Pages

Tuesday, August 07, 2007

ജനകീയ ബഹളം

ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഈവനിംഗ്‌വോക്കിന്‌ ഇറങ്ങിയതായിരുന്നു ഞാന്‍.സംശയം വേണ്ട...ജനകീയാസൂത്രണത്തിന്റെ ഭാഗമായി തന്നെ!!! ആരോഗ്യദൃഢഗാത്രപൗരന്‍ എന്നൊരു പുത്തന്‍സാധനത്തെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഗുണഭോക്താവ്‌ എന്ന നിലക്ക്‌ അമ്പത്‌ രൂപയുടെ മുദ്രക്കടലാസില്‍ ഒപ്പിട്ടപ്പോള്‍ അതിലെ അവസാനത്തെ നിബന്ധന ആയിരുന്നു ദിവസേന ഒരു ഈവനിംഗ്‌വോക്ക്‌.ഈ ഈവനിംഗ്‌വോക്കിലാണ്‌ ജനകീയം എന്ന ജനകീയ പദത്തെ കൂടുതല്‍ അടുത്തറിയാന്‍ എനിക്ക്‌ സാധിച്ചത്‌. ഞാന്‍ നടക്കുന്നത്‌ റോഡിലൂടെയാണ്‌..വെറും റോഡല്ല...ജനകീയ റോഡ്‌....വെട്ടുകുഴികളോ മാവേലിക്കുഴികളോ സ്വിമ്മിംഗ്‌ പൂളുകളോ വാഴ - ചേന കൃഷികളോ ഇല്ലാത്ത സുന്ദരമായ റോഡ്‌ അല്ല ഈ ജനകീയ റോഡ്‌...ഒരു റോഡിന്റെ മേല്‍ പറഞ്ഞ എല്ലാ സൗന്ദര്യഗുണങ്ങളും മേന്മകളും ഉള്ള ഒരു റോഡ്‌....പേര്‌ ജനകീയ റോഡ്‌ എന്നായി മാത്രം. റോഡില്‍ കയറിയാല്‍ ആദ്യം കാണുന്നത്‌ തന്നെ ഒരു ചായക്കട....വെറും ചായക്കടയല്ല...ചായക്കോപ്പയിലെ കൊടുങ്കാറ്റുകള്‍ ധാരാളം ആഞ്ഞുവീശിയ ഒരു ജനകീയ ചായക്കട....നാളത്തെ രാഷ്ട്രീയക്കോമാളിയുടെ അരങ്ങേറ്റവേദി.ഞാന്‍ അതുവഴി കടാന്നുപോകുമ്പോള്‍ എന്നും അവിടെ പൊരിഞ്ഞ ചര്‍ച്ചയാണ്‌...ജനകീയ ചര്‍ച്ച...വിഷയം ജനകീയാസൂത്രണം തന്നെ...അതിനിടയില്‍കൂടി കടയുടമ കോയാമുവിന്റെ ( ഇപ്പോള്‍ ജനകീയ കോയാമു ) നീട്ടിയുള്ള വിളി..." മാഷേ...ഒരു ജനകീയ ചായ കുടിച്ച്‌ ജനകീയനായി പോ..." അപ്പോഴേക്കും ഞാന്‍ അടുത്ത ജനകീയന്റെ മുമ്പിലെത്തി...ആളും ആരവവുമില്ലാത്ത ഈ ജനകീയന്‍ മറ്റാരുമല്ല.എല്ലാ ജനകീയപാര്‍ട്ടികളുടെയും പോസ്റ്ററുകളും തോരണങ്ങളും കൊടികളും വഹിക്കാന്‍ വിധിക്കപ്പെട്ട ബസ്റ്റോപ്പ്‌...മേല്‍ക്കൂര ഇല്ലാത്തതിനാല്‍ ജനങ്ങള്‍ ആരും തിരിഞ്ഞ്‌ നോക്കാത്തതിനാലാവും കണ്ണേറ്‌ പറ്റാതിരിക്കാന്‍ സുന്ദരമായ പേര്‌ കുമ്പളങ്ങാ വലിപ്പത്തില്‍ - ജനകീയ ബസ്റ്റോപ്പ്‌. ജനകീയ ബസ്റ്റോപ്പിന്‌ തൊട്ടടുത്ത്‌ തന്നെയാണ്‌ അബുക്കയുടെ ബാര്‍ബര്‍ ഷോപ്പ്‌.ഇത്രയും കാലം ഊരോ പേരോ ഇല്ലാതിരുന്ന അബുക്കക്കും അടുത്തിടെ ഒരു ബിസിനസ്‌ മാന്ദ്യം....തലമാന്ദ്യവും താടിമാന്ദ്യവും.ഈ നാട്ടില്‍ എല്ലാവര്‍ക്കും കഷണ്ടി കയറിയോ എന്ന് വരെ സംശയിച്ചു.അപ്പോഴാണ്‌ അബുക്കയുടെ സുന്ദരകഷണ്ടിക്കുള്ളില്‍ പുതിയൊരാശയം ഉടലെടുത്തത്‌.കടക്ക്‌ സുന്ദരമായ ഒരു പേര്‌ - ജനകീയ ബാര്‍ബര്‍ ഷോപ്പ്‌ . മുടിയും താടിയും മൊത്തമായും ചില്ലറയായും കുറഞ്ഞ പരിക്കില്‍ കൂടുതല്‍ ലാഭത്തില്‍ കശാപ്പു ചെയ്തു കൊടുക്കുന്നു....ജനകീയ ബാര്‍ബര്‍ ഷോപ്പ്‌!!! ഞാന്‍ വീണ്ടും നടന്നു....ബസ്‌സ്റ്റാന്റില്‍ അതാ കിടക്കുന്നു ഓരോ നാട്ടിലേക്കും ജനകീയങ്ങള്‍.....ജനകീയ ബസ്‌. ജനങ്ങളെക്കാളും ജനകീയങ്ങളെക്കാളും അധികം കന്നുകാലീയങ്ങള്‍ ആയതിനാലാവും ബസ്‌സ്റ്റാന്റിന്‌ ജനകീയസ്റ്റാന്റ്‌ എന്ന പേര്‌ നല്‍കാഞ്ഞത്‌ എന്ന ചിന്തയിലേക്ക്‌ വീഴുമ്പോഴാന്‌ ബസ്‌സ്റ്റാന്റില്‍ നിന്നും ചില അപശബ്ദങ്ങള്‍ ഉയരുന്നത്‌ കേട്ടത്‌...രണ്ട്‌ ജനകീയങ്ങള്‍ തമ്മില്‍ തന്നെയാണ്‌ പ്രശ്നം...പരസ്പരം ചില ജനകീയ അണ്‍പാര്‍ലിമെന്ററി പദപ്രയോഗവും. ജനകീയത്തിന്റെ വ്യാപ്തി നേരിട്ടറിഞ്ഞ എന്റെ മെഡുലമണ്ണാങ്കട്ടയിലൂടെ ഒരു മിന്നല്‍ പിണര്‍ കടന്നുപോയി.അതും ഒരു ജനകീയ മണ്ണാങ്കട്ടയായിപ്പോയോ എന്ന ഒരു ജനകീയ സംശയവും ബാക്കിയായി.

Saturday, August 04, 2007

നമ്പൂരി കേട്ട മാപ്പിളപ്പാട്ട്‌

കലാസ്വാദകനയ രാമന്‍ നമ്പൂരി ഒരിക്കല്‍ മാപ്പിളപ്പാട്ട്‌ കേള്‍ക്കാന്‍ പോയി.മഹാകവി മോയിങ്കുട്ടി വ്യൈദ്യരുടെ പ്രസിദ്ധമായ 'സംകൃതപമഗിരി' ആയിരുന്നു ആദ്യത്തെ പാട്ട്‌.പാട്ട്‌ ആരംഭിച്ചു."സംകൃതപമഗിരി തങ്കത്തുങ്ങ റ്റരികിട ധിംകിട തരികിട..." പരിപാടി കഴിഞ്ഞപ്പോള്‍ നമ്പൂരിയോട്‌ ആരോ ചോദിച്ചു."എങ്ങനെയുണ്ടായിരുന്നു തിരുമേനീ പരിപാടി ?" "ശ്ശി ഇഷ്ടായി...പക്ഷേ ആദ്യത്തെ പാട്ടിന്‌ താളമിടാന്‍ തബലക്കാരന്‍ എത്തീല്ലാന്ന് തോന്ന്‌ണു.." "അതെന്താ അങ്ങിനെ തോന്നാന്‍...?" "...തബലയില്‍ വായിക്കുന്ന 'ധിംകിട തരികിട' എല്ലാം ഗായകന്‍ സ്വന്തം വായ കൊണ്ട്‌ പറയുന്നത്‌ കേട്ടു !!"

