നെല്ലിയാമ്പതിയിലേക്കുള്ള ചുരം കയറുമ്പോൾ കണ്ണ് എപ്പോഴും പുറത്തേക്കായിരിക്കണം. പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട് വേണം മല കയറാൻ (സ്വന്തമായി ഡ്രൈവ് ചെയ്യുമ്പോൾ ആസ്വാദനം മറ്റുള്ളവർക്ക് വിട്ടുകൊടുക്കുക ).കിലോമീറ്ററുകളോളം ദൂരത്തിൽ പരന്നു കിടക്കുന്ന സ്വകാര്യ തേയിലത്തോട്ടങ്ങളും ഇടക്കിടക്കുള്ള അരുവികളും കാഴ്ച വിരുന്നുകൾ ഒരുക്കും.തേയിലത്തോട്ടത്തിന് ഇടയിലൂടെയുള്ള വീതി കുറഞ്ഞ റോഡിലൂടെയുള്ള ഡ്രൈവിംഗും വളരെ ശ്രദ്ധയോടെ ആയിരിക്കണം.അവസാനം വണ്ടി എത്തിച്ചേരുന്ന ചെറിയ ഒരു അങ്ങാടിയാണ് നെല്ലിയാമ്പതി. പുലയൻപാറ എന്നും ഈ സ്ഥലത്തിന് പേരുണ്ട് എന്ന് തോന്നുന്നു. വണ്ടി എത്തുന്നതോടെ തന്നെ ടാക്സി ഡ്രൈവർമാർ ട്രെക്കിംഗ് ആവശ്യമുണ്ടോ എന്ന് ചോദിച്ച് വളയും.ഒരു ജീപ്പിന് 1200 രൂപയോ മറ്റോ ആണ് റേറ്റ്.
ഈ കുഞ്ഞു അങ്ങാടിയിൽ തന്നെയാണ് സർക്കാർ ഓറഞ്ച് തോട്ടത്തിലേക്കുള്ള പ്രധാന കവാടം സ്ഥിതി ചെയ്യുന്നത്. ആദ്യ തവണ പോയപ്പോൾ കായ്ച്ചു നിൽക്കുന്ന ഓറഞ്ച് മരങ്ങളും പൂത്ത് നിൽക്കുന്ന പാഷൻ ഫ്രൂട്ട് വള്ളികളും പലതരം ചെടികളും എല്ലാം കണ്ടിരുന്നു.പ്രവേശനം സൗജന്യവുമായിരുന്നു. ഇത്തവണ മെയിൻ ഗേറ്റും സെയിൽസ് കൗണ്ടറും അടഞ്ഞു കിടന്നതിനാൽ അകത്തിരുന്ന ആളോട് ഞാൻ കാര്യം തിരക്കി.ഞായറാഴ്ച ആയതിനാൽ എല്ലാം അടവാണത്രേ ! ആവശ്യമായ തൊഴിലാളികൾ ഇല്ല എന്നതാണ് കാരണം പറഞ്ഞത്.സഞ്ചാരികൾ ഏറെ വരുന്ന ദിവസം സർക്കാറിന്റെ ജനപ്രിയ സംരംഭം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ ശ്രദ്ധിക്കണം.
പുലയൻ പാറയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പോയാൽ സീതാർക്കുണ്ട് വ്യൂ പോയിന്റിൽ എത്താം. ആദ്യ വരവിൽ അവിടം വരെ നടന്നു പോയതായിട്ടാണ് എന്റെ ഓർമ്മ. ദൂരത്തെക്കുറിച്ച് വലിയ ബോദ്ധ്യം ഇല്ലാത്തതിനാൽ നടന്നു പോകാം എന്നായിരുന്നു എന്റെ ധാരണ.സ്ഥലം പരിചയമുള്ള ഡ്രൈവർ വണ്ടി പുലയൻ പാറയിൽ തന്നെ സൈഡാക്കിയത് എന്റെ ധാരണയെ ശരി വച്ചു. ബട്ട് ,എത്ര നടന്നിട്ടും എത്താത്തതും ധാരാളം വണ്ടികൾ കടന്നു പോകുന്നതും കണ്ടതോടെ ഞങ്ങളും ഡ്രൈവറെ വിളിച്ച് വണ്ടി വരുത്തി.
