Pages

Saturday, January 20, 2007

ക്ഷമിക്കണം - എനിക്കും എയിഡ്‌സ് ആണ്‌ !!!

            Pre-Degree - ക്ക്‌ പഠിക്കുന്ന കാലം അഥവാ ഹോസ്റ്റലില്‍ എല്ലാം കടത്തിലോടുന്ന കാലം....ഷൂ , ഷര്‍ട്ട്‌ , അണ്ടര്‍വെയര്‍ , സോപ്പ്‌ , പേസ്റ്റ്‌ , ബക്കെറ്റ്‌ ...അങ്ങിനെ സകല സ്ഥാവരജംഗമവസ്തുക്കളും കടം വാങ്ങി ഉപയോഗിക്കുന്നതില്‍ ഒരു ത്രില്ല്‌ ആയിരുന്നു. പൂച്ച പി.ഡി.സി.കളുടെ അടുത്ത്‌ എല്ലാം സുലഭവും...  

            അങ്ങിനെ മുന്നോട്ട് പോകുന്ന കാലത്ത്‌ ഒരു ദിവസം പൂച്ചകളെല്ലാം ദീര്‍ഘാവധിയില്‍ നാട്ടില്‍പോയി. ഹോസ്റ്റലില്‍ ഞങ്ങള്‍ കടുവകള്‍ മാത്രമായി.ഒരുത്തന്റെ അടുത്തും സോപ്പോ എണ്ണയോ പേസ്റ്റോ ഇല്ല.ആദ്യദിനം ആരും അങ്ങോട്ടുമിങ്ങോട്ടും പറയാതെ ചില ഒപ്പിക്കല്‍ പരിപാടികള്‍ നടത്തി.രണ്ടാം ദിവസവും തദൈവ.മൂന്നാം ദിവസം മുതല്‍ പലതരം നാറ്റങ്ങള്‍ ഉയരാന്‍ തുടങ്ങി...! പേസ്റ്റില്ലാത്ത പല്ലുതേപ്പും സോപ്പില്ലാത്ത കുളിയും മുന്നോട്ട്‌ പോകാത്തതിനാല്‍ ഞാന്‍ അവ വാങ്ങാന്‍ തന്നെ തീരുമാനിച്ചു.  

            അന്ന്‌ വൈകുന്നേരം ഞാന്‍ ഒരു പിയേഴ്സ്‌ സോപ്പും ഒരു ക്ളോസപ്പ്‌ പേസ്റ്റും വാങ്ങി.പിറ്റേന്ന്‌ ആരും കാണാതെ പല്ലുതേപ്പും കുളിയും കഴിച്ചു.മറ്റു പുലികള്‍ അപ്പോഴും വായ-വായു നാറ്റങ്ങളിലൂടെ അന്തരീക്ഷ മലിനീകരണം തുടര്‍ന്നു കൊണ്ടിരുന്നു.അടുത്ത ദിവസവും ഞാന്‍ കാര്യം സാധിച്ചു.പക്ഷേ അന്നുരാത്രി ഒരു കഴുതപ്പുലി എന്റെ കയ്യില്‍ സോപ്പും പേസ്റ്റും ഉള്ള വിവരം അറിഞ്ഞു.

             അടുത്ത ദിവസത്തെ എന്റെ പിയേഴ്സ്‌ സോപ്പിന്റെയും ക്ളോസപ്പ്‌ പേസ്റ്റിന്റെയും അവസ്ഥ ആലോചിച്ചപ്പോള്‍ മനസ്സ് പിടഞ്ഞു. പെട്ടെന്ന് എന്റെ മെഡുലമണ്ണാങ്കട്ടയില്‍ ഒരു മെഴുകുതിരി കത്തി.ഉടന്‍ ഞാന്‍ ഒരു പോസ്റ്റര്‍ തയ്യാറാക്കി -

 "എനിക്ക്‌ എയിഡ്സ്‌ ആണ്‌ ...എണ്റ്റെ സോപ്പും പേസ്റ്റും ഉപയോഗിക്കരുത്‌". 

പോസ്റ്റര്‍ റൂമിന്റെ വാതിലില്‍ ഒട്ടിച്ച ശേഷം വാതില്‍ മലക്കെ തുറന്നിട്ട്‌ ധൈര്യസമേതം ഞാന്‍ ഉറങ്ങി.

         പിറ്റേന്ന്‌ എണീറ്റ ഉടനെ എന്റെ ഐഡിയയുടെ ഫലമറിയാന്‍ ഞാന്‍ സോപ്പും പേസ്റ്റും വച്ച സ്ഥലത്തേക്ക്‌ നോക്കി. 

‘ങേ!! അവ കാണാനില്ല !!!‘

         ഞാന്‍ ഉടന്‍ റൂമിന്റെ വാതിലില്‍ ഒട്ടിച്ച പോസ്റ്റര്‍ നോക്കി.എന്റെ പോസ്റ്ററിന്റെ താഴെ പുതിയൊരു പോസ്റ്റര്‍  ! അതിലിപ്രകാരം ഒരു എഴുത്തും....

 " ക്ഷമിക്കണം - എനിക്കും എയിഡ്‌സ് ആണ് ... സോപ്പും പേസ്റ്റും ഞാന്‍ എടുക്കുന്നു !!!"

Tuesday, January 16, 2007

കേരള സ്കൂള്‍ അപ്പീലുത്സവം !!

              ഔദ്യോഗിക ജീവിതത്തിന്റെ സായംസന്ധ്യയില്‍ എത്തിനില്‍ക്കുന്ന വീരാപ്പുമാഷ്‌ TV News ശ്രദ്ധിച്ചിരിക്കുകയാണ്‌.വി.എസ്‌ - പിണറായി സര്‍ക്കസിലെ അടിയില്‍ ആരുമാരും ഗോളടിക്കാതെ ഇടവേളക്ക്‌ പിരിഞ്ഞതിന്ന് പിന്നാലെ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവ വാര്‍ത്തകള്‍ വരവായി. - "ഫോണിന്‍ പരിപാടിയിലൂടെ ഞങ്ങളുടെ പ്രതിനിധി സിന്ധു നല്‍കുന്ന വിശദമായ റിപ്പോര്‍ട്ടുകള്‍...."

  " സിന്ധൂ...അവസാന പോയിന്റ്‌നില അറിയിക്കാമോ ?"

  "ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ കോഴിക്കോടും പാലക്കാടും കിരീടത്തോടടുക്കുകയാണ്‌.ഒരു കോടതിവിധി കൂടി വരാനുള്ളതിനാല്‍ അവസാന പോയിന്റ്‌നില പറയാറായിട്ടില്ല.പ്രധാനവേദിയില്‍ ഒരു മണിക്കൂര്‍ മുമ്പ്‌ സമാപിച്ച കയ്യാങ്കളി മല്‍സരത്തി...."

  " O K ...സിന്ധൂ...ഇന്ന് നടക്കുന്ന മല്‍സരങ്ങളെപ്പറ്റി ഒന്ന് പറയാമോ ?"  

"വേദി രണ്ടില്‍ രാവിലെ 8 മണിക്ക്‌ ആരംഭിക്കേണ്ട കൂടിയാട്ടം 12 മണിക്കും ആരംഭിച്ചിട്ടില്ല....ഇപ്പോള്‍ കലാകൗമാരങ്ങളുടെ കൂട്ടയോട്ടമാണ്‌ എനിക്കവിടെ കാണാന്‍ സാധിക്കുന്നത്‌.."

  'ങാ...രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല' - വീരാപ്പുമാഷ്‌ ആത്മഗതം ചെയ്തു.



"O K ...സിന്ധൂ... ഇന്ന് എടുത്തുപറയത്തക്ക മികച്ച പ്രകടനങ്ങള്‍ വല്ലതും...?"