അര്‍മാന്‍ മോല്യാരുടെ സ്വപ്നം

പൂക്കോയയുടെ അടുത്ത ജ്യേഷ്ഠനെ അന്വേഷിക്കാന്‍ നില്‍ക്കാതെ അര്‍മാന്‍ മോല്യാര്‍ കിട്ടിയ വണ്ടിയില്‍ നാട്ടിലേക്ക്‌ മടങ്ങി.യാത്രയിലുടനീളം അബുവിന്റെ മൂത്താപ്പയുടെ പെരുമാറ്റം മോല്യാരുടെ മനസ്സിനെ മഥിച്ചു. 'സ്ത്രീധനോം അറ്യേം ....ഫൂ...അതില്ലെങ്കി കല്ല്യാണം അല്ലാന്നോ...ഫൂ..കോയയേയും കൂടി കണ്ടിരുന്നെങ്കില്‍??...ആ..അയാളും ഇങ്ങനെ ആണെങ്കി കണ്ടിട്ട്‌ ബല്ല്യ കാര്യൊന്നും ല്ല..' മോല്യാര്‍ ആത്മഗതം ചെയ്തു.പിറ്റേന്ന് സുബഹിയോടെ മോല്യാര്‍ നാട്ടില്‍ തിരിച്ചെത്തി. പതിവുപോലെ അര്‍മാന്‍ മോല്യാര്‍ രാവിലെത്തന്നെ ഓത്തുപള്ളിയിലെത്തി.ഓരോ ക്ലാസ്സിലും പോയി അവരവര്‍ക്കുള്ള ജോലികള്‍ കൊടുത്ത്‌ അര്‍മാന്‍ മോല്യാര്‍ ഏഴാം ക്ലാസ്സില്‍ പോയി ഇരുന്നു . "ബിസ്മില്ലാഹി റഹ്മാനി റഹീം.." അര്‍മാന്‍ മോല്യാര്‍ ഓത്ത്‌ ആരംഭിച്ചു. "ബിസ്മില്ലാഹി റഹ്മാനി റഹീം.." കുട്ടികള്‍ അതേറ്റ്‌ ചൊല്ലി. "അംദുലില്ലാഹി റബ്ബില്‍ ആലമീന്‍...." "അംദുലില്ലാഹി റബ്ബില്‍ ആലമീന്‍...." "അറഹ്മാനി ......പ്ധിം." ഉറക്കം തൂങ്ങിയ അര്‍മാന്‍ മോല്യാര്‍ മറിഞ്ഞ്‌ വീണു. കണ്ടു നിന്ന കുട്ടികള്‍ ആര്‍ത്തുചിരിച്ചു. "ഇന്റെ മോത്ത്ക്കാ നോക്കി ഇരിക്ക്‌ണ...കിതാബ്‌ക്ക്‌ നോക്ക്യടാ ഹമ്‌ക്ക്‌കളെ..."വീഴ്ചയുടെ നോവും ജാള്യതയും മറക്കാന്‍ വേണ്ടി മോല്യാര്‍ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞു. "അറഹ്മാനി റഹീം..." "അറഹ്മാനി റഹീം..." "മാലികി യൗമി.....ങുര്‍....ങുര്‍.." അര്‍മാന്‍ മോല്യാര്‍ വീണ്ടും കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. മേശയില്‍ തലയും വച്ച്‌ അര്‍മാന്‍ മോല്യാര്‍ സുഖമായുറങ്ങി.തലേ ദിവസത്തെ യാത്രാക്ഷീണവും കാളവണ്ടിയിലെ കുത്തിക്കുലുങ്ങിയുള്ള യാത്രയും കാരണമുള്ള ഉറക്കനഷ്ടവും അര്‍മാന്‍ മോല്യാരെ പെട്ടെന്ന് സുഖനിദ്രയിലേക്ക്‌ നയിച്ചു.