Saturday, February 03, 2007
വീണിതല്ലോ കിടക്കുന്നു ധരണിയില്‍.....
എതിരാളി വളരെ നിസ്സാരനെങ്കിലും ഞാന്‍ വളരെ ജാഗ്രതയോടെ തന്നെ ഇരുന്നു.എണ്റ്റെ പ്രതീക്ഷ തെറ്റിയില്ല.അല്‍പസമയത്തിനകം തന്നെ ചുണ്ടില്‍ ഒരു മൂളിപ്പാട്ടുമായി അവന്‍ വരവായി.
എന്നെ കണ്ട ഭാവം പോലും ഇല്ലാത്ത അഹങ്കാരി!!!.
അതാ അവന്‍ എന്നെ കണ്ടു എന്നു തോന്നുന്നു....ഇനി രക്ഷയില്ല.....നിമിഷങ്ങള്‍ എണ്ണപ്പെട്ടുക്കഴിഞ്ഞു....അവന്‍ എണ്റ്റെ നേരെ ചീറി അടുക്കുകയാണ്....
ഹൂ.....സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ ആഞ്ഞുവീശി.....പക്ഷേ....പതിനെട്ടടവും പയറ്റിതെളിഞ്ഞവനെപ്പോലെ അവന്‍ സമര്‍ത്ഥമായി ഒഴിഞ്ഞുമാറി.
തിരിഞ്ഞു നോക്കുമ്പോള്‍.......!!!! അവനതാ വീണ്ടും എണ്റ്റെ നേരെ ചീറി വരികയാണ്.....ഇത്തവണയും അവന്‍ രക്ഷപ്പെട്ടാല്‍ പിന്നെ എണ്റ്റെയും രണ്ട് കുട്ടികളുടെയും സ്ഥിതി... ??
രണ്ട് കയ്യും കൂട്ടി ഒറ്റ അടി."ഠേ.." അവണ്റ്റെ കരണക്കുറ്റിക്ക് തന്നെ കിട്ടി.ഒന്ന് ആര്‍ത്തുവിളിക്കാന്‍ പോലുമാവാതെ അവന്‍....വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവാ....
ആ കൊതുകും ചത്തതോടെ ഞാനും എണ്റ്റെ മക്കളും വീണ്ടും സുഖമായി ഉറങ്ങി.
Tuesday, January 30, 2007
ബൂസ്റ്റ് കഴിച്ച് , ദയവായി അല്‍പസമയം കഴിഞ്ഞ് വിളിക്കുക...
അരീക്കോടിണ്റ്റെ തൊട്ടടുത്ത സ്ഥലമാണ് തോട്ടുമുക്കം.എണ്റ്റെ കൂടെ ജോലിചെയ്തവരുടെയും ജോലി ചെയ്തുകൊണ്ടിരിക്കുന്നവരുടെയും ( ജോലി ചെയ്യാന്‍ പോകുന്നവരുടെയും !! ) അപ്പനോ അപ്പൂപ്പനോ അല്ലെങ്കില്‍ ഏതെങ്കിലും വകയില്‍ ഒരു ബന്ധു ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള നാട്.ബൂലോകത്തെ കുട്ടന്‍സിണ്റ്റെ സ്വന്തം നാട്.
ഒരു ദിവസം തോട്ടുമുക്കത്തെ ചില വീരകഥകള്‍ പറഞ്ഞുകൊണ്ടിരിക്കെ ഫോണ്‍ ബെല്ലടിച്ചു.അനിയനാണ് ഫോണ്‍ എടുത്തത്.
"ഹലോ തോട്ടുമുക്കമല്ലേ ? " ഫോണിണ്റ്റെ മറുതലക്കല്‍ നിന്നുള്ള ചോദ്യം.
"നിങ്ങള്‍ എവിടുന്നാ വിളിക്കുന്നത് ?" അനിയണ്റ്റെ മറുചോദ്യം
"ഇത് മഞ്ചേരിയില്‍ നിന്നാ..."
"ആ...ഇനി രണ്ട് പാലവും കുറച്ചു വളവുകളും കഴിഞ്ഞ് കുറച്ച് കൂടി മുന്നോട്ട് പോവാനുണ്ട്....ഇതിപ്പോള്‍ അരീക്കോടെ എത്തിയിട്ടുള്ളൂ..... !!! ഒരല്‍പം ബൂസ്റ്റ് കഴിച്ച് ദയവായി അല്‍പസമയം കഴിഞ്ഞ് വിളിക്കുക "
അനിയണ്റ്റെ മറുപടി കേട്ട് ഞങ്ങള്‍ക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല
ഒരു ദിവസം തോട്ടുമുക്കത്തെ ചില വീരകഥകള്‍ പറഞ്ഞുകൊണ്ടിരിക്കെ ഫോണ്‍ ബെല്ലടിച്ചു.അനിയനാണ് ഫോണ്‍ എടുത്തത്.
"ഹലോ തോട്ടുമുക്കമല്ലേ ? " ഫോണിണ്റ്റെ മറുതലക്കല്‍ നിന്നുള്ള ചോദ്യം.
"നിങ്ങള്‍ എവിടുന്നാ വിളിക്കുന്നത് ?" അനിയണ്റ്റെ മറുചോദ്യം
"ഇത് മഞ്ചേരിയില്‍ നിന്നാ..."
"ആ...ഇനി രണ്ട് പാലവും കുറച്ചു വളവുകളും കഴിഞ്ഞ് കുറച്ച് കൂടി മുന്നോട്ട് പോവാനുണ്ട്....ഇതിപ്പോള്‍ അരീക്കോടെ എത്തിയിട്ടുള്ളൂ..... !!! ഒരല്‍പം ബൂസ്റ്റ് കഴിച്ച് ദയവായി അല്‍പസമയം കഴിഞ്ഞ് വിളിക്കുക "
അനിയണ്റ്റെ മറുപടി കേട്ട് ഞങ്ങള്‍ക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല
Friday, January 26, 2007
കദീശുതാത്തയുടെ വെളിപ്പെടുത്തല്‍.
(പുതിയ വായനക്കാര്‍ ദയവായി ആദ്യം ഇവ വായിക്കുക )
അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: സൈനബക്കുള്ള നെല്ലിക്കകള്‍.
അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: അബുവിന്റെ മുഹബ്ബത്ത്
അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: മോലിക്കാക്കാന്റെ പുന്നാരമോള് സൈനബ
അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: സൈനബയുടെ വീട്ടില്‍
അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: സ്വപ്നലോകത്തെ സൈനബ
കദീശുതാത്തയുടെ ചുറ്റും പെണ്ണുങ്ങള്‍ കൂട്ടം കൂടി നിന്നു.ഓരോരുത്തരും പലതരം കുശുകുശുക്കലുകള്‍ നടത്തി.അവര്‍ക്കിടയില്‍ ഒന്ന് നേരെ ചൊവ്വെ ശ്വാസം പോലും വിടാനാകാതെ കദീശുതാത്ത ഞെരങ്ങി.
"സൈ....സൈന........ബാ......."കദീശുതാത്ത വീണ്ടുംവിളിച്ചു.
"ഇ...മ്മാ...ഇണ്റ്റെമ്മാ..."ഓടിക്കിതച്ച് വീട്ടില്‍കയറിയ ഉടന്‍ സൈനബ വിളിച്ചു.
"ഫ....ബലാലേ.....യൌട്യേനി ജ്ജ്...ഇമ്മ ബടെ മജ്ജത്താകാന്‍ കടക്കുമ്പം അണ്റ്റൊര് സിങ്കാരം..." ദ്വേഷ്യം കൊണ്ട് ഉയിര്‍ത്തെണീറ്റ കദീശുതാത്ത സൈനബയുടെ നേരെ ചീറി.സംഭവമെന്തെന്നറിയാതെ സൈനബ ഞെട്ടി.
അപ്പോഴേക്കും അങ്ങാടിയില്‍ പോയിരുന്ന മോലികാക്കയും തിരിച്ചെത്തി.
"എത്താ ബടെ ഒര് ലോക ബനിതാ സമ്മേളനം ? " സ്ത്രീകളെ എല്ലാവരെയും കൂടി കണ്ടപ്പോള്‍ മോലികാക്ക ചോദിച്ചു.മോലികാക്കയുടെ ശബ്ദം കേട്ട സ്ത്രീകള്‍ സൈഡിലേക്ക് മാറി.അപ്പോഴാണ് നിലത്തിരിക്കുന്ന കദീശുതാത്തയെ മോലികാക്ക കണ്ടത്.
"ങേ...എത്താ അങ്ക്ക് പറ്റ്യേ... ?"
കദീശുതാത്ത ഒന്നും പറയാതെ സൈനബയുടെ നേരെ ഒന്ന് തുറിച്ചു നോക്കി....കാര്യമെന്തെന്നറിയാതെ സൈനബ ഉമ്മയെയും നോക്കി.
"എത്താ...ഉമ്മിം മോളും കൂടി അങ്ങട്ടുമിങ്ങട്ടും നോക്കി ഞമ്മളെ കോയി ആക്ക്ണ്.. ?"
"ങളെ പുന്നാര മോളോടെന്നെ ചോയ്ച്ചോക്കി..." കദീശുതാത്ത സൈനബയെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
"ഞാം ബട്ക്കേകണ്ടത്ത്‌ല് ആട്നെ മേച്ചെയ്നി....അപ്പംണ്ട് ഇമ്മ കെട്ടിമര്‍ഞ്ഞ് ബീണ്‌ന്നും പറഞ്ഞി മറ്യാത്ത മണ്ടി ബര്‌ണ്...ബേറെത്തും ഇച്ചറീല.... "
"അ..അ...ആ...ഇത് നല്ല കത....ഞമ്മള് പീട്യേക്കും സൈനു കണ്ടത്ത്ക്കും പോയ നേരം നോക്ക്യന്നെ കദീശോ ഇജ്ജ് ബീണ് ....ബീണത് എത്ത്നാന്ന് ബീണ അന്‍ക്കും പുടില്ല....പോയ ഇന്‍ക്കും പുടില്ല....സൈനൂനും പുടില്ല....ബല്ല ഒട്യേനോ ...ജിന്നോ ബന്നോ.. ?"
"ബന്ന്...ബന്ന്...ഒട്യേനും ജിന്നൊന്നല്ല.....അര്‍മാന്‍ മോല്യാര്‍...." മറ്യാത്ത പെട്ടെന്ന് വിളിച്ച് പറഞ്ഞു.
"അര്‍മാന്‍ മോല്യാരോ...എത്തെയ്നും ബിസേസം..?" സൈനബക്ക് സംശയമായി.
"ആ...അണ്റ്റെ കിസ്സ പറ്യാന്‍ തന്നെ....ജ്ജ് കണ്ടത്ത്‌ല് ആട്നെ മേച്ച്ണ മാതിരി ഓത്തള്ളീല് ഒര് പോത്ത്നെ മേച്ച്ണ്ട്ന്ന് മോല്യാര് പറഞ്ഞപ്പം ണ്റ്റെ ഖല്‍ബ്..." കദീശുതാത്ത വിവരിക്കാന്‍ തുടങ്ങി.
"ങേ...ഓത്തള്ളീല് പോത്ത്നെ മേച്ചെ...?"മോലികാക്കാക്കും മനസ്സിലായില്ല.
"ആ...അതെന്നെ....ഓള് ഓത്തള്ളീല് പോണത് ഓത്തട്ച്ചാനല്ല.....ഏതോ ഒര് പോത്ത്ണ്റ്റപ്പം സിങ്കരിക്കാനാ...." കദീശുതാത്ത കാര്യം വെട്ടിത്തുറന്ന് പറഞ്ഞു.
