Pages

Wednesday, August 10, 2016

സൗജന്യ സേവനങ്ങൾ - വനം വന്യ ജീവി വകുപ്പ്

          കേരളം എന്നാൽ പലരുടെയും മനസ്സിലേക്ക് ഓടിവരുന്നത് പലതരം ചിത്രങ്ങളാണ്. തീർച്ചയായും ദൈവത്തിന്റെ സ്വന്തം നാട് എന്ന ഒരു പേര് കേരളത്തിന് പതിച്ച് നൽകിയത് അതിന്റെ പ്രകൃതി രമണീയത കൊണ്ടാണ് എന്ന ഞാൻ കരുതുന്നു (കേരളീയരുടെ പെരുമാറ്റവും കാരണമായിരുന്നെങ്കിലും ഇന്ന് അത് ചോദ്യം ചെയ്യപ്പെടുന്നു). പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു നാടാണ് കേരളം. 44 നദികളും നിരവധി കായലുകളും വനങ്ങളും മനുഷ്യരും മറ്റു മൃഗങ്ങളും പക്ഷികളും എല്ലാം ഉള്ള ഒരു തുരുത്ത് ആണ് കേരളം എന്ന് പറയാം. ഈ തുരുത്തിന്റെ ഭംഗി കാത്തുസൂക്ഷിക്കേണ്ടത് ഇവിടത്തെ നിവാസികൾ തന്നെയാണ്. അതിന് സഹായിക്കുന്ന , പ്രവർത്തിക്കുന്ന നിരവധി ഡിപ്പാർട്മെന്റുകളെക്കുറിച്ച് മുൻ കുറിപ്പുകളിൽ ഞാൻ സൂചിപ്പിച്ചിരുന്നു.

          കേരളത്തിന്റെ വിനോദ സഞ്ചാര രംഗത്തും പരിസ്ഥിതി സംരക്ഷണ രംഗത്തും ഒരേ പോലെ പ്രാധാന്യമുള്ള ഒരു വകുപ്പാണ് കേരളാ വനം വന്യ ജീവി വകുപ്പ്. 14 വന്യജീവി സങ്കേതങ്ങളും 6 നാഷണൽ പാർക്കുകളും നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ട് എന്നത് തന്നെ ഈ ഡിപ്പാർട്ട്മെന്റിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.വന സംരക്ഷണത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ഈ വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. ഇതിൽ പലതിലും പൊതുജന പങ്കാളിത്തവും വകുപ്പ് തേടുന്നുണ്ട്.

          വനം വന്യ ജീവി വകുപ്പിന്റെ വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ് സാമൂഹ്യ വനവൽക്കരണം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വച്ച് പിടിപ്പിക്കാനുള്ള വിവിധ തരത്തിലുള്ള വൃക്ഷത്തൈകൾ വനം വകുപ്പ് സൗജന്യമായി നൽകുന്നുണ്ട്. വനം വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ വനവൽക്കരണ വിഭാഗത്തിൽ മെയ് മാസത്തിൽ തന്നെ അപേക്ഷ നൽകിയാൽ സ്‌കൂളുകൾക്കും കോളേജുകൾക്കും യൂത്ത് ക്ലബ്ബ്കൾക്കും ഇത്തരം പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റു സംഘടനകൾക്കും എല്ലാം സൗജന്യമായി തൈകൾ നൽകും. ഈ വര്ഷം  എന്റെ കോളേജിലേക്ക് 200 തൈകൾക്ക് വേണ്ടി അപേക്ഷ നൽകി. 200 തൈകൾ കോളേജ് കാമ്പസ്സിൽ എത്തിച്ച് തന്നു കൊണ്ട് ഡിപ്പാർട്ട്മെന്റ് മാതൃക കാട്ടി.

            ഇതേ വകുപ്പിന്റെ വളരെ ശ്ലാഘനീയമായ ഒരു പ്രവർത്തനമാണ് പൊതുജനങ്ങൾക്കും വിദ്യാര്തഥികൾക്കുമായുള്ള പ്രകൃതി പഠന ക്യാംപുകൾ.കേരളത്തിലെ ഒട്ടു മിക്ക വന്യജീവി സങ്കേതങ്ങളിലും ചില നാഷണൽ പാർക്കുകളിലും വനം വകുപ്പിന്റെ നേതൃത്വത്തിൽ ഏകദിനം മുതൽ ത്രിദിനം വരെയുള്ള ക്യാംപുകൾ നടത്തുന്നുണ്ട്.ഒരു ക്യാംപിൽ 40 മുതൽ 45 വരെ അംഗങ്ങൾക്ക് പങ്കെടുക്കാം.ക്യാമ്പ് ചെയ്യാനുദ്ദേശിക്കുന്ന വന്യജീവി സങ്കേതം ഉൾകൊള്ളുന്ന ജില്ലയിലെ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ ഫോമും അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡന്റെ മേൽവിലാസവും വന്യജീവി സങ്കേതങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് (www.forest.kerala.gov.in ) .

