Pages

Sunday, June 13, 2021

കടങ്കഥകളുടെ കളിവീട്

കവിത കാണുന്നത് തന്നെ അലർജിയായിരുന്ന ഒരു കാലം എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. കുഞ്ഞുണ്ണി മാഷ് എന്ന അപൂർവ്വ പ്രതിഭയാണ് ആ അലർജി മാറ്റിയിരുന്നത്. പിന്നീട് ആ അലർജി കവിതാ വായനയിൽ മാത്രമായി ഒതുങ്ങി. കവിതകൾ കേൾക്കുക എന്നത് ഒരു രസമായി തോന്നി. മക്കൾ കവിതാ പാരായണ മത്സരത്തിൽ പങ്കെടുക്കാൻ തുടങ്ങിയപ്പോഴാണ് ഈ മാറ്റം വന്നത് എന്നാണ് എനിക്ക് തോന്നുന്നത്. മക്കൾ അതിൽ നിന്നും വിരമിച്ചതോടെ എന്റെ അലർജി വീണ്ടും തുടങ്ങി. കവിതാ സമാഹാരങ്ങൾ വാങ്ങുന്നത് പണ്ടേ ഇല്ലെങ്കിലും ഒറ്റയും തെറ്റയുമായി അവയും എന്റെ പുസ്തക ശേഖരത്തിൽ ഇപ്പോൾ എത്തിത്തുടങ്ങി.

പേരക്ക ബുക്ക് ക്ലബ്ബിൽ അംഗമായതോടെ നിരവധി കവിതാ സമാഹാരങ്ങളുമായി പരിചിതമായെങ്കിലും വായിച്ചാൽ വല്ലതും തലയിൽ കയറുമോ എന്ന സന്ദേഹം കാരണം ഒന്നും വാങ്ങിയില്ല. അപ്പോഴാണ് ബുക്ക് ക്ലബ്ബ്  അംഗങ്ങൾക്കുള്ള സൗജന്യ പുസ്തകക്കിറ്റിൽ ഉൾപ്പെട്ടുകൊണ്ട് ശ്രീ. പി കെ ഗോപിയുടെ കടങ്കഥകളുടെ കളിവീട് എന്നെത്തേടി എത്തിയത്. ഒറ്റ ഇരുപ്പിന് തന്നെ ഞാൻ അത് വായിച്ചു തീർത്തു. കാരണം  കവിതകളെപ്പറ്റിയുള്ള എന്റെ മുൻധാരണകൾ എല്ലാം തൂത്തെറിയുന്നതായിരുന്നു ആ പുസ്തകം. 

കുട്ടികൾക്കുള്ള കവിതകളായതു കൊണ്ടാകണം ചെറുതും വളരെ ലളിതവുമായ കവിതകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. മിക്ക കവിതകളും ചോദ്യങ്ങൾ നിറഞ്ഞതാണ്. കുഞ്ഞുമനസ്സ് എപ്പോഴും ചോദ്യങ്ങളുടെ ഒരു സാഗരമായിരിക്കും എന്ന പ്രപഞ്ച സത്യം ഈ പുസ്തകത്തിലൂടെ അടിവര ഇടുന്നു. മുപ്പതിലധികം കവിതകളുള്ള ഈ സമാഹാരത്തിൽ എനിക്ക് മനസ്സിലാക്കാൻ അല്പമെങ്കിലും സാധിക്കാത്തത് അവസാന കവിതയായ കടങ്കഥകളുടെ കളിവീട് മാത്രമാണ്. കവിതകളുടെ കൂടെയുള്ള വര കവിതയോട് നീതി പുലർത്തുന്നുണ്ടാകാം , പക്ഷെ വായിക്കുന്ന കുട്ടികളോട് അതെത്ര കണ്ട് സംവദിക്കും എന്ന് നിശ്ചയമില്ല.

പുസ്തകം : കടങ്കഥകളുടെ കളിവീട് 
രചയിതാവ് : പി കെ ഗോപി 
പേജ് : 72 
പ്രസാധകർ : പേരക്ക ബുക്സ് 
വില : 100 രൂപ

5 comments:

Areekkodan | അരീക്കോടന്‍ said...

കുട്ടികൾക്കുള്ള കവിതകളായതു കൊണ്ടാകണം ചെറുതും വളരെ ലളിതവുമായ കവിതകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്.

സുധി അറയ്ക്കൽ said...

കവിതകൾ ഇപ്പോൾ വളരെ ദുർഗ്രഹമായി തോന്നുന്നു.

Areekkodan | അരീക്കോടന്‍ said...

സുധീ...അങ്ങനെ തോന്നാത്ത കാലം ഉണ്ടായിരുന്നോ ?

Muralee Mukundan , ബിലാത്തിപട്ടണം said...

കുട്ടികളുടെ 'കടങ്കഥകളുടെ കളിവീട്'

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക