Pages

Thursday, June 16, 2011

ഇന്ത്യന്‍ ഫുട്‌ബാള്‍ ടീമില്‍ രണ്ട് അരീക്കോട്ടുകാര്‍ !

ഞങ്ങള്‍ അരീക്കോട്ടുകാര്‍ക്ക് ഇന്ന് അഭിമാനത്തിന്റേയും സന്തോഷത്തിന്റെയും ദിനമായിരുന്നു.മറ്റൊന്നും കൊണ്ടല്ല, കേരളത്തിലെ ഫുട്‌ബാളിന്റെ മെക്ക എന്നറിയപ്പെടുന്ന അരീക്കോട്ട് നിന്നും ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ രണ്ട് പേരെ തെരഞ്ഞെടുത്തു.ഇന്ത്യാ മഹാരാജ്യത്തിലെ 121 കോടി ജനങ്ങള്‍ക്കിടയില്‍ നിന്ന് തെരഞെടുത്ത 18 പേരില്‍ രണ്ട് പേര്‍ ഈ കൊച്ചുഗ്രാമത്തില്‍ നിന്നാകുമ്പോള്‍ അതിന്റെ സന്തോഷം പറഞ്ഞറിയിക്കന്‍ വയ്യ.

ഖത്തറിനെതിരായ പ്രീ-ഒളിമ്പിക് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍ 23 ടീമിലാണ് അരീക്കോട്ടുകാരായ എം.പി.സക്കീറും ഷഹബാസ് സലീലും ഇടം പിടിച്ചത്. ജൂണ്‍ 19ന് ദോഹയിലും 23ന് പുണെയിലും ആണ് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍.

സക്കീര്‍ എന്റെ അനിയന്റെ അടുത്ത സുഹൃത്തും വീട്ടിലെ നിത്യസന്ദര്‍ശകനും ആണ്.സലീല്‍ എന്റെ ഭാര്യയുടെ മൂത്താപ്പയുടെ കുടുംബത്തില്‍ പെടുന്നവനുമാണ്.അതുകൊണ്ട് തന്നെ ഇവര്‍ രണ്ടു പേരുടേയും ഇന്ത്യന്‍ ടീം പ്രവേശനം എനിക്ക് കൂടുതല്‍ ആഹ്ലാദം നല്‍കുന്നു.ക്രിക്കറ്റിന് അമിത പ്രാധാന്യം നല്‍കുന്ന നമ്മുടെ നാട്ടില്‍ ഫുട്‌ബാളിനെ നെഞ്ചിലേറ്റിയ ഒരു നാടിനുള്ള സമ്മാനമാണ് ഈ യുവാക്കളുടെ ഇന്ത്യന്‍ ടീം പ്രവേശനം.

Sunday, June 12, 2011

ദ്വീപിലെ ജീപ്പും കോരുകുട്ട്യേട്ടന്റെ സൈക്കിളും - ലക്ഷദ്വീപ് യാത്ര ഭാഗം 10

കഥ ഇതുവരെ

ജമാലിന്റെ വീട്ടിലെ മിഡ്‌നൂണ്‍ ബ്രേക്ക്‍ഫാസ്റ്റ് മൂക്ക് മുട്ടിയപ്പോഴാണ് ജമാലിന്റെ അടുത്ത അറിയിപ്പ് വന്നത്.

“ഉച്ചയ്ക്കും ഊണ് ഇവിടെത്തന്നെ!”

“ങേ!!!” ഞങ്ങള്‍ പന്ത്രണ്ട് പേരും ഞെട്ടി.അറബിക്കടലില്‍ വീണ്ടും സുനാമി രൂപപ്പെടാതിരിക്കാന്‍ ഞങ്ങളുടെ ഞെട്ടല്‍ അവിടെത്തന്നെ ഉടൻ പിടിച്ചുകെട്ടി.

“ഇനി ഊണും ഇവിടുന്നു വേണോ ജമാലേ?” ഞാന്‍ ചോദിച്ചു.

“ഊണ്‍ ഇവിടെ റെഡിയായി കഴിഞ്ഞു.നിങ്ങള്‍ റൂമില്‍ പോയി അല്പം കൂടി വിശ്രമിക്ക്.ഊണുകഴിച്ച് വെയിലൊന്നാറിയിട്ട് ഇന്ന് നമുക്ക് വടക്ക് കാണാന്‍ പോകാം....”

