Pages

Wednesday, October 20, 2010

സഹയാത്രികരോട്‌ സംസാരിക്കൂ.....

യാത്ര ഒരു അനുഭവമാണ്.ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് സഹയാത്രക്കാരായി നിരവധി പേര്‍ ഉണ്ടാകും.പ്രത്യേകിച്ചും ട്രെയിന്‍ യാത്ര ഹൃദ്യമാകുന്നതും ആസ്വാദ്യകരമാകുന്നതും ഈ കൂട്ടുകെട്ടിലൂടെയാണ്.സഹയാത്രികന്റെ സന്തോഷത്തിലും ദു:ഖത്തിലും പങ്ക് ചേരാനുള്ള അവസരങ്ങള്‍ ഇന്ന് പലര്‍ക്കും ലഭിക്കുന്നു.യാത്ര അവരെ തമിലടുപ്പിക്കുന്ന ഒരു ഘടകമായി വര്‍ത്തിക്കുന്നു.

എന്നാല്‍ സ്വന്തം സഹയാത്രികനെ പരിചയപ്പെടാന്‍ മടിക്കുന്നവരായ ആള്‍ക്കാരും നമ്മിലുണ്ട്.അതിലെന്തു കാര്യം അല്ലെങ്കില്‍ ഒരു നിമിഷ സൌഹൃദം എന്തിന് എന്ന് ചിന്തിക്കുന്നവരാകും മിക്കപേരും.എങ്കില്‍ അവര്‍ക്കായി എന്റെ ഒരു ബന്ധുവിന്റെ അനുഭവം ഇവിടെ പങ്കുവയ്ക്കട്ടെ.

എന്റെ ഭാര്യയുടെ ബന്ധുവിന്റെ മകന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ അഡ്‌മിഷന്‍ കിട്ടി ജോയിന്‍ ചെയ്യാന്‍ പോകുന്ന ദിവസം.ഇതുവരെ മലപ്പുറം ജില്ലക്ക് പുറത്ത് ഒറ്റക്ക് പോയിട്ടില്ലാത്ത ഉമ്മയും മകനും അന്ന് ആദ്യമായി തിരുവനന്തപുരത്തേക്ക് വണ്ടി കയറി.

എത്തിപ്പെടാന്‍ പോകുന്ന മഹാനഗരത്തെപറ്റിയും ആ നാട്ടില്‍ എവിടെയോ കിടക്കുന്ന കോളേജിനെക്കുറിച്ചും ഈ മലപ്പുറത്ത് ആരോട്‌ ചോദിക്കാന്‍ എന്ന് അറിയാത്തതിനാല്‍ അവര്‍ ആരോടും അന്വേഷിച്ചതേയില്ല.യാത്രയിലുടനീളം അവിടെ എത്തിയാലുള്ള സംഗതികളെപറ്റി ആയിരുന്നു ഉമ്മയുടേയും മകന്റേയും ചിന്ത.എങ്കിലും തിരുവനന്തപുരത്ത് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനെപറ്റി അറിയാത്ത ആരും ഉണ്ടാകില്ല എന്ന ശുഭാപ്തിവിശ്വാസം അവരെ മുന്നോട്ട് നയിച്ചു.

യാത്രക്കിടയില്‍ അവര്‍ തൊട്ടടുത്തിരുന്ന ഒരു മാന്യദേഹത്തോട്‌ വെറുതെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനെപറ്റി ചോദിച്ചു.

“തിരുവനന്തപുരത്ത് ഏത് എഞ്ചിനീയറിംഗ് കോളേജാ ?”

“ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് “ അല്പമൊന്നു് അന്ധാളിച്ചെങ്കിലും മറുപടി ഉടന്‍ എത്തി.

“അതെ , ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തന്നെ തിരുവനന്തപുരത്ത് രണ്ടെണ്ണം ഉണ്ട്” അയാള്‍ പറഞ്ഞു.

