സബ് ഇൻസ്പെക്ടർ സുധാകരൻ സാർ തന്നോട് കയർത്ത് സംസാരിക്കാൻ കാരണമെന്തെന്ന് എത്ര ആലോചിച്ചിട്ടും സിവിൽ പോലീസ് ഓഫീസർ രാജന് മനസ്സിലായില്ല.
'ഇന്ന് ഓഫീസിൽ പരാതി ബോധിപ്പിക്കാൻ വന്ന സീനിയർ സിറ്റിസൺ ആയ ഒരാളെ താൻ കൈ പിടിച്ച് സഹായിച്ചത് സാറ് കണ്ടിരുന്നു. ഒരു മനുഷ്യൻ എന്ന നിലക്ക് അതെന്റെ കടമയാണ്. മാത്രമല്ല, ജനമൈത്രീ പോലീസിൽ ഇതൊക്കെ സർവ്വ സാധാരണമാണ്. താൻ ഇവിടെ പുതിയ ആളായതുകൊണ്ട്
ഇവിടത്തെ രീതികൾ ഒന്നും പരിചയമായിട്ടില്ല. ഇനി അതിന്റെ പ്രശ്നം വല്ലതുമാണോ? അതല്ല , ഈ കോവിഡ്
കാലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന്ആ വൃദ്ധനെ കൈ പിടിച്ച്
സഹായിച്ചതിനാണോ ?'
ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഓഫീസിൽ
നിന്നും ഇറങ്ങുമ്പോൾ രാജൻന്റെ ചിന്ത മുഴുവൻ ആ സംഭവത്തിൽ
കറങ്ങിക്കുരുങ്ങിക്കിടന്നു.
'ഒരു കണക്കിൽ ആലോചിച്ചാൽ സാറ് ശകാരിച്ചത് ശരിയാ... സാമൂഹിക അകലം പാലിക്കണം എന്നും, പേന പോലും മറ്റൊരാൾക്ക്
കൈമാറരുത് എന്നും നിർദ്ദേശം തന്നിട്ടും ഒരു ദുർബ്ബല നിമിഷത്തിൽ അതെല്ലാം മറന്നുപോയി. പക്ഷെ, പരാതിക്കാരന്റെ ശാരീരികാവസ്ഥ
കണ്ടാൽ ആരും സഹായിച്ചു പോകും. താനും അത്രയേ കരുതിയുള്ളൂ. അതിനിടക്ക് മഹാമാരി
തന്നിലേക്കും അതുവഴി തന്റെ സഹപ്രവർത്തകരിലേക്കും എത്തുമെന്നത് ഒരു വേള മനസ്സിൽ
നിന്ന് വിട്ടുപോയി.' രാജൻ കഴിഞ്ഞ സംഭവങ്ങൾ ഒന്നുകൂടി
ഓർത്തെടുത്തു.
ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ
ആരംഭിച്ച ചാറ്റൽമഴ ശക്തി കൂടാൻ തുടങ്ങിയിരിക്കുന്നു. മഴ നനഞ്ഞു ഇനിയും ബൈക്കിൽ യാത്ര
തുടരാൻ സാദ്ധ്യമല്ല.പൂട്ടിയിട്ട ഒരു കടയുടെ മുമ്പിൽ
രാജൻ തൻന്റെ ബൈക്ക് നിർത്തി.മഴ നനയാതിരിക്കാനായി അയാൾ ആ കടത്തിണ്ണയിലേക്ക് കയറി
നിന്നു.സാധാരണ ദിവസങ്ങളിൽ
റൂമിൽ തിരിച്ചെത്തുന്ന സമയവും അതിക്രമിച്ചതായി വാച്ചിൽ നോക്കിയപ്പോൾ അയാൾക്ക് മനസ്സിലായി.കുടുംബം കൂടെ ഇല്ലാത്തതിനാൽ
വൈകിയാലും ആരും ചോദിക്കാനില്ല എന്നത് അനുഗ്രഹമോ ശാപമോ എന്നത് ഇപ്പോൾ അയാൾ
ചിന്തിക്കാറില്ല.റോഡ് ഏറെക്കുറെ വിജനമായിക്കഴിഞ്ഞു.മഴയുടെ ശക്തി കൂടി
വരുന്നതിനാലും സമയം ഏറെ വൈകിയതിനാലും ഇനി ആ വീഥിയിൽ കാൽപ്പെരുമാറ്റം ഉണ്ടാകില്ല
എന്ന് രാജൻ തീർച്ചയാക്കി.
"അമ്മേ... അമ്മേ..."
