കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ച് ഇല്ലാത്ത ഒരു കോളേജിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന തസ്തികയിൽ ജോലി ചെയ്താൽ കിട്ടുന്ന അനുഭവ സമ്പത്ത് വളരെ വിചിത്രവും രസാവഹവുമാണ്. കോളേജിലെ നെറ്റ്വർക്ക് സംബന്ധമായ സംഗതികളും ഓൺലൈൻ വിവര വിനിമയ സംബന്ധമായ കാര്യങ്ങളും വിവിധ സോഫ്റ്റ്വെയറുകളും കൈകാര്യം ചെയ്യലാണ് പൊതുവെ എല്ലാ കോളേജിലെയും കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ജോലിയുടെ സ്വഭാവം.ബട്ട്, കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ച് ഇല്ലാത്ത കോളേജിലാണെങ്കിൽ അറ്റന്റർ ഇരിക്കുന്ന കമ്പ്യൂട്ടർ ചെയറിന്റെ കണക്കടക്കം തലയിൽ പേറേണ്ടി വരും.
അങ്ങനെ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന ഗ്ളാമർ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കെ ഞങ്ങളുടെ നെറ്റ്വർക്ക് പ്രൊവൈഡർ ആയ ബി.എസ്.എൻ.എൽ ഇടക്കിടക്ക് മുട്ടൻ പണികൾ തന്ന് പരീക്ഷിക്കാൻ തുടങ്ങി. ബിൽ യഥാസമയം അടക്കാത്തതിന്റെ പേരിൽ ഡിസ്കണക്ട് ചെയ്താലും ബി.എസ്.എൻ.എൽ ഓഫീസിൽ വിളിച്ച് ചോദിക്കുന്നത് വരെ കള്ളൻ കപ്പലിൽ തന്നെയാണെന്ന് നമ്മളറിയില്ല. ചുരുക്കിപ്പറഞ്ഞാൽ കോളേജിലെ നെറ്റ് കണക്ഷൻ എങ്ങനെ കട്ടായാലും അതിനെ തിരിച്ച് കൂട്ടിലാക്കൽ നമ്മുടെ ഉത്തരവാദിത്വം ആണ്.
കോളേജിലെ ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും യൂസർ നെയിമും പാസ്വേഡും നൽകിയിട്ടുണ്ട്.വൈഫൈ സൗകര്യം ലഭ്യമാകണമെങ്കിൽ ഉപകരണത്തിന്റെ മാക് അഡ്രസ് രെജിസ്റ്റർ ചെയ്യണം.അങ്ങനെയിരിക്കെ എന്റെ സ്വന്തം ഡിപ്പാർട്ട്മെന്റിൽ ഒരു അത്ഭുത സംഭവം റിപ്പോർട്ട് ചെയ്തു; അതും ഞങ്ങളുമായി ശീതസമരത്തിൽ ഏർപ്പെട്ട ഒരു ടീച്ചറുടെ കാബിനിൽ നിന്ന്.
ടീച്ചർക്ക് ലാപ്ടോപ്പിൽ കൂടി കോളേജ് പോർട്ടലിലേക്ക് കയറാനും ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്താനും സാധിക്കുന്നുണ്ട്. തൊട്ടടുത്ത് തന്നെയുള്ള ഡെസ്ക്ടോപ്പ് കമ്പ്യുട്ടറിലൂടെ ഇതിന് സാധിക്കുന്നില്ല.നെറ്റ്വർക്ക് ഇൻഡിക്കേഷൻ എല്ലാം കറക്ടാണ്താനും.
ഇൻകറക്ട് യൂസർ നെയിം ഓർ പാസ്സ്വേർഡ് എന്നാണ് മെസേജ് വരുന്നത്.പക്ഷെ അതെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ചാണ് ലാപ്ടോപ്പിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതും. സംഗതിയുടെ ഗുട്ടൻസ് പിടി കിട്ടിയില്ലെങ്കിലും പ്രശ്നം പരിഹരിക്കൽ ഞങ്ങളുടെ ഉത്തരവാദിത്വമായി മാറി. അങ്ങനെ ഞാനും സഹപ്രവർത്തകനും കൂടി സംഭവസ്ഥലം സന്ദർശിച്ചു. ടീച്ചറോട് യൂസർ നെയിമും പാസ്വേഡും നൽകാൻ പറഞ്ഞു .ആദ്യം ലാപ്ടോപ്പിൽ നൽകി. പ്രശ്നങ്ങൾ ഇല്ലാതെ കോളേജ് പോർട്ടലിൽ കയറി.ശേഷം 90 ഡിഗ്രി തിരിഞ്ഞ് ഡെസ്ക്ടോപ്പിൽ അതേ യൂസർ നെയിമും പാസ്വേഡും നൽകിയെങ്കിലും ഇൻകറക്ട് സന്ദേശം വന്നു. ടീച്ചർ ജയിച്ച ഭാവത്തിൽ എന്നെ ഒന്ന് നോക്കി.പതിവ് പോലെ എന്റെ കഷണ്ടിയിൽ ഒരു ബൾബ് മിന്നി.
"ടീച്ചറെ... ആ പാസ്സ്വേർഡ് മറ്റെവിടെയെങ്കിലും ഒന്ന് ടൈപ്പ് ചെയ്യൂ..."
ടീച്ചർ ഞാൻ പറഞ്ഞത് പോലെ ചെയ്തു.
"പാസ്സ്വേർഡ് കറക്ട് ആണോ ?"
"അതെ"
"ടൈപ്പ് ചെയ്തത് മുഴുവൻ വന്നിട്ടുണ്ടോ എന്ന് നോക്കൂ ..."
"ഓ ... ഒരക്ഷരം വന്നിട്ടില്ല .."
"അത് തന്നെ .... ആ അക്ഷരത്തിന്റെ കീ വർക്ക് ചെയ്യുന്നില്ല. ആ അക്ഷരം എവിടെ നിന്നെങ്കിലും കോപ്പി ചെയ്ത് ഒന്ന് പരീക്ഷിച്ച് നോക്കൂ "
ടീച്ചർ അതനുസരിച്ചു. പ്രശ്നം സുന്ദരമായി പരിഹരിക്കപ്പെട്ടു !!
"ആൻ ഐഡിയ കാൻ സേവ് യുവർ മാനം " ഞാൻ മനസ്സിൽ ഒന്ന് കൂടി കോറിയിട്ടു കൊണ്ട് വിജയ ശ്രീലാളിതനായി കാബിനിൽ നിന്നിറങ്ങി.
3 comments:
"ആൻ ഐഡിയ കാൻ സേവ് യുവർ മാനം " ഞാൻ മനസ്സിൽ ഒന്ന് കൂടി കോറിയിട്ടു
ആ ഐഡിയ അങ്ങനെ മാനം രക്ഷിച്ചു .
മുരളിയേട്ടാ ... അതെ
Post a Comment
നന്ദി....വീണ്ടും വരിക