Pages

Wednesday, May 28, 2008

സമൂഹത്തിലെ ഇത്തിക്കണ്ണികള്‍

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി.ഞാന്‍ കൊല്ലം കുണ്ടറക്കടുത്ത്‌ എന്റെ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത്‌ തിരിച്ചു വരികയായിരുന്നു.ബസ്സുകള്‍ പലതും മാറിമാറിക്കയറി രാത്രി എട്ടര മണിക്ക്‌ ഞാന്‍തൃശൂരിലെത്തി.ഇനി കോഴിക്കോട്ടേക്ക്‌ പ്രൈവറ്റ്‌ ബസ്സില്‍ പോകാം എന്ന ധാരണയില്‍ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്റിലിറങ്ങി.

സ്റ്റാന്റ്‌ മുഴുവന്‍ കറങ്ങിയിട്ടും പൂട്ടിപ്പോകുന്ന കടകളും ഹാള്‍ട്ടാക്കിയ ബസ്സുകളും മാത്രമേ എനിക്ക്‌ കാണാനായുള്ളൂ.അവസാനം കോഴിക്കോട്ടെക്കുള്ള ഒരു ബസ്‌ കഴുകുന്നത്‌ ശ്രദ്ധയില്‍പെട്ട ഞാന്‍ ആ ക്ലീനറോട്‌ ചോദിച്ചു.

"കോഴിക്കോട്ടെക്ക്‌ ഇവിടെ നിന്ന് ഇനി ബസ്സില്ലേ?"

"ഇവിടെ നിന്നാല്‍ കിട്ടില്ല....ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റിന്റെ മുന്നില്‍ നിന്നാല്‍ കിട്ടും..."

ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റിലേക്ക്‌ പോയിക്കൊണ്ടിരുന്ന KSRTC യില്‍ നിന്നും ഇറങ്ങിയ എനിക്ക്‌ സങ്കടം വന്നു.ഞാന്‍ ക്ലീനറോട്‌ ചോദിച്ചു.

"ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റിലേക്ക്‌ ഓട്ടോയില്‍ പോകാനുള്ള ദൂരമില്ലേ?"

"ഏയ്‌....ഇവിടത്തന്നെ നിന്ന മതി....ഇപ്പോ വരും, ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌....മൂന്ന് രൂപ കൊടുത്താ മതി.വെറുതേ എന്തിനാ കാശ്‌ കളയുന്നേ?" തൃശൂര്‍ ശൈലിയില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാനത്‌ അംഗീകരിച്ചു.

ബസ്‌ കാത്തുനില്‍ക്കുന്നതിനിടെ, അല്‍പം അകലെ മാറി നിന്ന മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ എന്റെ അടുത്തെത്തി എന്നോട്‌ ചോദിച്ചു.

"ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റിലേക്കാണോ?"

"അല്ല...ഇത്‌ പ്രൈവറ്റ്‌ സ്റ്റാന്റാണ്‌..!!" എന്നെപ്പോലെ വഴിതെറ്റിയ ആളാകും എന്ന് കരുതി ഞാന്‍ പറഞ്ഞു.(ഇത്‌ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റ്‌ ആണോ എന്നാണ്‌ ഞാന്‍ കേട്ടത്‌)

"അതല്ല....നിങ്ങള്‍ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റിലേക്കാണോ എന്നാ ചോദിച്ചത്‌..?"

"അതേ.."

"എന്നാ നമുക്ക്‌ ഒരു ഓട്ടോ പിടിക്കാം....."

ക്ലീനര്‍ പറഞ്ഞ സംഗതി മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും ഷെയര്‍ ചെയ്യാന്‍ ആളായല്ലോ എന്ന് കരുതി ഞാന്‍ സമ്മതിച്ചു.

ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ വന്നാല്‍ അതില്‍തന്നെ കയറാമെന്ന മനസ്സിന്റെ മുറുമുറുപ്പ്‌ കാരണം, വരുന്ന ഓട്ടോകള്‍ക്കെല്ലാം ഞാന്‍ അലക്ഷ്യമായി കൈ കാട്ടി.അവസാനം ഒരു ഓട്ടോ തന്നെ കിട്ടി.

"കയറൂ...." അയാള്‍ എന്നെ ആദ്യം കയറ്റി.

'നല്ല മനുഷ്യന്‍' ഞാന്‍ ആത്മഗതം ചെയ്തു.

"നിങ്ങളെങ്ങോട്ടാ...?" യാത്രക്കിടയില്‍ ഞാന്‍ അയാളോട്‌ ചോദിച്ചു.

"പാലക്കാട്ടേക്ക്‌....ഇവിടെ ബസ്‌ ഉണ്ടാകും എന്ന് കരുതി ഇറങ്ങിയതാ...."

"ഞാനും അതുപോലെ കോഴിക്കോട്ടേക്ക്‌ ബസ്‌ ഉണ്ടാകും എന്ന് കരുതി ഇറങ്ങിയതാ...."

"ആ...ഹൈവേ ആയതിനാല്‍ കോഴിക്കോട്ടേക്ക്‌ ബസ്‌ എപ്പോളും കിട്ടും...എനിക്കിനി കിട്ടുമോ എന്നറിയില്ല...."

പിന്നെ ഞങ്ങള്‍ അധികം സംസാരിച്ചില്ല.അയാളോട്‌ കൂടുതല്‍ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ആരോ ഉള്ളില്‍ നിന്നും വിലക്കി.

ഓട്ടോ ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റില്‍ എത്തി.ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങി കയ്യില്‍ കരുതിയിരുന്ന ചില്ലറ എനിക്ക്‌ നേരേ നീട്ടി അദ്ദേഹം പറഞ്ഞു.

"കൊടുത്തേക്കണേ..."അയാള്‍ ഇരുട്ടില്‍ ഓടി മറയുകയും ചെയ്തു.

ഞാന്‍ പത്ത്‌ രൂപയെടുത്ത്‌ കൊടുത്തു.പുറത്തിറങ്ങി, അയാള്‍ തന്ന കാശ്‌ നോക്കി....വെറും മൂന്ന് രൂപ!!

സമൂഹത്തില്‍ ഇത്തരം ഇത്തിക്കണ്ണികള്‍ ധാരാളമുണ്ട്‌.മാന്യവസ്ത്രധാരികളും,അല്ലാത്തവരും.മറ്റുള്ളവന്റെ കാശും അഭിമാനവും പോയാലും സ്വന്തം കാര്യം സാധിക്കണം എന്ന ചിന്തക്കാര്‍.ചില്ലിക്കാശിന്‌ പോലും മാന്യത നടിച്ച്‌ അവര്‍ അടുത്ത്‌ കൂടും.

അന്യന്റെ ജീവനും സ്വത്തും അഭിമാനവും വിലപ്പെട്ടതാണ്‌.നാം നമ്മുടെ ജീവനും സ്വത്തും അഭിമാനവും എങ്ങനെ സംരക്ഷിക്കുന്നുവോ, അതുപോലെ അന്യന്റേതും സംരക്ഷിക്കന്‍ ബാധ്യസ്ഥരാണ്‌.വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ അവയില്‍ ഒരിക്കലും കടന്നു കയറരുത്‌.

Thursday, May 22, 2008

ക്ലച്ച്‌ ബോക്സ്‌ ചെക്കിംഗ്‌ എന്ന മണ്ടത്തരം !!!

         2006 മെയ്‌ മാസത്തിലെ ഏതോ ഒരു ദിവസം..അന്നാണ്‌ ഞാന്‍ T S G 8683 എന്ന അതിപുരാതന മോഡല്‍ മാരുതി 800 ന്റെ ഉടമസ്ഥനായത്‌......സോറി കടമസ്ഥനായത്‌.(റൊക്കം സംഖ്യ കടം പറഞ്ഞ്‌ ലോകത്താദ്യമായി നടന്ന കച്ചവടം ഇതായിരിക്കും).

          കിഴക്കന്‍ ഏറനാട്ടിലെ ഏതോ ഒരു വര്‍ക്ക്ഷാപ്പില്‍ കിടന്നിരുന്ന കാറെന്ന് വിളിക്കപ്പെടുന്ന ആ സാധനത്തെ വീട്ടിലെത്തിക്കാന്‍ ഞാന്‍ എന്റെ മൂത്താപ്പയുടെ മകന്‍ അബ്ദുറഹീം എന്ന ചെറിയോനെയും കൂടെ കൂട്ടി.(അവന്‍ എവിടെ നിന്നോ ഒപ്പിച്ച ജാംബവാന്റെ കാലത്തെ പ്രീമിയര്‍ പത്മിനി ആണ്‌ എനിക്ക്‌ ഈ ശകടം വാങ്ങാനുള്ള ഊര്‍ജ്ജം പകര്‍ന്നത്‌.ഡ്രൈവിങ്ങിന്റെ സകല തന്ത്രങ്ങളും പ്രയോഗിച്ചാല്‍ മാത്രം സ്റ്റാര്‍ട്ടാവുന്ന ആ കാറിലുള്ള അവന്റെ അണ്മാച്‌ഡ്‌ എക്സ്പീരിയന്‍സ്‌ തന്നെയാണ്‌ അന്ന് എന്റെ കൂടെ അവനെത്തന്നെ കൂട്ടാനുള്ള കാരണവും)

          വര്‍ക്ക്ഷാപ്പില്‍ ചെന്ന് ഞങ്ങള്‍ കാറെടുത്തു.ടെസ്റ്റ്‌ ഡ്രൈവിനായി ചെറിയോന്‍ സീറ്റിലിരുന്നു.പ്രീമിയര്‍ പത്മിനിയില്‍ കാണിക്കുന്ന വിക്രിയകള്‍ ഒന്നും കൂടാതെ സിംഗിള്‍ ------ല്‍ (എന്താ അതിന്‌ പറയാ എന്നറിയില്ല) തന്നെ വണ്ടി സ്റ്റാര്‍ട്ടായി."അല്‍ഹംദുലില്ല" എന്ന് അവന്‍ പറഞ്ഞതായി ഞാന്‍ കേട്ടതായി എനിക്ക്‌ സംശയമായി.വണ്ടി പതുക്കെ വര്‍ക്ക്ഷാപ്പില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട്‌ നീങ്ങി.

"സ്റ്റിയറിംഗ്‌ പ്ലേ അല്‍പം കുറവാണ്‌...." ഡ്രൈവിങ്ങിനിടയില്‍ അവന്‍ പറഞ്ഞു.

"ആ...." സംഗതി മനസ്സിലാവാത്തതിനാല്‍ ഞാന്‍ മൂളി.

"ക്ലച്ച്‌ ബോക്സും ഒന്ന് ചെക്ക്‌ ചെയ്യണം....." ഉടനെ ഞാന്‍ മുന്നില്‍ കണ്ട ബോക്സില്‍ ചെക്കിംഗ്‌ നടത്തി.മുമ്പെന്നോ അലൈന്‍മന്റ്‌ നടത്തിയ ഒരു പേപ്പറാണ്‌ കയ്യില്‍ കിട്ടിയത്‌.അതും എന്താണെന്ന് അറിയാത്തതിനാല്‍ ഞാന്‍ അവനോട്‌ ചോദിച്ചു.

"ഇതാണോ..?"

"എന്ത്‌..?"

"നീ ചെക്ക്‌ ചെയ്യണം എന്ന് പറഞ്ഞ സാധനം..?"

"ഹ...ഹ...ഹാ......ഹ...ഹ.....ഹാ....." അവന്‍ നിര്‍ത്താതെ പൊട്ടിച്ചിരിക്കുകയാണ്‌.സംഗതിയില്‍ എന്തോ പന്തികേട്‌ തോന്നിയതിനാല്‍ ഞാന്‍ ആ പേപ്പര്‍ ബോക്സിലേക്ക്‌ തന്നെയിട്ട്‌ അതടച്ചു.അപ്പോഴും അവന്‍ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.നാട്ടിലെത്തി ഈ സംഗതി ഫ്ലാഷായാലുള്ള ഭയാനക സ്ഥിതിയേക്കുറിച്ച്‌ അന്ന് ഞാനോര്‍ത്തില്ല.കാരണം ചോദിച്ച മണ്ടത്തരത്തിന്റെ വലിപ്പം എനിക്ക്‌ അപ്പോഴും പിടികിട്ടിയിരുന്നില്ല. അന്ന് തുടങ്ങിയതാണ്‌......ബാക്കി പിന്നാലെ വന്നുകൊണ്ടിരിക്കുന്നു.....കാര്‍ കഥകള്‍

Wednesday, May 21, 2008

പിള്ള മനസ്സില്‍ കള്ളമില്ല...

നാട്ടില്‍ നിന്നും ഞാന്‍ കുടുംബസമേതം മടങ്ങുന്ന ഒരു ദിവസം.പതിവുപോലെ ബസ്സില്‍ നല്ല തിരക്കായിരുന്നു.ഇടക്കെവിടെയോ വച്ച്‌ ഞങ്ങള്‍ക്ക്‌ സീറ്റ്‌ കിട്ടി.സ്ഥിരം യാത്രാ റൂട്ടായതിനാല്‍ കാഴ്ചകള്‍ കാണാനിരിക്കാതെ ഞാന്‍ ഉറങ്ങാന്‍ തുടങ്ങി.


താമരശ്ശേരി ചുരം കഴിഞ്ഞാണ്‌ ഞാന്‍ ഉറക്കമുണര്‍ന്നത്‌.അപ്പോള്‍ ഭാര്യ തൊട്ടടുത്തിരുന്ന സ്ത്രീയുമായി സംസാരിച്ചിരിക്കുകയായിരുന്നു.അവരുടെ സംസാരത്തില്‍ നിന്നും ആ സ്ത്രീ വയനാട്ട്‌കാരിയാണെന്നും കല്യാണം കഴിച്ചത്‌ വയനാട്ടിന്‌ പുറത്തേക്കാണെന്നും ഞാന്‍ മനസ്സിലാക്കി.എന്തോ മറച്ച്‌ പിടിച്ച്‌ സംസാരിക്കുന്ന ആ സ്ത്രീയുടെ ഒപ്പം നാലോ അഞ്ചോ വയസ്സ്‌ പ്രായമുള്ള ഒരു കുട്ടിയേയും ഞാന്‍ ശ്രദ്ധിച്ചു.


"അപ്പോള്‍ ഇനി തിരിച്ച്‌ അങ്ങോട്ടെന്നാ?" ഭാര്യ ആ സ്ത്രീയോട്‌ ചോദിച്ചു.


"തീരുമാനിച്ചിട്ടില്ല..." അലക്ഷ്യമായി ആ സ്ത്രീ മറുപടി പറഞ്ഞു.


"നിനക്ക്‌ പാട്ടറിയോ?" കുട്ടിയുടെ നേരെ തിരിഞ്ഞ്‌ എന്റെ ഭാര്യ ചോദിച്ചു.


"ങാ..."


"എന്നാലൊന്ന് പാടൂ..."


"ങൂഹും..." മടിയോടെ അവള്‍ തലയാട്ടി.


"നീ എവിടേക്കാ പോകുന്നത്‌?"


"അമ്മയുടെ വീട്ടിലേക്ക്‌...."


"അപ്പോ അഛന്റെ വീട്ടിലേക്കെന്നാ ഇനി പോക്വാ.."


"അച്ഛന്‍ കള്ള്‌കുടി നിര്‍ത്തിയിട്ട്‌...!!!"


പെട്ടെന്ന്, കേട്ടിരുന്ന ഞാനും ഭാര്യയും ഞെട്ടിപ്പോയി.എന്തോ കൈവിട്ടുപോയ ജാള്യതയോടെ കുട്ടിയുടെ അമ്മ എന്റെ ഭാര്യയുടെ നേരെ നോക്കി.ഭാര്യ ഒരു പുഞ്ചിരിയോടെ ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു.


മാതാപിതാക്കളുടെ ഓരോ ചലനവും വാക്കുകളും പ്രവൃത്തികളും ചെറിയ കുട്ടികള്‍ വീക്ഷിക്കുകയും പലപ്പോഴും അനുകരിക്കുകയും ചെയ്യും.അതിനാല്‍ എന്ത്‌ ദു:ശ്ശീലം ഉണ്ടെങ്കിലും ഒരിക്കലും അത്‌ കുട്ടികളുടെ മുമ്പില്‍ വച്ച്‌ പ്രകടിപ്പിക്കരുത്‌.അവരുടെ മുമ്പില്‍ എപ്പോളും മാതൃകയായി ജീവിക്കുക.പ്രശ്നങ്ങളും മറ്റും അവരുടെ അഭാവത്തില്‍ മാത്രം ചര്‍ച്ച ചെയ്ത്‌ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുക.

Sunday, May 18, 2008

ഏകാന്തന്റെ ചിന്തകള്‍

അന്ന് ഞാന്‍ വാടക വീട്ടില്‍ ഒറ്റക്കായിരുന്നു.കുടുംബം അവധി ആഘോഷിക്കാനായി നാട്ടില്‍ പോയിരുന്നു.പതിവിന്‌ വിപരീതമായി എനിക്ക്‌ നേരത്തെ തന്നെ ഉറക്കം വന്ന് തുടങ്ങി.

അടുക്കളവാതിലും മുന്‍വാതിലും ഞാന്‍ ഭദ്രമായി അടച്ച്‌ കുറ്റിയിട്ടു..കൂടാതെ അടുക്കളയില്‍ നിന്നും സിറ്റ്‌ ഔട്ടില്‍ നിന്നും അകത്തേക്ക്‌ പ്രവേശിക്കുന്ന വാതിലുകളും പതിവ്‌ പോലെ താക്കോലിട്ട്‌ പൂട്ടി.

പുറത്ത്‌ ഇടിയും മഴയും തിമര്‍ക്കുന്നുണ്ടായിരുന്നു.ഉറങ്ങാന്‍ ഇനി ആരെയും കാത്തിരിക്കേണ്ട എന്ന സിഗ്നല്‍ തന്നുകൊണ്ട്‌ കറന്റും പോയി.

പെട്ടെന്ന് ശക്തമായ ഒരു മിന്നല്‍ അടച്ചിട്ട ജനല്‍ പാളിയിലൂടെ എന്റെ അടുത്തെത്തി.എന്റെ തലച്ചോറിലേക്ക്‌ കുറേ വെള്ളിടി ചിന്തകള്‍ അത്‌ കടത്തിവിട്ടു.

'വാതിലും ജനലും എല്ലാം ഇങ്ങിനെ അടച്ചുപൂട്ടി ഉറങ്ങി എനിക്ക്‌ വല്ലതും സംഭവിച്ചാല്‍ ആര്‌, എങ്ങനെ അറിയും?'

'വല്ലതും സംഭവിച്ച്‌ ഞാന്‍ അലമുറയിട്ടാല്‍ പുറത്ത്‌ രക്ഷിക്കാന്‍ വെമ്പുന്ന അയല്‍വാസികളുടെ മുമ്പില്‍ നിരനിരയായി പൂട്ടിയിട്ട വാതിലുകള്‍ പ്രതിബന്ധമാവില്ലേ?'

'എന്നാപ്പിന്നെ വാതിലെല്ലാം തുറന്നിട്ടാല്‍ ........ധൈര്യമായി ഞാന്‍ എങ്ങനെ കിടന്നുറങ്ങും?'

ചിന്തകള്‍ അല്‍പനേരം ഉറക്കത്തെ മാനഭംഗപ്പെടുത്തിയെങ്കിലും , ഒന്നും സംഭവിക്കാതെ പിറ്റേന്ന് രാവിലെ എണീറ്റ്‌ ഓരോ വാതിലും തുറന്ന് ഞാന്‍ വീണ്ടും സ്വതന്ത്രനായി.

Friday, May 16, 2008

ബാര്‍ബര്‍ ആലിക്കുട്ടി....

പ്രായാധിക്യവും കേള്‍വിക്കുറവും കാരണം എന്റെ പിതാവ്‌ ഇപ്പോള്‍ പുറത്തെങ്ങും പോകാറില്ല.എന്നാല്‍ വീടിന്‌ ചുറ്റുമുള്ള പലവിധ ജോലികളും (കള പറിക്കല്‍,മുറ്റമടിക്കല്‍,ചെടി നനക്കല്‍,മണ്ണിളക്കല്‍.....)അദ്ദേഹത്തിന്റെ ദൈനംദിന ചര്യയില്‍ നിന്ന് മാറിയിരുന്നില്ല.

അങ്ങാടിയില്‍ പോയി മുടിവെട്ടാന്‍ സാധിക്കാത്തതിനാല്‍ ഒരു ബാര്‍ബറെ ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ ബാപ്പ എന്റെ അനിയനോട്‌ പറഞ്ഞു.അനിയന്‍ മൊബൈലില്‍ ക്ലിക്കി ഉടന്‍ ബാര്‍ബറെ ഏര്‍പ്പാടാക്കി.

"മുടി വെട്ടാന്‍ ഉച്ചക്ക്‌ ആള്‌ വരും..." അനിയന്‍ ബാപ്പയോട്‌ പറഞ്ഞു.

12 മണി മുതല്‍ ബാപ്പ പൂമുഖത്ത്‌ ഇരിപ്പായി.ബാര്‍ബറെ പ്രതീക്ഷിച്ചാണ്‌ ആ ഇരിപ്പ്‌ എന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല.പന്ത്രണ്ടരയോടെ അനിയന്‍ അവന്റെ ഒരു സുഹൃത്തിനെയുമായി വീട്ടില്‍ വന്നു.ആഗതന്റെ കയ്യില്‍ ഒരു മൊബൈലും വേറെ എന്തോ ഒരു സാധനവും ഉണ്ടായിരുന്നു. സുഹൃത്തിനെ പൂമുഖത്തേക്കാനയിച്ച്‌ കുടിവെള്ളമെടുക്കാനായി അനിയന്‍ അകത്തേക്ക്‌ പോയി.

"അവിടെ ഇരിക്കൂട്ടോ...." ആഗതനോട്‌ ബാപ്പ പറഞ്ഞു."ആ....ഞാനിരിക്കാം...." ഇരിക്കാന്‍ കൂട്ടാക്കാതെ ആഗതന്‍ പറഞ്ഞത്‌ ബാപ്പ കേട്ടില്ല.

"അവിടെ ഇരിക്കൂ....ഊണ്‌ കഴിച്ചോ?" കുശലാന്വേഷണം നടത്തിക്കൊണ്ട്‌ ബാപ്പ അകത്തേക്ക്‌ പോയി.

അനിയന്റെ സുഹൃത്തുക്കള്‍ എപ്പോഴും വീട്ടില്‍ വരുന്നതില്‍ അമര്‍ഷം പ്രകടിപ്പിക്കുന്ന ബാപ്പ ഇവനോട്‌ സ്നേഹത്തോടെ ഇരിക്കാന്‍ പറയുന്നതിലെ ഗുട്ടന്‍സ്‌ എനിക്ക്‌ പിടികിട്ടിയില്ല.അല്‍പസമയം കഴിഞ്ഞ്‌ ഒരു മേല്‍മുണ്ട്‌ ദേഹത്ത്‌ ചുറ്റി ബാപ്പ പൂമുഖത്തേക്ക്‌ വന്ന് പറഞ്ഞു.

"നന്നായി ചെറുതാക്കണം.....ദാ പ്രത്യേകിച്ചും തലയുടെ പിന്നില്‍..!!"

"ങേ..!!!" ഒന്നും മനസ്സിലാകാതെ ആഗതന്‍ മിഴിച്ചു നില്‍ക്കുന്നതിനിടയില്‍ ബാപ്പ വീണ്ടും പറഞ്ഞു."ദാ....പുറത്ത്‌ അവിടെ ഇരിക്കാം...."

അപ്പോഴേക്കും അനിയന്‍ വെള്ളവുമായി എത്തി.അന്തം വിട്ട്‌ നില്‍ക്കുന്ന സുഹൃത്തിനെ കണ്ട്‌ കാര്യം പിടികിട്ടിയ അനിയന്‍ പറഞ്ഞു.

"ബാപ്പാന്റെ മുടി വെട്ടാന്‍ ബാര്‍ബര്‍ ആലിക്കുട്ടിയോട്‌ ഉച്ചക്ക്‌ വരാന്‍ ഞാന്‍ പറഞ്ഞിരുന്നു.നീയാണ്‌ ആലിക്കുട്ടി എന്ന് കരുതി ബാപ്പ നിന്നോട്‌ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ രണ്ട്‌ ഗ്ലാസ്‌ വെള്ളം അധികം കുടിച്ച്‌ സമാധാനപ്പെട്ടേക്ക്‌..."

മൂന്ന് ഗ്ലാസ്‌ വെള്ളം മോന്തി , സ്ഥലകാല ബോധം വീണ്ടെടുത്ത്‌ സുഹൃത്ത്‌ ഉടന്‍ സ്ഥലം കാലിയാക്കി.