              മറ്റു ജില്ലകളിലേക്ക് അപേക്ഷിക്കുമ്പോൾ ക്യാമ്പ് കിട്ടാനുള്ള  സാധ്യത കുറയും.അതാത് ജില്ലകളിലെ അപേക്ഷകൾക്കാണ് വകുപ്പ് മുൻഗണന നൽകുക.സ്വന്തം ജില്ലയിൽ ക്യാമ്പ് നടക്കുന്നില്ലെങ്കിൽ അവർക്ക് തൊട്ടടുത്ത ജില്ലകളിൽ അപേക്ഷ നൽകാം.സ്‌കൂളുകൾക്കും കോളേജുകൾക്കും പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബ്കൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം .മൂന്ന് ദിവസത്തെ ക്യാമ്പാണ് ഏറ്റവും പ്രയോജനപ്രദം.കാട്ടിനകത്തേക്കുള്ള  10-15 കിലോമീറ്റർ നടത്തം കാടിനെ അടുത്തറിയാൻ    ഏറെ സഹായകമാകും എന്നത് തീർച്ചയാണ്. വന്യജീവികളെ നേരിൽ കാണാനും അതിലൂടെ സാധിക്കും.വകുപ്പ് നൽകുന്ന വിവിധ പരിസ്ഥിതി അവബോധ ക്ളാസുകളും നമ്മെ ഒരു പരിസ്ഥിതി സ്നേഹിയാക്കി മാറ്റും.മൂന്ന് ദിവസത്തെ ഭക്ഷണവും താമസവും വനം വകുപ്പ് സൗജന്യമായി  നൽകും.

            എൻ.എസ്.എസ് വളന്റിയര്മാരെയും നയിച്ച് കൊണ്ട് അഞ്ച് പ്രകൃതി പഠന ക്യാമ്പുകൾക്ക് ഞാൻ പോയിട്ടുണ്ട്.അതിന്റെ അനുഭവങ്ങൾ പിന്നീട് പറയാം. ക്യാമ്പ് അനുവദിച്ച് കിട്ടാൻ അപേക്ഷ നൽകേണ്ടത് ജൂലൈ , ആഗസ്ത് മാസങ്ങളിലാണ്.

          സ്‌കൂളുകൾക്കും കോളേജുകൾക്കും ഉപയോഗപ്പെടുത്താവുന്ന മറ്റൊരു ഏജൻസിയാണ് കേരളാ ശുചിത്വ മിഷൻ.അതേപ്പറ്റി പിന്നീട്...

Monday, August 08, 2016

സൌജന്യ സേവനങ്ങൾ - പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്

            പരിസ്ഥിതി സംരക്ഷണം എന്നത് ഓരോ പൌരന്റെയും കടമയാണ് , ബാധ്യതയാണ്.നാം ജീവിച്ചപോലെ നമ്മുടെ പിന്‍‌ഗാമികള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്.   അതിനുതകുന്ന വിധത്തില്‍ ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതി സംരക്ഷണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തികമായും സാങ്കേതികമായും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും പിന്തുണ നല്‍കുന്നതും  പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് (http://www.envt.kerala.gov.in/) ആണ്.
              
            കോളേജുകളിലും സ്കൂളുകളിലും ഈ വകുപ്പിന്റെ കീഴിലുള ഭൂമിത്രസേനാ ക്ലബ്ബുകള്‍ അനുവദിക്കുന്നുണ്ട്. ആദ്യത്തെ വര്‍ഷം അന്‍പതിനായിരം രൂപയും പിന്നീടു വര്‍ഷങ്ങളില്‍ പതിനായിരം രൂപ വീതവും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വകുപ്പ് അനുവദിക്കുന്നു.അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ചെയ്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും പ്രോഗ്രാം കോര്‍ഡിനേറ്ററും ഓഫീസ് മേധാവിയും ഒപ്പിട്ട വരവ് ചെലവ് കണക്കും യൂറ്റിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും എല്ലാ വര്‍ഷവും ആഗസ്ത് മാസത്തില്‍ സമര്‍പ്പിച്ചാലേ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തുക അനുവദിക്കുകയുളൂ.

