കോഴിക്കോട് നഗരത്തെപ്പറ്റി എഴുതിയാൽ തീരാത്ത അത്രയും കഥകളും കാര്യങ്ങളും പറയാനുണ്ട്. ഒരു ദേശത്തിന്റെ കഥ പറയാൻ മിഠായി തെരുവിലേക്കും നോക്കി നിൽക്കുന്ന എസ് കെ പൊറ്റക്കാട്ടിന്റെ പ്രതിമക്ക് മുമ്പിൽ പോയി അൽപ സമയം ഇരുന്നാൽ അതിൽ ഒരു കഥയെങ്കിലും നിങ്ങൾക്ക് അനുഭവിക്കാം.
മാനാഞ്ചിറയിലും പരിസരത്തുമായി കോഴിക്കോടൻ മണ്ണിലെ മഹാത്മാക്കളുടെ പ്രതിമയും സാഹിത്യത്തിലെ കഥാപാത്രങ്ങളും മറ്റും സ്ഥാപിക്കപ്പെട്ടത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ്. മലബാർ മാന്വലും പാത്തുമ്മായുടെ ആടും നടുറോട്ടിൽ സ്ഥാനം പിടിച്ചപ്പോൾ ആനവാരിയും പൊൻകുരിശും പാർക്കിനകത്ത് തണലിൽ നിൽക്കുകയാണ്. മാനാഞ്ചിറ സ്ക്വയറിനകത്ത് ഒരു സർക്കസ് കാരന്റെ പ്രതിമ കണക്കെ ഒരു ശില്പവും ഉണ്ട്. അതാരുടെതാണെന്നോ അല്ലെങ്കിൽ ഏത് കഥാപാത്രമാണെന്നോ ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.
ഇതൊക്കെ കണ്ട ശേഷമാണ് ഒരു ദിവസം പത്രത്തിൽ ഞാൻ ഒരു വാർത്ത വായിക്കാനിടയായത് - കോഴിക്കോട് ഇനി ശില്പനഗരം എന്നായിരുന്നു ആ വാർത്ത.ഇന്ത്യയിലെ ആദ്യത്തെ ശില്പനഗരമാണ് കോഴിക്കോട് എന്നൊക്കെ ആ വാർത്തയിൽ വായിച്ചിരുന്നു. ഇക്കാണുന്ന ശില്പങ്ങൾ കൊണ്ട് ഒരു നഗരം ഇത്രയും വാർത്താ പ്രാധാന്യം നേടിയതിന്റെ ഗുട്ടൻസ് അന്ന് എനിക്ക് പിടി കിട്ടിയില്ല.
അങ്ങനെയിരിക്കെ പാലിയേറ്റീവ് കെയറിന്റെ എന്തോ ഒരു പരിപാടി ബീച്ചിൽ സംഘടിപ്പിക്കുന്നതായി അതിന്റെ സംഘാടകർ എന്നെ അറിയിക്കുകയും എന്നോട് അതിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സാധാരണ ഞാൻ എപ്പോഴും പോകുന്ന ഭാഗത്തായിരിക്കും പരിപാടി എന്ന ധാരണയിൽ ഞാൻ അവിടെ എത്തിയെങ്കിലും എനിക്ക് ആരെയും കാണാൻ സാധിച്ചില്ല. വിളിച്ചന്വേഷിച്ചപ്പോഴാണ് ബീച്ചിന്റെ വടക്കു ഭാഗത്തായി പരിപാടി നടക്കുന്നത് അറിഞ്ഞത്. ഞാൻ അങ്ങോട്ട് നടന്നു.
അവിടെ എത്തിയപ്പോഴാണ് കോഴിക്കോട് എങ്ങനെ ശില്പനഗരമായത് എന്ന് എനിക്ക് മനസ്സിലായത്. ബീച്ചിന്റെ ഈ ഭാഗത്ത് കരിങ്കല്ല് കൊണ്ടുണ്ടാക്കിയ നിരവധി ശില്പങ്ങളായിരുന്നു ഉണ്ടായിരുന്നത്. കല്ലുകൾ വെറുതെ അടുക്കി വച്ചാലും അതിന് ശില്പഭംഗി കിട്ടും എന്ന് അന്ന് ഞാൻ മനസ്സിലാക്കി. കുടുംബ സമേതമുള്ള, അടുത്ത ബീച്ച് സന്ദർശനത്തിൽ തന്നെ കുടുംബാംഗങ്ങളെയും ഈ ശില്പങ്ങൾ എല്ലാം കാണിച്ചു കൊടുത്തുകൊണ്ട് കോഴിക്കോടിന് ശില്പ നഗരം എന്ന പേര് കിട്ടാനുള്ള കാരണം അവരുടെ ഓരോരുത്തരുടെയും മനസ്സിൽ കൊത്തി വച്ചു.
ഇത് ശില്പമല്ല , ഒറിജിനൽ മരമാണ്
3 comments:
ഇന്ന് കോഴിക്കോടാവട്ടെ വിഷയം
നല്ലത്...
Mubi...Thanks
Post a Comment
നന്ദി....വീണ്ടും വരിക