ഉറക്കത്തില്‍ അര്‍മാന്‍ മോല്യാര്‍ സ്വപ്നം കാണാനും തുടങ്ങി. 'അബുവിന്റെ കല്ല്യാണ ദിവസം.നേരത്തെ തന്നെ കുളിച്ചൊരുങ്ങി അത്തറും പൂശി മോല്യാര്‍ പുറപ്പെട്ടു. പൂക്കോയ മരിക്കുമ്പം ഈ ചെക്കന്റെ കല്ല്യാണത്തിന്‌ കൂടാന്‍ ഞമ്മക്ക്‌ ആയുസ്സ്‌ണ്ടാവും ന്ന് ബിചാരിച്ചതല്ല...അംദുലില്ലാഹ്‌....ആ കല്ല്യാണം നടത്തിക്കൊട്‌ക്കാന്‌ള്ള തൗഫീക്കും റബ്ബുല്‍ ആലമീനായ തമ്പുരാന്‍ ഞമ്മള്‍ക്ക്‌ തന്ന്...' ചിന്തയില്‍ മുഴുകിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ കല്ല്യാണവീട്ടിലെത്തി. തൂവെള്ള ഷര്‍ട്ടും വെള്ളത്തുണിയും ഇന്നാട്ട്‌ലെങ്ങും കാണാത്ത ത്ലങ്ങുന്ന കറുത്തൊരു ചെരുപ്പുമിട്ട്‌ ആഗതരെ സ്വീകരിക്കാനായി പന്തലിന്റെ മുമ്പില്‍തന്നെ അബു ചിരിച്ച്‌ നില്‍ക്കുന്നു.അര്‍മാന്‍ മോല്യാര്‍ കയറിച്ചെന്ന് സലാം പറഞ്ഞു.സലാം മടക്കി അബു അര്‍മാന്‍ മോല്യാരെ കസേരയിലിരുത്തി. മോല്യാരുടെ തൊട്ടടുത്ത കസേരയില്‍ തന്നെ അബുവും ഇരുന്നു.അപ്പോഴേക്കും മഞ്ഞ നിറത്തിലുള്ള ഒരു ഗ്ലാസ്സ്‌ വെള്ളം ആരോ അര്‍മാന്‍ മോല്യാര്‍ക്ക്‌ നല്‍കി.മോല്യാര്‍ ബിസ്മി ചൊല്ലി വെള്ളം കുടിച്ചു. അര്‍മാന്‍ മോല്യാര്‍ അടുത്തിരിക്കുന്നവരെ നോക്കി.ആ....അബുവിന്റെ മൂത്താപ്പയാണല്ലോ ആ ഇരിക്കുന്നത്‌....എന്ത്‌ കല്ല്യാണം എന്ന് ചോദിച്ച മൂത്താപ്പ..!! തൊട്ടപ്പുറത്ത്‌ ഇരിക്കുന്നത്‌ മൊകം അങ്ങട്ട്‌ മന്‌സ്സ്‌ലാവ്‌ണ്‌ല്ല.. '"ങേ!!..പൂക്കോയ...മരിച്ചുപോയ പൂക്കോയ!!!" ആര്‍ത്തുവിളിച്ചുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.കുട്ടികള്‍ വീണ്ടും ആര്‍ത്തുചിരിച്ചു.പൊട്ടിച്ചിരിക്കുന്ന കുട്ടികളെ കണ്ട്‌ അര്‍മാന്‍ മോല്യാര്‍ക്ക്‌ കലി കയറി. "ഫൂ....പോയിനെടാ ബഡ്‌ക്കൂസുകളേ....കള്ള ഹിമാറ്‌കള്‍ ന്റെ നെയ്ചോറും മൊടക്കി.." കുട്ടികള്‍ കിതാബുകളുമെടുത്ത്‌ പുറത്തേക്കോടി.

