റംസാൻ വ്രതം കഴിഞ്ഞ് മുസ്ലിംകൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ചെറിയ പെരുന്നാൾ ആഘോഷങ്ങൾ വീടിനകത്ത് തന്നെ ഒതുങ്ങി നിൽക്കുകയായിരുന്നു. പള്ളികളിലും ഈദ് ഗാഹുകളിലും തക്ബീർ ധ്വനികൾ മുഴങ്ങുന്നത് രണ്ട് വർഷത്തിന് ശേഷമാണ്.
ചെറിയ പെരുന്നാൾ ആഘോഷം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിളംബരം കൂടിയാണ്. ഈദ് ഗാഹിൽ ഇന്ന് വിരിച്ച ഓരോ മുസല്ലയിലും ഈ സ്നേഹബന്ധം കാണാമായിരുന്നു.തന്റെ തൊട്ടടുത്ത് നിൽക്കുന്നവനു കൂടി സ്വന്തം മുസല്ലയിൽ ഒരിടം നൽകിക്കൊണ്ടാണ് ഓരോ സത്യവിശ്വാസിയും ഇന്ന് ഈദ് ഗാഹിൽ വച്ച് നമസ്കാരം നിർവ്വഹിച്ചത്.
ഇപ്പോഴും നിലനിൽക്കുന്ന കോവിഡ് പശ്ചാത്തലത്തിൽ മനുഷ്യനും മനുഷ്യനും തമ്മിൽ നിശ്ചിത അകലം പാലിക്കുന്ന ഇന്നത്തെ കാലത്ത് ഈ മുസല്ല സഹകരണം ഏറെ ശ്രദ്ധേയമാണ്. അതു കൊണ്ട് തന്നെ അതിനെ സ്നേഹത്തിന്റെ മുസല്ലകൾ എന്ന് വിളിക്കാനാണ് എനിക്ക് താല്പര്യം.
ആൺ-പെൺ പ്രാതിനിധ്യം കൊണ്ട് വൻ സംഭവമായി മാറാനും ഇന്നത്തെ ഈദ് ഗാഹിനായി. കൊറോണ കുരുക്കിട്ട മനുഷ്യ ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുന്ന കാഴ്ചകൾ ഈദ്ഗാഹിലുടനീളം കാണാൻ സാധിച്ചു.അടുത്ത വർഷത്തെ റംസാനിൽ , ഈ കൂട്ടത്തിൽ നിന്നുള്ള എത്ര പേർക്ക് ഇത് പോലെ ഒരിക്കൽ കൂടി കണ്ടുമുട്ടാൻ സാധിക്കും എന്ന് നിശ്ചയമില്ലാത്തതിനാൽ പലർക്കും വിട പറയലിന്റെ റംസാൻ കൂടെയായിരുന്നു ഇത്.
എല്ലാവർക്കും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ
1 comments:
എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
Post a Comment
നന്ദി....വീണ്ടും വരിക