“എന്ത്, വടക്ക് കാണുകയോ?” അബൂബക്കര്‍ മാഷ് സംശയമുന്നയിച്ചു.

“അതേ...കടമത്ത് ദ്വീപിന്റെ വടക്ക് ഭാഗം.ആകെ പതിനൊന്ന് കിലൊമീറ്റര്‍ നീളത്തിലുള്ള കടമത്ത് ദ്വീപിന്റെ മധ്യഭാഗത്താണ് ഇപ്പോള്‍ നിങ്ങളുള്ളത്.ഇന്ന് വടക്ക് കാണാം.നാളെ തെക്കോട്ട് പോകാം.ഞാന്‍ ഒരു റൂഫില്ലാ ജീപ്പ് ഏല്പിച്ചിട്ടുണ്ട്.അവന്‍ മൂന്ന് മണിക്ക് ഇവിടെ വരും..” ജമാല്‍ പരിപാടി വിശദീകരിച്ചു.

“ശരി...അപ്പോള്‍ അടുത്ത തട്ടലിന് വീണ്ടും കാണാം...” എല്ലാവരും ബൈ പറഞ്ഞിറങ്ങി.

റൂമിന്റെ മുന്മ്പിലെത്തിയപ്പോള്‍ ഞങ്ങളുടെ കപ്പലില്‍ ഉണ്ടായിരുന്ന വിദേശികളടക്കമുള്ള ടൂറിസ്റ്റുകളേയും വഹിച്ചു കൊണ്ട് ഒരു ‘നായ്കുറുക്കന്‍’ (ജീപ്പും ടെമ്പോയും അല്ലാത്ത വാഹനത്തെ ഞങ്ങള്‍ വിളിക്കുന്ന പേര്) കടന്നുപോയി.തമിഴ്നാട്ടില്‍ അണ്ണന്മാരെ ഈ വിധത്തില്‍ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്.ഇത്രേം കാശു മുടക്കി ഇവിടെ എത്തിയ ഈ ടൂറിസ്റ്റുകള്‍ക്കും വന്നല്ലോ അണ്ണാച്ചിയുടെ ഗതി എന്നോര്‍ത്ത് ഞാന്‍ സഹതപിച്ചു.അല്പ സമയത്തിനകം ജമാലിന്റെ ഫോണ്‍ വന്നു.

“ആബിദേ...ജീപ്പിന് ബ്രേക്ക് കുറവാണെന്ന്...”

“അതിനെന്താ...ഡ്രൈവ് ചെയ്യുന്നത് ഡ്രൈവര്‍ അല്ലേ..?മെല്ലെ പോകാം....”

“അതുശരിയാ...പക്ഷേ ക്ലച്ചിനും എന്തോ ഒരു....”

“റൂഫില്ല...ബ്രേക്കില്ല...ക്ലച്ചില്ല...അത് ജീപ്പോ അതോ കോരുകുട്ട്യേട്ടന്റെ സൈക്കിളോ?” എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

“പ്രശ്നമില്ല...പകരം ഞാന്‍ ഒരു വാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്...”

“എല്ലാവരെയും കൊള്ളോ?”

“കൊള്ളും...രണ്ട് ബെഞ്ച് ഇട്ടാല്‍ മതി...”

“ങേ!വാനിനകത്ത് ബെഞ്ച് ഇടുകയോ?” ഞാന്‍ വീണ്ടും അങ്കലാപ്പിലായി.

“ആ..അതു വരുമ്പോ കാണാം...”

അപ്പോഴാണ് തൊട്ടുമുമ്പ് ടൂറിസ്റ്റുകള്‍ പോയ ആ കാഴ്ച എന്റെ മനസ്സില്‍ വീണ്ടും എത്തിയത്.തമിഴ്നാട്ടില്‍ അണ്ണന്മാരുടെ ഗതി കോഴിക്കോട്ടെ ഈ പൊണ്ണന്മാര്‍ക്കും വന്നല്ലോ എന്നോര്‍ത്ത് എന്റെ മനസ്സ് വീണ്ടും സഹതപിച്ചു.

രണ്ട് മണി ആകുമ്പോഴേക്കും ഞങ്ങള്‍ വീണ്ടും ജമാലിന്റെ വീട്ടിലെത്തി.ഇത്തവണ ജമാല്‍ ബുഫെ സംവിധാനമൊരുക്കിയതിനാല്‍ ആദ്യം ചാടിക്കയറി ഇരുന്ന ഞാന്‍ വീണ്ടും വിഷണ്ണനായി.അല്പം മുമ്പ് ഒരു ബ്രേക്ക്ഫാസ്റ്റ് ശരവേഗത്തില്‍ ഇതേ അന്നനാളത്തിലൂടെ കടന്നുപോയിരുന്നു എന്ന സൂചന പോലും ആരുടെ മുഖവും കാണിച്ചില്ല.ട്യൂണ (വെള്ളസൂദ) എന്ന മത്സ്യം പ്രത്യേക രീതിയില്‍ സംസ്കരിച്ചതിന് ശേഷം അതു കൊണ്ടുണ്ടാക്കുന്ന വിവിധ വിഭവങ്ങളായിരുന്നു ഉച്ചയൂണിന്റെ പ്രത്യേകത.മാസ് എന്ന പേരില്‍ കേരളത്തിലും ഇത് ലഭ്യമാണ്.ദ്വീപില്‍ തന്നെ കിലോക്ക് 300 രൂപയില്‍ അധികം വിലയുണ്ട്.

ഊണ് കഴിച്ചിരിക്കുമ്പോഴാണ് ഞാന്‍ ചില സംഗതികള്‍ ശ്രദ്ധിച്ചത്.പഴയ തറവാട്ടിലെപ്പോലെ ജനലുകള്‍ക്ക് അഴികള്‍ ഇല്ലായിരുന്നു.ഞാന്‍ ജമാലിനോട് ഇതേ പറ്റി ചോദിച്ചു.

“ദ്വീപില്‍ കള്ളന്മാരില്ല, ഒളിഞ്ഞു നോട്ടവുമില്ല.അപ്പോള്‍ അഴിയുടെ ആവശ്യം ഇല്ല.പക്ഷേ ഇപ്പോള്‍ കരയില്‍ നിന്നുള്ള ആളുകള്‍ കൂടുതല്‍ വരുന്നതിനാല്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്...” കരവാസികളായ ഞങ്ങള്‍ക്ക് തലതാഴ്ത്തേണ്ടി വന്നു.

“ഈ കോഴികള്‍ക്കെന്താ ഒരു കെട്ട്?” പുറത്ത് കണ്ട കോഴിയെ ചൂണ്ടി ഞാന്‍ ചോദിച്ചു.

“അത് കോഴിയെ തിരിച്ചറിയാനാ... കുറുക്കന്മാരില്ലാത്തതിനാല്‍ കോഴികള്‍ക്ക് കൂടുമില്ല...അവ ഏതെങ്കിലും വീട്ടിലെ മരത്തിലോ മച്ചിന്റെപുറത്തോ അന്തിയുറങ്ങും...” ജമാല്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ മൂക്കത്ത് വിരല്‍ വച്ചു.

“ആഹാ...അപ്പോള്‍ കോഴിക്കള്ളന്മാരും ഇല്ലല്ലേ?” അബൂബക്കര്‍ മാഷുടെ തനി നിറം ചോദ്യത്തിലൂടെ പുറത്തു ചാടി.

“ഇതുവരെ ഉണ്ടായിരുന്നില്ല.കരവാസികള്‍ കൂടിയതോടെ കോഴിമോഷണം പോകലും തുടങ്ങി...”ജമാല്‍ വീണ്ടും ഞങ്ങളെ തലതാഴ്ത്തിപ്പിച്ചു.

“കാക്കകളെ കാണുന്നേ ഇല്ലല്ലോ...?”

“ആ...ദ്വീപില്‍ കാക്കകള്‍ ഇല്ല.അതിന് പിന്നില്‍ ഒരു കഥയുണ്ട്....”

“ആഹാ...കേള്‍ക്കട്ടെ...” ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആ കഥ കേള്‍ക്കാന്‍ കൊതിയായി.

“അത്...പിന്നെ പറഞ്ഞുതരാം...ഇപ്പോള്‍ നമുക്ക് വടക്ക് പോകാന്‍ സമയമായി...”

“ഓകെ...പക്ഷേ ഞങ്ങള്‍ക്ക് ആ കഥ കേള്‍ക്കണം...”

“ഷുവര്‍...ആ കഥയില്ലാ കഥ കഥയില്ലാത്തവരെ അല്ലാതെ ആരെ കേള്‍പ്പിക്കാന്‍ അല്ലേ ആബിദേ?” ജമാല്‍ നിറഞ്ഞ ചിരിയോടെ ഞങ്ങളെ വീണ്ടും ഇരുത്തി.

(തുടരും...)

Saturday, June 11, 2011

നാഷനല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ് 2011 - പോണ്ടിച്ചേരി

തികച്ചും അപ്രതീക്ഷിതമായി എനിക്കും എന്റെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിലെ പത്ത് ആക്ടീവ് വളണ്ടിയര്‍മാര്‍ക്കും,പോണ്ടിച്ചേരിയില്‍ വച്ച് നടന്ന നാഷനല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ് 2011ല്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.കേരള ടീമിനെ പ്രതിനിധീകരിച്ചായിരുന്നു ഞങ്ങള്‍ പങ്കെടുത്തിരുന്നത്.

നാഷനല്‍ ഇന്റഗ്രേഷന്‍ എന്ന് പലതവണ കേട്ടും പറഞ്ഞും മാത്രമേ ശീലമുണ്ടായിരുന്നുള്ളൂ.’നാനാത്വത്തില്‍ ഏകത്വം’ എന്ന് എട്ടാം ക്ലാസ്സിലോ ഒമ്പതാം ക്ലാസ്സിലോ സാമൂഹ്യശാസ്ത്രത്തില്‍ ഒരു പേജ് ഉപന്യാസം എഴുതി നിറച്ചതും ഓര്‍മ്മയുണ്ട്.പക്ഷേ ഇന്ത്യയുടെ വൈവിധ്യം , അതിന്റെ ആഴം, നാം എല്ലാവരും ഇന്ത്യക്കാരാണെന്ന ആ ഉറച്ച ബന്ധം എല്ലാം ഈ ക്യാമ്പിലൂടെ ഞാനും എന്റെ 10 മക്കളും നേരിട്ട് മനസ്സിലാക്കി.

പല നാട്ടില്‍ നിന്നും വരുന്ന കുട്ടികളും പ്രോഗ്രാം ഓഫീസര്‍മാരും.അവരുടെ മുമ്പില്‍ കേരളത്തിന്റെ തനത് കലകളും ആചാരങ്ങളും എന്തെന്നും നമ്മുടെ ജീവിത രീതി എന്തെന്നും അവതരിപ്പിച്ച് കേരളത്തെ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന വലിയ ദൌത്യമായിരുന്നു ഞങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരുന്നത്. ദൈവഹിതത്താല്‍ അത് വളരെ ഭംഗിയായി നിര്‍വ്വഹിച്ചുകൊണ്ട് ക്യാമ്പിലെ ഓരോ അംഗത്തേയും ഒരിക്കലെങ്കിലും കേരളത്തിലേക്ക് വരാന്‍ പ്രേരിപ്പിപ്പിക്കുന്ന രൂപത്തില്‍ ഈ ക്യാമ്പിനെ മാറ്റി എടുക്കാന്‍ എന്റെ ടീമിന് സാധിച്ചു.

ഒരു നാഷനല്‍ ലെവല്‍ ക്യാമ്പില്‍ കണ്ടിജന്റ് ലീഡറായി പോയുള്ള പരിചയം ഇതുവരെ എനിക്കുണ്ടായിരുന്നില്ല.എന്റെ 10 വളണ്ടിയര്‍മാരും ഒരു നാഷനല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടായിരുന്നു.ക്യാമ്പില്‍ എത്തിയ മിക്ക പ്രോഗ്രാം ഓഫീസര്‍മാരും വളണ്ടിയര്‍മാരും പലതവണ ഇത്തരം ക്യാമ്പില്‍ പങ്കെടുത്ത് പരിചയമുള്ളവരായിരുന്നു.അവരുടെ മുമ്പില്‍ ശിശുവായ ഞാനും എന്റെ മക്കളും എന്ത് ചെയ്യും എന്ന ചെറിയ ‘ധൈര്യം’ ക്യാമ്പ് തുടങ്ങിയ ഉടന്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരുമായി അടുത്തിടപഴകിയതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു.ഓരോ ദിവസം പിന്നിടുന്തോറും കേരള ടീമിനെ എല്ലാവര്‍ക്കും വേണം എന്ന രൂപത്തില്‍ എത്തിക്കാന്‍ എന്റെ മക്കള്‍ക്ക് സാധിച്ചു .പിന്നില്‍ ഒരു കാഴ്ചക്കാരനായി മാത്രം ഞാന്‍ നിന്നു.

ഉത്തര്‍പ്രദേശ്,ആസാം,ഒഡീസ,ഗുജറാത്ത്,മധ്യപ്രദേശ്,ആന്ധ്രപ്രദേശ്,കര്‍ണ്ണാടക,തമിഴ്‌നാട്,കേരളം,പോണ്ടിച്ചേരി തുടങ്ങീ പത്ത് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പത്ത് വളന്റിയര്‍മാരും‍(അഞ്ച് ആണ്‍,അഞ്ച് പെണ്‍)ഓരൊ പ്രോഗ്രാം ഓഫീസറും ആയിരുന്നു ഒരു ടീമില്‍ ഉണ്ടായിരുന്നത്. ചില സംസ്ഥാന ടീമുകളില്‍ അംഗങ്ങള്‍ ആയവര്‍ യഥാര്‍ത്ഥത്തില്‍ മറ്റ് സംസ്ഥാനവാസികള്‍ ആയതിനാല്‍ ഇന്ത്യയുടെ ഒരു മിനി പരിച്ഛേദം തന്നെ അവിടെ ഉണ്ടായിരുന്നു.

മെയ് 23 മുതല്‍ 29 വരെ ഏഴ് ദിവസം പോണ്ടിച്ചേരി യൂത്ത്‌ഹോസ്റ്റലില്‍ വച്ചായിരുന്നു ക്യാമ്പ്. “യുവത - സംസ്കാരത്തിന്റേയും പൈതൃകത്തിന്റേയും സംരക്ഷണത്തിന്” എന്നതായിരുന്നു ക്യാമ്പിന്റെ തീം.രാവിലെ ആറ് മണിക്ക് യോഗാസനത്തോട് കൂടി ക്യാമ്പ് തുടങ്ങും.പിന്നെ പ്രാതല്‍.ശേഷം എന്തെങ്കിലും ശ്രമദാനം.അതുകഴിഞ്ഞ് ഏതെങ്കിലും ഒരു വിഷയത്തില്‍ പാനല്‍ ഡിസ്കഷന്‍.ഊണിന് ശേഷംഏതെങ്കിലും ഒരു വിഷയത്തില്‍ ക്ലാസ്സ്.വൈകിട്ട് ചായക്ക് ശേഷം മത്സരങ്ങള്‍.രാത്രി കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍.ഇതായിരുന്നു ക്യാമ്പ് ചര്യ.ഇടക്ക് ഒരു ദിവസം ഉച്ചക്ക് ശേഷം പോണ്ടിച്ചേരി സൈറ്റ്സീയിങും ഉണ്ടായിരുന്നു.

വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങള്‍ അവരുടെ സംസ്കാരവും ജീവിതരീതികളും വിളിച്ചോതുന്നതായിരുന്നു.തങ്ങളുടെ നാടിന്റെ പാരമ്പര്യകലകളും പൈതൃകവും നന്നായി അവതരിപ്പിക്കാന്‍ എല്ലാ സംസ്ഥാന പ്രതിനിധികളും മത്സരിച്ചു.കേരള ടീം എന്ന നിലയില്‍ വഞ്ചിപ്പാട്ടും നാടന്‍പാട്ടും ഒപ്പനയും തിരുവാതിരയും വിവിധ ദിവസങ്ങളിലായി ഞങ്ങളും അവതരിപ്പിച്ചു.പരിമിതികള്‍ക്കുള്ളില്‍ നിന്ന് അവതരിപ്പിച്ചതായിട്ടും മറ്റ് ടീമുകളുടെ പ്രശംസ പിടിച്ചുപറ്റാന്‍ സാധിച്ചു.കൂടാതെ വെസ്റ്റേണ്‍ ഡാന്‍സും എന്റെ ടീമംഗം അവതരിപ്പിച്ചു. മക്കളോടൊപ്പം കള്‍ച്ചറല്‍ പ്രോഗ്രാമുകളില്‍ ഞാനും പങ്കെടുത്തു.മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ നിയാസ്,മന്‍സൂര്‍,ശരത്,ജോയല്‍,ഫാസില്‍,അമീന്‍,ആരതി,കുങ്കുമ,അഞ്ജലി,രേശ്മ എന്നിവരായിരുന്നു കേരള ടീമിനെ പ്രതിനിധീകരിച്ചുള്ള എന്റെ വളണ്ടിയര്‍മാര്‍.