ആരുടെയോ ഒരു ദീനസ്വരം പെട്ടെന്നാണ് രാജൻന്റെ ചെവിയിൽ വന്നലച്ചത്.ഒന്നു കൂടി ചെവി
കൂർപ്പിച്ചെങ്കിലും പിന്നീട് ആ ശബ്ദം കേൾക്കാത്തതിനാൽ അത് തനിക്ക് വെറുതെ
തോന്നിയതായിരിക്കും എന്ന് രാജൻ കരുതി.അല്ലെങ്കിലും തനിച്ച് നിൽക്കുമ്പോൾ ഇത്തരം
തോന്നലുകൾ ഒരു പതിവാണ്.മഴയുടെ ശബ്ദം കനത്തതിനാൽ മറ്റു
ശബ്ദങ്ങളൊന്നും അവിടെഉയർന്നു കേട്ടില്ല.
"അമ്മേ... അയ്യോ..."
കാറ്റിന്റെ ഗതിക്കൊപ്പം വീണ്ടും ആ ശബ്ദം ഉയർന്നു കേട്ടപ്പോൾ ആരോ തൊട്ടടുത്ത് എവിടെയോ
അപകടത്തിൽ പെട്ടതായി രാജൻ മനസ്സിലാക്കി.
'പക്ഷേ, ഈ
പെരുമഴയത്ത് ഒറ്റക്ക് രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാണ്. കൊറോണ പടർന്നു പിടിച്ച്
നിൽക്കുന്ന സമയം കൂടി ആയതിനാൽ സ്വന്തം സുരക്ഷയും ശ്രദ്ധിക്കണം. ഇന്ന്
മേലുദ്യോഗസ്ഥനിൽ നിന്നും ശകാരം കിട്ടിയതും ഇത്തരം ഒരു
നിസ്സാര പിഴവിനാണ്.'
"ആ.... അയ്യോ..."
സാമാന്യം ഉച്ചത്തിൽ വന്ന ശബ്ദം കേട്ട ദിശയിലേക്ക് രാജൻ നോക്കി. പെട്ടെന്ന് വന്ന
മിന്നൽപ്പിണരിൽ, അല്പം അകലെയായി ഒരു ആളനക്കം രാജൻ
കണ്ടു.തൻന്റെ ദേഹത്തിൽ കിടക്കുന്ന യൂണിഫോമിന്റെ മഹത്വം മറ്റൊരു മിന്നൽപ്പിണരായി
രാജൻന്റെ മനസ്സിലൂടെയും കടന്നുപോയി. അതോടെ കോരിച്ചൊരിയുന്ന മഴ വക
വയ്ക്കാതെ രാജൻ ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു.കയ്യിലുള്ള മൊബൈൽ ഫോൺ വെളിച്ചം
തെളിയിച്ച് നോക്കിയെങ്കിലും ഒന്നും കാണാൻ സാധിച്ചില്ല. വീണ്ടും തനിക്ക് വെറുതെ
തോന്നിയതാണോ എന്ന ചിന്ത രാജന്റെ മനസ്സിനെ അലട്ടി. അൽപനേരം മഴയത്ത് നിന്നിട്ടും
ശബ്ദമൊന്നും കേൾക്കാത്തതിനാൽ രാജൻ തിരിച്ച് നടന്നു.
"രക്ഷിക്കണേ ..."
മൂന്നോ നാലോ സ്റ്റെപ്പുകൾ പിന്നിട്ടതും ശബ്ദം വീണ്ടും ഉയർന്നു. ശബ്ദം കേട്ട ഭാഗത്തേക്ക്
രാജൻ തിരിഞ്ഞോടി.ആ കാഴ്ച കണ്ട് രാജൻ ഒന്ന് പകച്ചു പോയി - മുന്നിലെ ഓടയിലെ കുത്തിയൊഴുകുന്ന മഴവെള്ളത്തിൽ,
ഒലിച്ചു പോകാതിരിക്കാനായി വശങ്ങളിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന ഒരു വൃദ്ധൻ! മുഖത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിന്നും ചോര ഒലിക്കുന്നുണ്ട്. വല്ലാതെ ചുമക്കുന്നുണ്ടെങ്കിലും ശബ്ദം
പുറത്തേക്ക് വരുന്നേ ഇല്ല.
ഒരു നിമിഷം രാജൻ തരിച്ചു നിന്നു.
ഒരു ഭാഗത്ത് വൃദ്ധന്റെ ദയനീയ മുഖം തന്നെ തുറിച്ച് നോക്കുന്നു. മറുഭാഗത്ത് കോവിഡ്
എന്ന ഭീകരമുഖം തുറിച്ചു നിൽക്കുന്നത് സ്വപ്നത്തിലെന്ന പോലെ കാണുന്നു. മുന്നിൽ
പിടയുന്ന ജീവൻ രക്ഷിക്കണോ അതല്ല ആരും കാണാതെ സ്വയം
രക്ഷ നേടണോ ?
