Pages

Thursday, August 23, 2007

ജീവിതദൗത്യങ്ങള്

‍കൂരിരുട്ടില്‍ ഉഴലുന്ന ലോകത്തിന്‌ ഒരിത്തിരി വെട്ടവുമായി സ്വയം ഉരുകിയൊലിച്ചു തീരുന്ന മെഴുകുതിരി...... കത്തുന്ന സൂര്യന്റെ ചൂടില്‍ നിന്നും വഴിയാത്രക്കാരന്‌ ഇത്തിരി തണലേകാന്‍ സൂര്യാതപം ശിരസ്സാവഹിക്കുന്ന തണല്‍മരങ്ങള്‍... വിശപ്പിന്റെ വിളിക്ക്‌ ഉത്തരം നല്‍കി ജീവജാലങ്ങള്‍ക്ക്‌ പഴവര്‍ഗ്ഗങ്ങള്‍ നല്‍കാന്‍ വെയിലും മഴയും കാറ്റും തണുപ്പും സഹിച്ച്‌ നില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍.... മെഴുകുതിരി ഊതിക്കെടുത്താന്‍ , തണല്‍മരങ്ങള്‍ വെട്ടിമുറിക്കാന്‍, ഫലവൃക്ഷങ്ങള്‍ക്ക്‌ കല്ലെറിയാന്‍ ഞാനും നിങ്ങളുമടങ്ങുന്ന മനുഷ്യമൃഗങ്ങളും......

