിന്നെ അന്നത്തെ സംഭവികാസങ്ങളും ഇപ്പോഴും ക്യാമ്പ് അംഗങ്ങള്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നു.

4 comments:

Areekkodan | അരീക്കോടന്‍ said...

“ഇതാ...വെളള കാറില്‍ ഈ കാണുന്ന ആള്‍ വന്നാല്‍ അതാണ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍...” കോട്ടും സ്യൂട്ടുമിട്ട ഒരു ഫോട്ടോ കാണിച്ചുകൊണ്ട് സെക്രട്ടറി മറുപടി നല്‍കി.

Mubi said...

പണ്ടൊക്കെ AEO വരുന്നതൊരു സംഭവമായിരുന്നു... ഓര്‍ക്കാന്‍ പോലും വയ്യ!

ഫൈസല്‍ ബാബു said...

അതുകൊണ്ടെന്താ ,,,,മടിയന്മാര്‍ ഒന്ന് ഉഷാറായി കിട്ടിയില്ലേ

Areekkodan | അരീക്കോടന്‍ said...

മുബീ...ഇപ്പോള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു പേടിയും ഇല്ലാത്ത ആളാണ് എ.ഇ.ഒ!!

ഫൈസലേ...ഇവര്‍ നല്ല മക്കളാ, പരിചയക്കുറവ് കാരണം സ്ലോ ആകുന്നു എന്നേ ഉള്ളൂ.

Post a Comment

നന്ദി....വീണ്ടും വരിക