Monday, July 30, 2007

പല്ലി തന്ന സന്തോഷം

ആ കാഴ്ച കണ്ട്‌ ഞാന്‍ ധര്‍മ്മസങ്കടത്തിലായി.ഒരു ചിലന്തിയും ഒരു കുഞ്ഞ്‌ പൂമ്പാറ്റയും.ചിലന്തി തന്റെ വലയുടെ അറ്റത്ത്‌ നല്ലൊരു സദ്യക്ക്‌ വട്ടം കൂട്ടുന്നു. പൂമ്പാറ്റ വലയുടെ മധ്യത്തില്‍ കുടുങ്ങി വാവിട്ടു കരയുന്നു.ഒരു നിമിഷം ഞാന്‍ ആലോചിച്ചു. പൂമ്പാറ്റ അതിന്റെ ജീവന്‌ വേണ്ടി പിടയുന്നു..ചിലന്തിയോ?ചിലന്തി തന്റെ ജീവന്‍ നിലനിര്‍ത്താന്‍ പൂമ്പാറ്റയെ ഭക്ഷിക്കാന്‍ ഒരുങ്ങുന്നു.പൂമ്പാറ്റയെ രക്ഷിച്ചാല്‍ ഞാന്‍ ചിലന്തിയുടെ ഭക്ഷണം തട്ടിപ്പറിക്കുന്നതിന്ന് തുല്ല്യമായി.അതുവഴി ചിലന്തിയുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം....രക്ഷിച്ചില്ലെങ്കില്‍ പൂമ്പാറ്റയുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം.....ചിന്തകള്‍ എന്നെ വീണ്ടും ധര്‍മ്മസങ്കടത്തിലാക്കി. ഞാന്‍ നോക്കി നില്‍ക്കെ ചിലന്തി വലയിലൂടെ ഊര്‍ന്നിറങ്ങി പൂമ്പാറ്റയെ ഇറുക്കി.പൂമ്പാറ്റ ജീവന്‌ വേണ്ടി പിടഞ്ഞു.ചിലന്തി പൂമ്പാറ്റയെ ഇറുക്കിപ്പിടിച്ചുകൊണ്ട്‌ വലയിലൂടെ ചുമരിലെത്തി.പൂമ്പാറ്റയുടെ പിടയല്‍ അവസാനിച്ച അതേ നിമിഷം എങ്ങു നിന്നോ ഓടിവന്ന ഒരു പല്ലി ചിലന്തിയെ വായ്ക്കകത്താക്കി എവിടെക്കോ ഓടി മറഞ്ഞു.അതോടെ എന്റെ സങ്കടവും എങ്ങോ മറഞ്ഞു.

കുട്ടി മുഹമ്മദ്‌ കുട്ടി എന്ന കുട്ടി.

ഇപ്പോള്‍ താമസിക്കുന്ന ഉപ്പയുടെ വീടിനോളം സുഖസൗകര്യങ്ങളും കുട്ടികളായ കളിക്കൂട്ടുകാരും ഇല്ലാത്തതിനാല്‍ സനമോള്‍ക്ക്‌ ഉമ്മയുടെ വീട്ടിലേക്ക്‌ പോകാന്‍ എപ്പോഴും മടിയായിരുന്നു.വല്ലപ്പോഴും വീട്ടിലേക്ക്‌ പോകുന്ന ദിവസം , മുഴുവന്‍ മക്കളെയും മാതാപിതാക്കളെ കാണിക്കേണ്ട ബാധ്യതയുള്ളതിനാല്‍ അന്നും സനമോളുടെ ഉമ്മ അവളെ വിളിച്ചു. " ഏയ്‌...ഞാനില്ല" സനമോള്‍ പറഞ്ഞു. "എന്താ സനാ...അവിടെ നിനക്ക്‌ കുറവുള്ളത്‌ ? ഇവിടെയുള്ള പോലെ T V അവിടെയുണ്ട്‌....ഫ്രിഡ്ജും ഉണ്ട്‌..." "ന്നാലും ഞാനില്ല..." "കോഴിയും താറാവും ഉണ്ട്‌....ഇവിടെത്തെപോലെ രണ്ട്‌ കുട്ടികളും ഉണ്ട്‌..." ഉമ്മ തുടര്‍ന്നു. "ങേ..!! കുട്ടികളോ..?? ഏത്‌ കുട്ടികള്‍??" സനമോല്‍ക്ക്‌ പെട്ടെന്ന് ആകാക്ഷ കയറി. "നിന്റെ വല്ല്യുപ്പ കുട്ടി മുഹമ്മദ്‌ കുട്ടി!!" ഉമ്മയുടെ മറുപടി കേട്ട്‌ സനമോള്‍ തരിച്ചിരുന്നു