“യാ റബ്ബേ...എന്നാല്‍ നോക്കട്ടെ” ഇതും പറഞ്ഞ് അവര്‍ അഡ്‌മിഷന്‍ മെമ്മോ എടുത്ത് നോക്കി.

“കോളേജ് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജി,തിരുവനന്തപുരം...”

“ഓ,സി.ഇ.ടി.പുതിയ അഡ്‌മിഷന്‍ എടുക്കാനാണോ?”

“ങാ...അതെ...”

“ഏത് ബ്രാഞ്ച്?”

“ഇലക്ടോണിക്സ് അന്ദ് കമ്മ്യൂണിക്കേഷന്‍”

“വെരിഗുഡ്...ഞാന്‍ അതേ ഡിപ്പാര്‍ട്ട്മെന്റിലെ സാറാണ്.എന്റെ കൂടെ വന്നാല്‍ മതി.”

“ഹാവൂ, സമാധാനമായി.കോളേജും സ്ഥലവും അറിയാതെ എന്ത് ചെയ്യും എന്ന് ആലോച്ചിക്കുകയായിരുന്നു ഞങ്ങള്‍.ഒരുപാട് നന്ദിയുണ്ട് ”

സഹയാത്രികനോട്‌ വെറുതെ ഒരു വാക്ക് ചോദിച്ചതിന്റെ ഉപകാരം എത്ര ഭീമം എന്ന് ഇനി നിങ്ങള്‍ തന്നെ ആലോചിച്ച് നോക്കൂ.

Monday, October 18, 2010

അബ്ദുക്കയുടെ ഗ്രാമസ്വരാജ്

സ്ഥലം അച്ചുവേട്ടന്റെ ചായമക്കാനി. നാട്ടുപ്രമുഖരായ സംശയം അബ്ദുക്കയും നിവാരണം തോമസൂട്ടിയും പിന്നെ കുറേ കാണികളും മക്കാനിയിലുണ്ട്.

അബ്ദുക്ക: അല്ല തോമസൂട്ടി, ഈ കാമസ്വരാജ് ന്ന ഒരു പുത്തന്‍ സാതനം ണ്ടല്ലോ? അതെന്താ സാതനം ?

തോമസൂട്ടി: കാമസ്വരാജോ അതോ കാമരാജോ ?

അബ്ദുക്ക: ഈ സെലക്ഷന്‍ നടക്കാന്‍ പോകുന്ന സാതനം…

തോമസൂട്ടി: സെലക്ഷന്‍ അല്ല...എലക്ഷന്‍..…അത് കാമസ്വരാജ് അല്ല...ഗ്രാമസ്വരാജ്

അബ്ദുക്ക: ആ... അതന്നെ സാതനം

തോമസൂട്ടി:അത്... നമ്മുടെ രാഷ്ട്രപിതാവില്ലേ ഗാന്ധിജി…അദ്ദേഹം ഒരു സ്വപ്നം കണ്ടത്രേ…വലിയൊരു സ്വപ്നം.

അബ്ദുക്ക: ങേ ബല്യ സ്വപ്നമോ? സ്വപ്നത്ത്‌നുംണ്ടോ ബല്പം ???

തോമസൂട്ടി:ആ...കിനാവില്ലേ കിനാവ്…അതെന്നെ

അബ്ദുക്ക:ഓ, ഗള്‍ഫ്‌ല് പോയ മോനെ അയിക്കാരം കിനാവ് കണ്ടത്.

തോമസൂട്ടി:ഛെ…അതല്ല

അബ്ദുക്ക: ന്നാല് പിന്നെ അമ്മായിമ്മന്റെ മോന്തായമായിരിക്കും കണ്ടത്…

തോമസൂട്ടി:അതുമല്ല….ആ കിനാവായിരുന്നു ഗ്രാമസ്വരാജ്

അബ്ദുക്ക: ഓ..അപ്പോ കാന്ധിജിന്റെ കിനാവാണല്ലേ ഗ്രാമസ്വരാജ് ?

ശേഷം അബ്ദുക്ക മുണ്ടൂകന്റെ നേരെ തിരിഞ്ഞു.