ചിന്തിച്ച് സമയം കളയാൻ
നേരമില്ലാത്തതിനാൽ രണ്ടും കൽപ്പിച്ച് രാജൻ ആ മനുഷ്യനെ വാരി എടുത്തു
തോളിലേക്കിട്ടു.നേരം ഏറെ വൈകിയതിനാൽ ഇനി വാഹനമൊന്നും കാത്ത് നിന്നിട്ട് കാര്യമില്ല
എന്ന് രാജൻ തിരിച്ചറിഞ്ഞു. കോരിച്ചൊരിയുന്ന മഴ വക വയ്ക്കാതെ അയാൾ ആ ശരീരവും കൊണ്ട്
അടുത്ത പട്ടണത്തിലേക്ക് ഓടി.ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച
ശേഷമാണ് ശ്വാസം പോലും ഒന്ന് നേരെ വിട്ടത്.വൃദ്ധനെ ഐ.സി.യുവിലാക്കി രാജൻ പുറത്ത് കാത്തിരുന്നു.
"സാർ ... ഇത് സാറിന്റെ ആരാ? " ഡ്യൂട്ടിയിലുള്ള ഡോക്ടർ പുറത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.
"എന്റെ,എന്റെ ആരും അല്ല ... ഈ പെരുമഴയത്ത് ഓടയിൽ വീണു കിടക്കുകയായിരുന്നു"
" ഓ..
അത് ശരി …പേഷ്യന്റിന് ഇപ്പോൾ ബോധം ഉണ്ട് ... ഇത് അയാൾ തന്ന
നമ്പറാ ... സാർ ഒന്ന് വിളിയ്ക്കാമോ ?"
"ഓ കെ ...തരൂ "
രാജൻ നമ്പർ വാങ്ങി ഡയൽ ചെയ്തു.
ഉത്തരം കിട്ടാത്തതിനാൽ ഒരിക്കൽകൂടി ശ്രമിച്ചു നോക്കി.അതും വിജയിച്ചില്ല.വീണ്ടും വിളിക്കാനായി നമ്പ റിലേക്ക് നോക്കിയ രാജൻ ഞെട്ടി !!
********************
"എടി പത്മേ ...
അഛൻ ഇന്ന് നേരത്തെ ഉറങ്ങിയോ ? " സ്റ്റേഷനിൽ
നിന്നും വീട്ടിൽ മടങ്ങി എത്തിയ ഇൻസ്പെക്ടർ സുധാകരൻ ഭാര്യയോട് ചോദിച്ചു.
"അത് പറയാൻ നിങ്ങളെ കുറെ
വിളിച്ച് നോക്കി... ഫോൺ എടുക്കണ്ടെ ?"
"ഇന്ന് അല്ലെങ്കിലേ ഒരു ശനി
പിടിച്ച ദിവസാ.... എന്തായിരുന്നു വിശേഷം ?"
"ഒന്നൂല്ല ... അഛൻ ശ്വാസം
മുട്ടൽ കൂടിയിട്ട് മരുന്ന് വേണംന്ന് പറഞ്ഞു .... നിങ്ങൾ വരുമ്പോ വാങ്ങാൻ വേണ്ടി
പറയാനായിരുന്നു ..."
"എന്നാ അതൊന്ന് കൃത്യമായി പറയാമായിരുന്നില്ലെടീ ..."
"നിങ്ങൾ ഫോൺ എടുക്കാതെ എങ്ങനെ പറയാനാ
മനുഷ്യാ ?"
"ഓ ... അത് ശരിയാ ...
എന്നിട്ട് അഛൻ നേരത്തെ ഉറങ്ങിയോ ..."
"ഏയ് .... മരുന്ന്
വാങ്ങാനെന്നും പറഞ്ഞ് സന്ധ്യക്ക് ഇവിടന്ന് ഇറങ്ങിയതാ.... രാത്രി വൈകിയിട്ടും
കാണാഞ്ഞിട്ട് ഞാൻ നിങ്ങളെ പിന്നെയും കുറെ വിളിച്ച് നോക്കി...."
"ങേ!! "
"ആ ഫോൺ ഒന്ന് എടുത്ത്
നോക്ക് ... പത്ത് മണിക്ക് ശേഷം എത്ര വിളി വന്നിട്ടുണ്ട് ന്ന് ...."
"പത്ത് മണിക്ക് ശേഷം ആ
കോൺസ്റ്റബിൾ രാജൻ വിളിച്ചിരുന്നു...വഴിയിൽ വീണുകിടന്ന ഏതോ ഒരലവലാതിയെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്,
കോവിഡ് സംശയവും ഉണ്ട് എന്ന് പറഞ്ഞു ... ഇന്ന് സ്റ്റേഷനിൽ വച്ച് തന്നെ അത്തരം
ഒരു കേസിന് ഞാൻ അവനൊരു വാണിംഗ് കൊടുത്തതാ ..."
