Pages

Wednesday, April 01, 2020

ഏപ്രിൽ ഒന്ന്

ഏപ്രിൽ ഒന്നിൻ്റെ പുലർകാല ശൈത്യം സാധാരണ ഗതിയിൽ ഒരു കാലത്തും സുഖകരമാകാറില്ല. കൊറോണ കാരണം അതിന് എന്തെങ്കിലും മാറ്റം വരുമോ എന്നറിയാൻ പതിവിന് വിപരീതമായി രാവിലെത്തന്നെ ഞാൻ മുറ്റത്ത് കണ്ണും നട്ടിരുന്നു. അന്നേരം അപ്രതീക്ഷിതമായാണ് ഇത്രയും നേരത്തെ വാട്സാപ്പ് യുണിവേഴ്സിറ്റിയിൽ ഞാൻ കയറിയത്.

 എന്നും മുകളിൽ നിൽക്കുന്ന ഗ്രൂപ്പ് ഇന്നും ടോപ്പിൽ തന്നെയുണ്ട് - 428 മെസേജ് ! പ്രീഡിഗ്രിക്ക് പഠിച്ച കോളേജിലെ കലാകാരൻമാരുടെ ഗ്രൂപ്പാണ്. ദിവസവും മൂന്ന് നേരം ഞാൻ ക്ലിയർ ചാറ്റടിച്ച് അണുവിമുക്തമാക്കും. എന്നാലും രാത്രി 11 മണിക്ക് നൂറോളം എണ്ണം വീണ്ടും ഉണ്ടാകും.

കലാകാരന്മാരുടെ ഗ്രൂപ്പ് കഴിഞ്ഞാ പിന്നെ എഴുത്ത് കാരുടെ ഗ്രൂപ്പിലേക്കാണ് കയറാറ്. ഇന്ന് അവിടെ കയറിയപ്പോൾ കണ്ടത് പോസ്റ്റിന് വേണ്ടി കെഞ്ചുന്ന എൻ്റെ മാമാട്ടിക്കുട്ടിയമ്മയെയാണ്. ശ്രീ വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുച്ചീട്ട് കളിക്കാരൻ്റെ മകളിലെ എട്ടുകാലി മമ്മൂഞ്ഞ് നാട്ടിലെ സകല കാര്യങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പോലെ ഇന്നത്തെ പോസ്റ്റ് ഏറ്റെടുത്ത് ഞാൻ തിരിഞ്ഞതും ഭാര്യയുടെ ചോദ്യം വന്നു.

" ഇന്ന് കാലത്തേ തുടങ്ങീട്ടുണ്ടല്ലാ തോണ്ടാൻ''

" ഇന്ന് നിന്നെപ്പോലുള്ളവരുടെ ദിനമാ.. ''

" ആ മുഖ്യൻ പറഞ്ഞത് കേട്ടു ... പുരുഷന്മാർ വീട്ടിൽ സ്ത്രീകളെ സഹായിക്കണമെന്ന് ... ആ ഓല ഒന്ന് കറച്ചിട്ടോളു ... "

"ങേ!! "
മുഖ്യൻ്റെ നിർദ്ദേശം ഉടനടി പ്രാബല്യത്തിൽ വരുത്തിയ സ്ത്രീ എന്ന റിക്കാർഡ് അവൾ തട്ടിയെടുത്തു. കത്തിയുമായി ഞാൻ പിന്നാമ്പുറത്തേക്ക് നടന്നു. കൂട്ടിയിട്ട ഓലമടൽ എന്നെ നോക്കി ഇളിച്ചു. കത്തി കൊണ്ട് ആഞ്ഞ് വെട്ടി ഞാൻ അരിശം തീർത്തു. ഓലക്കൊടികൾ വെട്ടേറ്റ് നിലത്ത് വീണ് പിടഞ്ഞു. അയൽക്കാരി പെണ്ണുങ്ങൾ എന്നെ നോക്കി ചിരിക്കുന്നത് ഞാൻ മൈൻ്റ് ചെയ്തില്ല. അങ്ങനെ ഓലക്കൊടി കൂമ്പാരത്തിൻ്റെ നടുവിൽ വിയർത്ത് കുളിച്ച പ്രതിഷ്ഠയായി ഞാൻ നിൽക്കുമ്പോൾ ഭാര്യ വന്നു.