അബ്ദുക്ക:ഈ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ന്ന് ബെച്ചാല് ന്താ മുണ്ടൂകാ?

മുണ്ടൂകന്‍: സ്വതന്ത്രന്‍ എന്നാല്‍ സ്വ തന്തയില്ലാത്തവന്‍….അതായത് ഒരു പാര്‍ട്ടി മേല്‍ വിലാസവും ഇല്ലാത്തവന്‍.

അബ്ദുക്ക:അപ്പം മേല്‍‌വിലാസം ഇല്ലാത്തോര്‍ എന്നാല്‍ ബെലാണല്ലേ?

മുണ്ടൂകന്‍:അതേ അതേ

തോമസൂട്ടി:വിഢിത്തം വിളമ്പാതെടാ മണ്ടൂകാ…സ്വതന്ത്രര് എന്ന് വച്ചാല് സ്വ തന്ത്രമുള്ളവര്…അതായത് ഇടക്കിടെ അവര് സ്വ തന്ത്രരും സ്വതന്ത്രരും ആയിക്കൊണ്ടിരിക്കും

അബ്ദുക്ക:ന്റെ തങ്ങളുപ്പാപ്പേ..ഞമ്മള് ഒടിയന് ന്ന് പറ്യണെ ജാത്യാണല്ലോ ത്.

അല്പസമയത്തിനകം പരിവാര സമേതം ഒരു സ്ത്രീ അവിടെ പ്രത്യക്ഷപ്പെട്ടു.

ആഗത: ഞാന്‍ ഈ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്…എന്റെ പേര് സാറാഅമ്മാളുമ്മ … നിങ്ങളുടെ വിലയേറിയ വോട്ട് ‘വാനിറ്റി ബാഗ്’ അടയാളത്തില്‍ കുത്തി എന്നെ വിജയിപ്പിക്കണം

‘ഓ…ഇത് ആ ഒടിയന്‍ ജാതി തെന്നെ…പേരും അടയാളും ഞമ്മള് ഇതുവരെ കേട്ടിട്ടില്ലാത്ത എന്തോ സാതനം’ അബ്ദുക്ക ആത്മഗതം ചെയ്തു.

അബ്ദുക്ക: അന്റെ അടയാളം ന്താ ന്നാ പറഞ്ഞെ ?

സ്ഥാനാര്‍ത്ഥി: (പൂച്ച രോമം കൊണ്ട് ആവരണം ചെയ്ത ബാഗ് കാണിച്ചുകൊണ്ട്) ഇതാ ഇത് തന്നെ…

അബ്ദുക്ക: (ഞെട്ടി മാറിക്കൊണ്ട്) ങേ!! പൂച്ചരോമ സഞ്ചി…അതിന്റെ ഇംക്ലീസ് ആണല്ലേ ജ്ജ് ആദ്യം പറഞ്ഞെ? നാലാള്‍ക്ക് മന്സ്‌ലാണെ കോലത്ത്‌ല് പറഞ്ഞൂടെ ന്നാ അനക്ക്.ഒര് ഇംക്ലീസ് മദാമ ബെന്ന്‌ക്ക്‌ണ് ഞ്മ്മളെ ചാണകക്കുണ്ട് വാര്‍ഡ്ക്ക്..ഫൂ....!ഇതാണോ കാന്തിജി കണ്ട ബിസേസപ്പെട്ട കിനാവ് ?

കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ സ്ഥാനാര്‍ത്ഥിയും അകമ്പടിക്കാരും ഉടന്‍ സ്ഥലം വിട്ടു.

Saturday, October 16, 2010

വിലയേറിയ സമ്മതിദാനാവകാശം

കേരളം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കാന്‍ പോകുന്നു.വരുന്ന 23, 25 തീയതികളിലായി വിവിധ ജില്ലകളില്‍ പോളിംഗ് നടക്കും.പതിവ് പോലെ ഇത്തവണയും ഞാന്‍ ഒരു പ്രിസൈഡിംഗ് ഓഫീസര്‍ ആണ്.