              ഭൂമിത്രസേനാ ക്ലബ്ബുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റു ചില ധനസഹായങ്ങളും ഈ വകുപ്പ് ചെയ്യുന്നുണ്ട്. എല്ലാ വര്‍ഷവും “പാരിസ്ഥിതികം” എന്ന പദ്ധതിക്ക് കീഴില്‍ അമ്പതിനായിരം രൂപ വരെ ഈ വകുപ്പ് അനുവദിക്കുന്നുണ്ട്. ഇതിന്റെ നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.ശാസ്ത്ര സാങ്കേതിക കൌണ്‍സിലിന്റെ അപേക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ അല്പം കൂടി സങ്കീര്‍ണ്ണമാണ് “പാരിസ്ഥിതികം” അപേക്ഷാഫോം. എങ്കിലും രണ്ട് മണിക്കൂര്‍ ചെലവിട്ടാല്‍ സുന്ദരമായി തയ്യാറാക്കാന്‍ സാധിക്കും.

              സ്വീകരിക്കപ്പെട്ട അപേക്ഷകളുടെ വിവരങ്ങള്‍ അവസാന തീയതി കഴിഞ്ഞ് ഒരു മാസത്തിനകം തന്നെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.അനുവദിച്ച തുകയുടെ 80 ശതമാനം മുന്‍‌കൂറ് ആയി അനുവദിക്കുകയും ചെയ്യും. നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും അടിക്കുറിപ്പോട് കൂടിയ ഫോട്ടോകളും പ്രോഗ്രാം കോര്‍ഡിനേറ്ററും ഓഫീസ് മേധാവിയും ഒപ്പിട്ട വരവ് ചെലവ് കണക്കും യൂറ്റിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും നിശ്ചിത തീയതിക്കുള്ളില്‍ സമര്‍പ്പിച്ചാല്‍ ബാക്കി സംഖ്യയും തടസ്സമൊന്നും കൂടാതെ അനുവദിക്കും.

             എന്റെ നാട്ടിലെ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് അമ്പതിനായിരം രൂപ ധനസഹായം ലഭിച്ചതറിഞ്ഞ് അന്വേഷണം നടത്തുന്നതിനിടയിലാണ് “പാരിസ്ഥിതികം” പദ്ധതിയെപ്പറ്റിയുള്ള ഒരു ഇ-മെയില്‍ അതിന്റെ അവസാന തീയതിക്ക് മൂന്ന് ദിവസം മുമ്പ് എനിക്ക് ലഭിച്ചത്.കോളേജില്‍ ഇല്ലാത്ത ദിവസമായിരുന്നിട്ടും, കുത്തിയിരുന്ന് തയ്യാറാക്കിയ അപേക്ഷ പ്രിന്‍സിപ്പാളിനെ ഫോണില്‍ വിളിച്ച് സംസാരിച്ച്, സെഷന്‍ ക്ലര്‍ക്കിന് ഇ-മെയിലില്‍ അയച്ച് കോളേജില്‍ നിന്നും പിറ്റേന്ന് തന്നെ ഞാന്‍ അയപ്പിച്ചു.അങ്ങനെ എന്റെ കോളേജിനും കഴിഞ്ഞ വര്‍ഷം 25000 രൂപ അനുവദിച്ചു കിട്ടി.

                പരിസ്ഥിതിയുമായി ബന്ധപ്പെട്ട് തന്നെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്ന വകുപ്പാണ് കേരള വനം വന്യജീവി വകുപ്പ്.അതേപറ്റി അടുത്ത് തന്നെ വായിക്കാം...

Sunday, August 07, 2016

45 വര്‍ഷം മുമ്പ്....

“ ലോകം തേങ്ങുന്ന ഒരു ദിവസമാണെങ്കിലും , ഞാന്‍ ഇവിടെ സന്തോഷവതിയാണ്.കാരണം 45 വര്‍ഷം മുമ്പ് ഇതേ ദിവസം എന്റെ grandparents അവരുടെ ആദ്യത്തെ ആണ്‍കുഞ്ഞിനാല്‍ അനുഗ്രഹീതരായി.....