Wednesday, August 22, 2007

അബുവിന്റെ കന്നിപ്രകടനം

വണ്ടിക്കാരന്‍ സൈതാലിക്ക സലാം പറഞ്ഞിറങ്ങിയപ്പോള്‍ അബുവിന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി.'അറ്യാത്ത നാട്‌....അറ്യാത്ത ആള്‍ക്കാര്‌...അറ്യാത്ത പണി...പെരേന്ന്‌* എറങ്ങി പൊറപ്പെടാന്‍ കൊയപ്പം* ഇല്ലെയ്നി....ബയീല്‌* ആപ്പാന്റെ ഒപ്പം നിന്നാലും മത്യെയ്നി....ഔട്ന്നും ബ്ട്ട്‌...ഒട്ക്കം അര്‍മാന്‍ മോല്യാര്‍ പറഞ്ഞെ കേട്ടപ്പം.......അപ്പം തന്നെ മോല്യാരൊപ്പം കൂട്യാലും മത്യെയ്നി....ആര്‍ക്കും മാണ്ട്യാണോ ഞാന്‍ നാട്‌ ബ്ട്ടത്‌ ഓളെ തന്നെ കെട്ടിച്ച്‌ തരാന്‍ മോല്യാര്‌ നടക്ക്ണ സിതിക്ക്‌* ഇച്ച്‌ കല്ലായിന്റെ അട്ത്ത സോപ്പ്‌ലെറങ്ങി* നാട്ട്ക്കെന്നെ ബ്ട്ട മത്യെയ്നി....പാവം ഇമ്മ....ഇന്നലെ ഒറങ്ങീക്ക്ണോ ആവോ ?' ആലോചിച്ചപ്പോള്‍ അബുവിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ പൊടിഞ്ഞു. "അബോ.." കോയാക്കയുടെ വിളി കേട്ട്‌ അബു ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. "എത്താ..." "നീ എന്താ ആലോചിക്കുന്നത്‌?" "എത്തുംല്ല" "നിന്റെ കാര്യങ്ങളൊക്കെ സൈതാലി എന്നോട്‌ പറഞ്ഞിട്ടുണ്ട്‌...സൈതാലിം ഞാനും തമ്മില്‌ പല എടവാടുകളും ഉള്ളതോണ്ടാ ഓന്‍ പറഞ്ഞപ്പം ഞാന്‍ നിന്നെ ഇവിടെ നിര്‍ത്ത്യെത്‌...അല്ലെങ്കി നാടും വീടും വിട്ട്‌ വരുന്ന അലവലാതി കേസുകള്‍ക്കൊന്നും ഞാന്‍ നിന്ന്‌ കൊട്ക്കല്ല്ള" "ഉം" അബു മൂളി കേട്ടു. "നീ ഒര്‌ യത്തീമും കൂട്യാന്ന്‌ അര്‍ഞ്ഞപ്പം , ഇന്റെ ഖല്‍ബ്‌ പെടഞ്ഞു..." "ഉം" "അബോ...ദാ...ആ പാത്രോം ഗ്ലാസ്സോംക്കെ ബട്ക്കണീക്ക്‌* കൊണ്ടെ വച്ച്‌ കൊട്‌....ആയ്ശോ...ആയ്ശൂ...ഇതൊക്കെന്ന്‌ വൃത്ത്യാക്ക്യാ..."അബു മേശയിലെ പാത്രങ്ങളും ഗ്ലാസ്സും അടുക്കി.രണ്ടും കൂടി ഒരുമിച്ച്‌ കൊണ്ടുപോകാന്‍ പരിശീലനം ഇല്ലാത്തതിനാല്‍ ഓരോന്നായി അടുക്കളയില്‍ എത്തിച്ചു. അല്‍പ സമയത്തിനകം കോയാക്കയുടെ പെണ്ണുമ്പിള്ള ആയ്ശുമ്മാത്ത ഒരു ശീലക്കഷ്ണവും വേസ്റ്റ്‌ തട്ടാനുള്ള പാത്രവുമായി എത്തി. "ഇതേതാ പുതിയൊര്‌ ചെക്കന്‍ ?" അബുവിനെ കണ്ട ആയ്ശുമ്മാത്ത ചോദിച്ചു. "ആ..ഇവന്റെ പേര്‌ അബു...ഞമ്മളെ സൈതാലി കൊണ്ടന്നതാ...." "ആ...നന്നായി....പക്ഷേങ്കില്‌ ഞമ്മളെ പഴേ ചെക്കന്‍ ബാബൂന്റെ മാതിരി...." "ഏയ്‌...സൈതാലി ഗ്യാരണ്ടി തന്നതാ..." "ഉം..." 'നല്ലെ ശേല്‍ള്ളൊര്‌ ചെക്കന്‍....ഏതോ ഒര്‌ നല്ല കുടുംബത്ത്ന്ന്ള്ളതാ...ആ...കാത്തിര്‍ന്ന്‌ കാണാം...'മേശ തുടക്കുന്നതിന്നിടയില്‍ ആയ്ശുമ്മാത്ത അബുവിനെ നോക്കി മനസ്സില്‍ മന്ത്രിച്ചു. "അബോ അന്റെ പണി ...ഈ മക്കാനീല്‌ വരുന്നോര്‍ക്ക്‌ ആവശ്യംള്ള ഭക്ഷണം കൊട്ക്കാ...പിന്നെ......പാത്രോം ഗ്ലാസ്സോംക്കെ ബട്ക്കണീക്കെത്തിക്കാ....മേശ വൃത്ത്യാക്ക....പിന്നെ ഞമ്മള്‍ ഇല്ലെങ്കി , കാശ്‌ വാങ്ങലും അന്റെ പണ്യാ...." "ഉം" "കോയാക്കാ....അസ്സലമലൈക്കും..." രണ്ട്‌ പേര്‍ വന്ന്‌ കോയാക്കയോട്‌ സലാം പറഞ്ഞു. "വലൈകുമുസ്സലാം....കുത്തിരിക്ക്‌*....." "ആരാത്‌....പുതിയ അപ്രന്റീസ്‌,കോയാക്കാ...." ആഗതര്‍ അബുവിനെ കണ്ട്‌ ചോദിച്ചു. "ആ പുത്യേ അപ്പോയിന്റ്മെന്റാ....അബോ ഓല്‍ക്ക്‌* എന്താ വേണ്ട്യേന്ന്‌ നോക്ക്‌...." അബു ആഗതരുടെ മേശക്ക്‌ അടുത്ത്‌ ചെന്ന്‌ നിന്നു. "എന്താ കഴിക്കാനുള്ളത്‌...?" ആഗതര്‍ ചോദിച്ചു.അബു ഒന്ന്‌ ഞെട്ടി. 'മക്കാനീല്‌ കഴിക്കാനുള്ളതെന്തൊക്ക്യാന്ന്‌ ഇത്ബെരെ കോയാക്ക പറഞ്ഞ്‌ തെന്ന്ട്ട്ല്ല....ഞാനായിട്ട്‌ നോക്കീട്ടും ല്ല...' അബു ആലോചിച്ചു.അപ്പോഴാണ്‌ അവന്‍ കഴിച്ച ഭക്ഷണത്തെപ്പറ്റിയും രാവിലെത്തെ കോയാക്കയുടെ സംസാരവും ഓര്‍മ്മ വന്നത്‌.....ഉടന്‍ അബു പറഞ്ഞു. "നല്ല ആവി പറക്ക്ണ ബോട്ടിം പൂളേം ണ്ട്‌.....രണ്ട്‌ പ്ലേറ്റ്‌ എട്ക്കട്ടെ..." "ആഹാ.....എന്നാ രണ്ട്‌ പ്ലേറ്റ്‌ ഇങ്ങ്‌ പോരട്ടെ....കോയാക്കാ പുത്യേ അപ്പ്രന്റീസ്‌ ആള്‌ കൊള്ളാലോ..." അബുവിനെ ശ്രദ്ധിച്ചുനിന്ന കോയാക്കാക്കും അബുവിന്റെ ആദ്യപ്രകടനം ഇഷ്ടപ്പെട്ടു.രണ്ട്‌ പ്ലേറ്റ്‌ വീതം ബോട്ടിയും പൂളയും വെള്ളവും മേശപ്പുറത്തെത്തിച്ച്‌ അബു അടുത്ത ആള്‍ക്കാര്‍ക്കായി കാത്ത്‌ നിന്നു. (തുടരും ) *********************************************** പെരേന്ന്‌ = വീട്ടില്‍ നിന്ന്‌ കൊയപ്പം = കുഴപ്പം ബയീല്‌ = വഴിയില് ‍സിതി = സ്ഥിതി സോപ്പ്‌ലെറങ്ങി = സ്റ്റോപ്പ്‌ലിറങ്ങി ബട്ക്കണ്‍ = അടുക്കള കുത്തിരിക്ക്‌ = ഇരിക്കൂ ഓല്‍ക്ക്‌ = അവര്‍ക്ക്‌

Monday, August 20, 2007

തട്ടിപ്പിന്റെ ബാങ്ക്ലൂര്‍ മോഡല്‍.

ഡിഗ്രി കഴിഞ്ഞ്‌ ദിവാസ്വപ്നങ്ങള്‍ കണ്ട്‌ വായും നോക്കി നടക്കുന്ന സമയം.....ഏതോ ഒരു പരീക്ഷക്ക്‌ ചുമ്മാ ഒരപേക്ഷ അയച്ചു.കുറേ ദിവസങ്ങള്‍ക്ക്‌ ശേഷം എനിക്ക്‌ ഒരു ഹാള്‍ടിക്കറ്റ്‌ വന്നു. അക്കാലത്ത്‌ പല പരീക്ഷക്കും അപേക്ഷിച്ചിരുന്നതിനാല്‍ ഹാള്‍ടിക്കറ്റ്‌ വരുന്നത്‌ ഒരു പുതുമ ഇല്ലാത്ത കാര്യമായിരുന്നു.ആയതിനാല്‍ ഈ ഹാള്‍ടിക്കറ്റും പരീക്ഷഡേറ്റ്‌ നോക്കിയ ശേഷം എന്റെ എഴുതാപരീക്ഷാഹാള്‍ടിക്കറ്റ്‌ ബോക്സില്‍ നിക്ഷേപിച്ചു. ദിവസങ്ങള്‍ കടന്നുപോയി.ഏതോ ഒരു ഉള്‍വിളിയില്‍ പരീക്ഷക്ക്‌ രണ്ട്‌ ദിവസം മുമ്പ്‌ ഞാന്‍ ഹാള്‍ടിക്കറ്റ്‌ എടുത്ത്‌ നോക്കി. "ങേ!!പരീക്ഷാകേന്ദ്രം......ഏതോ ഒരു കോളേജ്‌, ബാങ്ക്ലൂര്‍!!!" ഞാന്‍ ഞെട്ടി.ഡിഗ്രി പഠനകാലത്ത്‌ കൂറ കപ്പലില്‍ പോയപോലെ ബാങ്ക്ലൂരില്‍ ടൂര്‍ പോയി എന്നല്ലാതെ ബാങ്ക്ലൂരും ഞാനും തമ്മില്‍ പിന്നീട്‌ യാതൊരു ബന്ധവും ഇല്ലായിരുന്നു.എങ്കിലും ബാങ്ക്ലൂരില്‍ പോയി ടെസ്റ്റ്‌ എഴുതാന്‍ തന്നെ മുടിഞ്ഞ ഒരു തീരുമാനം എടുത്തു. ബാങ്ക്ലൂരും കടന്ന് ബോംബെ (ഇപ്പോള്‍ മുംബൈ)വരെ എത്താനുള്ള കാശും ഉപ്പയുടെ അടുത്ത്‌ നിന്ന് അടിച്ചെടുത്തു. പരീക്ഷയുടെ തലേ ദിവസം രാത്രി നാട്ടിലൂടെയുള്ള ഒരു സര്‍ക്കാര്‍ ശകടത്തില്‍ ഞാന്‍ ബാങ്ക്ലൂരിലേക്ക്‌ കയറി.ഏതോ ഒരു നിര്‍ഭാഗ്യ മുഹൂര്‍ത്തത്തില്‍ ഞാന്‍ എന്റെ സഹസീറ്റുകാരനെ പരിചയപ്പെട്ടു.പട്ടാളത്തിലാണ്‌ ജോലി എന്നദ്ദേഹം എന്നോട്‌ പറഞ്ഞു.ധാരാളം അന്താരാഷ്ട്രവാര്‍ത്തകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്ത്‌ കുളമാക്കി.ഒടുവില്‍ അദ്ദേഹത്തിന്റെ വിലാസം ഞാന്‍ ചോദിച്ചു.(അന്ന് കത്തെഴുത്ത്‌ എന്റെ ജ്വരമായിരുന്നു.) പക്ഷേ പഠിച്ച കള്ളന്‍ ഇത്തരം ചിലന്തിവലയില്‍ കുടുങ്ങില്ലല്ലോ..?അദ്ദേഹം സ്നേഹപൂര്‍വ്വം എന്തോ കാരണം പറഞ്ഞ്‌ ഒഴിഞ്ഞുമാറി. അപരിചിതമായ നഗരത്തില്‍ പുലര്‍ച്ചെ നാല്‌ മണിക്ക്‌ ഞാന്‍ ബസ്സിറങ്ങി.അപ്പോഴും എന്റെ സഹയാത്രികന്‍ സഹായത്തിനെത്തി. "ഇതാണ്‌ മെജസ്റ്റിക്‌....ഇവിടെ നിന്നും അഞ്ചര മുതലേ ബസ്‌ സര്‍വീസ്‌ ആരംഭിക്കൂ....ഒരു കാര്യം ചെയ്യാം...നമുക്ക്‌ കുറച്ച്‌ നടക്കാം നിനക്ക്‌ നാടും കാണാം...പരീക്ഷാകേന്ദ്രവും ഞാന്‍ കാണിച്ചുതരാം.....ഒരു കാലിച്ചായയും അടിക്കാം...." സഹയാത്രികന്റെ നിര്‍ദ്ദേശം എനിക്കിഷ്ടപ്പെട്ടു. ഞങ്ങള്‍ നടത്തം തുടങ്ങി."ഇതാണ്‌ ......(ഏതോ ഒരു) പാര്‍ക്ക്‌.വൈകുന്നേരം ആറുമണിക്കല്ലേ തിരിച്ചുപോക്ക്‌...പരീക്ഷ കഴിഞ്ഞാല്‍ ഇവിടെ വന്നിരുന്ന് സമയം കളയാം.." അദ്ദേഹം പറഞ്ഞു."പിന്നെയ്‌....ശ്രദ്ധിക്കണം....ഇവിടെ ചില പോലീസുകാരുണ്ട്‌...വെറുതെ കൈ നീട്ടും...അഞ്ചു രൂപ കിട്ടിയാല്‍ തന്നെ വളരെ സന്തോഷമാണ്‌....പക്ഷേ കൊടുക്കരുത്‌...പറ്റിപ്പാണ്‌..." അദ്ദേഹം തുടര്‍ന്നു.നടത്തത്തിടയില്‍ ഞങ്ങള്‍ പല നാട്ടുകാര്യങ്ങളും കൂടി കൊളമാക്കി. "ഇതാണ്‌ വിധാന്‍ സൗധം - നിയമസഭാമന്ദിരം" വലതുഭാഗത്തെ നല്ലൊരു കെട്ടിടം കാണിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. "ഇതാ...ഇതാണ്‌ ------- കോളേജ്‌.നിന്റെ പരീക്ഷാകേന്ദ്രം.പരീക്ഷ കഴിഞ്ഞ്‌ ഇതേ റോഡിന്‌ തന്നെ തിരിച്ചു പോകാം" കോളേജും വഴിയും എല്ലാം എനിക്ക്‌ കാണിച്ചുതന്ന അയാളെ ഞാന്‍ മനസ്സില്‍ സ്തുതിച്ചു. "ദാ....