ഇടത് വലത് മുന്നണികളെ കൂടാതെ കേന്ദ്രത്തില്‍ വളരെ മുമ്പെ പറഞ്ഞു നടന്നിരുന്ന മൂന്നാം മുന്നണി എന്ന ഒരു സങ്കല്പം ജനപക്ഷ മുന്നണി എന്നോ ജനകീയ വികസന മുന്നണി എന്നോ ജനപക്ഷ വികസന മുന്നണി എന്നോ മറ്റേതോ പേരിലോ ഒക്കെയായി മത്സരരംഗത്ത് ഉണ്ട് എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.മാത്രമല്ല ബി.ജെ.പി,പി.ഡി.പി,എസ്.ഡി.പി.ഐ തുടങ്ങീ കുറേ പീ-പാര്‍ട്ടികളും രംഗത്തുണ്ട്.

യഥാര്‍ത്ഥത്തില്‍ നാം വോട്ട് ചെയ്യേണ്ടത് ആര്‍ക്കാണ്?അന്ധമായ രാഷ്ട്രീയ വിധേയത്വം പ്രകടിപ്പിച്ചുകൊണ്ട് സ്വന്തം മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്കോ അതല്ല നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച എതിര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കോ അതുമല്ല മൂന്നമത് ഒരു പാര്‍ട്ടിക്കൊ? ഇവിടെയാണ് വോട്ടര്‍മാരായ നാം ഓരോരുത്തരും നമ്മുടെ വോട്ടിന്റെ വില മനസ്സിലാക്കേണ്ടതും മനസ്സിലാക്കിപ്പിക്കേണ്ടതും.അഞ്ചു വര്‍ഷം സമയം ലഭിച്ചിട്ടും ഇതു വരെ ഒന്നും ചെയ്യാതെ ഇപ്പോള്‍ ഉത്ഘാടനരാമന്മാര്‍ ആകുന്നതും വാ തൊരാതെ പ്രസംഗിക്കുന്നതും കണ്ട് കെണിയില്‍ വീഴേണ്ട.അടുത്ത അഞ്ച് വര്‍ഷവും ഇവര്‍ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും വരാന്‍ പോകുന്നില്ല.

എന്റെ അഭിപ്രായത്തില്‍ ,മുന്നണി ഏത് ആണെങ്കിലും ഭരണനൈപുണ്യമുള്ളവര്‍ അധികാരത്തില്‍ എത്തണം.എന്നാലേ മികച്ച ഫലം ആ ടീമിന്റെ ഭരണത്തിലൂടെ ലഭ്യമാകൂ.നാടിന്റെ വികസനമാകണം പാര്‍ട്ടിയുടെ വികസനത്തിനെക്കാളും മുഖ്യം.മാത്രമല്ല തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി എന്ന ഒരു ചിന്തയോ മറ്റു വിഭാഗീയതകളോ എവിടേയും പ്രകടിപ്പിക്കാന്‍ പാടില്ല.“തെരഞ്ഞെടുപ്പ് ജയം “ ഈ മത്സരത്തിന്റെ അനിവാര്യ ഫലം മാത്രമാണെന്ന് ഓര്‍മ്മിക്കുക.അതായത് ജയവും പരാജയവും ഒരു മത്സര്‍ത്തിന്റെ രണ്ടു ഭാഗങ്ങളാണ്.ഒരാള്‍ ജയിക്കുമ്പോള്‍ മറ്റൊരാള്‍ തോല്‍ക്കും എന്നത് തീര്‍ച്ച.

തെരഞ്ഞെടുക്കപെട്ടവരെ തിരിച്ചു വിളിക്കാന്‍ നമ്മുടേ ജനാധിപത്യം അനുവദിക്കുന്നില്ല.അതിനാല്‍ തെരഞ്ഞെടുത്ത് അയക്കുന്നതിന്റെ മുമ്പ് തന്നെ ഓരോ സ്ഥാനാര്‍ത്ഥിയെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കിയതിന് ശേഷം മാത്രം നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കുക.

Saturday, October 09, 2010

ഒരു ഗള്‍ഫുകാരന്റെ വിലാപം.

ദിവസങ്ങള്‍ക്ക് മുമ്പ് വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡിന്റെ കോപി അറ്റെസ്റ്റ് ചെയ്യാനായി അനിയന്റെ ഒരു സുഹൃത്ത് എന്റെ അടുത്ത് വന്നു. യഥാര്‍ത്ഥത്തില്‍ പേര് കേട്ടിട്ട് എന്നെ തിരിച്ചറിയാതെയാണ് അവന്‍ എന്റെ വീട്ടില്‍ എത്തിയത്. എത്തിയപ്പോള്‍ അറിയുന്ന ആളാണല്ലോ എന്ന ആശ്വാസം അവന്റെ മുഖത്ത് ഞാന്‍ ദര്‍ശിച്ചു.പ്രത്യേകിച്ചും ശനിയാഴ്ച്ച രാത്രി ആയതിനാല്‍ പിറ്റേന്ന് അറ്റെസ്റ്റ് ചെയ്യാന്‍ ഒരു ഗസറ്റഡ് ഓഫീസറേയും കിട്ടാത്ത അവ്സ്ഥയില്‍ നിന്നുള്ള മോചനവും അവന്‍ പങ്കുവച്ചു.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന അവനോട് ഞാന്‍ അവന്റെ ഗള്‍ഫിലെ കാര്യങ്ങള്‍ വെറുതെ ചോദിച്ചു.ഏഴോ എട്ടോ കൊല്ലമാണ് അവന്‍ ഗള്‍ഫില്‍ ജോലി ചെയ്തത് എന്ന് പറഞ്ഞതായാണ് എന്റെ ഓര്‍മ.പക്ഷേ ഇനി ഗള്‍ഫിലേക്ക് പോകാന്‍ താല്പര്യമില്ല.നാട്ടില്‍ നല്ല ഫുട്ബാള്‍ കളിക്കാരനായിരുന്ന കാലത്താണ് അവന്‍ ഗള്‍ഫിലേക്ക് പോയത്.ഇനി പന്തു തട്ടാന്‍ ഒരു ബാല്യം അവനില്‍ കാണുന്നുമില്ല.അപ്പോള്‍ ഇനി എന്തു ജോലി എന്ന് ഞാന്‍ ആരാഞ്ഞു.

ഗള്‍ഫിനേക്കാളും മെച്ചം ഇപ്പോള്‍ ഇവിടെയാണ്.എന്ത് പണിക്കും നാനൂറ് രൂപയല്ലേ ദിവസ‌ക്കൂലി.പിന്നെ എന്തിന് വെറുതേ ഗള്‍ഫില്‍ പോകണം എന്നായിരുന്നു അവന്റെ മറുചോദ്യം.അത് ഞാനും സമ്മതിച്ചു.പക്ഷേ പ്രത്യേകിച്ച് ഒരു തൊഴിലിലും പ്രാവീണ്യം ഇല്ലാത്ത അവന്‍ എന്തു തൊഴില്‍ എടുക്കും എന്നായിരുന്നു എന്റെ സംശയം.അതിനുള്ള അവന്റെ മറുപടി ആയിരുന്നു ആ വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡിന്റെ കൂടെ അവന്‍ കൊണ്ടു വന്ന മറ്റൊരു ഫോം.

അരീക്കോട് ബസ്‌സ്റ്റാന്റില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്ന പിതാവ് വിരമിക്കുന്ന ഒഴിവിലേക്ക് മകന് കയറാനുള്ള അപേക്ഷ.ബസ്‌സ്റ്റാന്റിലെ പോര്‍ട്ടര്‍ പണി കിട്ടാനും ഇത്ര വലിയ കടമ്പകളൊ എന്ന എന്റെ സംശയം അവിടെ നിര്‍ത്തി അവന്‍ നാട്ടിലെ തന്നെ ഫുട്ബാള്‍ കോച്ച് ഗള്‍ഫില്‍ എത്തിയ വിവരം എന്നോട് പറഞ്ഞു.