Though it is a day of mourn for the world,I AM happy here for the very reason that my grandparents were blessed on this same day with their first son....45 yrs ago  
n i bet that we r the best companions u hav ever got ppa.. 
luv you lots 😘😘
njoy ur 45 my dear young man 

ഇന്നലെ രാത്രി എന്റെ മൂത്ത മകള്‍ ലുലു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് കണ്ട് ഞാന്‍ ശരിക്കും സന്തോഷിച്ചു.ഔദ്യോഗിക തിരക്കുകള്‍ കാരണം പലപ്പോഴും മക്കളോടൊപ്പം അല്പ സമയമെങ്കിലും ചെലവഴിക്കാന്‍ ലഭിക്കാറില്ല.ഇന്നലെയും നാഷണല്‍ സര്‍വീസ് സ്കീമുമായി ബന്ധപ്പെട്ട രണ്ട് പരിപാടികളില്‍ പങ്കെടുത്തു.

ആദ്യത്തേത് എന്നെ കമ്പ്യൂട്ടര്‍ ലോകത്തേക്കെത്തിച്ച പി.ജി.ഡി.സി.എ കോഴ്സില്‍ എന്റെ സഹപാഠിയായിരുന്ന ശബീറിന്റെ ക്ഷണപ്രകാരം അവന്‍ പ്രിന്‍സിപ്പാള്‍ ആയി സേവനമനുഷ്ടിക്കുന്ന പെരിന്തല്‍മണ്ണ IHRD ടെക്നിക്കല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ക്ക് എന്‍.എസ്.എസ് ഓറിയെന്റേഷന്‍ ക്ലാസ്സെടുക്കാന്‍ ആയിരുന്നു. “ജന്മ ദിനം ഒരു ഭൌമദിനം” എന്ന സന്ദേശം ഉയര്‍ത്തി എന്റെയും ഭാര്യയുടെയും മക്കളുടെയും ജന്മദിനത്തില്‍ ഒരു വൃക്ഷത്തൈ നടുന്ന പതിവുള്ളതിനാല്‍ ഒരു മാവിന്‍ തൈ സെക്രട്ടറിമാര്‍ക്ക് കൈമാറി അതും ഇത്തവണ IHRD കാമ്പസ്സിലാക്കി.

ജന്മദിനത്തിലെ രണ്ടാമത്തെ പ്രോഗ്രാം പെരിന്തല്‍മണ്ണ MEA എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടക്കുന്ന എന്‍.എസ്.എസ് ഉത്തരമേഖലാ വളണ്ടിയര്‍ സെക്രട്ടറി സംഗമത്തിലായിരുന്നു. അവിടെയും കുട്ടികള്‍ക്ക് ഒരു മോട്ടിവേഷന്‍ ക്ലാസ്സ് എടുത്ത് വൈകുന്നേരത്തോടെ ഞാന്‍ വീട്ടിലേക്ക് മടങ്ങി.

രാത്രി ഭക്ഷണം കഴിഞ്ഞ് ലുലു മോള്‍ അവളുടെ ക്യാമറയുമായി എത്തി ഒരു കുടുംബ ഫോട്ടോ എടുത്തു.

മേല്‍ പറഞ്ഞ കുറിപ്പോടെ ഉടന്‍ അത് ലോകം മുഴുവന്‍ കറങ്ങാന്‍ തുടങ്ങി.അങ്ങനെ എന്റെ 46ആം ജന്മദിനം എന്റെ മകളുടെ നല്ല വാക്കുകളിലൂടെ ലോകം അറിഞ്ഞു.ഒരു പിതാവെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു , എന്റെ മക്കള്‍ ഞാന്‍ ജീവിച്ചിരിക്കെ തന്നെ എന്നെപ്പറ്റി നല്ല വാക്ക് പറയുമ്പോള്‍.

സൌജന്യ സേവനങ്ങൾ - കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍

        ശാസ്ത്ര സാങ്കേതിക യുഗത്തിലൂടെയാണ് നാം ഇന്ന് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. അനുദിനം പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ ജീവിത സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പഴയ കാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത്തരം സൌകര്യങ്ങള്‍ പെട്ടെന്ന് തന്നെ ജനങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.ശാസ്ത്രത്തിന്റെ ഈ വളര്‍ച്ച കൂടുതല്‍ ത്വരിതപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

         വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും ശാസ്ത്രാഭിരുചിയും പരിസ്ഥിതി ബോധവും വളര്‍ത്താനുതകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ (www.kscste.kerala.gov.in). പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൌണ്‍സില്‍ ധനസഹായം ചെയ്യുന്നുണ്ട്.