അവിടെ ഒരു ചായക്കട....നമുക്കവിടന്ന് ഒരു കാലി അടിക്കാം...." "ശരി...ശരി.." ഞാന്‍ തലയാട്ടി.ആവിപറക്കുന്ന ചുടുചായ കുടിക്കുന്നതിനിടയില്‍ ഞാന്‍ എന്റെ സഹയാത്രികന്റെ സ്നേഹവായ്പിനെ മനസ്സില്‍ വാനോളം പുകഴ്ത്തി.ചായയുടെ കാശ്‌ കൊടുത്തുകൊണ്ട്‌ എന്റെ നന്ദി ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു. "ഇനി നമുക്ക്‌ തിരിച്ച്‌ നടക്കാം..." "ശരി.." ഞാന്‍ സമ്മതം മൂളി. "ഞാന്‍ പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ...ആര്‌ കൈ നീട്ടിയാലും കാശ്‌ കൊടുക്കരുത്‌..."അദ്ദേഹം പിന്നെയും എന്നെ ഓര്‍മ്മിപ്പിച്ചു. "ങാ...ഓര്‍മ്മയുണ്ട്‌" ഞാന്‍ തലകുലുക്കി. "അയ്യോ...!!" കീശതപ്പിക്കൊണ്ട്‌ പെട്ടെന്ന് അദ്ദേഹം പറഞ്ഞു. "എന്താ....എന്തുപറ്റി?" ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു. "അത്‌...." എന്തോ പരതുന്നപോലെ അദ്ദേഹം പറയാന്‍ മടിച്ചു. "എന്തുപറ്റി?" ഞാന്‍ വീണ്ടും ചോദിച്ചു. "പോകുന്ന വഴിക്ക്‌ എനിക്ക്‌ ഹോസ്പിറ്റലില്‍ ഒരു സുഹൃത്തിനെ കാണാനുണ്ട്‌....എന്റെ കയ്യില്‍ കാശ്‌ കുറവാ.....ആബിദ്‌ ഒരു അമ്പത്‌ രൂപ താ...വൈകിട്ട്‌ ആറുമണിയുടെ ബസ്സിനല്ലേ പോകൂ....അഞ്ചരക്ക്‌ ഞാന്‍ മെജസ്റ്റിക്കില്‍ വരാം....." അദ്ദേഹം പറഞ്ഞു. ആ 'മാന്യദേഹത്തിന്‌' ഞാന്‍ അമ്പത്‌ രൂപ എടുത്തുകൊടുത്തു. "താങ്ക്സ്‌....ഞാന്‍ പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ..സീ യൂ.." അദ്ദേഹം എന്നോട്‌ യാത്ര പറഞ്ഞു.അയാള്‍ നടന്നകലുന്നതും നോക്കി ഞാന്‍ നിന്നു. 'എത്ര നല്ല മനുഷ്യന്‍.....വൈകിട്ട്‌ ഇനി എന്നെ യാത്രയാക്കാനും വരും....എന്ത്‌ നല്ല സ്വഭാവം...' ഞാന്‍ മനസ്സില്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ്‌ അവിടെയുമിവിടെയും കറങ്ങിത്തിരിഞ്ഞ്‌ അഞ്ചര മണിയോടെ ഞാന്‍ മെജസ്റ്റിക്കില്‍ തിരിച്ചെത്തി.എനിക്ക്‌ പോകാനുള്ള ബസ്‌ അതാ കിടക്കുന്നു.ഞാന്‍ എന്റെ സുഹൃത്തിനെ പ്രതീക്ഷയോടെ അവിടെ തിരഞ്ഞു.അദ്ദേഹത്തെ കാണാത്തതിനാല്‍ ഞാന്‍ ബസ്സില്‍കയറിയിരുന്ന് പുറത്തേക്ക്‌ തന്നെ നോക്കി ഇരുന്നു. 'പാവം....ഒരു പക്ഷേ എന്നെ അന്വേഷിച്ച്‌ നടക്കുകയാവും' മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌ എല്ലാവരും എന്നെ കാണുംവിധത്തില്‍ ബസ്സിന്റെ ഷട്ടര്‍ പൊക്കി ബസ്‌ ഷെല്‍ട്ടറിലേക്ക്‌ കണ്ണും നട്ട്‌ ഞാന്‍ ഇരുന്നു. സമയം ഇഴഞ്ഞ്‌ നീങ്ങി...അവസാനം ആറ്‌ മണിയായി...എന്നിട്ടും എന്റെ സുഹൃത്തിനെ കണ്ടില്ല...ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു....ഞാനെന്റെ സുഹൃത്തിന്‌ വേണ്ടി ഒന്നുകൂടി മെജസ്റ്റിക്കിലാകെ കണ്ണോടിച്ചു.....ബസ്‌ മെജസ്റ്റിക്‌ വിടുകയായി....എന്റെ സുഹൃത്ത്‌..?എന്റെ അമ്പത്‌ രൂപ..??പെട്ടെന്നാണ്‌ രാവിലെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നിക്കോര്‍മ്മ വന്നത്‌.... "ഇവിടെ ചില പോലീസുകാരുണ്ട്‌...വെറുതെ കൈ നീട്ടും..........പറ്റിപ്പാണ്‌..." "അയ്യോ....എന്റെ അമ്പത്‌ രൂപ ആ വിരുതന്‍ അമുക്കി.." ബസ്‌ മെജസ്റ്റിക്‌ വിടുമ്പോഴാണ്‌ ആ ദു:ഖസത്യം ഞാന്‍ തിരിച്ചറിഞ്ഞത്‌.