ഒരു വീട്ടിലാണ് ഈ സുഹൃത്തിന് ജോലി.അറബി കുവൈത്തിലാണ്.വല്ലപ്പോഴും വരുമ്പോള്‍ മാത്രം എന്തെങ്കിലും പണി ഉണ്ടാകും.പക്ഷേ അവന്‍ അവിടെ നിന്നും പോരണം എന്ന് പറയുന്നു.കാരണം മറ്റൊന്നുമല്ല.വീട്ടുജോലിയില്‍ ചിലപ്പോള്‍ അവര്‍ കക്കൂസ് കഴുകാനും പറഞ്ഞേക്കും.അപ്പോള്‍ അത് ചെയ്യേണ്ടിയും വരും.ഇത് സഹിക്കാന്‍ ഈ പുതിയ ഗള്‍ഫുകാരന് സാധിക്കുന്നില്ല.

ഞാന്‍ എന്റെ വീട്ടില്‍ വന്ന സുഹൃത്തിനോട്‌ പറഞ്ഞു.”എന്റെ ബാപ്പ ചെറുപ്പം മുതലേ ഞങ്ങള്‍ മക്കളെക്കൊണ്ട് കക്കൂസ് വൃത്തിയാക്കിക്കുമായിരുന്നു.അവനവന്‍ ഉപയോഗിക്കുന്ന കക്കൂസ് വൃത്തിയാക്കാന്‍ സാധിക്കുമെങ്കില്‍ മറ്റൊരു സ്ഥലത്ത് ജോലിയുടെ ഭാഗമായി അത് ചെയ്യാന്‍ നമുക്ക് ഒരു പ്രയാസവും നേരിടില്ല.പക്ഷേ സ്വന്തം വീട്ടില്‍ ഒരിക്കലെങ്കിലും കക്കൂസ് വൃത്തിയാക്കാത്തവന്‍ അത് ഒരു വൃത്തികെട്ട ജോലിയായി ഗണിക്കും ”

“അതേ, ഗള്‍ഫില്‍ ഞങ്ങളുടെ താമസ സ്ഥലത്തും ആഴ്ചയില്‍ ഓരോരുത്തരായി കക്കൂസ് വൃത്തിയാക്കുന്നു.അല്ലാത്തവന്‍ അത് ഉപയോഗിക്കേണ്ട എന്നാണ് എന്റെ കാഴ്ചപ്പാട്‌“ ആഗതന്റെ മറുപടി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

ഇന്നത്തെ യുവതീ-യുവാക്കള്‍ സ്വന്തം വീട്ടിലെ ഇത്തരം ചില പണികള്‍ വരെ ചെയ്യാന്‍ മടി കാട്ടുന്നു.നാളെ മറ്റൊരു വീട്ടില്‍ അന്നത്തിന് വേണ്ടി ഈ പണി ചെയ്യേണ്ടി വരുമ്പോളാണ് അവന് യാഥര്‍ത്ഥ്യം മനസ്സിലാവുക.

Friday, October 01, 2010

മാപ് - കോഴിക്കോടിന്റെ ഒരു സ്വപ്നപദ്ധതി.

കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ ഒരു കലാലയത്തിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് കഴിഞ്ഞ ദിവസം എനിക്ക് കോഴിക്കോട്‌ ജില്ലാ കളക്ടറുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി.ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ല പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്ന യജ്ഞത്തിന്റെ ആരംഭം കുറിക്കാനുള്ള യോഗത്തിന്റെ കൂടിയാലോചനക്കായിട്ടായിരുന്നു മറ്റു പല ഓഫീസര്‍മാരുടേയും പൊതുപ്രവര്‍ത്തകരുടേയും കൂടെ എനിക്കും, കളക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.