"ങേ....കെട്ടിച്ച് ബ്ട്ണ ബരേങ്കിലും ഓത്ത് പട്ച്ചോട്ടേന്ന് ബിചാരിച്ച് ബ്ട്ടപ്പം..." മോലികാക്കാക്കും കലികയറി.ബാപ്പയുടെയും ഉമ്മയുടെയും ദ്വേഷ്യത്തിണ്റ്റെ പൊരുളറിയാതെ സൈനബ കൂസലില്ലാതെ ഇരുന്നു.
"കണ്ട്‌ലേ.......കുന്തം മുണ്‍ങ്ങ്യമാതിരി കുത്തര്‍ക്ക്ണ്...." സൈനബയെ നോക്കിക്കൊണ്ട് കദീശുതാത്ത പറഞ്ഞു.
"ബടെ ബാടീ....അണ്റ്റെ ഓത്തള്ളീലെ സിങ്കാരം ഇന്ന് ഞാന് നിര്‍ത്തിതര...നടക്കെടി അപ്പര്‍ത്ത്ക്ക്.." മോലികാക്ക ആജ്ഞാപിച്ചു.
അനുസരണയുള്ള ആട്ടിന്‍കുട്ടിയെപ്പോലെ, കാര്യമൊന്നുമറിയാതെ സൈനബ അപ്പുറത്തെ റൂമിലേക്ക് നടന്നു.പിന്നാലെ ഒന്നാംതരമൊരു ചൂരലുമായി മോലികാക്കയും പുറപ്പെട്ടു.
Thursday, January 25, 2007
യഥാര്‍ത്ഥ കാടന്‍ ചിന്തകള്‍
ബാലനായിരുന്ന കാലത്ത് ആരോ ഒരു ഐസ് വാങ്ങിത്തന്നു.ഐസില്‍ നിന്നും ഇറ്റിറ്റ് വീഴുന്ന വര്‍ണ്ണത്തുള്ളികളില്‍ നോക്കി ആനന്ദിച്ചു. അവസാനതുള്ളിയും ഇറ്റിവീണ് ഐസ് അപ്രത്യക്ഷമായപ്പോള്‍ സങ്കടം തോന്നി.
കോളേജില്‍ പോകുന്ന കാലത്ത് , രാത്രി മെഴുകുതിരി വെളിച്ചത്തില്‍ വായിച്ചിരിക്കുമ്പോള്‍ ഇയ്യലുകള്‍ ആത്മഹത്യ ചെയ്യുന്നത് നിര്‍വ്വികാരനായി നോക്കി ഇരുന്നു.ഉരുകിയൊലിച്ചിറങ്ങുന്ന മെഴുക് തീര്‍ക്കുന്ന രൂപങ്ങളില്‍ കണ്ണും നട്ടിരുന്നു.മേശയില്‍ പറ്റിയിരിക്കുന്ന മെഴുകിണ്റ്റെ അവസാന കണികയും ഉരുകിത്തീര്‍ന്ന് തിരിയണഞ്ഞപ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം ഉടലെടുത്തു.
ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് , മുടി ചീകിയപ്പോള്‍ ഞെട്ടിക്കുന്ന ആ സത്യം പുറത്തായി.തലയില്‍ നിന്നും വിട പറയുന്ന ഓരോ മുടിയും , എന്തിനീ ഫലഭൂയിഷ്ടമായ മണ്ണുള്ളിടം വിട്ട്, പൊടി നിറഞ്ഞ തറയില്‍ വീണ് ജീവിതം അവസാനിപ്പിക്കുന്നത് എന്നാലോചിച്ച് നോക്കി.ഇനി ഒരിക്കലും അവ എണ്റ്റെ തലയിലേക്ക് തിരിച്ചുവരില്ല എന്ന സത്യം എന്നെ വേദനിപ്പിച്ചു.
