വേനൽക്കാലത്തും മഞ്ഞു പൂക്കൾ വിരിയുന്ന നെല്ലിയാമ്പതി മലനിരകളുടെ മനോഹര ദൃശ്യം ആവോളം ആസ്വദിച്ച് ഞങ്ങൾ തിരിച്ചിറങ്ങാൻ തുടങ്ങി.മൂന്ന് മണിക്ക് മുമ്പേ താഴെ എത്തിയിരിക്കണം എന്ന തിട്ടൂരം കൂടി ഉള്ളതിനാലും പോത്തുണ്ടി ഡാം കാണാനുള്ളതിനാലും, വണ്ടി കയറിയതിലും വേഗത്തിൽ തിരിച്ചിറങ്ങി .പക്ഷേ അപ്പോഴും മലമുകളിലേക്ക് വാഹനങ്ങൾ കയറിക്കൊണ്ടിരുന്നു ! ഞങ്ങളുടെ മൂന്ന് മണി അവരുടെ പത്ത് മണി ആണോ ആവോ?
ഉച്ചഭക്ഷണം കഴിച്ച്, ഞങ്ങൾ വീണ്ടും പോത്തുണ്ടി ഡാമിന്റെ പ്രവേശന കവാടത്തിലെത്തി. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയും ആണ് ഡാമിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക്.
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അണക്കെട്ടുകളിൽ ഒന്നാണ് മണ്ണും ചുണ്ണാമ്പും കൊണ്ടുണ്ടാക്കിയ പോത്തുണ്ടി ഡാം. പാലക്കാട് ജില്ലയിലെ ജലസേചനാവശ്യങ്ങൾക്കാണ് ഈ അണക്കെട്ടിലെ വെള്ളം പ്രധാനമായും ഉപയോഗിക്കുന്നത്. സഞ്ചാരികൾക്ക് ഏറെ കാഴ്ച വിരുന്നും ഈ അണക്കെട്ടും പരിസരവും ഒരുക്കുന്നുണ്ട്. മേഘങ്ങൾ പൂത്തിറങ്ങുന്ന നെല്ലിയാമ്പതി മലനിരകളുടെ പോത്തുണ്ടി ഡാമിൽ നിന്നുള്ള കാഴ്ച ഒന്ന് വേറെ തന്നെയാണ്. അണക്കെട്ടിൽ ബോട്ടിംഗിനും സൗകര്യമുണ്ട്. പക്ഷെ ഞങ്ങൾ അതിനൊന്നും മുതിർന്നില്ല.
അണക്കെട്ടിന്റെ താഴെ ഭാഗത്ത് മനോഹരമായ ഒരു ഉദ്യാനം ഉണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ടൂറിസം വകുപ്പ് ഇവിടെ ചില റൈഡുകൾ ഒരുക്കിയിട്ടുണ്ട്. ആകാശ സൈക്കിൾ സവാരിയാണ് ഇതിൽ ഏറ്റവും ആകർഷണീയമായത്. 40 അടി ഉയരത്തിലൂടെ 130 മീറ്റർ നീളത്തിൽ ഉദ്യാനത്തിന് മുകളിലൂടെയുള്ള സവാരി ഹൃദയത്തെ കർമ്മനിരതമാക്കും എന്നതിൽ യാതൊരു സംശയവുമില്ല. ഈ റൈഡ് തുടങ്ങിയ വാർത്ത കണ്ട അന്നേ ഒരു സവാരി നടത്തണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ യാദൃശ്ചികമായി മലപ്പുറം കോട്ടക്കുന്നിൽ ഇതേ സവാരിക്ക് അവസരം ലഭിച്ചതിനാൽ, ഞാൻ പോത്തുണ്ടിയിൽ അതിന് മുതിർന്നില്ല.മാത്രമല്ല , കോവിഡ് കാരണം ഏറെ നാൾ അടച്ചിട്ടതിനാൽ സുരക്ഷിതത്വം എത്രത്തോളം ഉണ്ട് എന്ന് ഉറപ്പിക്കാനും പറ്റില്ല.സിപ് ലൈനും ഫ്രീ ഫാളും അടക്കമുള്ള മറ്റു നിരവധി സാഹസിക റൈഡുകളും ഉണ്ട്.അവയൊന്നും പ്രവർത്തിക്കുന്നതായി കണ്ടില്ല.
തമിഴ് നാട്ടിൽ നിന്ന് നെല്ലിയാമ്പതി മല കയറിയിറങ്ങി വരുന്ന തണുത്ത കാറ്റും കൊണ്ട് പോത്തുണ്ടി അണക്കെട്ടിന്റെ മുകളിൽ ഞങ്ങൾ കുറെ നേരം ഇരുന്നു.ഇനിയൊരു യാത്ര എങ്ങോട്ടായിരിക്കണം എന്ന് കാറ്റ് ഞങ്ങളുടെ ചെവിയിൽ മന്ത്രിച്ച് കൊണ്ടിരുന്നു.മേഘങ്ങൾ തലക്ക് മുകളിൽ ഡാൻസ് കളിക്കാൻ തുടങ്ങിയതോടെ ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.അങ്ങനെ ഏറെ ആഗ്രഹിച്ച നെല്ലിയാമ്പതി യാത്രക്കും വിരാമമായി.
3 comments:
ഏറെ ആഗ്രഹിച്ച നെല്ലിയാമ്പതി യാത്രക്കും വിരാമമായി.
നെല്ലിയാമ്പതിയിലെ ഒരു പ്രണയകാല ദിനം സ്മരണയിൽ എത്തി..!
മുരളിയേട്ടാ...അതെന്താ സംഭവം ?
Post a Comment
നന്ദി....വീണ്ടും വരിക