Friday, August 17, 2007

മലയാളത്തിന്റെ മാഞ്ഞാളം

അന്നും പതിവുപോലെ സൂര്യന്‍ കിഴക്കുദിച്ചു.ക്ലോസപ്പിന്റെ നുരയുന്ന പത വായിലും , പരിശുദ്ധമെന്ന്‌ ലേബലുള്ള എണ്ണ കഷണ്ടിത്തലയിലും ഇരുപത്തി ഏഴോ മറ്റോ തവണ കുളിപ്പിക്കുന്ന സോപ്പിന്റെ പത ശരീരത്തിലും തേക്കുന്ന എല്ലാ പ്രഭാത കുറ്റകൃത്യങ്ങളും അന്നും ലംബോധരന്‍ മാഷ്‌ തെറ്റിച്ചില്ല.നവോന്മേഷത്തോടെ സ്കൂളിലേക്ക്‌ അടിവക്കുമ്പോളാണ്‌ മാസ്റ്ററുടെ അയല്‍വാസിയായ ഞാന്‍ അങ്ങാടിയിലേക്കിറങ്ങിയത്‌. "good Morning" ഞാന്‍ മാസ്റ്ററെ അഭിവാദ്യം ചെയ്തു. "ങാ....സുപ്രഭാതം " പതിവ്‌ തെറ്റിയ പ്രത്യഭിവാദ്യം എന്റെ ശ്രദ്ധയില്‍ പെട്ടില്ല. "മാഷേ.....സ്കൂളൊക്കെ എങ്ങനെ പോകുന്നു ? റിട്ടയര്‍മന്റ്‌ ലൈഫൊക്കെ പ്ലാന്‍ ചെയ്തോ ?" കുശലാന്വേഷണത്തിനായി എന്റെ വായില്‍ നിന്നും വന്ന ചോദ്യം പ്രായത്തെ കുറിച്ചോര്‍മ്മിപ്പിക്കുന്നത്‌ കൂടിയായി. "ങാ....പള്ളിക്കൂടം കുഴപ്പമില്ലാതെ മുന്നോട്ട്‌ പോകുന്നു.സേവനാനന്തരകാല പരിപാടികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല....തനിക്ക്‌ വല്ല അഡ്‌...സോ.......അല്ല...അല്ല....ഉപദേശനിര്‍ദ്ദേശങ്ങള്‍ തരാനുണ്ടോ ?" ജാള്യതയോടെ എന്തൊക്കെയോ മറച്ചുവച്ച്കൊണ്ട്‌ മാസ്റ്റര്‍ പറഞ്ഞു. "നോ...നോ....ഹൗ കാന്‍ ഐ അഡ്വൈസ്‌ എ സീനിയര്‍ പേഴ്സണ്‍ ലൈക്‌ യൂ..." എന്റെ വായില്‍ നിന്നും അല്‍പം ഇംഗ്ലീഷ്‌ നുരയൊഴുകി. മാസ്റ്റര്‍ വീണ്ടും മൗനം അവലംബിച്ചു.പതിവിന്‌ വിപരീതമായുള്ള മാസ്റ്റെറുടെ മൗനം എന്നില്‍ എന്തോ പന്തികേടുണ്ടാക്കി.കൂടുതല്‍ സമയം കളയാതെ ഞാന്‍ മാസ്റ്ററോട്‌ ഗുഡ്ബൈ ചൊല്ലി. * *** ****** ****** * * * * * * വൈകുന്നേരം ലംബോധരന്‍ മാസ്റ്റര്‍ തിരിച്ച്‌ എത്തുമ്പോള്‍ ഞാന്‍ എന്റെ പൂമുഖപടിയില്‍ പേപ്പര്‍ വായിച്ചിരിക്കുകയായിരുന്നു.കാളിംഗ്‌ ബെല്ലിന്‌ അകമ്പടിയായി എത്തുന്ന Good evening dear എന്ന പ്രയോഗം അസൂയയോടെ എന്നും ഞാന്‍ കേട്ടിരുന്നു.അന്നും ഞാനാ സ്നേഹമന്ത്രണത്തിന്‌ കാതോര്‍ത്തു. "സുസായാഹ്നം പ്രിയതമേ...!!" പുത്തനഭിവാദ്യം എനിക്കെന്ന പോലെ മാസ്റ്ററുടെ ശ്രീമതിക്കും ദഹിച്ചില്ല എന്ന്‌ തോന്നുന്നു.അന്തം വിട്ടു നിന്ന ശ്രീമതി ടീച്ചറെ നോക്കി ലംബോധരന്‍ മാഷ്‌ അടുത്തവെടി പൊട്ടിച്ചു. "വൈ ആര്‍ യൂ..... സോ....അല്ല..അല്ല...എന്താടീ നീ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കണേ...?'പതിവില്ലാതെ ശ്രീമതി ടീച്ചറോടുള്ള ചോദ്യത്തിലെ പന്തികേട്‌ രാവിലെ എനിക്കനുഭവപ്പെട്ട പന്തികേടിനോട്‌ സംകലനം ചെയ്ത്‌ ഒരു നിഗമനത്തിലെത്തിയതിനാല്‍ ഞാന്‍ വീട്ടിനകത്തേക്ക്‌ കയറി മാസ്റ്ററുടെ ബാക്കി ഡയലോഗ്ഗുകള്‍ ഞാന്‍ ശ്രദ്ധിച്ചു. "വാട്ട്‌.....സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്യാന്‍ സമയത്ത്‌ വല്ല ട്രാന്‍സ്ഫറോ മെമ്മോയോ കിട്ടിയോ....അതോ ഹെഡ്മാസ്റ്റര്‍...." മാസ്റ്ററുടെ സ്വഭാവമാറ്റം ശ്രദ്ധിച്ച ടീച്ചര്‍ ചോദിച്ചു. "ഇല്ലെടീ ഇല്ല....സ്ഥലമാറ്റമൊന്നും ഇല്ല....പ്രധാനാദ്ധ്യാപകന്‍ ഒന്നും പറഞ്ഞുമില്ല.....പക്ഷേ ഒരു പരിപത്രം തന്നു...." "ങേ....താമ്രപത്രം എന്ന്‌ കേട്ടിട്ടുണ്ട്‌...പരിപത്രം...? അതെന്ത്‌ പത്രമാ...?" "ങാ...അങ്ങനെ ഒരു പത്രം....നിവൃത്തി വേദനം കണക്കാക്കാന്‍ അടിസ്ഥാന ശമ്പളം , ക്ഷാമബത്ത. സ്ഥാനപനതാ ബത്ത, ഉത്സവ ബത്ത തുടങ്ങീ എല്ലാ ബത്തകളും കൂട്ടിവച്ച്‌ എണ്ണിച്ചുട്ട്‌ വാങ്ങുന്ന ഉലുവാ എത്രയെന്ന്‌ എഴുതികൊടുക്കാന്‍ ഒരു പരിപത്രം...." "ശ്ശൊ....