പുതുവര്‍ഷം പിറന്നപ്പോള്‍ പഴയ കലണ്ടര്‍ ചുരുട്ടിക്കൂട്ടി എവിടെയോ എറിഞ്ഞു.ശേഷം എല്ലാവര്‍ക്കും സന്തോഷപ്രദമായ പുതുവത്സരങ്ങളും നേര്‍ന്നു.കുടിച്ചും കൂത്താടിയും പലരും പുതുവര്‍ഷം ആഘോഷിച്ചു. എന്തിന് ? മരണത്തിലേക്ക് ഒരു ചുവട് കൂടി അടുത്തതിനോ ? ആയുസ്സില്‍ നിന്നും ഒരധ്യായം കൂടി കൊഴിഞ്ഞ് പോയതിനോ ? അതല്ല , ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത അവസരങ്ങള്‍ നഷ്ടപ്പെട്ടതിനോ ?
അപ്രത്യക്ഷമായ ഐസിനെയോര്‍ത്ത് സങ്കടപ്പെട്ട , ഉരുകിത്തീര്‍ന്ന മെഴുകുതിരി നൊമ്പരപ്പെടുത്തിയ , കൊഴിഞ്ഞുപോയ മുടികള്‍ വേദനപ്പെടുത്തിയ എണ്റ്റെ മനസ്സ്.......അതിലെ ചിന്തകള്‍ കാടുകയറുന്നു......... നിങ്ങളുടെ ചിന്തകളോ ?
Sunday, January 21, 2007
സ്വപ്നലോകത്തെ സൈനബ
പഞ്ചാരമാവിന്‍ കൊമ്പില്‍ അന്നും ആ മഞ്ഞക്കിളികള്‍ കൊക്കോട്‌കൊക്കുരുമ്മി ഇരുന്നു.സൈനബ കൗതുകത്തോടെ അവയെത്തന്നെ നോക്കിയിരുന്നു.സൈനബയുടെ ആടുകള്‍ അവക്ക് കിട്ടിയതെല്ലാം വയറ്റിലാക്കി.
മഞ്ഞക്കിളികളുടെ കാട്ടിക്കൂട്ടലുകള്‍ സൈനബയുടെ ഇളംമനസ്സില്‍ ചെറിയ ഓളങ്ങള്‍ സൃഷ്ടിച്ചു.'അവയെപ്പോലെ ഒരു ദിവസം തനിക്കും......നല്ല ഒന്നാംതരം അത്തറ് മണക്കുന്ന...ഇസ്തിരിയിട്ട് നിവര്‍ത്തിയ വെള്ളക്കുപ്പായമിട്ട....നീളന്‍ കാല്‍സറായി ഇട്ട....മുല്ലത്തൊപ്പിവച്ച ...ഒരു മണവാളന്‍..!!' മണവാളന്‍ മുഖത്ത് നോക്കി ചിരിക്കുന്നത് ആലോചിച്ചപ്പോള്‍ സൈനബക്ക് നാണം തോന്നി.
'മണവാളന്‍ ദുബായ്ക്കാരനാവണം..നല്ല മൊഞ്ചുള്ളവന്‍...പുത്തന്‍പുരക്കലെ കുഞ്ഞീബിയുടെ പുത്യാപ്ല ദുബായ്ക്കാരനാണ്...എന്തൊരു മൊഞ്ചാ കാണാന്‍...മുഖത്ത് ഒരു കറുത്ത കണ്ണടയും കയ്യില്‍ തിളങ്ങുന്ന സ്വര്‍ണ്ണവാച്ചും കാലില്‍ മിനുങ്ങുന്ന തോല്‍ചെരുപ്പും....ആകെക്കൂടി ഒരു ഹോജാരാജകുമാരന്‍...പിന്നെ കുഞ്ഞീബി...ഒരു കൊട്ട പൊന്നല്ലേ ഓളെ മേലാകെ...കാത്‌ല് മുയിവന്‍ എളകിയാട്‌ണ എലച്ചുറ്റേള്....കൗത്ത്‌ല് കരിമണിമാലിം സ്റ്റാര്‍ മാലിം..അരേല് സ്വര്‍ണ്ണരഞ്ഞാണം....കാല്‌ല് പൊന്നിന്‍ കൊലുസ്സ്...തലേല് മിനുക്കസാവളിതട്ടം....പട്ട്ന്റെ കുപ്പായം...ഒക്കെ കിട്ടിയത് ഓളെ പുത്യാപ്ല ദുബായ്ക്കാരനായത് കൊണ്ടാ...ഇച്ചും ഒര് ദുബായ്ക്കാരന്‍ തന്നെ മതി....'സൈനബയുടെ സ്വപ്നങ്ങളില്‍ ദുബായ് മണവാളന്‍ നിറഞ്ഞ്‌നിന്നു.