പോബ്സ് ഗ്രൂപ്പിന്റെ കാപ്പിത്തോട്ടവും കടന്ന് വേണം വ്യൂ പോയിന്റിൽ എത്താൻ.എസ്റ്റേറ്റ് തുടങ്ങുന്നിടത്ത് ഒരു ചെക്ക് പോസ്റ്റുണ്ട്. ഒരു ഉദ്യോഗസ്ഥൻ അവിടെ എന്തൊക്കെയോ കുറിച്ച് വയ്ക്കുന്നുണ്ട്.നല്ല തിരക്കുണ്ടായിട്ടും അധികം വൈകാതെ തന്നെ എല്ലാ വണ്ടികളും കടത്തി വിടുന്നുണ്ട്.തിരിച്ചു വരുന്ന വാഹനങ്ങളും അതേ ഗേറ്റിലൂടെ തന്നെയാണ് കടന്നുപോകേണ്ടത്.
വിശാലമായ പാർക്കിംഗ് സൗകര്യമാണ് മുകളിൽ ഒരുക്കിയിരിക്കുന്നത്.ജീപ്പിൽ ട്രെക്കിംഗ് പോകുന്നവർ ഇങ്ങോട്ട് വരുന്നതായി കണ്ടില്ല.അവർ മറ്റേതോ വഴിയിലാണ് പോകുന്നത്.പാർക്കിംഗ് പോയിന്റിലെയും തൊട്ടടുത്ത വ്യൂ പോയിന്റിലെയും ആളുകളുടെ തിരക്ക് കണ്ടാൽ കൊറോണ തോറ്റോടും.ലോക്ക് ഡൗണിൽ നിന്നുള്ള സ്വാതന്ത്ര്യം ജനങ്ങൾ ശരിക്കും ആസ്വദിക്കുകയായിരുന്നു അന്ന്.
സീതാർക്കുണ്ട് വ്യൂ പോയിൻറ് ഒരു ഐതിഹ്യത്തിന്റെ പേരിൽ പ്രശസ്തമാണ്. വനവാസകാലത്ത് രാമനും ലക്ഷ്മണനും സീതയും ഇവിടെ താമസിച്ചിരുന്നു എന്നാണ് ആ ഐതിഹ്യം. കൊല്ലങ്കോട് ഗ്രാമത്തിന്റെ ആകാശ കാഴ്ചയും തമിഴ്നാട് വരെ നീളുന്ന പച്ചപ്പും ആസ്വദിച്ച് അവിടെ നിൽക്കുമ്പോൾ സ്വയം മറന്നു പോകും. പാലക്കാടൻ ചുരം എന്നറിയപ്പെടുന്ന പശ്ചിമ ഘട്ടത്തിലെ വിടവ് നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടറിയാൻ സീതാർക്കുണ്ടിൽ തന്നെ എത്തണം.പാലക്കാടിന്റെ താപനില ഉയർത്തുന്ന ചുടുകാറ്റ് തമിഴ്നാട്ടിൽ നിന്നും കയറി വരുന്നത് ഈ ഗ്യാപ്പിലൂടെയാണ് എന്നത് പലർക്കും അറിയില്ല.ഏതോ കാലത്ത് പശ്ചിമഘട്ടത്തിന്റെ ഈ ഭാഗം താഴ്ന്നു പോയാണ് ഈ ഗ്യാപ്പ് ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്.സാഹചര്യത്തെളിവുകളും അതിനെ ശരി വയ്ക്കുന്നു.
സീതാർക്കുണ്ട് വ്യൂ പോയിന്റ് അപകടം നിറഞ്ഞ ഒരു സ്ഥലം കൂടിയാണ്. നാമ മാത്രമായുള്ള ബാരിക്കേഡുകളും കടന്ന് അപ്പുറം പോകുന്നവർ ധാരാളമുണ്ട്. ചെറിയൊരു കാൽപിഴ മതി അഗാധ ഗർത്തത്തിൽ പതിക്കാൻ എന്നതിനാൽ അതീവ ജാഗ്രത അനിവാര്യമാണ്.കുരങ്ങന്മാരുടെ ശല്യം ഉള്ളതിനാൽ തിന്നാൻ പറ്റുന്ന സാധനങ്ങൾ ഒന്നും കയ്യിൽ എടുക്കാത്തതാണ് നല്ലത്.
ഐതിഹ്യങ്ങളും ചരിത്രങ്ങളും അയവിറക്കി ഞങ്ങൾ അടുത്ത കാഴ്ചയിലേക്ക് നീങ്ങി
(തുടരും...)
3 comments:
നെല്ലിയാമ്പതിയിലേക്കുള്ള യാത്ര തുടരുന്നു
വായിച്ചു
മുരളിയേട്ടാ...വായനക്ക് നന്ദി
Post a Comment
നന്ദി....വീണ്ടും വരിക