അതങ്ങ്‌ എഴുതിക്കൊടുക്കാനാണോ ഇത്ര പ്രയാസം...? അതും പരിപത്രവും തന്നിട്ട്‌...." ടീച്ചര്‍ക്ക്‌ മനസ്സിലായില്ല. "അതല്ലെടീ പ്രശ്നം....അത്‌ കണക്കാക്കാന്‍ ഞാന്‍ പരികലനെ എല്ലായിടത്തും അന്വേഷിച്ചു...." "ആരെ.....ആരെ.... അന്വേഷിച്ചൂന്ന്‌...?" "പക്ഷേ...പരികലന്‍ സംഗണകന്‍ മുറിയിലായിരുന്നു...." ടീച്ചറുടെ ചോദ്യം കേള്‍ക്കാതെ മാസ്റ്റര്‍ തുടര്‍ന്നു. "ങേ ....ദൈവമേ.." മാസ്റ്ററുടെ സംസാരത്തില്‍ പന്തികേട്‌ തോന്നിയ ടീച്ചര്‍ ഫോണിനടുത്തേക്ക്‌ ഓടി , റിസീവറെടുത്ത്‌ ഏതോ നമ്പറില്‍ ആഞ്ഞ്‌ കുത്തി. "സംഗണാകാദ്ധ്യാപകന്‍ മുറി തുറന്നപ്പോള്‍ പരികലകനെ ..." ടീച്ചര്‍ പോയതറിയാതെ മാസ്റ്റര്‍ തുടര്‍ന്നു. "ഡോക്ടര്‍....ഉടന്‍ ഇവിടം വരെ വരണം....മാഷ്‌ എന്തൊക്കെയോ പിച്ചും പേയും പറയുന്നു....ഉടന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍....ങും....ങും...." റ്റീച്ചര്‍ ഡോക്ടര്‍ക്ക്‌ ഫോണ്‍ ചെയ്തു. "പരികലനില്‍ ഞാന്‍..." അല്‍പസമയത്തിനകം മുറ്റത്ത്‌ ഒരു കാര്‍ വന്നു നിന്നു. ഡോക്ടര്‍ കാറില്‍ നിന്നുമിറങ്ങിയതും ടീച്ചര്‍ ഓടിക്കിതച്ചെത്തി. "ഇതുവരെ ഒരു കുഴപ്പവുമില്ലായിരുന്നു...സ്കൂള്‍ വിട്ട്‌ വന്നതില്‍ പിന്നെ തുടങ്ങിയതാ..." ടീച്ചര്‍ ഒറ്റ ശ്വാസത്തില്‍ വിവരങ്ങല്‍ പറഞ്ഞു. "good Evening" ഡോക്ടര്‍ ലംബോധരന്‍ മാസ്റ്റെറെ അഭിവാദ്യം ചെയ്തു. "ങാ....ആരിത്‌? എന്താ പതിവില്ലാതെ ഇതുവഴി...?" "ടീച്ചര്‍ കാള്‍ഡ്‌ മീ ആന്റ്‌ റ്റോള്‍ഡ്‌ യൂ ആര്‍ അബ്നോര്‍മല്‍...സ്പീക്കിംഗ്‌ അബ്നോര്‍മലി..." "ഞാന്‍....ഞാന്‍ അസാധാരാണമായൊന്നും സംസാരിച്ചില്ലല്ലോ....പള്ളിക്കൂടത്തില്‍ ഇന്ന്‌ നടന്ന ഒരു കാര്യത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു...." ലംബോധരന്‍ മാസ്റ്റര്‍ ഭാര്യയുടെ മുഖത്തേക്ക്‌ നോക്കി പറഞ്ഞു. "ങാ..എന്ത്‌ കാര്യം..?" ഡോക്ടര്‍ ചോദിച്ചു "പ്രധാനാദ്ധ്യാപകന്‍ ഒരു പരിപത്രം തന്നു...." "ങേ....പരിപത്രമോ...?.?" "പരിപത്രം....എന്നു വച്ചാല്‍ സര്‍ക്കുലര്‍...(പറഞ്ഞ ശേഷം രണ്ട്‌ തവണ മാസ്റ്റര്‍ മുറ്റത്തേക്ക്‌ കാര്‍ക്കിച്ചു തുപ്പി)...എന്റെ നിവൃത്തി വേദനം കണക്കാക്കാന്‍ സ്ഥാനപനതാബത്തയും മറ്റും..." "ങേ....എന്ത്‌...എന്ത്‌?" "അതായത്‌ പെന്‍ഷന്‍ കണക്കാക്കാന്‍ ഒഫീഷ്യേറ്റിംഗ്‌ അലവന്‍സും (വീണ്ടും മാസ്റ്റര്‍ നാല്‌ തവണ കാര്‍ക്കിച്ചു തുപ്പി) മറ്റും എഴുതി കൊടുക്കാന്‍ പറഞ്ഞു.അത്‌ നല്‍കാന്‍ ഞാന്‍ പരികലകനെ അന്വേഷിച്ചപ്പോള്‍ അത്‌ സംഗണക മുറിയില്‍ ...." "വാട്ട്‌...മൈ ഗോഡ്‌..." ഡോക്ടറും റ്റീച്ച്രും ഒരുമിച്ചലറി. "ശ്ശൊ.....നിങ്ങളൊക്കെ ഭൂമി മലയാളത്തിലല്ലേ വസിക്കുന്നത്‌ ? നേരെ ചൊവ്വെ മലയാളം പറയാനും സമ്മതിക്കില്ലല്ലോ....കാല്‍കുലേറ്റര്‍ അന്വേഷിച്ചപ്പോള്‍ കമ്പ്യൂട്ടര്‍ മുറിയിലാണെന്ന് ..." അല്‍പം ദ്വേഷ്യത്തോടെ പറഞ്ഞ്‌ മാസ്റ്റര്‍ വീണ്ടും നാല്‌ തവണ കാര്‍ക്കിച്ചു തുപ്പി. "ഈ വിവരം ഞാന്‍ സഹധര്‍മിണിയോട്‌ പറയുകയായിരുന്നു...അതിനിടയിലാണ്‌ താങ്കള്‍ ഇങ്ങോട്ട്‌ വന്നത്‌..." "ഓഹോ....ശരി...ശരി.." ഡോക്ടര്‍ക്ക്‌ സംഗതി പിടികിട്ടി. "എന്നാ പിന്നെ ഞാനിറങ്ങട്ടെ....." ജാള്യതയോടെ നില്‍ക്കുന്ന ടീച്ചറെ നോക്കി ഡോക്ടര്‍ യാത്ര പറഞ്ഞു. 'മലയാളത്തിന്റെ മാഞ്ഞാളം....' പിറുപിറുത്തുകൊണ്ട്‌ അകത്തേക്ക്‌ കയറിപ്പോകുന്ന ടീച്ചറെയും സംഭവിച്ചതെന്തന്നറിയാതെ ഇരിക്കുന്ന ലംബോധരന്‍ മാസ്റ്ററെയും വീക്ഷിച്ചിരുന്ന എന്റെ മനസ്സ്‌ മന്ത്രിച്ചു.

