ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവരായതിനാൽ എൻറെ തലമുറ വരെയുള്ള എന്റെ കുടുംബത്തിൽപ്പെട്ട ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എല്ലാം നീന്തൽ അറിയാമായിരുന്നു.മിക്കവാറും എല്ലാവരും പുഴയിൽ പോയി കുളിച്ചതിന്റെയും അവധി ദിവസങ്ങളിൽ പുഴയിൽ ചാടി തിമർത്തതിന്റെയും അനന്തരഫലമായിരിക്കാം ഒരു പക്ഷേ, ഞങ്ങളറിയാതെ ആ നൈപുണ്യം ഞങ്ങളിൽ വന്നു ചേർന്നത്.
വേനലവധിക്കാലത്ത് ബാപ്പയുടെ നാടായ പേരാമ്പ്ര നൊച്ചാട് നിന്ന് മൂത്താപ്പയുടെ മക്കളും അമ്മായിയുടെ മക്കളും വിരുന്നു വരുന്ന സമയത്ത് അവർ ആവശ്യപ്പെടാറുള്ളതും നീന്തൽ പഠിപ്പിച്ച് തരണം എന്നാണ്.പക്ഷേ,മൂന്നോ നാലോ ദിവസം മാത്രം താമസിക്കുന്നതിനിടക്ക് പഠിക്കാൻ പറ്റുന്ന ഒരു കാര്യമല്ല നീന്തൽ എന്ന് പുഴയിലിറങ്ങുന്നതോടെ അവർക്കും മനസ്സിലാകും.ആയതിനാൽ കിട്ടുന്ന ദിവസം മൂക്കുപൊത്തിപ്പിടിച്ച് വെള്ളത്തിൽ മുങ്ങി അർമാദിക്കാനേ പിന്നെ ശ്രമിക്കാറുള്ളൂ.
എന്റെ തലമുറക്ക് ശേഷം പുഴയിൽ ബണ്ട് വന്നു. വെള്ളമൊഴുക്ക് നിലക്കുകയും പുഴയിൽ നിന്ന് മണൽ വാരിയതിന്റെ ഫലമായി വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു.പുഴയിൽ മാലിന്യങ്ങൾ തള്ളാൻ കൂടി തുടങ്ങിയതോടെ വെള്ളം മലിനമായി.കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ പോയി കുളിക്കാൻ ഞങ്ങളുടെ പഴയ തലമുറ ഇഷ്ടപ്പെട്ടില്ല.സ്വാഭാവികമായും പുതിയ തലമുറക്ക് പുഴയിൽ നിന്ന് കുളിക്കാനുള്ള അവസരം അന്യമായി.അതോടെ നീന്തൽ എന്ന കല സ്വായത്തമാക്കാനുള്ള അവസരവും നഷ്ടമായി.
വിരുന്ന് പോയിടത്ത് നിന്ന് പുഴയിൽ ഇറങ്ങി അപകടത്തിൽ പെടുന്നത്, പുതിയ നൂറ്റാണ്ടിന്റെ പിറവിയോടെ ഒരു സ്ഥിരം വാർത്തയായി മാറിക്കഴിഞ്ഞിരുന്നു.വെള്ളത്തിൽ വീണാൽ അല്പനേരമെങ്കിലും പിടിച്ചു നിൽക്കാൻ പുതിയ തലമുറക്ക് വശമില്ലാത്തതിന്റെ ഫലമായിരുന്നു ഇതിൽ പലതിനും കാരണം.നീന്തൽ പരിശീലിക്കാൻ സൗകര്യം ലഭിക്കാത്തതും അപകടങ്ങൾക്ക് ആക്കം കൂട്ടി.നീന്തൽ ഒരു പൊതുതാത്പര്യ വിഷയമല്ലാത്തതിനാൽ സൗകര്യം ഒരുക്കാൻ ആരും പ്രത്യേക താല്പര്യം കാണിച്ചതുമില്ല.
മക്കൾ വലുതായിക്കഴിഞ്ഞപ്പോഴാണ് എന്റെ ശ്രദ്ധയിൽ നിന്നും ഇക്കാര്യം വിട്ടുപോയ വിവരം ഞാൻ തിരിച്ചറിഞ്ഞത്.പതിനെട്ട് തികഞ്ഞ മൂത്ത രണ്ട് പേരും ഡ്രൈവിംഗ് പരിശീലനത്തിന് തിരിഞ്ഞപ്പോഴാണ് ചെറുത് രണ്ടെണ്ണത്തിനെ നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാമെന്ന് തോന്നിയത്. അനിയന്റെ മക്കൾ കഴിഞ്ഞ വർഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സമ്മർ ക്യാംപിൽ പരിശീലനത്തിന് പോയിരുന്നതിനാൽ ഫീസ് കൊടുത്തായാലും ഇത്തവണ പരിശീലനത്തിന് ചേർക്കണം എന്ന് ഞാൻ ഉറപ്പിച്ചു.
അങ്ങനെ ഇക്കഴിഞ്ഞ ദിവസം 2250 രൂപ (+18% GST ) വീതം ഫീസടച്ച് ഇരുപത് ദിവസത്തെ പരിശീലനത്തിന് മക്കളെ ചേർത്തി.മെയ് ആറു മുതൽ പരിശീലനം ആരംഭിച്ചു.പ്രാഥമിക പരിശീലനം കിട്ടിക്കഴിഞ്ഞാൽ ഇനി വെള്ളത്തിൽ ഇറങ്ങുമ്പോൾ അവർ നീന്താൻ ശ്രമിക്കും എന്നത് തീർച്ചയാണ്.
ഞാൻ പതിനെട്ടാം വയസ്സിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്ന് കേട്ടതെങ്കിൽ മക്കൾ എട്ടാം വയസ്സിൽ തന്നെ അതിനകത്ത് പ്രവേശിച്ചു കഴിഞ്ഞു. കാലത്തിന്റെ ചില വികൃതികൾ, അല്ലാതെന്താ?
1 comments:
കാലത്തിന്റെ ചില വികൃതികൾ
Post a Comment
നന്ദി....വീണ്ടും വരിക