             എല്‍.പി സ്കൂള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ പരിസ്ഥിതി ക്ലബ്ബുകള്‍ക്കും നോന്‍ ഗവണ്മെന്റല്‍ ഓര്‍ഗനൈസേഷനുകള്‍ക്കും ലോകപരിസ്ഥിതി ദിനം ആചരിക്കാനും അന്താരാഷ്ട്ര ഓസോണ്‍ ദിനാചരണത്തിനും  20000 രൂപ വരെ ധനസഹായം നല്‍കുന്നുണ്ട്.പരിസ്ഥിതി ദിനാചരണത്തിനുള്ള ധനസഹായത്തിനുള്ള അപേക്ഷ എല്ലാ വര്‍ഷവും മെയ്  മാസത്തിലും (സാധാരണ രണ്ടാം വാരത്തില്‍) കൌണ്‍സിലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.ഓസോണ്‍ ദിനാചരണത്തിനുള്ള ധനസഹായത്തിനുള്ള അപേക്ഷ ആഗസ്ത് മാസത്തിലും(സാധാരണ രണ്ടാം വാരത്തില്‍) വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.അപേക്ഷ ഡൌണ്‍ലോഡ് ചെയ്ത് നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ചെറിയ ഒരു വിശദീകരണക്കുറിപ്പും ഏകദേശ ബജറ്റും സഹിതം നിശ്ചിത ദിവസത്തിനകം അയച്ചുകൊടുക്കണം.

            ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് സ്വീകരിക്കപ്പെട്ടവയുടെ ലിസ്റ്റും അനുവദിച്ച സംഖ്യയും അതാത് ദിവസങ്ങളുടെ ആചരണത്തിന് മുമ്പ് സൈറ്റില്‍  പ്രസിദ്ധീകരിക്കും. പരിപാടികള്‍ മുഴുവന്‍ നടത്തി അതിന്റെ റിപ്പോര്‍ട്ടും ഫോട്ടോകളും പത്രക്കുറിപ്പും മാതൃകാ നോട്ടീസുകളും ബ്രോഷറുകളും ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കും യൂറ്റിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും (ഗവ. സ്ഥാപനമാണെങ്കില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററും ഓഫീസ് മേധാവിയും ഒപ്പിട്ടാല്‍ മതി, ഓഡിറ്റ് ചെയ്യേണ്ടതില്ല) കൌണ്‍സില്‍ ഓഫീസിലേക്ക് അയച്ചുകൊടുക്കണം. അത് പ്രൊസസ് ചെയ്ത ശേഷം മാത്രമേ അനുവദിച്ച സംഖ്യ ചെക്കായി തരികയുള്ളൂ.  ഓരോ വര്‍ഷവും 150ഓളം സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ ധനസഹായം അനുവദിക്കുന്നുണ്ട്. സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജുകള്‍ക്ക് നിലവില്‍ ഈ ധനസഹായം നല്‍കുന്നില്ല.

          വിദ്യാര്‍ഥികളിലെ ശാസ്ത്രാഭിരുചി വളര്‍ത്താന്‍ ദേശീയ സാങ്കേതിക ദിനാചരണത്തിനും വിവിധ തരം പ്രൊജക്ടുകള്‍ ചെയ്യാനും കൌണ്‍സില്‍ ധനസഹായം നല്‍കുന്നുണ്ട്.മേല്‍പറഞ്ഞ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഈ സൌകര്യ്ങ്ങളും എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്.

        പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മറ്റൊരു സര്‍ക്കാര്‍ വകുപ്പാണ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്.അതിനെക്കുറിച്ച് പിന്നീട്.

Friday, August 05, 2016

മുന്നില്‍

അദ്ധ്യാപകന്‍ : ഇന്നലത്തെ വിദ്യാര്‍ത്ഥീ സംഘര്‍ഷത്തില്‍ നിനക്കും തല്ല് കിട്ടി എന്ന് കേട്ടു.

വിദ്യാര്‍ത്ഥി : അത്.... അത്....??

അദ്ധ്യാപകന്‍ : നീ അതിന്റെ മുമ്പില്‍ തന്നെ പോയി നിന്നിട്ടല്ലേ ?

വിദ്യാര്‍ത്ഥി : അപ്പോള്‍ സാറല്ലേ പറഞ്ഞത് , എല്ലാ കാര്യങ്ങള്‍ക്കും മുന്നില് നില്‍ക്കണം എന്ന്...

അദ്ധ്യാപകന്‍ : !!!