Pages

Tuesday, September 17, 2024

എൻ ഊര്

കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന, വയനാട്ടിലെ ലക്കിടി കഴിഞ്ഞ ഉടനെ വൈത്തിരിക്കടുത്ത്  സുഗന്ധഗിരിക്കുന്നിലാണ് കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമായ എന്‍ ഊര് നിർമ്മിക്കപ്പെട്ടത്.ഗോത്ര പാരമ്പര്യത്തിന്റെ ഉള്ളറകളിലേക്കാണ് കേരളത്തിലെ ആദ്യത്തെ ഈ ഗോത്ര പൈതൃക ഗ്രാമാം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.കേരളത്തില്‍ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനാവും കലയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരാണ് എന്‍ ഊര് വിഭാവനം ചെയ്തത്.

25 ഏക്കറിലാണ് ഗോത്ര പൈതൃഗ്രാമം സ്ഥിതി ചെയ്യുന്നത്‌. പൂക്കോട് വെറ്റിനറി കോളേജിന്റെ കവാടത്തിലൂടെ പ്രവേശിച്ചാൽ എൻ ഊരിലേക്ക് പോകാനുള്ള ജീപ്പ് കിട്ടും. ഒഴിവു ദിവസങ്ങളിൽ ജീപ്പ് ലഭിക്കാൻ ഏറെ നേരം കാത്തിരിക്കേണ്ടി വന്നേയ്ക്കാം.ടാക്സി അടക്കം ഓൺലൈനിൽ ബുക്ക് ചെയ്തിട്ടും ഓഫ്‌ലൈൻ ടിക്കറ്റുകാരെപ്പോലെ ഞങ്ങൾക്കും കാത്തിരിക്കേണ്ടി വന്നു. നടന്നു കയറാം എന്നായിരുന്നു ഞാൻ  കരുതിയിരുന്നത്.പക്ഷെ അതത്ര എളുപ്പമല്ല എന്ന് ജീപ്പിൽ പോയതോടെ മനസ്സിലായി.മുതിർന്നവർക്ക് പ്രവേശന ഫീസ് അമ്പത് രൂപയും അപ് ആൻഡ് ഡൌൺ ടാക്സി ചാർജ്ജ് മുപ്പത് രൂപയും ആണ്.അഞ്ച്  വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് ഇത് രണ്ടും ഇരുപത് രൂപ വീതവും.

മെയിൻ ഗേറ്റ് കടന്നു കഴിഞ്ഞാൽ പിന്നെ മുകളിലേക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയാണ്.ചെളി മണ്ണ് മെഴുകിയ തിണ്ടുകള്‍ വഴിക്ക് അതിരിടുന്നു. വെയിലുള്ള സമയത്ത് ഈ വഴി താണ്ടാൻ അല്പം പ്രയാസം തന്നെയാണ്. മുകളിൽ ആദ്യം എത്തിച്ചേരുന്നത് വിശാലമായ ഒരു ഓപ്പൺ ഹാളിലേക്കാണ്. അവിടെ നിന്നും താഴോട്ട് നോക്കിയാൽ ഹരിത ഭംഗിയിൽ കുളിച്ച് നിൽക്കുന്ന സുഗന്ധഗിരിയെ കണ്ടാസ്വദിക്കാം. താഴെ മെയിൻ റോഡിൽ നിന്നും മുകളിലേക്ക് കയറി വരുന്ന കറുത്ത റോഡ് ഒരു രാജവെമ്പാല കിടക്കുന്ന പോലെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്നതും കാണാം.വെയിലിൽ നിന്നും എത്തുന്നവർക്ക് ഈ കാഴ്ചകളും മന്ദമാരുതന്റെ തലോടലും കൂടി സുഖമുള്ള ഒരനുഭവം സമ്മാനിക്കും.
ആദിവാസി കുടിലുകളുടെ  തനിപ്പകർപ്പായി, കൂൺ മുളച്ച പോലെ പുല്ലുമേഞ്ഞ കുടിലുകള്‍ ആണ് എൻ ഊരിൽ എന്നെ ഏറെ ആകർഷിച്ചത്. കുടിലുകളിൽ താമസക്കാർ ആരെങ്കിലും ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ. അത് പക്ഷെ അസ്ഥാനത്തായി. മണ്ണ് മെഴുകിയ ചുമരും ചാണകം മെഴുകിയ നിലവും തിണ്ടും എൻ്റെ ചില ഭൂതകാല കാഴ്ചകളെ ഓർമ്മപ്പെടുത്തി.
സഞ്ചാരികൾക്കായി വിവിധ കലാരൂപങ്ങൾ  ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. പനമരം സ്വദേശി ശ്രീ.പ്രഭാകരൻ നേതൃത്വം നൽകുന്ന തുടി കൊട്ട് ആണ് ഞങ്ങൾ കണ്ടത്. തുടിതാളം മുറുകുന്നതിന് അനുസരിച്ച് പണിയ സ്ത്രീകൾ വട്ടക്കളി എന്ന തനത് കലാരൂപം അവതരിപ്പിക്കും. ആകാശത്തെയും ഭൂമിയെയും വലയം ചെയ്ത് വട്ടത്തിൽ ആടുന്നതാണ് വട്ടക്കളി.
                                    
കാഴ്ചകൾ കണ്ട് തിരിച്ചിറങ്ങുമ്പോളാണ് ഒരു ചെണ്ട മേളം അടുത്തടുത്ത് വരുന്നത് ശ്രദ്ധയിൽ പെട്ടത്. മൂന്നാല് പുലികളും മേളക്കാരുടെ പിന്നിൽ അണിനിരന്നിരുന്നു. താമസിയാതെ മാവേലിയും വരവായി. ലിദുട്ടൻ മാവേലിയുടെ നേരെ ചെന്ന് കൈ പിടിച്ചു കുലുക്കി. ചിത്രങ്ങളിൽ മാത്രം കണ്ട മാവേലിയെ അങ്ങനെ അവൻ നേരിട്ടും കണ്ടു. 
തുടർ യാത്രകൾ കൂടി ഉള്ളതിനാൽ ഞങ്ങൾ എൻ ഊരി നോട് വിട പറഞ്ഞു.

1 comments:

Areekkodan | അരീക്കോടന്‍ said...

ആകാശത്തെയും ഭൂമിയെയും വലയം ചെയ്ത് വട്ടത്തിൽ ആടുന്നതാണ് വട്ടക്കളി.

Post a Comment

നന്ദി....വീണ്ടും വരിക