"ഏ മനുഷ്യാ...!! എന്താ ഈ ചെയ്ത് വച്ചിരിക്കുന്നത്? "

"നീ പറഞ്ഞതല്ലേ... ഓലക്കൊടി കറക്കാൻ ... "

" ഇങ്ങനെയാണോ ഓല കറക്കൽ? "

"ങേ! "
ഞാൻ വീണ്ടും ഞെട്ടി. ഓല കറക്കൽ എന്നാൽ ഇനി പശുവിനെ കറക്കൽ പോലെ മറ്റ് വല്ലതും ആണോ ദൈവമേ? അയലത്തെ പെണ്ണുങ്ങൾ നോക്കി ചിരിച്ചത് അതായിരുന്നോ? ഞാൻ ആലോചിച്ചു.

" മടലിലെ അഞ്ചാറ് കൊടികൾ കൂട്ടിപ്പിടിച്ച് വെട്ടി അട്ടി വയ്ക്കണം... അല്ലാതെ വെട്ടി നിരത്തി ഇടാനല്ല പറഞ്ഞത് .. "

"ആ... മുഖ്യൻ ഇന്നലെ പറഞ്ഞതിൻ്റെ തൊട്ടു താഴെ എഴുതി കാണിച്ചത് അതാ... ഭവിഷ്യത്തുകൾ നേരിടാൻ തയ്യാറാകണം എന്ന് ..."

"ങാ...വെട്ടിയിട്ടത് മുഴുവൻ കൃത്യമായി അട്ടിവച്ച് കെട്ടി വച്ചോ ..."

'എൻ്റെ മുഖ്യാ... ഹോസ്റ്റലിലെ റാഗിങ്ങിൽ പോലും ഇത്രയും കടുത്ത ശിക്ഷ കിട്ടിയിട്ടില്ല... കൊറോണ... ലോക്ക് ഡൗൺ... മണ്ണാങ്കട്ട... ഏപ്രിൽ ഒന്നും ...' പിറുപിറുത്തു കൊണ്ട് ഞാൻ ഓല ഓരോന്നോരോന്നായി അടുക്കി വച്ച് കെട്ടാക്കി.
(ചിരിക്കണ്ട... അഞ്ച് ഓലമടൽ വെട്ടിക്കറക്കി ക്രമത്തിൽ അട്ടിവച്ച് നോക്ക്... അതിലും ഭേദം ഒരു കിലോ കടുകിലെ മണി എണ്ണുന്നതാ..)

26 comments:

Areekkodan | അരീക്കോടന്‍ said...

ലോക്ക് ഡൗൺ കാലത്തെ പൊല്ലാപ്പുകൾ

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ. സംഭവം എനിയ്ക്ക് കൃത്യമായിട്ട് മനസ്സിലായില്ലെങ്കിലും ഓലവെട്ടി തവിടുപൊടിയാക്കിയിട്ട് വെയിലേറ്റ് വാടി തകർന്ന് തരിപ്പണമായിട്ട് നിൽക്കുന്ന ആ നിൽപ്പ് ഓർത്തപ്പോൾ ചിരി വന്നു.

ഇനി ആ ചൂട്ടൊക്കെ എന്നാ ചെയ്യും?

ഉദയപ്രഭന്‍ said...

ഓല കറക്കി കറക്കി ആളെ ബേജാറാക്കുന്ന എടാടാണല്ലോ ...

Bipin said...

ഏതായാലും പ്രാതൽ ഗാരൻറിഡ് ആയല്ലോ.

Areekkodan | അരീക്കോടന്‍ said...

സുധീ... ചിരിച്ചോ.. നാളെ ഓല വെട്ടാൻ പറഞ്ഞാ കോച്ചിംഗിന് എന്നെ വിളിച്ചോ ട്ടോ..

ഉദയ പ്രഭാ.... ഇത് വല്ലാത്ത കറക്കൽ പരിപാടി തന്നെയാ

Areekkodan | അരീക്കോടന്‍ said...

ബിപിനേട്ടാ... അതും കുടി ലോക്ക് ഡൗൺ ആയാൽ.... അതോണ്ടാ വേഗം കറച്ചത്.

uttopian said...

😃😃😃 ദൈനം ദിന ജീവിതത്തിലെ ചെറുപുഞ്ചിരിക്കുള്ള വകകൾ..

Areekkodan | അരീക്കോടന്‍ said...

ഉട്ടാപ്പിയാ... പുഞ്ചിരിയോടൊപ്പം ചിന്തക്കും വകയുണ്ട്...

രാജേശ്വരി said...

വീട്ടിലെ ജോലികളെല്ലാം പങ്കിട്ടു ചെയ്യാമല്ലോ 👍

Shaheem Ayikar said...