"എങ്കിൽ ആ മനുഷ്യനെ ഒന്ന്
കൂടി വിളിച്ച് നോക്ക് ... വഴിയിൽ നിന്ന് വീണു കിട്ടിയ ആ അലവലാതി
നിങ്ങളുടെ അച്ഛൻ ആണോന്ന് അറിയാൻ?"
"ങേ!! "
അപകടം മണത്ത സുധാകരൻ രാജന്റെ
നമ്പറിൽ ഡയൽ ചെയ്തു.മറുഭാഗത്ത് ഫോൺ എടുക്കാത്തതിനാൽ അക്ഷമനാകുന്ന ഭർത്താവിനെ
നോക്കി പത്മജ നിന്നു.
"ഇത് തന്നെയാ എല്ലാവരുടെയും
കുഴപ്പം ...വിളിച്ചാൽ ഒന്ന് ഫോൺ എടുക്കണേ ..." കിട്ടിയ അവസരത്തിൽ അവർ
ഭർത്താവിനിട്ട് താങ്ങി .
"മിണ്ടാതിരിക്കെടീ ...ഈ
അസമയത്ത് നിന്റെ ...."
മൂന്നാല് ശ്രമങ്ങൾക്ക് ശേഷം ഫോൺ
കണക്ടായി.മറുഭാഗത്ത് നിന്ന് ഫോൺ വിളിക്ക്
ഉത്തരം നൽകുന്നതും അതനുസരിച്ച് ഭർത്താവിന്റെ മുഖഭാവങ്ങൾ മാറിമറിയുന്നതും പത്മജ
നോക്കിനിന്നു.
"എന്തായി ?" ഫോൺ വിളി കഴിഞ്ഞ് സോഫയിലേക്ക് ഇരുന്ന് പോയ
ഭർത്താവിനോട് പത്മജ ചോദിച്ചു.
"നീ വേഗം റെഡിയാക്
... രാജൻ എന്ന മനുഷ്യന്റെ സമയോചിതമായ ഇടപെടൽ നമ്മുടെ അഛന്റെ ജീവൻ രക്ഷിച്ചു...
"
*******************************
ഇൻസ്പെക്ടർ സുധാകരനും ഭാര്യയും സിറ്റി സെന്റർ ആശുപത്രിയിൽ എത്തുമ്പോൾ നേരം പാതിരാത്രി കഴിഞ്ഞിരുന്നു. ആശുപത്രിക്കട്ടിലിൽ മയങ്ങിക്കിടക്കുന്ന അഛനെയും
തൊട്ടടുത്ത സ്റ്റൂളിൽ ഇരുന്ന് കട്ടിലിലേക്ക് തല ചായ്ച്ച്
കിടക്കുന്ന രാജനെയും കണ്ട് ഇൻസ്പെക്ടർ ഒരു നിമിഷം നിന്നു. കട്ടിലിനടുത്തേക്ക് നീങ്ങി രാജനെ
മെല്ലെ ഒന്ന് തൊട്ടതും അയാൾ ചാടി എഴുന്നേറ്റു. സ്വന്തം മേലുദ്യോഗസ്ഥനെ കണ്ട രാജൻ ആ
ഉറക്കച്ചടവിലും എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്തു. ഇൻസ്പെക്ടർ, രാജന്റെ കൈ മെല്ലെ പിടിച്ച് താഴ്ത്തിയ ശേഷം അറ്റൻഷനിൽ നിന്നുകൊണ്ട് രാജനെ നോക്കി
തിരിച്ച് സല്യൂട്ട് ചെയ്തു.
"ഈ കൊറോണ കാലത്ത് സ്വന്തം ജീവൻ അപകടപ്പെടുത്തി നിങ്ങൾ ഇന്ന് ചെയ്ത ആ രണ്ട് സേവനങ്ങൾ .... ജീവിതകാലം മുഴുവൻ നിന്ന് സല്യൂട്ട് ചെയ്താലും തീരാത്ത കടപ്പാടുണ്ട് ....നന്ദിയുണ്ട്…" അഛന്റെ ചോരയും ഛർദ്ദിലും വീണ് മലിനമായ യൂണിഫോമിലുള്ള രാജനെ കെട്ടിപ്പിടിച്ചു കൊണ്ട് ഇൻസ്പെക്ടർ പറഞ്ഞപ്പോൾ രാജന്റെ കണ്ണിൽ നിന്ന് ആനന്ദാശ്രുക്കൾ പൊഴിഞ്ഞു.
5 comments:
ഒരു കോവിഡ് കാല കഥ
nannayirikkunnu
Thank you
സാറിനു ഇമ്മാതിരി കഥകൾ കൂടുതൽ ഇണങ്ങുന്നു.
Thank You Sudhi
Post a Comment
നന്ദി....വീണ്ടും വരിക