കടലുണ്ടിക്കാഴ്ചകൾ - 1 (ഒന്നാം ഭാഗം വായിക്കാൻ ഇതിൽ ക്ലിക്ക് ചെയ്യുക )
നട്ടുച്ച സമയമായതിനാൽ ആമാശയം പ്രവർത്തന നിരതമാകാൻ തുടങ്ങിയിരുന്നു.അതിനാൽ തന്നെ എല്ലാ വണ്ടികളും വീണ്ടും അഷ്റഫിന്റെ വീട് ലക്ഷ്യമാക്കി വന്നതിലും വേഗത്തിൽ കുതിച്ച് പാഞ്ഞു.കാഴ്ച വിരുന്നുകൾക്ക് ശേഷം ഗംഭീരമായ ഒരു വിരുന്നായിരുന്നു ഭക്ഷണം കൊണ്ടും അശ്റഫും കുടുംബവും ഒരുക്കിയത്. ഭക്ഷണം കഴിച്ച ശേഷം സഹപ്രവർത്തകർക്കുള്ള യാത്രയയപ്പ് യോഗവും ഫലകവിതരണവും അവിടെ വച്ച് തന്നെ നടത്തി.
"അഗല സ്റ്റേഷൻ പക്ഷിസങ്കേതം ഹേ..." മുരളിയുടെ പ്രഖ്യാപനം വന്നതും എല്ലാവരും പെട്ടെന്ന് റെഡിയായി.മെയിൻ റോഡിൽ നിന്നും ഏതൊക്കെയോ ഊടുവഴിയിലൂടെ വണ്ടി ഓടിച്ച് ഞങ്ങൾ , 2001 ജൂൺ 22-ന് 52 പേരുടെ മരണത്തിനിടയാക്കിയ കടലുണ്ടി തീവണ്ടിയപകടം നടന്ന പാലത്തിന്റെ തൊട്ടടുത്ത് നിർമ്മിച്ച പുതിയ റെയിൽവേ പാലത്തിന്റെ താഴെ എത്തി. അവിടെ കോയക്കയുടെയും സുഹൃത്തിന്റേയും തോണികൾ ഞങ്ങളെയും കാത്ത് കിടക്കുന്നുണ്ടായിരുന്നു.
എട്ടു പേർക്കാണ് ഒരു തോണിയിൽ കയറാൻ അനുവാദമുള്ളത്. രണ്ട് മണിക്കൂർ കടലുണ്ടിപ്പുഴയിലൂടെ കഴുക്കോൽ കുത്തി യാത്ര ചെയ്യും (പക്ഷി സങ്കേതമായതിനാൽ യന്ത്രബോട്ടുകൾ അനുവദനീയമല്ല).ഇതിന് 1500 രൂപയാണ് നിരക്ക്. ഇതിനു പുറമെ ചെമ്മീനും മറ്റു കടൽ വിഭവങ്ങളും അടങ്ങിയ ഭക്ഷണം അടക്കമുള്ള ഒരു ദിവസത്തെ പാക്കേജ് ഉണ്ട്. പതിനായിരം രൂപയാണ് നിരക്ക്.ഇത് സ്വകാര്യ വ്യക്തികൾ നടത്തുന്ന അംഗീകൃത പാക്കേജ് ആണ്.പക്ഷി സങ്കേതത്തിലേക്കുള്ള യാത്ര ചാലിയം ഭാഗത്ത് നിന്നും ഉണ്ട്.
കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത്, വാർത്തയിൽ എന്നും ഇടം പിടിക്കാറുള്ള ബാലാതുരുത്ത് അടക്കം നിരവധി തുരുത്തുകൾ ഉണ്ട്.ഈ തുരുത്തുകളാണ് നിരവധി പക്ഷികളുടെ ആവാസ കേന്ദ്രമായിരുന്നത്. കടലുണ്ടികമ്യൂണിറ്റി റിസര്‍വ്വ് അഥവാ കടലുണ്ടി പക്ഷിസങ്കേതം എന്ന് ഇന്നറിയപ്പെടുന്നത് കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലും ഉള്‍പ്പെടുന്ന ഏതാണ്ട് 150 ഹെക്ടര്‍ സ്ഥലമാണ്.
പുഴയും കടലും ചേരുന്ന ഭാഗത്ത് ഉപ്പുകലര്‍ന്ന വെള്ളത്തില്‍ സമൃദ്ധമായി വളരുന്ന കണ്ടല്‍ചെടികള്‍ ആണ് നിരവധി ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്ക് ഇവിടം അനുയോജ്യമാക്കുന്നത്. കുറ്റിക്കണ്ടൽ, ഉപ്പട്ടി, കണ്ണാംപൊട്ടി, നക്ഷത്ര കണ്ടൽ, ചുള്ളി കണ്ടൽ , ചക്കരക്കണ്ടൽ തുടങ്ങീ പലതരത്തിലുള്ള കണ്ടൽ ചെടികൾ ഉള്ളതിനാൽ ഗവേഷകർക്കും ഈ സ്ഥലം ഏറെ പ്രിയപ്പെട്ടതാണ്.
3 comments:
ജീവിതത്തിന്റെ ഒഴുക്കിൽ ഏതോ ഒരു യാമം കഴിച്ചുകൂട്ടാനായി ഭൂഖണ്ഠങ്ങൾ താണ്ടി എത്തുന്ന ദേശാടന പക്ഷികൾ സന്ദർശകരുടെ മനം കുളിർപ്പിക്കും.
അതിമനോഹരം 👏👏👏യാത്രയിലെ ഓരോ ഘട്ടങ്ങളും ആസ്വദിച്ചു. ചിത്രങ്ങളും എഴുത്തും വളരെ നന്നായിരുന്നു 👌👌👌👌
വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക