കാശ്മീരിലെ നാലാം ദിവസത്തിലാണ് ഞാൻ സോനാമാർഗ്ഗ് യാത്ര പ്ലാൻ ചെയ്തത്.അതിന് ഒരു കാരണം ഉണ്ടായിരുന്നു.എൻ്റെ ആദ്യ കാശ്മീർ യാത്രയിൽ മാത്രമേ ഞാൻ സോനാമാർഗ്ഗിൽ പോയിട്ടുള്ളൂ. ശ്രീനഗറിൽ നിന്ന് എൺപത് കിലോമീറ്ററോളം സഞ്ചരിച്ച് സോനാമാർഗ്ഗിൽ എത്തിയ ശേഷം മറ്റൊരു ടാക്സി വിളിച്ച് അതിദുർഘടമായ സോജിലാ പാസ് താണ്ടിയാലേ അവിടം വരെ പോകുന്നത് കൊണ്ടുള്ള ത്രില്ല് അനുഭവിക്കാൻ സാധിക്കൂ. ഞങ്ങൾ പത്ത് പേരുള്ളതിനാൽ രണ്ട് കാർ വിളിച്ച് പോകേണ്ടി വരും എന്നതിനാൽ ചെലവ് അതിഭീമമാകുകയും ചെയ്യും. കാശ്മീർ യാത്രയിൽ എന്തെങ്കിലും കാരണവശാൽ ഒരു ലൊക്കേഷൻ ഒഴിവാക്കേണ്ടി വന്നാൽ അതിനു നല്ലത് സോനാമാർഗ്ഗ് ആയതിനാലാണ് അത് ഞാൻ നാലാം ദിവസത്തിലേക്ക് പ്ലാൻ ചെയ്തത്.
സോനാമാർഗ്ഗിലേക്ക് പോകുന്ന വഴിക്കുള്ള കാഴ്ചകളും ബാൽതാൽ വരെയുള്ള സ്ഥലങ്ങളും താജിവാസ് ഗ്ലേസിയറും കണ്ട് തിരിച്ച് പോരാം എന്നായിരുന്നു എൻ്റെ മനസ്സിലെ പദ്ധതി. സോജിലാ ചുരം കടന്ന് സീറോ പോയിൻ്റിൽ എത്തിയാൽ കാണുന്ന മഞ്ഞ്, കഴിഞ്ഞ രണ്ട് ദിവസവും ഞങ്ങൾ ആസ്വദിച്ച് കഴിഞ്ഞതിനാൽ അത് തന്നെ ധാരാളമായിരുന്നു. സോനാമാർഗ്ഗ് കണ്ടില്ല എന്ന് പിന്നീട് പരിഭവം തോന്നാതിരിക്കാൻ ഒന്ന് പോവുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ രാവിലെ എട്ട് മണിക്ക് തന്നെ ഹോട്ടലിൽ നിന്ന് യാത്ര തിരിച്ചു. വഴിയിൽ വെച്ച് ബ്രേക് ഫാസ്റ്റും കഴിഞ്ഞ് പതിനൊന്നരയോടെ ഞങ്ങൾ സോനാമാർഗ്ഗിൽ എത്തി.
ആദ്യ തവണ ഞാൻ ചെന്നിറങ്ങിയ സ്ഥലവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരിടത്താണ് മുദ്ദസർ വണ്ടി പാർക്ക് ചെയ്ത് നിർത്തിയത്. വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ ഞാൻ സുഹൃത്തുക്കളെയും കൂട്ടി മുന്നോട്ട് നടക്കാൻ തുടങ്ങി. ആദ്യത്തെ അര മണിക്കൂർ നിലവിലുള്ള സ്ഥിതിഗതികൾ മനസ്സിലാക്കുക എന്നതായിരുന്നു എൻ്റെ ലക്ഷ്യം. പക്ഷേ, അപ്പോഴേക്കും ഒരു ഏജൻ്റ് എൻ്റെ മുമ്പിലെത്തി.
"സാബ്... ഗാഡി ചാഹ്ത ഹേ..." ചൂണ്ടയിട്ട് തുടങ്ങിയ അയാൾ ടാക്സി ഏജൻ്റാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ അയാളെ വക വയ്ക്കാതെ വേഗത്തിൽ നടന്നു. അയാളും എന്തൊക്കെയോ പറഞ്ഞു കൊണ്ട് എൻ്റെ പിന്നാലെ തന്നെ വന്നു.
