Pages

Saturday, May 20, 2017

റിഷിരാജ് സിംഗ് ഐ.പി.എസ്-(കേട്ടതും അനുഭവിച്ചതും) - 1

               “മാനന്തവാടി ന്യൂമാന്‍സ് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചെരിപ്പ് ശ്രീ റിഷിരാജ് സിംഗ് ഐ.പി.എസ് നിര്‍വ്വഹിക്കുന്നു” എന്ന ബാനര്‍ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു കുമിള പൊട്ടി. ഒന്ന് ശ്രമിച്ചാല്‍ ഞങ്ങളുടെ കോളേജിലേക്കും അദ്ദേഹത്തെ എത്തിക്കാന്‍ സാധിച്ചേക്കും എന്ന് വെറുതെ തോന്നി.ദിവസങ്ങള്‍ക്ക് മുമ്പ് ഫോണിലൂടെ മാത്രം പരിചയപ്പെട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഗസ്റ്റിന്‍ സാറിനെ ഒന്ന് വിളിച്ചു നോക്കാമെന്ന് കരുതിയപ്പോള്‍ , ‘ദേ...തേടിയ പുലി കാറിന് കൈ കാട്ടുന്നു’!!
              അഗസ്റ്റിന്‍ സാര്‍ ഇങ്ങോട്ട് ഫോണ്‍ വിളിച്ച് ഒരു ചോദ്യം “ കമ്മീഷണര്‍ സാര്‍ വരുന്നുണ്ട്...സാറിന്റെ കോളേജില്‍ ഒരു പരിപാടി പ്ലാന്‍ ചെയ്യാമോ?”
ചോദ്യം കേള്‍ക്കേണ്ട താമസം ഞാന്‍ പ്രിന്‍സിപ്പാളിന്റെ അടുത്തെത്തി സമ്മതം വാങ്ങി പരിപാടി ഉറപ്പിച്ചു.
            പരിപാടിക്ക് പബ്ലിസിറ്റി നല്‍കിത്തുടങ്ങിയപ്പോഴാണ് പല കേന്ദ്രങ്ങളില്‍ നിന്നും പല തരം അഭിപ്രായങ്ങളും ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്.അഗസ്റ്റിന്‍ സാറിന്റെയും ടീമിന്റെയും തുടര്‍ച്ചയായ കാമ്പസ് സന്ദര്‍ശനങ്ങളും കൂടിയായപ്പോള്‍ കാട്ടിലെ പുലിയെപ്പിടിച്ച് ബെഡ്‌റൂമില്‍ കിടത്തിയ പോലെയായി എന്റെ അവസ്ഥ.
              പ്രസ്തുത ദിവസം രാവിലെ നാട്ടില്‍ നിന്നും കോളേജിലെത്തിയപ്പോഴാണ് , വെഞ്ചെരിപ്പും മാനന്തവാടിയിലെത്തന്നെ മേരിമാതാ കോളേജിലെയും പരിപാടികള്‍ റദ്ദ് ചെയ്തു എന്നറിഞ്ഞത്. പിന്നീടുള്ള ഏക പരിപാടി ഞാന്‍ വിളിച്ചു വരുത്തിയതായതിനാല്‍ അത് കൃത്യസമയത്ത് തന്നെ നടക്കും പോലും! 1 മണിയോടെ സി.ഐയും സംഘവും പരിശോധനക്കും അവസാന‌വട്ട  ഒരുക്കത്തിനുമായി വീണ്ടും എത്തി.ഒരുക്കങ്ങള്‍ വിലയിരുത്തി ”ഇനി എല്ലാം നിങ്ങളുടെ കയ്യില്‍” എന്ന് പറഞ്ഞ് സി.ഐ സ്ഥലം വിട്ടു. സംസ്ഥാനത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ ആയതിനാല്‍ സ്വീകരിക്കേണ്ടത് എങ്ങനെ എന്നതിനെപ്പറ്റി എല്ലാവരിലും ആശങ്ക പടര്‍ന്നു.
                 3 മണി കഴിഞ്ഞതും പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെ കറുത്ത പജീറൊ ജീപ്പില്‍ റിഷിരാജ് സിംഗ് സാര്‍ എത്തി.ഗാംഭീര്യം നിറഞ്ഞ മുഖത്തെ കൊമ്പന്‍ മീശ ഒന്നുകൂടി എഴുന്നേറ്റ് നില്‍ക്കുന്നതായി ജീപ്പിനടുത്ത് എത്തിയ എനിക്ക് തോന്നി.ഞാനും പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും ചേര്‍ന്ന് അദ്ദേഹത്തെയും രണ്ട് ഉദ്യോഗസ്ഥരെയും പ്രിന്‍സിപ്പള്‍ റൂമിലേക്ക് ആനയിച്ചു. അപ്രതീക്ഷിത അതിഥിയെ കണ്ട കുട്ടികള്‍ ഞങ്ങളെ ക്യാമറയില്‍ പകര്‍ത്തി.കട്ടന്‍ ചായയും (അദ്ദേഹം ആവശ്യപ്പെട്ടത്) ഈത്തപ്പഴവും അണ്ടിപരിപ്പും നല്‍കിയെങ്കിലും ചായ മാത്രം കുടിച്ചു.മറ്റുള്ളവ മറ്റേതോ വയറുകളിലേക്ക് ചേക്കേറി.
            ന്യൂബ്ലോക്കിലെ നാലാം നിലയിലെ സെമിനാര്‍ ഹാളില്‍ എത്തുമ്പോഴേക്കും ഞങ്ങള്‍ എല്ലാവരും നന്നായി വിയര്‍ത്തിരുന്നു. റിഷിരാജ് സിംഗ് എന്ന വ്യക്തിയെക്കുറിച്ച് അധികം പ്രസംഗിക്കരുത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നതിനാല്‍ സ്വാഗതഭാഷണം ഞാന്‍ വളരെ ചുരുക്കി. അധ്യക്ഷപ്രസംഗവും ചുരുക്കി നേരെ റിഷിരാജ് സിംഗ് സാറിന്റെ വിഷയാവതരണത്തിലേക്ക് കടന്നു.
            ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിലൂന്നിയുള്ള പ്രസംഗം കഴിഞ്ഞയുടനെ സംശയ നിവാരണത്തിലേക്ക് കടന്നു.വിവാദപരമായ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ മുന്‍‌കൂട്ടി സ്ക്രീനിംഗ് നടത്തണമെന്ന് സി.ഐ പറഞ്ഞിരുന്നെങ്കിലും കുട്ടികള്‍ ഇഷ്ടമുള്ളത് ചോദിക്കട്ടെ എന്ന് കരുതി ഞാനത് മന:പൂര്‍വ്വം മറന്നു.മനസ്സിലാകാത്ത ചോദ്യങ്ങള്‍ എന്നോട് ചോദിച്ച് മനസ്സിലാക്കി കമ്മീഷണര്‍ മറുപടിയും നല്‍കി.ഉരുളക്കുപ്പേരി എന്ന നിലക്കുള്ള ഉത്തരങ്ങള്‍ കുട്ടികളില്‍ ചിരി പടര്‍ത്തി.
 
