2016 ൽ കേരള ടൂറിസം വകുപ്പും എൻ.എസ്.എസ് ടെക്നിക്കൽ സെല്ലും സംയുക്തമായി നടപ്പാക്കിയ ഗ്രീൻ കാർപ്പറ്റ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിൽ വച്ചായിരുന്നു ഞാൻ സഗീറിനെ പരിചയപ്പെട്ടത്.എന്റെ സ്വന്തം ജില്ലയായ മലപ്പുറത്തെ കരുവാരക്കുണ്ട് എന്ന മലയോര ഗ്രാമത്തിലെ ചേറുമ്പ് ഇക്കോ വില്ലേജ് എന്ന ടൂറിസ്റ്റ് കേന്ദ്രത്തിലെ ഡെസ്റ്റിനേഷൻ മാനേജർ ആയിരുന്നു സഗീർ. ആ പരിചയപ്പെടലിന് ശേഷം പല തവണ ഞാൻ സഗീറിനെ ഫോണിൽ കൂടി ബന്ധപ്പെട്ടിരുന്നു ; ചേറുമ്പ് കുടുംബസമേതം സന്ദർശിക്കാനായി. പക്ഷെ, ഒരിക്കലും ആ പദ്ധതി നടപ്പിലായില്ല എന്ന് മാത്രം.
അങ്ങനെ AD 2023 ൽ എത്തിയപ്പോഴാണ് ഒരു നിമിത്തം പോലെ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് ടൂറിന് പറ്റിയ ഒരു സ്ഥലം നിർദ്ദേശിക്കാൻ എന്നോട് ആവശ്യപ്പെട്ടത്.മുമ്പ് സംഘടിപ്പിച്ച ടൂറിന്റെ വിവരങ്ങൾ അറിഞ്ഞപ്പോൾ ടീമിന്റെ അഭിരുചി എനിക്ക് മനസ്സിലായി. അങ്ങനെ നിലമ്പൂർ ട്രിപ്പ് പ്ലാൻ ചെയ്തു. നിലമ്പൂരിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിച്ച എനിക്ക് കരുവാരക്കുണ്ട് കൂടി ഇതോടൊപ്പം ചേർത്താൽ നന്നാകും എന്ന് തോന്നിയതിനാൽ ആരണ്യകം എന്ന പേരിൽ കരുവാരകുണ്ട് - നിലമ്പൂർ ട്രിപ്പ് പദ്ധതിയിട്ടു.
കരുവാരക്കുണ്ടിൽ നിരവധി വെള്ളചാട്ടങ്ങളുണ്ട് എന്ന് ഞാൻ മനസ്സിലാക്കി വച്ചിരുന്നു. അതിൽ ഒന്നിൽ പോലും പോകാൻ ഇതു വരെ സാധിക്കാത്തതിന്റെ വിഷമവും മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് കരുവാരക്കുണ്ടിലെ പ്രധാന വെള്ളച്ചാട്ടമായ കേരളാം കുണ്ട് വെള്ളച്ചാട്ടവും ചേറുമ്പ് ഇക്കോ വില്ലേജും ഈ ട്രിപ്പിൽ സന്ദർശിക്കാൻ പ്ലാനിട്ടത്. പാലക്കാട് ശ്രീകൃഷ്ണപുരത്ത് നിന്ന് വരുമ്പോൾ എടത്തനാട്ടുകര വഴി ഒരു മണിക്കൂർ കൊണ്ട് അവിടെ എത്താം എന്നതും സൗകര്യമായി.
അങ്ങനെ ട്രിപ് ഉറപ്പായപ്പോൾ ഞാൻ സഗീറിനെ വീണ്ടും വിളിച്ചു. ഇത്തവണ ചേറുമ്പിൽ എത്തും എന്നും കേരളാം കുണ്ട് വെള്ളച്ചാട്ടവും കാണണമെന്നും അറിയിച്ചതോടെ പ്രാതലും യാത്രക്കുള്ള ജീപ്പും എല്ലാം സഗീർ തന്നെ ഒരുക്കിത്തന്നു. മാത്രമല്ല, ഒമ്പതരക്ക് തുറക്കുന്ന ചേറുമ്പ് ഇക്കോ വില്ലേജ് ഞങ്ങൾക്കായി അന്ന് എട്ട് മണിക്ക് തുറന്ന് തരാമെന്നും അറിയിച്ചു.
അങ്ങനെ എട്ട് മണിയോടെ തന്നെ ഞങ്ങൾ കരുവാരക്കുണ്ടിലെത്തി. ടൗണിനോട് ചേർന്നൊഴുകുന്ന ഒലിപ്പുഴയുടെ ഇരു കരകളിലുമായിട്ടാണ് മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ ചേറുമ്പ് ഇക്കോ വില്ലേജ് സജ്ജീകരിച്ചിരിക്കുന്നത്. അവിടെ എത്തിയ ഉടനെ ഞാൻ സഗീറിനെ വിളിച്ചു. ഏതാനും നിമിഷങ്ങൾക്കകം തന്നെ അവൻ എത്തി.2016 ന് ശേഷം ആദ്യമായി ഞാൻ സഗീറിനെ വീണ്ടും കണ്ടുമുട്ടി. ഇക്കോ വില്ലേജിന്റെ സൈഡ് ഗേറ്റിലൂടെ ഞങ്ങൾ അകത്ത് പ്രവേശിച്ചു.
ബോട്ട് ജെട്ടി, നടപ്പാത, കുട്ടികളുടെ പാർക്ക്, സൈക്കിൾ ട്രാക്ക്, തൂക്കുപാലം മുതലായവയാണ് ഇവിടുത്തെ മുഖ്യ ആകർഷണങ്ങൾ. 2018ലെയും 2019 ലെയും പ്രളയവും ഉരുൾ പൊട്ടലും കാരണം മണ്ണടിഞ്ഞതിനാൽ ബോട്ടിംഗ് ഇപ്പോൾ നിലവിലില്ല. എങ്കിലും പ്രഭാത സമയത്ത് ഇക്കോ വില്ലേജിലുടെയുള്ള ഒരു മണിക്കൂർ നടത്തം ഒരു പോസിറ്റീവ് എനർജി സമ്മാനിക്കും എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കി.മുതിർന്നവർക്ക് പത്ത് രൂപയും കുട്ടികൾക്ക് അഞ്ച് രൂപയും ആണ് പ്രവേശന ഫീസ്.
പത്ത് മിനുട്ട് കൊണ്ട് കണ്ട് തീർക്കാം എന്നുദ്ദേശിച്ച് കയറിയ പാർക്ക് പക്ഷേ ഞങ്ങളെ അവിടെ അര മണിക്കൂറിലധികം കെട്ടിയിട്ടു. സഗീറിന് നന്ദി പറഞ്ഞ് ഞങ്ങൾ നേരെ കേരളാം കുണ്ടിലേക്ക് തിരിച്ചു (ആ യാത്ര ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാം)
1 comments:
ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിൽ...
Post a Comment
നന്ദി....വീണ്ടും വരിക