Thursday, August 16, 2007

കുട്ടപ്പേട്ടന്റെ 'സ്വാതന്ത്ര്യദിന സന്ദേശം'

പാരമ്പര്യമായി ഫുള്‍ടൈം 'വെള്ള'ത്തിലായതിനാലാവും കുട്ടപ്പേട്ടന്റെ കുടുംബപേരായിരുന്നു നല്ലതണ്ണി.സ്വാതന്ത്ര്യദിനത്തില്‍ ഡബിള്‍ഫുള്‍ വീശി സ്വാതന്ത്ര്യം നന്നായി ആഘോഷിക്കാനുള്ള പുറപ്പാടിലാണ്‌ കുട്ടപ്പേട്ടന്‍. "ഡേ.....എല്ലാരും ഒന്നെന്റെ ചുറ്റും കൂടി നിന്നേ..." ആടി ഉലയുന്ന കുട്ടപ്പേട്ടന്‍ പറഞ്ഞു. "എന്താ....കാറ്റടിക്കുമ്പം വീഴാതിരിക്കാനാണോ..?" ആരോ ചോദിച്ചു. "ഫൂ...ഒരു സ്വാതന്ത്ര്യദിന സന്ദേശം തരാനാ.....അങ്ങ്‌ ദൂരെ...ദൂരെ...." ദൂരേക്ക്‌ കൈ ചൂണ്ടിയ കുട്ടപ്പേട്ടന്‍ ബാക്കി കിട്ടാതെ തപ്പിത്തടഞ്ഞു. "ദൂരെ...ദൂരെ എന്താ..?" കുട്ടപ്പേട്ടന്‍ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയവര്‍ ചോദിച്ചു. "ദൂരെ..ദൂരെ കിണ്ടി...ആ....കിട്ടി....ചെങ്കോട്ടയില്‍ ലാല്‍സലാം മൂവര്‍ണ്ണക്കൊടി ഉയര്‍ത്തുന്നതാരാടോ ?" കുട്ടപ്പേട്ടന്റെ ചോദ്യം കേട്ട്‌ എല്ലാവരും ഞെട്ടി. "കൂശ്മാണ്ഠങ്ങള്‍.....ഒരു മിനറല്‍ നോളജും ഇല്ല....മുക്യമന്ത്രി അവുല്‍ഫക്കീര്‍ മന്മോഹന്‍സിംഗ്‌...മൂപ്പര്‌ എന്താ ചെങ്കോട്ടയില്‍ തന്നെ പതാക ഉയര്‍ത്തുന്നത്‌ എന്നറിയോ ?" എല്ലാവരും വീണ്ടും മിഴിച്ച്‌ നിന്നു. "ഫൂ ....അതും അറ്യാത്ത കാട്മണ്ഠുകള്‍..പുള്ളി അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഒരു പ്രധാന സ്ഥാപനമാ ചെങ്കോട്ട....അതോണ്ട്‌...." കുട്ടപ്പേട്ടന്‍ വിശദീകരിച്ചു. "ഓഹോ" "അതുപോലെ നമ്മള്‍ അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഒരു പ്രധാന സ്ഥാപനമാ ഇത്‌...." കള്ള്ഷാപ്പ്‌ ചൂണ്ടിക്കൊണ്ട്‌ കുട്ടപ്പേട്ടന്‍ പറഞ്ഞു. "അവിടെ അതാ.....ആ കാണുന്ന കൊടി ഉയര്‍ത്തിയത്‌ ആരാന്നറിയോ..? ഈ നല്ലതണ്ണി കുട്ടപ്പന്‍.." ഷാപ്പിന്റെ ഓലമറയില്‍ തിരുകിവച്ച ചെറിയൊരു പതാക ചൂണ്ടിക്കാണിച്ച്‌ നെഞ്ചില്‍ ശക്തിയിലടിച്ച്‌ കുട്ടപ്പേട്ടന്‍ പറഞ്ഞു. "അപ്പോ...ഞാനാരാ..? പ്രധാനമന്ത്രി നല്ലതണ്ണി കുട്ടപ്പന്‍..ഈ പ്രധാനമന്ത്രിക്ക്‌ സംരക്ഷണം നല്‍കാനാടോ നിന്നോടെല്ലാം എന്റെ ചുറ്റും കൂടി നില്‍ക്കാന്‍ പറഞ്ഞത്‌.....മനസ്സിലായോ -----------ന്റെ മക്കളേ...." കൂടുതല്‍ തെറി വായില്‍നിന്നും പുറപ്പെടുന്നതിന്‌ മുമ്പ്‌ കുട്ടപ്പേട്ടന്റെ 'സ്വാതന്ത്ര്യദിന സന്ദേശം' കേട്ടവര്‍ ഉടന്‍ പിരിഞ്ഞുപോയി ..