ടാക്സിക്ക് ആറായിരത്തഞ്ഞൂറ് രൂപയാകുമെന്നും അയ്യായിരം നൽകിയാൽ മതി എന്നും അയാൾ പറഞ്ഞു. ഞാനിവിടെ മുമ്പ് വന്നതാണെന്നും അന്ന് കുട്ടികളടക്കം പതിനൊന്ന് പേർക്ക് സീറോ പോയിൻ്റിൽ പോകാൻ ആറായിരം രൂപയേ നല്കിയിട്ടുള്ളൂ എന്നും ഞാൻ പറഞ്ഞു. അന്ന് നിങ്ങൾ പോയത് ബാൽതാൽ വരെ മാത്രമായിരിക്കുമെന്ന് അയാളും തർക്കിച്ചു. അവസാനം സീറോ പോയിൻ്റിലെ മഞ്ഞിൽ ഞങ്ങൾ കളിക്കുന്നതിൻ്റെ ഫോട്ടോ കാണിച്ചപ്പോൾ അയാളൊന്ന് അയഞ്ഞു. കിട്ടിയ അവസരം ഉപയോഗിച്ചു് ഞാൻ ടാക്സിക്ക് നാലായിരം രൂപ പറഞ്ഞു. അതും ഗുംറി വരെ പോകണം (അതെവിടെയാണെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു! അയാൾ പറഞ്ഞതിൽ നിന്നും കേട്ടതായിരുന്നു!!) എന്നും നിർബന്ധം പിടിച്ചു. അയാൾ ഡ്രൈവർമാരോട് എന്തോ വിളിച്ച് പറഞ്ഞു. നിമിഷങ്ങൾക്കകം രണ്ട് വണ്ടികൾ അവിടെയെത്തി. അഞ്ച് പേർ വീതം ഓരോന്നിലും കയറി. സീറ്റ് കൂടുതൽ ഉണ്ടെങ്കിലും അഞ്ച് പേരെയേ അനുവദിക്കൂ എന്ന് ഡ്രൈവർ പറഞ്ഞു.
സോജിലാ ചുരത്തിലെ ടണലിൻ്റെ പണി കഴിഞ്ഞിട്ടുണ്ടാകും എന്നും അതിനുള്ളിലൂടെ ആയിരിക്കും കടന്ന് പോകുന്നത് എന്നുമായിരുന്നു എൻ്റെ ധാരണ. ബട്ട്, തുരങ്കത്തിൻ്റെ പണി കഴിഞ്ഞിരുന്നില്ല. അതിനാൽ സോജില പാസിൻ്റെ ഭീകരത ശരിക്കും അനുഭവിച്ച് കൊണ്ട് തന്നെ യാത്ര ചെയ്തു. ചില സ്ഥലങ്ങളിൽ ഡ്രൈവർ സൈഡ് കൊടുക്കുമ്പോൾ ഗോവിന്ദൻ സീറ്റിൽ വല്ലാതെ അള്ളിപ്പിടിക്കുന്നതും പുറത്തേക്ക് നോക്കാതിരിക്കുന്നതും ഞാൻ ശ്രദ്ധിച്ചു. ഇടയ്ക്ക് ഒരല്പനേരം ബ്ലോക്കിൽ പെട്ടപ്പോൾ സൈഡ് വിൻഡോ വഴി താഴേക്ക് നോക്കിയ പലരുടെയും ചങ്കിടിപ്പും ഞാൻ കേട്ടു.
ഗുൽമാർഗ്ഗിലും പഹൽഗാമിലും കിട്ടിയതുപോലെ സോജിലയുടെ ഉച്ചിയിലുള്ള സീറോ പോയിൻ്റിലും ഞങ്ങൾക്ക് സമൃദ്ധമായ മഞ്ഞ് വീഴ്ച്ച കിട്ടി. തലേ ദിവസം ഞങ്ങളുടെ ഹോട്ടലിൽ നിന്നും പോയവർ കാറ്റ് കാരണം സോജില കടക്കാനാവാതെ തിരിച്ചു പോരുകയായിരുന്നു. ഐ ലവ് സോജില എന്ന സെൽഫി പോയിൻ്റിൽ ഇറങ്ങി എല്ലാവരും ഫോട്ടോ പിടിച്ചു. കഴിഞ്ഞ തവണ വന്നപ്പോൾ ഈ സ്ഥലം ഞാൻ കണ്ടിരുന്നില്ല. ഇന്ത്യാ ഗേറ്റ് എന്ന പേരിൽ ഉയർന്ന് നിൽക്കുന്ന രണ്ട് പാറക്കല്ലുകൾ ഇത്തവണയും കണ്ടു. ശേഷം സീറോ പോയിൻ്റിൽ എത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ ഒരിടത്ത് എത്തിപ്പെട്ടത് പോലെയാണ് തോന്നിയത്.11649 അടി ഉയരത്തിലാണ് ഇപ്പോഴുള്ളത് എന്ന് കാണിക്കുന്ന ഒരു സൂചക ബോർഡും ഇത്തവണയാണ് ഞാൻ ആദ്യമായി കണ്ടത്.
