Pages

Sunday, April 30, 2017

പന്തളം എന്ന് കേട്ടാല്‍ ....

ഈ വര്‍ഷത്തെ എന്‍.എസ്.എസ് മാനവീയം അവാര്‍ഡ് സ്വീകരിക്കാനായി ഞാനും എന്റെ കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറിമാരും ആലപ്പുഴ ജില്ലയിലെ പാറ്റൂരിലുള്ള ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജില്‍ പോയിരുന്നു.എനിക്ക് അന്ന് തന്നെ തിരിച്ചുപോരേണ്ടതിനാല്‍ രാത്രി ഏതെങ്കിലും ബസ്സിന് കയറാമെന്ന് തീരുമാനിച്ചു. പെട്ടെന്നാണ് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന “താമരശ്ശേരി സൂപ്പര്‍ഫാസ്റ്റ് “ നിയന്ത്രണം വിട്ട് എന്റെ മനസ്സില്‍ ഓടിക്കയറിയത്.

പ്രസ്തുത ബസ് ആലപ്പുഴ വഴി ആയിരിക്കും എന്ന നിഗമനത്തില്‍, ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ സഹമുറിയന്‍ അലി അക്ബര്‍ സാര്‍ പരിചയപ്പെടുത്തിയ ‘ആനവണ്ടി’ എന്ന ആപ്പില്‍ കയറി ഞാന്‍ സമയം നോക്കി.ബസ് കോട്ടയം വഴിയാണെന്നും രാത്രി 8.30ന് പന്തളത്ത് കൂടി കടന്നു പോകുമെന്നും മനസ്സിലാക്കി.പാറ്റൂര്‍ നിന്നും വെറും അര മണിക്കൂര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പന്തളം എന്ന് കൂടി അറിഞ്ഞപ്പോള്‍ ദൈവനിശ്ചയങ്ങള്‍ക്ക് ഞാന്‍ വീണ്ടും സ്തുതി പാടി.

എന്‍.എസ്.എസ് വേദികളില്‍ ആവശ്യത്തിലധികം ബഹുമാനം കിട്ടുന്നു എന്ന് എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.ഇവിടെയും കാറില്‍ എന്നെ പന്തളത്ത് എത്തിക്കാന്‍ ഒരു വളണ്ടിയറെ ഏല്‍പ്പിച്ചിരുന്നു. കാറിലായതിനാല്‍ ഞാന്‍ ബസ് സ്റ്റാന്റില്‍ നേരത്തെ എത്തുകയും ചെയ്തു. നമസ്കാരം നിര്‍വ്വഹിക്കാനുള്ളതിനാല്‍  പള്ളി അന്വേഷിക്കാന്‍ ഞാന്‍ തൊട്ടടുത്ത് കണ്ട കടയില്‍ കയറി. പള്ളി അല്പം കൂടി മുമ്പിലെ മുക്കട(?) സ്റ്റോപ്പിലാണെന്ന് അദ്ദേഹം അറിയിച്ചു. സ്വന്തം സ്കൂട്ടറില്‍ എന്നെ അവിടെ ആക്കാം എന്നും ചെറുപ്പക്കാരനായ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ അന്തം വിട്ടു പോയി.

കടയില്‍ നിന്നും പുറത്തേക്കിറങ്ങുന്നതിനിടക്ക് ഞാന്‍ കീശയില്‍ നിന്നും ഫോണ്‍ എടുത്തു. കീശയില്‍ മടക്കി സൂക്ഷിച്ചിരുന്ന 2000 രൂപയുടെ നോട്ട് ഫോണില്‍ പറ്റിപ്പിടിച്ച് നിലത്ത് വീണത് എന്റെ ശ്രദ്ധയില്‍ പെട്ടില്ല. കടക്കാരനെ കാത്ത് പുറത്ത് നിന്ന എനിക്ക് നേരെ 2000 രൂപയും നീട്ടി അദ്ദേഹം വന്നപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി !ആ മനുഷ്യന്റെ നല്ല മനസ്സിനെ ഞാന്‍ നമിച്ചു.എന്നെ സ്കൂട്ടറില്‍ കയറ്റി പള്ളിയിലേക്ക് പോകും വഴി യാത്രയില്‍ പണം സൂക്ഷിക്കേണ്ടതിന്റെ പറ്റി അദ്ദേഹം പറഞ്ഞു തന്നു.പള്ളിക്ക് മുമ്പില്‍ എന്നെ ഇറക്കി അദ്ദേഹം തിരിച്ചു പോകുകയും ചെയ്തു.

നമസ്കാരം നിര്‍വ്വഹിച്ച ശേഷം ഒരു ഓട്ടോയില്‍ കയറി ഞാന്‍ വീണ്ടും പന്തളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ എത്തി.യൂണിഫോമിട്ട ഒരു കണ്ടക്ടറും രണ്ട് യാത്രക്കാരും മറ്റൊരു ഓട്ടോറിക്ഷക്കടുത്ത് എന്തോ സംസാരിക്കുന്നതിനടുത്താണ് ഞാന്‍ ഓട്ടോ ഇറങ്ങിയത്.സ്റ്റാന്റ് അപ്പോഴേക്കും വിജനമായിരുന്നു. എന്റെ ബസ്സിന്റെ സമയം ആവുകയും ചെയ്തിരുന്നു. പെട്ടെന്ന് ആ കണ്ടക്ടര്‍ എന്റെ നേരെ തിരിഞ്ഞു അല്പം ഉച്ചത്തില്‍ ചോദിച്ചു - “നിങ്ങളെവിടേക്കാ?”