അത് കൊള്ളാം … " ഇന്ന് കാലത്തേ തുടങ്ങീട്ടുണ്ടല്ലാ തോണ്ടാൻ'' എന്നത് ഈ ലോകമാകമാനം ഉള്ള ഒരു ശൈലിയാണെന്ന് മനസ്സിലായി … മുഖ്യൻ്റെ നിർദ്ദേശം ഉടനടി നടപ്പിലാക്കിയ താങ്കൾക്കു എന്റെ വിപ്ലവാഭിവാദ്യങ്ങൾ … :D

Cv Thankappan said...

ഈ മാഷ്ക്ക് പറ്റാത്തപ്പണിയ്ക്കുപോണോ?! എന്നാവാം പെണ്ണുങ്ങൾ ചിന്തിച്ചത്.
ആശംസകൾ മാഷേ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഓല വെട്ടലും കെട്ടി വയ്ക്കലും ഒക്കെ എല്ലാ കാലത്തും ഉള്ളതുകൊണ്ട് എനിക്കൊരു പേടിയുമില്ല!!

Areekkodan | അരീക്കോടന്‍ said...

അൽ മിത്ര.... ആവാം പ്രഭോ..

ഷമീം... സ്വീകരിച്ചു.

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...' മുൻ പരിചയം ഉണ്ടായിരുന്നു. പക്ഷെ അന്നത്തെ ഓല അല്ലല്ലോ ഇന്നത്തെ ഓല !!

മുഹമ്മദ്ക്ക... ങ്ങള് പൊളിച്ചോളിന്

Muralee Mukundan , ബിലാത്തിപട്ടണം said...

ബിലാത്തിയിൽ ആയത് എന്റെയൊക്കെ ഭാഗ്യം ..
അല്ലേൽ ഇതുപോലെ എന്തെല്ലാം ............

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... അല്ലെങ്കിൽ ഒരു ദിവസം കൊണ്ട് ഒരു പുസ്തകം പബ്ലിഷ് ചെയ്യാമായിരുന്നു. !!!

Mohammed Kutty.N said...
This comment has been removed by the author.
എം.എസ്. രാജ്‌ | M S Raj said...

വെട്ടിവെച്ച് അട്ടിയിട്ട് തട്ടു‌കൊണ്ടു!

Areekkodan | അരീക്കോടന്‍ said...

വരവിനും അഭിപ്രായത്തിനും നന്ദി. യൂ ണി സിറ്റി അല്ല. എഞ്ചി.കോളേജിലാ

Areekkodan | അരീക്കോടന്‍ said...

രാജ്... അങ്ങനൊനും ഇല്ല. ഏപ്രിൽ ഒന്നിന് എന്തെങ്കിലും തട്ടണ്ടോ !

Geetha said...

ഹാ .. ഹാ .. നല്ല സന്തോഷായി മാഷേ ..

Areekkodan | അരീക്കോടന്‍ said...

ഗീതാജി... സന്തോഷായീ ന്നോ? നല്ല ടീമാ ...

കല്ലോലിനി said...

മുഖ്യന്റെ നിർദേശം ഉടനെ നടപ്പാക്കിയ താത്താക്ക് ഒരായിരം പൂച്ചെണ്ടുകൾ.!!!
പോസ്റ്റിൽ മ്മളെയും പരാമർശിച്ചതിന് നന്ദി.!!!

മ്മണി ബല്യ ഒരു കാര്യം ശേലായി എഴുതി.. ചിരിപ്പിച്ചു.
കറച്ചിടുക എന്ന പ്രയോഗം പുതിയ അറിവാണ് ട്ടോ.!!!

Areekkodan | അരീക്കോടന്‍ said...

താത്ത ഈ വിവരം അറിഞ്ഞിട്ട് പോലുമില്ല'! സംഗതി ഇഷ്ടമായതിൽ സന്തോഷം

മാധവൻ said...

ചട് പിടോ അഞ്ചാറ് ഗുണ്ട് പൊട്ടിച്ചിട്ടു ട്ടാ.മുഖ്യന്റെ നിർദേശം സ്വീകരിച്ചു റെക്കോർഡ് ഇട്ട കളത്രമാണ് കിടു.പിന്നെ വീണുകിടന്നു പിടയുന്ന ഓലകളും...നിങ്ങ എന്ത് ചാമ്പാ ചാമ്പണത് മാഷേ. ..പെരുത്തിഷ്ടം സലാം

Areekkodan | അരീക്കോടന്‍ said...

ഗുണ്ട് പൊട്ടുന്നത് കേട്ട് എണീറ്റ് നോക്കിയപ്പം പെരുമഴ.!! ഇഷ്ടായതിൽ പെരുത്ത് സന്തോഷം.

Post a Comment

നന്ദി....വീണ്ടും വരിക