മഞ്ഞിൽ ഉരുണ്ടും മറിഞ്ഞും ആവശ്യമുള്ളതിലധികം ഫോട്ടോകളും വീഡിയോകളും പിടിച്ച ശേഷം ഗുംറിയിലേക്ക് പോകാനായി ഞങ്ങൾ വണ്ടിക്കടുത്തെത്തി. വണ്ടി തിരിച്ചിട്ടത് കണ്ട എനിക്ക് ചെറിയൊരു സംശയം തോന്നി.
"അബ് ലൗടേ ഗ?" മടങ്ങുകയല്ലേ എന്ന ആ ചോദ്യം കേട്ട മാത്രയിൽ കാര്യം എനിക്ക് പിടികിട്ടി.
ഗുംറി വരെ പോകാമെന്ന് പറഞ്ഞ് യാത്ര തുടങ്ങി മുകളിൽ എത്തിയപ്പോൾ ഒരു വണ്ടിക്കാരൻ വാക്ക് മാറി. എന്നാൽ മറ്റേ ടാക്സിക്കാരൻ ഒന്നും മിണ്ടിയതുമില്ല.ഗുംറി വരെ പോകുമെന്ന് പറഞ്ഞത് അയാൾക്ക് അറിയാമായിരുന്നു. ഗുംറിയിലേക്ക് വരുന്നില്ലെങ്കിൽ തിരിച്ചു പോകാൻ ഞാനവനോട് പറഞ്ഞു. ഒറ്റ കാശും തരാൻ സൗകര്യമില്ല എന്നും അറിയിച്ചു.എന്ത് ധൈര്യത്തിലാണ് അത് പറഞ്ഞത് എന്നറിയില്ല. എൻ്റെ ശരീരഭാഷ പന്തിയല്ല എന്ന് കണ്ടത് കൊണ്ടാകാം കൂടുതൽ തർക്കിക്കാതെ അയാൾ ഗുംറിയിലേക്ക് തിരിച്ചു.
സീറോ പോയിൻ്റിൽ നിന്നും നോക്കിയാൽ കാണുന്ന അകലത്തിൽ രണ്ട് കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ എത്തുന്ന സ്ഥലമാണ് ഗുംറി. കാർഗിലിലേക്ക് പോകുന്നതിന് മുമ്പുള്ള സൈനിക ചെക്ക് പോസ്റ്റ് ഇവിടെയാണ്. കാർഗിൽ യുദ്ധത്തിൽ മരിച്ചവരുടെ സ്മരണക്കായി ഒരു വാർ മെമ്മോറിയൽ ഇവിടെയുണ്ട്. മഞ്ഞ് വീണ് അതിൻ്റെ ടൈൽസിട്ട തറ മുഴുവൻ വഴുതുന്നതിനാൽ ആരും അങ്ങോട്ട് പോയിരുന്നില്ല. സമീപത്തെ ജവാനോട് അനുവാദം ചോദിച്ച് ഞങ്ങൾ അകത്ത് കയറി. പക്ഷെ, ഒന്ന് നിവർന്ന് നിൽക്കുമ്പോഴേക്കും അടിതെറ്റുന്നതിനാൽ പെട്ടെന്ന് തന്നെ പുറത്തിറങ്ങി.
അല്പമകലെ ത്രിവർണ്ണ പതാകയുടെ നിറത്തിൽ ഒരു പ്ലാറ്റ്ഫോമിൽ "ഐ ആം @ സോജില" എന്ന് ഉണ്ടാക്കി വെച്ചിരുന്നു. അതിലും ഞങ്ങളെല്ലാവരും കയറി ഇറങ്ങി. എൻ്റെ കൗമാരകാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ബോഫോഴ്സ് എന്ന പീരങ്കിയും അവിടെ പ്രദർശിപ്പിച്ചിരുന്നു. കാർഗിൽ, ലേഹ് , ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്നത് ഇതിന് മുന്നിലൂടെയാണ്.
ഏകദേശം മതി എന്ന് എല്ലാവർക്കും തോന്നിയ സമയത്ത് ഞങ്ങൾ തിരിച്ചിറക്കം ആരംഭിച്ചു. താഴെ എത്തിയ ശേഷം ടാക്സിക്കാർ സംഘം ചേരുമെന്ന് ചെറിയ ഒരു പേടി എൻ്റെ ഉള്ളിൽ നിഴലിട്ടു.പക്ഷേ, ഒന്നും സംഭവിച്ചില്ല. രണ്ട് വണ്ടിക്കും കൂടി എണ്ണായിരം രൂപ കൊടുത്ത് അവരെ ഞാൻ പിരിച്ചുവിട്ടു. ഹസ്രത്ത് ബാൽ പള്ളി കൂടി ഇന്ന് കാണാനുള്ളതിനാൽ ഞങ്ങൾ പെട്ടെന്ന് തന്നെ ശ്രീനഗറിലേക്ക് യാത്ര ആരംഭിച്ചു.
(തുടരും..)



1 comments:
കാശ്മീരിൽ പുതിയ ഒരിടത്ത്....
Post a Comment
നന്ദി....വീണ്ടും വരിക