ഭാഗം 1 : ടൌൺ റ്റു ടൌൺ ട്രെയിൻ
ആലപ്പുഴയിൽ ഞങ്ങൾക്ക് പ്രധാനമായും ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ - പുരവഞ്ചി എന്ന് മലയാളത്തിൽ ആരും പറയാത്ത ഹൌസ്ബോട്ടിൽ കയറുക. പക്ഷേ ഹന്നയുടെ മനസ്സിൽ മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു. ആലപ്പുഴ ഇറങ്ങിയ ഉടൻ, കിലുക്കത്തിലെ രേവതിയെപ്പോലെ ഹന്ന പറഞ്ഞു “ഹായ്...കരിമീൻ പൊരിച്ച മണം,സർ കരിമീൻ തിന്നണം”.
“ബോട്ടിൽ കിട്ടുമോ എന്ന് നോക്കാം...”
“കരിമീൻ ബോട്ടിലോ?” ഹന്ന ആകെ കൺഫ്യൂഷനിലായി.
“ബോട്ടിൽ അല്ല...ബോട്ട്...നമ്മൾ കയറാൻ പോകുന്ന സാധനം...”
“ഓ...ശരി....പക്ഷേ ഇവിടെ അടുത്ത് തന്നെ എവിടെയോ ഉണ്ട്....നല്ല മണം അടിക്കുന്നു...”
“ഏയ്...എനിക്ക് കിട്ടുന്നത് ആലപ്പുഴയുടെ മണമാണ്...” ഞാൻ പറഞ്ഞു.
പ്രാതൽ കഴിക്കാനായി ഹോട്ടലിൽ കയറിയപ്പോഴും ഹന്ന മൂക്കിലൂടെ എന്തോ ആഞ്ഞു വലിച്ചുകൊണ്ടിരുന്നു - കരിമീൻ പൊരിച്ചത് തന്നെ !!
ആന്റണി പറഞ്ഞ പ്രകാരം ഞങ്ങൾ പുന്നമട ഡോക്കിലേക്ക് നടന്നു. പുരവഞ്ചികളുടെ ലോക സമ്മേളനം നടക്കുന്ന രൂപത്തിലായിരുന്നു പുന്നമട ഡോക്ക്.
“സാർ...ഇതിൽ കയറാം...” ക്യൂവിലുള്ള ഓട്ടോറിക്ഷയിൽ ചാടിക്കയറുന്ന പോലെ ഹന്ന ഒരു ബോട്ടിനടുത്തേക്ക് ഓടി.
“അന്നമ്മോ...കരിമീൻ വേണ്ടെ?” ആരോ ഉണർത്തി.
“ങാ....കരിമീൻ ഇതിൽ കിട്ടാൻ സാധ്യതയില്ല....സാർ അതിൽ കയറാം...” രണ്ട് സായിപ്പ്മാർ ഇരുന്ന മറ്റൊരു ബോട്ട് ചൂണ്ടി ഹന്ന പറഞ്ഞു.
“അങ്ങനെ ഏതിലെങ്കിലും അങ്ങ് ചാടിക്കയറാൻ പറ്റില്ല. ടിക്കെറ്റ് എടുക്കണം. അവിടെ നിന്ന് നിർദ്ദേശിക്കുന്ന ബോട്ടിലേ പോകാൻ പറ്റൂ...”
“സാർ...കരിമീൻ കിട്ടുന്ന ബോട്ട് ഏതെന്ന് ചോദിക്കണേ...” ഹന്ന വീണ്ടും ഉണർത്തി.
ഞാൻ KTDC യുടെ ടിക്കറ്റ് കൌണ്ടറിലേക്ക് നീങ്ങി.മണിക്കൂറിന് 2000 രൂപയാകുമെന്നും മിനിമം 3 മണിക്കൂറാണ് യാത്രയെന്നും പറഞ്ഞപ്പോൾ കായലിലെ ഓളം എന്റെ തലക്കകത്തേക്കും അടിക്കുന്നതായി എനിക്ക് തോന്നി. ആലപ്പുഴ വരെ വന്ന സ്ഥിതിക്ക് ഹൌസ്ബോട്ടിൽ കയറാതെ പോകുന്നത് ഒരു കുറവായും അനുഭവപ്പെട്ടു. അങ്ങനെ ചുറ്റിപ്പറ്റി നിന്ന് അവസാനം 2 മണിക്കൂർ നേരത്തേക്ക്, ഭക്ഷണം ഇല്ലാത്ത ഒരു ബോട്ട് കിട്ടി.
“സാർ...കരിമീൻ തിന്നാതെ ആലപ്പുഴ വിടുന്ന പ്രശ്നം ഇല്ല...നമുക്ക് ഉച്ചക്ക് ഊണിന്റെ കൂടെയാക്കാം...ഇപ്പോൾ ഈ ബോട്ടിൽ കയറാം...” ഹന്ന കിട്ടിയ മുയലിനെ മുറുകെപ്പിടിച്ചു.
ടിക്കറ്റെടുത്ത് ഞങ്ങൾക്ക് അനുവദിക്കപ്പെട്ട പുരവഞ്ചിയിലേക്ക് നീങ്ങി.
(തുടരും...)
5 comments:
“സാർ...കരിമീൻ കിട്ടുന്ന ബോട്ട് ഏതെന്ന് ചോദിക്കണേ...”
കരിമീന്ക്കൊതി....
ആശംസകള്‍
തങ്കപ്പേട്ടാ...ഇതിന് കൊതി എന്ന് പറഞ്ഞാൽ മതിയോ?
ഞാനിതുവരെ പുരവഞ്ചിയില്‍ കയറിയിട്ടില്ല...
മുബീ...എനിക്ക് അഭിപ്രായമില്ല
Post a Comment
നന്ദി....വീണ്ടും വരിക