“താമരശ്ശേരി ബസിന് കാത്ത് നില്‍ക്കുകയാണ്?”

“അതിന് ഇവിടെയാണോ നില്‍ക്കുന്നത് ? ബസ് ഒന്നും ഇനി ഇവിടെ വരില്ല!!”

“ങേ!! പിന്നെ എവിടെ പോകണം?”

“ജങ്ക്ഷനില്‍....”

“ഇവിടെ നിന്ന് അധികം പോകാനുണ്ടൊ?”എന്റെ ബസ് കടന്ന് പോകുന്ന സമയം ആയതിനാല്‍ ഞാന്‍ ആകെ പരവശനായി.

“അല്പം കാത്ത് നില്‍ക്കൂ...ഇവരുടെ പ്രശ്നം പരിഹരിച്ചിട്ട് ഞാന്‍ നിങ്ങളെ കൊണ്ടു വിടാം....!!”
ശേഷം അദ്ദേഹം ബാഗില്‍ നിന്നും ചെറിയ ഒരു പുസ്തകമെടുത്ത് അതില്‍ നിന്നും ഏതോ ഒരു കെ.എസ്.ആര്‍.ടി.സി സ്റ്റേഷനിലെ നമ്പര്‍ മറ്റെ യാത്രക്കാര്‍ക്ക് നല്‍കി.അവര്‍ ആ നമ്പറില്‍ വിളിച്ച് എന്തൊക്കെയോ ചോദിച്ച് മനസ്സിലാക്കി.ശേഷം തൊട്ടടുത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ കയറി.ഡ്രൈവറായി ഈ കണ്ടക്ടറും!!എന്നോടും അതില്‍ കയറാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

സ്റ്റാന്റില്‍ നിന്നും അര കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ജങ്ക്ഷനില്‍ അദ്ദേഹം എന്നെ ഇറക്കി.ബസ് കാത്ത് നില്‍ക്കേണ്ട സ്ഥലവും കാണിച്ച് തന്നു.പ്രതിഫലമായി ഒന്നും വാങ്ങിയില്ല. പിന്നെയും അര മണിക്കൂര്‍ കഴിഞ്ഞ് താമരശ്ശേരി സൂപ്പര്‍ഫാസ്റ്റ്ല്‍ കയറി ഞാന്‍ യാത്ര തുടരുമ്പോള്‍ അല്പം മുമ്പ് സംഭവിച്ചതെല്ലാം എന്റെ മനസ്സിലൂടെ പിന്നെയും പിന്നെയും ഓടിക്കൊണ്ടിരുന്നു.അത്യുന്നതങ്ങളില്‍ ദൈവത്തിന് വീണ്ടും വീണ്ടും സ്തുതി.

പന്തളം എന്ന് കേള്‍ക്കുമ്പോള്‍ പണ്ട് മുതലേ ഓര്‍മ്മ വന്നിരുന്നത് ‘പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തി പട’ എന്ന ചൊല്ലായിരുന്നു.അത് കഴിഞ്ഞ് വണ്ടൂരില്‍ നിന്നും സ്ഥിരം നിയമസഭയില്‍ എത്തിയിരുന്ന പന്തളം സുധാകരന്‍ എന്ന നേതാവും.പിന്നീട് എന്റെ കൂടെ ഡല്‍ഹിയില്‍ അവാര്‍ഡ് വാങ്ങാന്‍ വന്ന ഷിജിന്‍ വര്‍ഗ്ഗീസ് എന്ന എന്‍.എസ്.എസ് വളണ്ടിയര്‍ ആണ് പന്തളം എന്ന പേര് മനസ്സില്‍ സജീവമാക്കിയിരുന്നത്.ഇപ്പോള്‍ ഈ രണ്ട് അനുഭവങ്ങളും എന്നെ പന്തള പ്രിയനാക്കുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

പിന്നീട് എന്റെ കൂടെ ഡല്‍ഹിയില്‍ അവാര്‍ഡ് വാങ്ങാന്‍ വന്ന ഷിജിന്‍ വര്‍ഗ്ഗീസ് എന്ന എന്‍.എസ്.എസ് വളണ്ടിയര്‍ ആണ് പന്തളം എന്ന പേര് മനസ്സില്‍ സജീവമാക്കിയിരുന്നത്.ഇപ്പോള്‍ ഈ രണ്ട് അനുഭവങ്ങളും എന്നെ പന്തള പ്രിയനാക്കുന്നു.

വിനുവേട്ടന്‍ said...

പന്തളം പാലം പൊളിച്ചിട്ടിരിക്കുകയാണെന്ന കാര്യം മറന്നു പോയോ മാഷേ...? :)

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ.... അതെവിടെയാ?

Post a Comment

നന്ദി....വീണ്ടും വരിക