യാത്രയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത ട്വിസ്റ്റുകളാണ് അതിനെ മധുരതരമാക്കുന്നത്. അപൂർവ്വമായി യാത്രയുടെ രസം കൊല്ലിയാവുന്നതും ഇത്തരം ട്വിസ്റ്റുകൾ തന്നെയാണ്. പന്ത്രണ്ട് ദിവസം നീളുന്ന ഒരു യാത്ര ജമ്മു കാശ്മീരിലേക്ക് ഞാൻ പ്ലാൻ ചെയ്യുമ്പഴേ അതിലുണ്ടായേക്കാവുന്ന വഴിത്തിരിവുകളും എന്നെ ആവേശഭരിതനാക്കിയിരുന്നു.
ആഗ്രയിൽ ഒരു ദിവസം താമസിച്ച് കാഴ്ചകൾ കണ്ട് ,ഡൽഹിയിൽ എത്തിയ ശേഷം രാത്രി ജമ്മുവിലേക്ക് തിരിക്കാനായിരുന്നു എന്റെ പ്ലാൻ. ആഗ്രയിലെ പൊള്ളുന്ന ചൂടിൽ നിന്നും ഞങ്ങളെത്തിയത് ഡൽഹിയിലെ കത്തുന്ന വെയിലിലേക്കാണ്. സിമ്പിളായി പറഞ്ഞാൽ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എന്നതായിരുന്നു അവസ്ഥ. തലേ ദിവസം രാത്രി കഴിച്ച താലി മീൽസ് ആർക്കും പിടിക്കാത്തതിനാൽ വയറും എരിപൊരി അവസ്ഥയിലായിരുന്നു. എന്റെ സഹയാത്രികനായ നൗഷാദിന് ചില ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉടലെടുത്തതോടെ ഡൽഹിയിലെ ഏതെങ്കിലും ഒരു കാഴ്ചയെങ്കിലും കാണുക എന്ന മുൻ തീരുമാനം ഞങ്ങൾ റദ്ദാക്കി.
പതിനൊന്നര മണിക്ക് ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ ഇറങ്ങിയ ഞങ്ങൾക്ക് കാശ്മീരിലേക്കുള്ള ട്രെയിൻ കയറേണ്ടത് ഇവിടെ നിന്നും പതിനാറ് കിലോമീറ്റർ അകലെയുള്ള ഡൽഹി കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നായിരുന്നു. മേൽ പറഞ്ഞ കാരണങ്ങളാൽ കന്റോൺമെന്റ് റെയിൽവെ സ്റ്റേഷനിൽ നേരത്തെ എത്തി അവിടെ വിശ്രമിക്കുക എന്ന ആശയം അപ്പോൾ മനസ്സിലുദിച്ചു. നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് പ്രസ്തുത സ്റ്റേഷനിലേക്ക് എത്താനുള്ള വഴി അന്വേഷിക്കാൻ വേണ്ടി ഞാൻ , എന്റെ PGDCA ക്ലാസ് മേറ്റും ഇപ്പോൾ ദൽഹിയിൽ ജോലി ചെയ്യുന്നവനുമായ ശ്രീജിത്തിനെ വിളിച്ചു.
"നിനക്ക് വട്ടു ണ്ടോ?" എന്നായിരുന്നു ശ്രീജിത്തിന്റെ പ്രഥമ മറുപടി. എന്ന് മാത്രമല്ല, അവന്റെ വീട് തൊട്ടടുത്താണെന്നും നേരെ ഈസ്റ്റ് ക്വിദ്വായ് നഗറിലെ തന്റെ ഫ്ലാറ്റിലേക്ക് പോകാനുമായിരുന്നു അവന്റെ നിർദ്ദേശം. എന്റെ സഹയാത്രികന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റം വരാത്തതിനാൽ ഒരു താല്ക്കാലിക അഭയസ്ഥാനം കണ്ടെത്തൽ അപ്പോൾ നിർബന്ധവുമായിരുന്നു.
ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരം രണ്ട് ഓട്ടോകളിലായി അവന്റെ ഫ്ലാറ്റിൽ ഞങ്ങൾ എത്തുമ്പോൾ അവിടെ അവന്റ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടിലെത്തിയതും നൗഷാദിന് ചർദ്ദിയും വയറിളക്കവും കലശലായി. അപ്പോഴേക്കും നൗഷാദിന്റെ അസുഖ വിവരം ഡൽഹി AIIMS ൽ MD ക്ക് പഠിക്കുന്ന അവന്റെ ബന്ധുവിന്റെ ചെവിയിലെത്തി. അദ്ദേഹം കുറിച്ച് കൊടുത്ത മരുന്നുമായി , നൗഷാദിന്റെ സ്കൂളിലെ ടീച്ചറുടെ മകനും ദൽഹിയിൽ സ്ഥിര താമസക്കാരനുമായ റഈസ് ഞങ്ങൾ നിൽക്കുന്ന ഫ്ലാറ്റിൽ എത്തി.
നൗഷാദിന് കഴിക്കാൻ അല്പം കട്ട് ഫ്രൂട്ട്സും കുറെ ബൺ പൊതികളുമായിട്ടായിരുന്നു റഈസിന്റെ വരവ്. ബൺ വെറും ഇടക്കാലാശ്വാസം മാത്രമാണെന്നും ഞങ്ങൾക്കുള്ള ഭക്ഷണം ഉടൻ എത്തുമെന്നും റഈസ് അറിയിച്ചപ്പോൾ ദൈവത്തിന് സ്തുതി അർപ്പിച്ചു.
(തുടരും..)
4 comments:
A friend in need is a friend indeed
നല്ല അവതരണം
Sideeque
Thank You Sideeque
Post a Comment
നന്ദി....വീണ്ടും വരിക