കുഞ്ഞീബിയുടെ പുത്യാപ്ല ദുബായില്‍ നിന്ന് വന്നപ്പോള്‍ കൊണ്ടുവന്ന സാധനങ്ങളുടെ പേരുകള്‍ ഉമ്മു പറഞ്ഞത് സൈനബ ഓര്‍ത്തു....'ഞെക്ക്യാ കത്ത്‌ണ ബള്‍ക്ക്...പാട്ട് പാട്‌ണ പെട്ടി....അമര്‍ത്ത്യാ ചീറ്റ്‌ണ ശെന്റ്....കണ്ണ്‍ചിമ്മിത്തൊര്‍ക്‌ക്‍ണ പാവക്കുട്ടി...പുള്ളിക്കൊട....ഈറോപ്പെന്ന്...തസ്ബിമാല...ഡിസ്കോതട്ടം... അങ്ങനെ അങ്ങനെ ...'
' എന്തൊര് പത്രാസാ കുഞ്ഞീബിക്കിപ്പം....പണ്ട് പപ്പടം ബിറ്റ് നട്‌ന്നാ ഓളെ ഇമ്മ ഓളിം അന്‌സത്തിനിം ബളര്‍ത്ത്യേത്ന്ന് ഇമ്മ പറഞ്ഞ് കേട്ട്ക്‌ക്‍ണ്.ഓളെ ബാപ്പ സൊക്കേടായി കടന്ന് കടന്ന് അങ്ങട്ട് മൗത്തായി...ഇപ്പം ഓളെക്കണ്ടാല് അങ്ങന്ത്തൊര് ഇമ്മന്റിം ബാപ്പന്റിം മോളാന്ന് ആരാ പറ്യേ....? ഓളെ പുത്യാപ്ല ദുബായ്ക്കാരനായ്ട്ടല്ലേ...ഇച്ചും മാണം ഒര് ദുബായ്‌പുത്യാപ്ല'
'കുഞ്ഞീബിന്റെ പെരന്റെ മാതിരി ഒര് പര്‌ത്തപെരണ്ടാക്കണം....അയിന്റെ മുറ്റത്തൊര് ബെള്‍ത്തകാറ്...കാറ്‌ന്റുള്ള്‌ല് "യാസീന്‍ " സൂറത്ത് തൂക്കണം...കുഞ്ഞീബിന്റെമാതിരി തന്നെ കൊറെ കുട്ട്യോളും മാണം...അപ്പം...അപ്പം കാറ് മത്യാവൂല....ഒര് ബസ്...ന്നട്ട് ഞങ്ങള്‌ങ്ങനെ...'
"സൈനൂ...സൈനൂൂൂ..." മറ്യാത്തയുടെ വിളികേട്ട് സൈനബ സ്വപ്നത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നു.
"ആ...എത്താ...."
"ജ്ജ് ബ്‌ടെ എത്ത്‌ട്‌ക്കാ....എപ്പം ബിള്‍ച്ച്‌ണ്‌ണ്ടന്നെ...അന്റെമ്മ തലേംചുറ്റി ബീണ്...ലാക്കട്ടറെട്‌ത്ത്ക്ക് കൊണ്ടോവാന്‍ നിക്‌ക്‍ണ്‌ണ്ട്...." മറ്യാത്ത ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു.
"ന്റമ്മേ....മ്മേ...." നിലവിളിച്ചുകൊണ്ട് സൈനബ വീട്ടിലേക്കോടി...പിന്നാലെ മറ്യാത്തയും....അതിന് പിന്നാലെ സൈനബയുടെ ആടുകളും...
( തുടരും..)