പെട്ടെന്നായിരുന്നു റിഷിരാജ് സിംഗ് സാറിന്റെ ലാസ്റ്റ് ക്വെസ്റ്റ്യന്‍ പ്രഖ്യാപനം.

(തുടരും....)

6 comments:

Areekkodan | അരീക്കോടന്‍ said...

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഗസ്റ്റിന്‍ സാറിനെ ഒന്ന് വിളിച്ചു നോക്കാമെന്ന് കരുതിയപ്പോള്‍ , ‘ദേ...തേടിയ പുലി കാറിന് കൈ കാട്ടുന്നു’!!

വിനുവേട്ടന്‍ said...

ആഹാ.... ഇനിയെന്ത് വേണം... ?

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ...നന്ദി

Mubi said...

മാഷേ... ഇങ്ങള് ഈ പുലിയേയും വലയിലാക്കിയോ?

Cv Thankappan said...

തൊട്ടതെല്ലാം പൊന്നാക്കാന്‍ യോഗംത്തന്നെ വേണം!
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

മുബീ...പുലി വലയില്‍ വന്ന് കയറിയാല്‍ പിന്നെ പൂച്ച വെറുതെ ഇരിക്കില്ലല്ലോ!!

തങ്കപ്പേട്ടാ...നല്ല വാക്കുകള്‍ക്ക് നന്ദി

Post a Comment

നന്ദി....വീണ്ടും വരിക