MAP (Mass Awareness for Plastic waste free Kozhikkode) എന്ന സ്വപ്ന പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിക്കുകയാണ്.ഇതിന്റെ ഭാഗമായി നാളെ കോഴിക്കോട് ബീച്ചില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ സംഗമിക്കുന്ന ഒരു ബൃഹത്പരിപാടി വിഭാവനം ചെയ്തിട്ടുണ്ട്.സാംസ്കാരിക രംഗത്തെ പലരും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.നാളെ പദ്ധതിപ്രഖ്യാപനസംഗമത്തില്‍ തന്നെ ഭരത് സുരേഷ്‌ഗോപിയും മറ്റും പങ്കെടുക്കും എന്നറിയിച്ചിട്ടുണ്ട്.മുന്‍ രാഷ്ട്രപതി ശ്രീ.എ.പി.ജെ.അബ്ദുല്‍ കലാമും പരിപാടിയുടെ ഭാഗമായി മറ്റൊരു ദിവസം കോഴിക്കോട് എത്തുന്നുണ്ട്.

ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങി ഈ വരുന്ന റിപബ്ലിക് ദിനത്തില്‍ ലക്ഷ്യം നേടുന്ന വിധത്തിലാണ് ഇപ്പോള്‍ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.ബോധവല്‍ക്കരണം,കൂടുതല്‍ ഉപയോഗിക്കുന്ന രംഗങ്ങള്‍ കണ്ടെത്തി അവിടെ നിയന്ത്രണം ഏര്‍പ്പെടുത്തല്‍,പ്ലാസ്റ്റിക്കിന് പകരം സാധനം കണ്ടെത്തലും ഉപയോഗപ്പെടുത്തലും, നിയമം കൊണ്ട് തടയല്‍ , കളക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കല്‍ തുടങ്ങി അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.വിദ്യാര്‍ത്ഥി-അദ്ധ്യാപക സമൂഹത്തെ മുഴുവന്‍ ഫലപ്രദമായി ഇതിന് ഉപയോഗിക്കാനും ധാരണയുണ്ട്.

ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് മാലിന്യ വിമുക്ത ജില്ലയാകാന്‍ പോകുന്ന കോഴിക്കോടിന്റെ ഈ സ്വപ്നപദ്ധതിയില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞ ഒരു മലപ്പുറംകാരനാണ് ഞാന്‍.പ്ലാസ്റ്റിക്ക് കാരിബാഗുകള്‍(കീസുകള്‍) പരമാവധി ഒഴിവാക്കാന്‍ ബിഗ്‌ഷോപ്പര്‍ കൊണ്ടുനടക്കുന്ന എനിക്ക് ഈ ആശയം നന്നായി തോന്നി.ഔദ്യോഗികമായി അതിന് ഒരു നേതൃത്വം നല്‍കി അതൊരു വലിയപരിപാടിയാക്കി മാറ്റാന്‍ സന്മനസ്സ് കാണിച്ച കോഴിക്കോട് ജില്ലാ കളക്ടറെ ഈ അവസരത്തില്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.

കോഴിക്കോട് ജില്ല എന്നല്ല കേരളം മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാന്‍ നമുക്കും നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങാം.സാധനം വാങ്ങാന്‍ അങ്ങാടിയില്‍ പോകുമ്പോള്‍ ഇന്നു മുതല്‍ ദയവ് ചെയ്ത് ഒരു തുണി സഞ്ചിയോ ബിഗ്‌ഷോപ്പറോ അതുമല്ലെങ്കില്‍ നേരത്തെ നിങ്ങള്‍ വീട്ടിലെത്തിച്ച പ്ലാസ്റ്റിക് കാരിബാഗ് തന്നെയോ ഒപ്പം കരുതുക.ഭൂമിയെ മൂന്ന് പ്രാവശ്യം മൂടാനുള്ള പ്ലാസ്റ്റിക്ക് മാലിന്യം ഇപ്പോള്‍ ഭൂമിയിലുണ്ട് എന്ന ദുരന്തസത്യം മനസ്സിലാക്കി നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുക.