Pages

Sunday, June 26, 2016

ലഹരി എന്ന ചെകുത്താന്‍


അന്താരാഷ്ട്രതലത്തില്‍ തന്നെ യുവജനാരോഗ്യം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വില്ലനാണ് ലഹരി വസ്തുക്കള്‍. പാന്മസാലയുടെയും മദ്യമടക്കമുള്ള മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗം വിദ്യാര്‍ത്ഥികളിലും വര്‍ദ്ധിച്ചു വരുന്നു.വളരെ കാലത്തേക്ക് ഉപ്ഭോക്താവായി ലഭിക്കും എന്നതിനാലായിരിക്കും ലഹരി മാഫിയ വിദ്യാര്‍ത്ഥി സമൂഹത്തെ ലക്ഷ്യമിട്ട് ലഹരി ഉപഭോഗം ത്വരിതപ്പെടുത്താന്‍ കാരണം.ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പടരുന്ന ഈ വിപത്തിനെ ചെറുക്കാന്‍ സാധിക്കൂ.ഒരു രസത്തിനോ കമ്പനിക്ക് വേണ്ടിയോ ആരംഭിച്ച് എപ്പോള്‍ വേണമെങ്കിലും നിര്‍ത്താമെന്ന മിഥ്യാധാരണ പുലര്‍ത്തി സ്വയം നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് കൂപ്പ്കുത്തുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം സി.ഇ.ടി അടക്കം കഴിഞ്ഞ ചില വര്‍ഷങ്ങളിലായി പല കാമ്പസ്സിലും ലഹരി വരുത്തിയ പൈശാചിക വിപത്തുകള്‍ നാം കണ്ടും കേട്ടും അറിഞ്ഞവരാണ്.

ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 21 കോടിയോളം ആള്‍ക്കാര്‍ നിരോധിക്കപ്പെട്ട ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നു.വര്‍ഷം പ്രതി 2 ലക്ഷം പേര്‍ക്ക് ലഹരി ഉപയോഗം കാരണം ജീവഹാനി സംഭവിക്കുന്നു.ലോക ലഹരി ഉപഭോക്താക്കളുടെ 30 ശതമാനം സ്ത്രീകളാണെന്നുളളത് ഞെട്ടിപ്പിക്കുന്ന സത്യമാണ്.

കേരളവും ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം ദര്‍ശിക്കുന്നത്.മദ്യ ഉപയോഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.രാജ്യത്തെ ആളൊഹരി മദ്യ ഉപയോഗം 3.5 ലിറ്റര്‍ ആണെങ്കില്‍ കേരളത്തിന്റെ ആളൊഹരി മദ്യ ഉപയോഗം 8.7 ലിറ്റര്‍ ആണ്.ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന മദ്യത്തിന്റെ 15 ശതമാനവും ഉപയോഗിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്.അപ്പന്‍ മരിച്ചാലും ഉണ്ണി പിറന്നാലും വിവാഹ സല്‍ക്കാരത്തിലും ജന്മദിന സല്‍ക്കാരത്തിലും എന്ന് വേണ്ട എന്തിനും കുപ്പി ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന അതേ നാട് തന്നെ മദ്യമെന്ന രാക്ഷസതയിലും മുന്നിട്ട് നില്‍ക്കുന്നു എന്നത് ലജ്ജാവഹമാണ്.

1987 ഡിസമ്പര്‍ 7ന് ഐക്യരാഷ്ട്രസംഘടന പാസ്സാക്കിയ പ്രമേയത്തെ തുടര്‍ന്നാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിച്ച് വരുന്നത്. ജൂണ്‍ 19 മുതല്‍ 26 വരെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ വാരമായും ആചരിക്കുന്നു.2020 ആകുമ്പോഴേക്ക് ലഹരിമുക്ത ലോകസമൂഹം സൃഷ്ടിക്കുകയാണ് യു.എന്‍ ലക്ഷ്യം.

ഒരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും കര്‍മ്മോത്സുകരായ യുവതയെ വഴിപിഴപ്പിക്കുന്ന ലഹരിക്കെതിരെ നാം സന്ധിയില്ലാ സമരം തന്നെ ചെയ്തേ പറ്റൂ. പുതുതായി ചുമതലയേറ്റ എക്സൈസ് കമ്മീഷണര്‍ ഡി.ജി.പി ഹൃഷിരാജ് സിംഗ് ഇക്കാര്യത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു.വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരിമരുന്ന്,പാന്‍ ഉല്പന്നങ്ങള്‍,മദ്യം തുടങ്ങിയവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട എന്തു വിവരവും 9447178000 എന്ന നമ്പറില്‍ നേരിട്ട് വിളിച്ചറിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു.എസ്.എം.എസ് ആയും വാട്സാപ്പ് സന്ദേശമായും വിവരങ്ങള്‍ അറിയിക്കാം.

നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ ലഹരിയിലേക്ക് നീങ്ങുന്നത് കണ്ടാല്‍ – അത് പുകവലിയാകട്ടെ, മദ്യപാനമാകട്ടെ മറ്റേതെങ്കിലും തരത്തിലുളള ലഹരിവസ്തു ഉപയോഗമാകട്ടെ – അവനെ രക്ഷിക്കേണ്ട സാമൂഹ്യ ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്.അതിനാല്‍ തന്നെ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനുളള ആദ്യശ്രമം അവനവന്‍ തന്നെ നടത്തണം.സാമൂഹ്യബോധമുളള ഓരോ പിതാവും തന്റെ മക്കളും അവന്റെ കൂട്ടുകാരും പുകവലി അടക്കമുളള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.ഒപ്പം അയാളും അത്തരം വേണ്ടാ വൃത്തികളില്‍ നിന്ന് അകന്നു നില്‍ക്കണം.ഇങ്ങനെ ഓരോരുത്തരും സ്വയം തീരുമാനിച്ചാല്‍ മാത്രമേ നമ്മുടെ ഭാവിതലമുറയെ നമുക്ക് സുരക്ഷിതമാക്കാന്‍ സാധിക്കൂ.

ഇത് വായിക്കുന്ന എല്ലാവരും എല്ലാ തരം ലഹരിയില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന് ഒരു സഹോദരന്‍ എന്ന നിലയില്‍ വിനീതമായി അപേക്ഷിക്കുന്നു.
          

Wednesday, June 22, 2016

ബുദ്ധിമണ്ടൂസ്

രാവിലെ പത്രം വായിച്ചിരിക്കുകയായിരുന്നു ഞാനും മോളും. അല്പ സമയത്തിനകം തന്നെ മേഘം സൂര്യനെ മറക്കാന്‍ തുടങ്ങി.

“ഉപ്പച്ചീ...ഇപ്പോള്‍ ഇരുട്ട് മൂടുന്നത് എന്തുകൊണ്ടാന്നറിയോ?” മോള്‍ ചോദിച്ചു.

“കാര്‍മേഘം സൂര്യനെ മറക്കുന്നത് കൊണ്ട്...”

“ബുദ്ധിമണ്ടൂസ്...”

“ങേ...!!”

“ എന്നും അങ്ങനെയാ....പക്ഷേ ഇന്ന് അതല്ല....“

“അതെന്താ മോളെ...ഇന്ന് പ്രത്യേകത...”

“അപ്പോ ഉപ്പച്ചി ഇന്ന് പത്രം വായിച്ചില്ലേ?...ചെവിക്ക് ഞാന്‍ നുള്ള് തരും” എന്റെ സ്ഥിരം വാക്കുകള്‍ അവള്‍ തിരിച്ച് പ്രയോഗിച്ചു.

“ഇന്ന് മുതല്‍ കനത്ത മഴ പെയ്യുംന്ന് വായിച്ചു...” ഞാന്‍ പറഞ്ഞു

“അല്ല,,,ഇന്ന് 20 ഉപഗ്രഹങ്ങളെയും വഹിച്ച് പി.എസ്.എല്‍.വി ആകാശത്തേക്ക് കുതിച്ചിട്ടുണ്ട്.ഈ 20ഉം കൂടി ആകാശത്ത് ചുറ്റാന്‍ തുടങ്ങിയാല്‍ പിന്നെ ഇവിടെ വെളിച്ചം കിട്ടോ ബുദ്ധിമണ്ടൂസേ ?”

ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്...3

ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്...2

“ഞാന്‍ ഒരു മാജിക് കാണിച്ച് തരാം...” ശരീഫ് കയ്യിലെ ചെറിയ കുപ്പി കാണിച്ച് പറഞ്ഞു. കേട്ടവര്‍ എല്ലാം ശരീഫിന്റെ ചുറ്റും കൂടി. അവന്റെ കയ്യിലെ കുപ്പിയിലെ നീല വെള്ളം കൂടി കണ്ടപ്പോള്‍ അവന്‍ എന്തോ ചെയ്യാന്‍ പോകുന്നു എന്ന തോന്നല്‍ എല്ലാവരിലും ഉണ്ടായി.

“പക്ഷേ....മാജിക് കാണണമെങ്കില്‍ ഒരു കോല്‍ തരണം...” ക്ലാസ്സില് പണമിടപാട് പറ്റാത്തതിനാലും അത്രയും ‘ധനികര്‍’ അല്ലാത്തതിനാലും ഞങ്ങളുടെ കറന്‍സിയുടെ പേര് കോല്‍ എന്നായിരുന്നു.സ്ലേറ്റ് പെന്‍സിലിന്റെ ഒരു കഷ്ണത്തിനാണ് കോല്‍ എന്ന് പറയുന്നത്. കഷ്ടിച്ച് കയ്യില്‍ പിടിച്ച് എഴുതാന്‍ പറ്റുന്നതായിരിക്കണം അതിന്റെ ഏറ്റവും മിനിമും വലിപ്പം എന്ന് മാത്രമേ നിബന്ധനയുള്ളൂ.എല്ലാവരുടെ കയ്യിലും ഒരു കഷ്ണം പെന്‍സിലേ ഉണ്ടാകൂ.അതില്‍ നിന്നും ഒന്ന് കൂടി പൊട്ടിച്ചാല്‍ പിന്നെ മലയാളം അദ്ധ്യാപകന്റെ വക ശകാരം കിട്ടും.അതിനാല്‍ ഈ നിബന്ധന അധികമാരും സ്വീകരിച്ചില്ല.

“ഇവന് മാജിക് സ്ത്രീയായി കാണാം...” എന്റെ നേരെ ചൂണ്ടി ശരീഫ് പറഞ്ഞപ്പോള്‍ ഈ സ്ത്രീ പ്രയോഗം എനിക്കും മനസ്സിലായില്ല.
“ഇജ്ജ് ഒന്നും തരണ്ടാ...കേട്ടെയ്ത്ത് പറ്യമ്പം ഇച്ചും കാണിച്ച് തന്നാ മതി...” ശരീഫ് മാജിക് കാണാനുള്ള ഔദാര്യത്തിന്റെ കാരണം മെല്ലെ എന്റെ ചെവിയില്‍ മന്ത്രിച്ചു.

“ജ്ജ് പോയി ഒരു ബെള്ളത്തണ്ട് കൊണ്ട് ബാ...ബെള്ളത്തണ്ട് കൊണ്ട് ബര്ണോനും മാജിക് സ്ത്രീയായി കാണാം...” ജാബിറിനോട് ശരീഫ് പ്രഖ്യാപ്പിച്ചു.

“ബെള്ളത്തണ്ട് ന്റെ കജ്ജ്‌ല്ണ്ട്....ഒരു കസ്ണത്തിന് ഒരു കോല്...” നാണി പറഞ്ഞു.

“ന്നാ അനക്കും മാജിക് സ്ത്രീ !!” നാണിക്കും ശരീഫ് സൌജന്യം അനുവദിച്ചു.നാണി കൊടുത്ത വെള്ളത്തണ്ട് കഷ്ണം ശരീഫ് മെല്ലെ കുപ്പിയിലേക്ക് ഇറക്കി വച്ചു.

(  അന്ന് ഫോട്ടോ എടുക്കാത്തതിനാല്‍ ഇപ്പോ ഗൂഗിളില്‍ നിന്ന് എടുത്ത് വയ്ക്കാനേ നിവൃത്തിയുള്ളൂ )

“ഞ്ഞ്....ഈ പിരീഡ് കയ്ഞ്ഞ്ട്ട് നോക്ക്യാ മതി....എല്ലാരും സീറ്റ്‌ക്ക് പൊയ്ക്കോളി....” ശരീഫ് അടുത്ത നിര്‍ദ്ദേശം നല്‍കിക്കൊണ്ട് കുപ്പി അവന്റെ അടുത്തുള്ള ഒരു മൂലയിലേക്ക് വച്ചു.

“ഫൂ‍ൂ.... ഇതാപ്പം അന്റ്റ്റൊര് മാജിക്...മര്യാദിക്ക് എല്ലാര്‍ക്കും കാണിച്ചു കൊടുത്തോ...ആരും കോല് കൊടുക്കണ്ടാ...” അതുവരെ എവിടെയോ ആയിരുന്ന ശുഹൈബ് പെട്ടെന്ന് രംഗപ്രവേശം ചെയ്തു. ശരീഫ് പേടിച്ച് സമ്മതിച്ചെങ്കിലും പിരീഡ് കഴിഞ്ഞതോടെ ഞങ്ങള്‍ അത് മറന്നുപോയി.

പുറത്ത് മഴ ഇപ്പോഴും തിമര്‍ത്ത് പെയ്യുകയാണ്.തറയുടെ ഓരം പറ്റി കുറെ വെള്ളത്തണ്ടുകള്‍ മഴയില്‍ നൃത്തം ചെയ്യുന്നുണ്ട്.ഇപ്പോള്‍ ഒന്നാം ക്ലാസു മുതലേ എല്ലാവരുടെ കയ്യിലും നോട്ടുബുക്കാണ്.സ്ലേറ്റ് ഔട്ട് ഓഫ് ഫേഷനായി.സ്ലേറ്റില്‍ വെള്ളത്തണ്ട് പ്രയോഗിക്കുന്നത് കുട്ടികള്‍ക്ക് അറിയുകയുമില്ല.പെട്ടെന്ന് എന്റെ കണ്ണ് രണ്ട് വെള്ളത്തണ്ട് ചെടികള്‍ക്കിടയിലെ ആ തിളങ്ങുന്ന വസ്തുവില്‍ ഉടക്കി.

(തുടരും....)

Wednesday, June 15, 2016

ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്...2

     വരാന്തയിലെ , അഴികളില്ലാത്ത ജനലുകളിൽ ഒന്ന് പാതി തുറന്ന്   കിടന്നിരുന്നു. മഴയോടൊപ്പം വന്ന കാറ്റ് കുറ്റിയും കൊളുത്തും പോയ ജനാലയുടെ മാനം കളഞ്ഞു. ഞാൻ ജനലിനടുത്തേക്ക് നീങ്ങി  ബാക്കി ഉണ്ടായിരുന്ന മാനവും കൂടി കളഞ്ഞ്  അത് മുഴുവനായും തുറന്നു .

                  ങേ! എന്റെ പ്രിയപ്പെട്ട നാലാം ക്ലാസ് എന്റെ മുന്നിൽ തുറന്ന് കിടക്കുന്നു. അതാ രണ്ടാമത്തെ ബെഞ്ചിൽ സാക്ഷാൽ ഞാൻ തന്നെ ഇരിക്കുന്നു!! തൊട്ടടുത്തായി ഫസലു റഹ്മാനും അസ്ലമും ജാബിറും . തൊട്ടു പിന്നിലെ ബെഞ്ചിൽ ശുഹൈബും നാണിയും ഫായിസും ശരീഫും ഞെരുങ്ങി ഇരുന്നിരുന്നു. ശുഹൈബ് ജാബിറിന്റെ തലക്ക് ശക്തമായി തോണ്ടി "ഞാനൊന്ന് മറിഞ്ഞില്ലേ  രാമനാരായണ "  എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നില്ക്കുന്നു.പിന്നിലേക്ക് ഒന്ന് നോക്കി  ജാബിര് മുന്നോട്ട് തിരിഞ്ഞിരിക്കുമ്പോഴേക്കും ശുഹൈബ് വീണ്ടും തോണ്ടി .

"സേർ...ഓൻ ന്നെ തോണ്ടി..." ശല്യം സഹിക്ക വയ്യാതായപ്പോൾ ജാബിര് പരാതി ബോധിപ്പിച്ചു.

"ആരാ....തോണ്ടിയത്?" ഇസ്മായിൽ മാഷുടെ കനത്ത ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങിയതോടെ ക്ലാസ് നിശബ്ദമായി.

"സേർ...ബേക്കിലെ ആരോ ആണ്..." ആളെ അറിയാത്തതിനാൽ ജാബിര് പറഞ്ഞു.

"തോണ്ടിയവൻ എണീറ്റ് നിന്നോളൂ..." ഇസ്മായിൽ മാഷ് പറഞ്ഞെങ്കിലും ആരും എണീറ്റില്ല.ശുഹൈബിനെ എല്ലാവര്ക്കും പേടിയായതിനാൽ ആരും പറഞ്ഞതുമില്ല.

     പെണ്‍കുട്ടികളുടെ ഭാഗത്ത് ഷീബയും സരസ്വതിയും ബിന്ദുവും ബേബി ഷാഹിനയും സുല്‍ഫത്തും എല്ലാം അടക്കം പിടിച്ച് എന്തൊക്കെയോ കുറുകുറുക്കുന്നുണ്ട്.ഷീബ കയ്യിനുള്ളിലൊളിപ്പിച്ച എന്തോ സാധനം മറ്റുള്ളവര്‍ക്ക് കാണിക്കുകയാണ്.എന്താണെന്നറിയാന്‍ ഞാന്‍ എത്തിനോക്കി.അത് ഒരു കഷ്ണം വെള്ളത്തണ്ടായിരുന്നു (മഷിത്തണ്ട് എന്നും പറയുമെന്ന് തോന്നുന്നു). ഷീബയെപ്പോലെത്തന്നെ തടിച്ചു കൊഴുത്ത ഒരു വെള്ളത്തണ്ട് കഷ്ണം.സ്ലേറ്റ് മായിക്കാന്‍ കണ്ടുപിടിക്കപ്പെട്ടതില്‍ ഏറ്റവും ലളിതമായ രണ്ടാമത്തെ ഉപകരണമായിരുന്നു വെള്ളത്തണ്ടുകള്‍. വ്യാപകമായി ഉപയോഗിച്ചിരുന്ന ഒന്നാമത്തെ ഉപകരണം സ്വയം നക്കിയ കൈ ആയിരുന്നു!
                   ചിത്രം ഗൂഗിളില്‍ നിന്ന്

     സ്കൂള്‍ ഇന്റെര്‍വല്‍ സമയത്ത് വെള്ളത്തണ്ടും തേടി ഞങ്ങള്‍ കിണറ്റിന്‍കരയില്‍ പോയി നോക്കും. ഞങ്ങളെപ്പോലെത്തന്നെ നേരത്തെ വന്നവര്‍ എല്ലാം പറിച്ച് സ്ഥലം വൃത്തിയാക്കി വച്ചിട്ടുണ്ടാകും. വെള്ളത്തണ്ടുകള്‍ എന്തുകൊണ്ട് അവിടെമാത്രം കാണപ്പെടുന്നു എന്ന് അന്വേഷിക്കാന്‍ ഞങ്ങളില്‍ അന്ന് ഒരു ഐന്‍സ്റ്റീനും ജനിച്ചില്ല.അപ്പോഴാണ് ഷരീഫ് നാണിക്ക് ഒരു മാജിക് കാണിച്ചുകൊടുക്കുന്നത് ഞാന്‍ കണ്ടത്.

     ശരീഫിന്റെ കയ്യില്‍ ഒരു ചെറിയ കുപ്പിയുണ്ട്.റബ്ബര്‍ മൂടികൊണ്ട് മൂടുന്ന, ചെറുവിരലിന്റെ അത്രപോലും വലിപ്പമില്ലാത്ത അത്തരം കുപ്പികളിലായിരുന്നു അന്ന് പല മരുന്നുകളും വിപണിയില്‍ ലഭിച്ചിരുന്നത്.അതിനാല്‍ തന്നെ സ്ലേറ്റ് മായിക്കാന്‍ കുട്ടികള്‍ വെളളം കൊണ്ടുവന്നിരുന്നതും അത്തരം കുപ്പികളിലായിരുന്നു.ശരീഫിന്റെ കയ്യിലെ കുപ്പിയില്‍ നീല നിറത്തിലുള്ള വെള്ളമായിരുന്നു ഉണ്ടായിരുന്നത്.


(തുടരും....)

Thursday, June 09, 2016

ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്...1

             തിമർത്ത് പെയ്യുന്ന മഴയുടെ ആരവം അപ്പോഴും അടങ്ങിയിരുന്നില്ല. പെയ്തു തീരാത്ത ആ മഴ പോലെത്തന്നെ ഓർമ്മകളുടെ ഒരു പ്രവാഹം തന്നെ മനസ്സിലൂടെ കുത്തിയൊഴുകി. കാരണം ആ മഴയിൽ നിന്നും അൽപ നേരത്തേക്ക് രക്ഷപ്പെടാൻ ഞാൻ കയറി നിന്ന ഇടം - അത് ഏതൊരാളും ജീവിതത്തിൽ ഒരിക്കലെങ്കിലും വീണ്ടും അനുഭവിക്കാൻ കൊതിക്കുന്ന  ഒരു ഇടമായിരുന്നു.
               മടക്കാൻ പറ്റാത്ത നീണ്ട കുടയും ചൂടി സ്കൂളിൽ പോയ ആ കുട്ടിക്കാലം പെട്ടെന്ന് എന്റെ മനസ്സില് നുരഞ്ഞ് പൊങ്ങി.ഒന്നാം ക്ലാസ്സിലെ അമാനു മാഷുടെ മലയാളം-കണക്ക് അദ്ധ്യാപനം, രണ്ടിലും മൂന്നിലും കണക്ക് പഠിപ്പിച്ചത് കേരളത്തിലെത്തന്നെ ആദ്യത്തെ മുസ്ലിം അദ്ധ്യാപികയായ ആയിശുമ്മ ടീച്ചർ (രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല), കോളർ  അല്പം പിന്നോട്ട് വലിച്ചിട്ട് കഴുത്തിന്ന് എപ്പോഴും കാറ്റ് കൊള്ളിക്കുന്ന ശാഫി മാസ്റർ, എല്ലാ ക്ലാസ്സിലും എന്റെ ക്ലാസ്ടീച്ചറായിരുന്നു എന്ന് എനിക്ക്  തോന്നിക്കുന്ന ഇസ്മായിൽ മാസ്റർ, അറബി പാഠങ്ങൾ നുള്ളി പഠിപ്പിച്ച ഫാത്തിമ ടീച്ചർ ...അങ്ങനെ എന്നെ ഞാനാക്കിയ നിരവധി അധ്യാപകര് വേഷം കെട്ടിയാടിയ അരീക്കോട് ജി.എം.യു.പി സ്കൂളിന്റെ ചായ്പ്പിലായിരുന്നു മഴയിൽ നിന്ന് രക്ഷ തേടിയുള്ള എന്റെ ആ നില്പ്.
                  ഓർമ്മകളുടെ വേലിയേറ്റം സൃഷ്ടിച്ച തിരകൾക്കൊപ്പം എന്റെ ദൃഷ്ടി ആ വരാന്തയിലേക്ക് പതിഞ്ഞു. സ്കൂളിൽ പുതുതായി വന്ന 'നീണ്ട' മാഷ്‌ ഉത്തരത്തിൽ തട്ടുന്ന വിധത്തിൽ കൽത്തൂണിൽ ചാരി നിന്നു.എതിര്ഭാഗത്ത് സ്റ്റാഫ് റൂമിന്റെ വാതിലിനടുത്ത് പുതുതായി വന്ന 'ഉരുണ്ട' ടീച്ചറും ഉണ്ട്.നസീറും ഷീലയും ബ്ലാക്ക് ആന്റ് വൈറ്റിൽ ആടിയ കഥയുടെ നേർക്കാഴ്ചകൾ അവിടെ പുന:സൃഷ്ടിക്കപ്പെട്ടു. ഞങ്ങൾ കുഞ്ഞുമക്കൾക്ക്  അതൊന്നും മനസ്സിലായില്ല.
                തോരാത്ത മഴയിൽ എന്റെ കണ്ണ് ആ രണ്ട് തൂണുകൾക്കിടയിൽ ഉടക്കി നിന്നു.വർഷങ്ങളായി ശിരസിൽ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അടിയുടെ ഫലമായി ഉള്ളോട്ട് കുഴിഞ്ഞുപോയ ഒരു ഇരുമ്പ് കഷ്ണം കാലത്തിന്റെ കയ്യൊപ്പ് പോലെ അവിടെ തൂങ്ങികിടക്കുന്നു. അതാ ഓഫീസിനകത്ത് നിന്നും കൈയ്യിൽ ഒരു ചെറിയ ഇരുമ്പ് ദണ്ഡുമായി മേല്പറഞ്ഞ  "അധ്യാപക ഗേറ്റുകൾ"ക്കിടയിലൂടെ , കുപ്പായത്തിനുള്ളിൽ ഒതുങ്ങാത്ത വയറും കൊണ്ട് പുതിയ പ്യൂൺ മന്ദം മന്ദം ആ തൂങ്ങുന്ന ഇരുമ്പ് കഷ്ണത്തിനടുത്തേക്ക് നീങ്ങുന്നു. ണിം...ണിം...ണിം.ണിം.ണിം....നീണ്ട ബെല്ലിനോടൊപ്പം മുറ്റത്ത് ഒരായിരം കുസുമങ്ങൾ വാരി വിതറപ്പെട്ടു
                മഴക്ക് ശക്തികൂടുകയാണ്.ചായ്പ്പിൽ നിന്നും താഴേക്ക് പതിക്കുന്ന മഴ വെള്ളത്തിലേക്ക് ഞാൻ വെറുതെ കൈ നീട്ടി. കൈവെള്ളയിൽ പതിക്കുന്ന ഓരോ മഴത്തുള്ളിയും എന്നെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പെയ്യുന്ന മഴയെ മുഴുവനും കൈക്കുമ്പിളിൽ ഒതുക്കാൻ ശ്രമിച്ച നിഷ്കളങ്ക ബാല്യം ഓർമ്മയിൽ മിന്നിമറഞ്ഞു .കൈവെള്ളയിൽ നിന്നും തണുപ്പ് ശരീരത്തിലേക്ക് അരിച്ച് കയറാൻ തുടങ്ങിയതോടെ ഞാൻ മെല്ലെ വരാന്തയിലേക്ക് കയറി.

(തുടരും...)