  "തീര്‍ച്ചയായും..കലയുടെ മാരിവില്ലുകള്‍ വര്‍ണ്ണവിസ്മയമൊരുക്കിയ കലാപനഗരിയുടെ ഹൃദയത്തില്‍ , രാഗ-മേള-താള-ലയ സമന്വയത്തിന്റെ മൂന്നാംദിനത്തില്‍ , ഇശലുകള്‍ പെയ്തിറങ്ങിയ പൂനിലാവിന്‌ ശേഷം.....വിദ്യാഭ്യാസമന്ത്രിക്കെതിരെ ഒരു പ്രതിഷേധപ്രകടനം നടന്നു...!!!"

  'അത്‌ നേരെചൊവ്വെ അങ്ങ്‌ പറഞ്ഞാല്‍ പോരെടീ...' സാഹിത്യമഴ കേട്ട്‌ വീരാപ്പുമാസ്റ്റര്‍ക്ക്‌ കലികയറി.


"O K ...വേദി മൂന്നില്‍...?"

  "വേദി മൂന്നില്‍ യക്ഷിഗാനം ക്ഷമിക്കണം യക്ഷഗാനം അരങ്ങേറുന്നതായി ഒഴിഞ്ഞ കസേരകള്‍ സൂചിപ്പിക്കുന്നു.."

  "പെണ്‍കുട്ടികളുടെ ഒപ്പനയില്‍ മല്‍സരിക്കുന്ന ടീമുകളുടെ എണ്ണം അറിയിക്കാമോ ?"

  "ഒറിജിനല്‍ 14 , ഡിഡി അപ്പീല്‍ 14 , കീഴ്‌കോടതി അപ്പ്പീല്‍ 14 , മേല്‍കോടതി അപ്പ്പീല്‍ 14 ,നടുക്കോടതി അപ്പ്പീല്‍ 14 ...അങ്ങനെ ആകെ മൊത്തം 70 എണ്ണം മാത്രം !!!"

  "ഹൊ..ഇതെന്താ...യു.പി മന്ത്രിസഭയോ?" വീരാപ്പുമാസ്റ്റര്‍ ദീര്‍ഘശ്വാസം വിട്ടു.

  "പ്രസ്തുതമല്‍സരം ഏകദേശം എന്ന് തീരും ?"

  "ഇന്നത്തെ കാലാവസ്ഥ അനുസരിച്ച്‌ ഒപ്പന മല്‍സരം തീരാന്‍ ഇനിയും മൂന്ന് ദിവസം പിടിക്കും !!"

  "വെരിഗുഡ്‌..കലോല്‍സവം കഴിഞ്ഞാലും ഒപ്പന തുടരും..!" വീരാപ്പുമാസ്റ്റര്‍ കയ്യടിച്ചു.  

"ഇനി കലോല്‍സവ നഗരിയില്‍ നിന്നുള്ള ഒരു അഭിമുഖം..."



"താങ്കളുടെ പേര്‌ ?"

  "അപ്പീലുകുമാര്‍..!!"

  "താങ്കളും താങ്കളുടെ പേരും തമ്മിലുള്ള ബന്ധം ?"

  "അസംബന്ധം"

  "പ്രധാനഹോബി"

  "അപ്പീല്‍...അപ്പോഴുമെപ്പോഴുമപ്പീല്‍..."

  "കലോല്‍സവ നടത്തിപ്പിനെപ്പറ്റി എന്തെങ്കിലും ?"

  "കലോല്‍സവ നഗരിയില്‍ മൊബെയില്‍ കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നാണ്‌..."

  "ഓകെ..താങ്ക്യൂ അപ്പീലു..ഇനിയും എല്ലാവരെയും അങ്കലാപ്പിലാക്കാന്‍ അപ്പീലുവിന്‌ സാധിക്കട്ടെ...കേരള സ്കൂള്‍ അപ്പീലുത്സവനഗരിയില്‍ നിന്നുള്ള വാര്‍ത്തകള്‍ സമാപിക്കുന്നു...."

Monday, January 15, 2007

ഐന്‍സ്റ്റീനിന്റെ ബൂകുരുത്ത ( കെട്ട ) നിയമം !!!

             ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത്‌ വന്‍കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കിക്കൊണ്ട്‌ നാല്‌ ഉപഗ്രഹങ്ങളെയും വഹിച്ച്‌ PSLV-C7 ഭ്രമണപഥത്തിലെത്തി എന്ന വാര്‍ത്ത വായിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പാരലെല്‍ കോളേജില്‍ എട്ടാംക്ലാസ്സിലെ ഊര്‍ജ്ജതന്ത്രം പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണ്ണയം നടത്തിയത്‌ ഓര്‍മ്മ വന്നു.

                     അഖിലാണ്ട മണ്ടന്മാരുടെ ഏക ആശ്രയമായിരുന്നു "ബ്രയിന്‍ലെസ്സ്‌" എന്ന ആ പാരലെല്‍ കോളേജ്‌. വര്‍ഷാവസാനം വിദ്യാര്‍ത്ഥികള്‍ അനൗദ്യോഗികമായി നടത്തുന്ന "സൂപര്‍ മണ്ട" കോണ്ടസ്റ്റില്‍ (ആ വര്‍ഷത്തെ മിസ്റ്റര്‍ ആന്റ്‌ മിസ്‌ മരമണ്ടന്‍ ) ഹാട്രിക്‌ വിജയം നേടി ഇരിക്കുന്ന വടിവേലുവിന്റെ ഊര്‍ജ്ജതന്ത്രം പരീക്ഷാപേപ്പറിൽ, പതിവുപോലെ ഒന്നു മുതല്‍ ഇരുപതു വരെയുള്ള ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ കണ്ണും പൂട്ടി ക്രോസ്സടിച്ചു.ഇരുപത്തിഒന്നാം ചോദ്യം...വടിവേലു വെണ്ടക്കാ വലിപ്പത്തില്‍ നീണ്ട ഉത്തരം എഴുതിയിരിക്കുന്നു! ചോദ്യമെന്തെന്നറിയാന്‍ ഞാന്‍ ചോദ്യപേപ്പര്‍ എടുത്ത്‌ നോക്കി.

               "ഇന്ത്യന്‍ ഉപഗ്രഹ വിക്ഷേപണത്തെക്കുറിച്ച്‌ വിവരിക്കുക" സാധാരണ കുട്ടി പോലും ഉത്തരം എഴുതാത്ത ഈ ചോദ്യത്തിന്‌ വടിവേലുവിന്റെ 916 മരമണ്ടയില്‍ നിന്ന് ഇത്ര സമര്‍ഥമായി ഉത്തരം എങ്ങനെ പുറത്തുചാടി എന്നറിയാന്‍ ഞാന്‍ അത്‌ വായിച്ചു നോക്കി.അതിങ്ങനെയായിരുന്നു - " ഇന്ത്യന്‍ ഉപദ്രവ വിഷേപണം. ഇന്ത്യ കൊറേ ഉപദ്രവങ്ങള്‍ വിഷേപിച്ചിട്ടുണ്ട്‌.അവയില്‍ പലതും ഐന്‍സ്റ്റീനിന്റെ ബൂകുരുത്തം എന്ന കുരുത്തം കെട്ട നിയമം സരിയാണെന്ന് തെളിയിച്ചു. മുകളിലേക്ക്‌ വിട്ട ഒരു സാതനം ബൂമിയിലേക്ക്‌ തലകുത്തി വീയും എന്നതാണ്‌ ഐന്‍സ്റ്റീനിന്റെ ബൂകുരുത്ത നിയമം. കൂടാതെ കാലാവസ്താ മുന്നറിയിപ്പുകളും നൂറ്‌ക്ക്‌ നൂറ്‌ സതമാനം സരിയാകുന്നത്‌ ഇന്ത്യ ഉപദ്രവം വിഷേപിക്കുന്ന ദിവസങ്ങളിലാണ്‌. അന്നേ ദിവസം ഇങ്ങനെ ഒരറിയിപ്പ്‌ കേള്‍ക്കാം - ഇന്ത്യ ഉപദ്രവം വിഷേപിക്കുന്നതിനാല്‍ മല്‍സ്യബന്തന തൊയിലാളികള്‍ ഇന്ന് കടലില്‍ പോകരുത്‌.നക്ഷത്രങ്ങളെ പിടിക്കാന്‍ വിട്ട ഉപദ്രവങ്ങള്‍ കടലിലെ മീനുകളെ പിടിക്കാനും ഉപയോഗിക്കാമെന്ന പുത്തന്‍ സാമ്പത്തികവിദ്യ ലോകത്താദ്യമായി അവതരിപ്പിച്ച രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക്‌ അപിമാനിക്കാം."  

             ഇതിനെത്ര മാര്‍ക്കിടണമെന്നറിയാതെ എന്റെ മെഡുലമണ്ണാങ്കട്ട തകര്‍ന്ന് തരിപ്പണമായി.

Thursday, January 11, 2007

ഔട്ട്‌ ഓഫ്‌ സിലബസ്‌ ചോദ്യം

പരീക്ഷ കഴിഞ്ഞെത്തിയ മകനോട്‌ അഛന്‍ ചോദിച്ചു.
"പരീക്ഷ എങ്ങിനെ ഉണ്ടായിരുന്നു മോനേ?"

  "നല്ല എളുപ്പമായിരുന്നു"

  "കേള്‍ക്കട്ടെ...എന്തൊക്കെയായിരുന്നു ചോദ്യങ്ങള്‍?"



"മുഴുവനൊന്നും എനിക്കോര്‍മ്മയില്ല..."

  "ഓര്‍മ്മയുള്ളത്‌ പറയൂ..." അഛന്‍ മകനെ പ്രോല്‍സാഹിപ്പിച്ചു.  

"ങാ....കശുവണ്ടി എന്നാല്‍ എന്ത്‌?"

  "ഹായ്‌...ഈസി ചോദ്യം...മോനെന്ത്‌ ഉത്തരം എഴുതി?"



"രണ്ട്‌ കൈ കൊണ്ടും തള്ളിക്കൊണ്ടുപോകുന്ന ഒരുതരം വണ്ടിയാണ്‌ കശുവണ്ടി"

  "ങേ!!!"അഛന്റെ ഞെട്ടല്‍ കേള്‍ക്കാതെ മകന്‍ അടുത്ത ചോദ്യം പറഞ്ഞു.



"പര്യായപദം എഴുതുക - കുരങ്ങന്‍"


"ങാ....മോനെന്ത്‌ എഴുതി?"

  "ചേട്ടന്‍!"

  "ദൈവമേ!!!"അഛന്‍ അറിയാതെ വിളിച്ചു.

  "ദൈവമല്ല...അഛന്‍ ചേട്ടനെ ഒരു ദിവസം കുരങ്ങാന്ന് വിളിക്കുന്നത്‌ ഞാന്‍ കേട്ടിരുന്നു...പിന്നെ ...അടുത്ത ചോദ്യം....അഛന്‍-അമ്മ ; തമ്മിലുള്ള ബന്ധം എന്ത്‌?"

  "മിണ്ടിപ്പോകരുത്‌!" അഛന്‍ കനത്ത ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു.

‘അല്ലെങ്കിലും അത്‌ ഞാന്‍ പറയേണ്ടതില്ലല്ലോ , അത്‌ ഔട്ട്‌ ഓഫ്‌ സിലബസ്‌ ചോദ്യമല്ലേ ?' ആത്മഗതം ചെയ്തുകൊണ്ട്‌ മകന്‍ സ്ഥലം വിട്ടു.

Monday, January 08, 2007

സജ്‌ന എന്ന പെണ്‍കുട്ടി.

         പ്രീഡിഗ്രി രസതന്ത്ര ലബോറട്ടറിയിലെ എന്റെ വിഢ്ഢിത്ത പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.സ്ഥിരവും തുടര്‍ച്ചയായതുമായ റീഡിംഗ്‌ എന്റെ പരീക്ഷണങ്ങളില്‍ ഒരിക്കലും ഒത്തുവന്നില്ല.പക്ഷേ അറ്റന്റര്‍ക്ക്‌ ലാബ്‌ അടച്ച്‌ പോകേണ്ടതിനാല്‍ ഞങ്ങള്‍ തമ്മില്‍ ഒരു അഡ്‌ജസ്റ്റ്‌മെന്റിലെത്തി - മൂന്നാം ടൈട്രേഷനില്‍ കിട്ടിയാലും ഇല്ലെങ്കിലും തുടര്‍ച്ചയായ റീഡിങ്ങാക്കി എഴുതുക!!!  

             അങ്ങിനെ സസുഖം വാഴുന്ന കാലത്താണ്‌ എന്റെ തൊട്ടടുത്ത ടേബിളില്‍ ഒരു പുതുമുഖം എത്തിയത്‌.നാട്ടിക S.N കോളേജില്‍ നിന്നും , എന്റെ ശ്രദ്ധ തെറ്റിക്കാനായി തന്നെ എത്തിയ സജ്‌ന എന്ന പെണ്‍കുട്ടി. കോഴിവസന്ത പിടിച്ച കോഴിയുടെ കണ്ണ്‌ തൂങ്ങുന്നപോലെ ഒരു പ്രത്യേക താളമായിരുന്നു സജ്‌നയുടെ കണ്ണുകള്‍ക്ക്‌.

                 നാറുന്ന കെമിസ്റ്റ്രിയില്‍ ഒരു ഗന്ധവും ഇല്ലാതിരുന്ന അവളെ ലാബില്‍ സഹായിക്കേണ്ട ചുമതല സാറ്‌ ഏല്‍പിച്ചത്‌ എന്നെ!!!എന്റെ ക്ലാസ്സിലെ പലര്‍ക്കും അതില്‍ എന്നോട്‌ അസൂയ തോന്നിയിരുന്നു.പക്ഷേ ആ വിഢ്ഢികൂശ്മാണ്ഡം കാരണം ഞാന്‍ വല്ലാതെ ബുദ്ധിമുട്ടി.

                 ഒരു ദിവസം ഞാന്‍ സീരിയസ്സായി ടൈട്രേഷന്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. End Point എത്താന്‍ ഏതാനും തുള്ളികള്‍ മാത്രം മതി.പെട്ടെന്നാണ്‌ അടുത്ത ടേബിളില്‍ നിന്നും സജ്‌നയുടെ ത്രിശൂര്‍ style ചോദ്യം...
  "ആബിദ്‌..ഇത്‌ എന്തൂട്ട്‌ പണ്ടാരം...ശവി..."

  ലാബില്‍ അവളുടെ 'നോക്കല്‍ ഗാര്‍ഡിയന്‍' ആയതിനാല്‍ എന്റെ ശ്രദ്ധ പെട്ടെന്ന് അവളിലേക്ക്‌ തിരിഞ്ഞു.തുടര്‍ച്ചയായ അഞ്ചാം ടൈട്രേഷനിലും End Point കിട്ടാതെ സജ്‌നയുടെ കോണിക്കല്‍ ഫ്ലാസ്കിലെ സൊലൂഷന്‍ കടുംപിങ്ക്‌ നിറത്തില്‍ അവളെ നോക്കി ഇളിക്കുന്നു!!!.

പെട്ടെന്നുള്ള വിളിയില്‍ ബ്യൂററ്റ്‌ പൂട്ടാന്‍ മറന്നുപോയ എന്റെ കോണിക്കല്‍ ഫ്ലാസ്കിലും കടുംപിങ്ക്‌ നിറത്തില്‍ സൊലൂഷന്‍ ഇളിച്ചുകാട്ടി. സാര്‍ അടുത്തെങ്ങുമില്ല എന്നുറപ്പ്‌ വരുത്തി ഒരു ഏകദേശ End Point എഴുതി ഞാന്‍ അടുത്ത വിഢ്ഢിത്തത്തിലേക്ക്‌ അടിവച്ചു.