വാല്‍:ക്യാമ്പിന് പോകാന്‍ വളണ്ടിയര്‍മാരുടെ പിന്നാലെ നടന്ന എന്നോട് ഇപ്പോള്‍ മറ്റ് വളണ്ടിയര്‍മാര്‍ ചോദിക്കുന്നത് “സാര്‍ അടുത്ത ക്യാമ്പ് എന്നാ ?”

Sunday, June 05, 2011

മരമണ്ടന്‍!

അദ്ധ്യാപകന്‍: ഒന്നും ഒന്നും എത്രയാ ?

വിദ്യാര്‍ത്ഥി: ഇമ്മിണി ബല്യ ഒന്ന്

അദ്ധ്യാപകന്‍:ഓ...നീ വല്യ സാഹിത്യകാരന്‍ ആകാനായിരിക്കും...മരമണ്ടന്‍.

വിദ്യാര്‍ത്ഥി:നാളെ മരം നടാ‍നുള്ളത് കൊണ്ടാണോ എന്നെ മരമണ്ടന്‍ എന്ന് വിളിച്ചത്?

അദ്ധ്യാപകന്‍:ങേ!!!!!

Saturday, May 21, 2011

കേരള ക്യാപ്റ്റന്‍ അരീക്കോടന്‍ !!!!!!!

അരീക്കോടന്‍ കൊച്ചിന്‍ ടസ്കേഴ്സ് കേരളയുടെ ക്യാപ്റ്റന്‍ ആയി എന്നു പറഞ്ഞാല്‍ നിങ്ങള്‍ ആരും വിശ്വസിക്കില്ല.സന്തോഷ്‌ട്രോഫി ടീമിന്റെ ക്യാപ്റ്റന്‍ ആയി എന്ന് പറഞ്ഞാല്‍, ഒരു അരീക്കോട്ടുകാരന്‍ എന്നതിനാല്‍ ചിലരെങ്കിലും വിശ്വസിച്ചേക്കാം.വിശ്വസിച്ചാലും ഇല്ലെങ്കിലും അരീക്കോടനും ഒരു കേരള ടീമിന്റെ ക്യാപ്റ്റന്‍ ആയിരിക്കുന്നു!!!

മെയ് 23 മുതല്‍ 29 വരെ പോണ്ടിച്ചേരിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഇന്റെഗ്രേഷന്‍ ക്യാമ്പില്‍(മലയാളത്തില്‍ എഴുതിയാല്‍ അക്ഷരപ്പിശാച് കടന്നു കൂടും!) ഇത്തവണ കേരളത്തെ പ്രതിനിധീകരിക്കുന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ എന്‍.എസ്.എസ് (നാഷണല്‍ സര്‍വീസ് സ്കീം) സെല്‍ ആണ്.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിക്കുന്നത് ഞാന്‍ പ്രോഗ്രാം ഓഫീസര്‍ ആയ കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജും.എന്റെ കോളേജില്‍ നിന്നുള്ള പത്ത് എന്‍.എസ്.എസ് വളന്റിയര്‍മാര്‍ക്ക് ഒരുമിച്ച് ഒരു ദേശീയ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അസുലഭ സൌഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്.ആ ടീമിന്റെ ലീഡറായി ഈ അരീക്കോടനും നാളെ പോണ്ടിയിലേക്ക് വണ്ടി കയറുന്നു!

അപ്പോള്‍ ഇനി പോണ്ടിയിലേക്കുള്ള വണ്ടിയും തുടര്‍ക്കഥകളും സഹിക്കാന്‍ തയ്യാറായിക്കൊള്ളുക.

ഒരു പ്രത്യേക അറിയിപ്പ്:ഈ ആഴ്ചത്തെ പ്രതിവാരക്കുറിപ്പ് അടുത്ത ആഴ്ചയും അതിനടുത്തത് പിറ്റേ ആഴ്ചയും അതിന്ന് ശേഷമുള്ളത് അത് കഴിഞ്ഞുള്ള ആഴ്ചയും പിന്നെ വരുന്ന ആഴ്ചയിലേത് അന്ന് വരുന്ന ആഴ്ചയിലും പ്രസിദ്ധീകരിക്കുന്നതാണ്!