Pages

Wednesday, December 30, 2020

ആണ്ടറുതിയിൽ ഒരു സമ്മാനം

            സാധാരണ പുതുവര്ഷത്തിലാണ് സമ്മാനം കിട്ടാറ്‌ . എല്ലാം പതിവ് തെറ്റിച്ച 2020 യിൽ  ആണ്ടറുതി ഒരു സമ്മാനം സ്വീകരിച്ചു കൊണ്ടാണ്. അങ്ങനെ ഏകദേശം ഒരു വർഷത്തോളം നീണ്ട് നിന്ന ഒരു പരിപാടിയായി ഇത് മാറി . സമ്മാനാർഹനായ വിവരം 2020 ആഗസ്ത് മാസത്തിൽ ഞാൻ ഇവിടെ പറഞ്ഞിരുന്നു(ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം - 21 ). 

             ലോക്ക്ഡൗൺ കാലത്ത് ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അരീക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച "വിഷ രഹിത അടുക്കളത്തോട്ടം " മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിനുള്ള സമ്മാനമാണ് ഇന്നലെ ഏറ്റുവാങ്ങിയത്.അരീക്കോട് പഞ്ചായത്തിലെ മികച്ച യുവ  കർഷകനും പഞ്ചായത്ത് മെമ്പറുമായ നൗഷർ കല്ലടയിൽ നിന്നും ഫലകം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബിൻ ലാലും മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിഅംഗങ്ങളും സന്നിഹിതരായിരുന്നു . കൃഷിയിൽ എനിക്ക് എന്നും പ്രചോദനമായ എൻ്റെ ഉമ്മയുടെ സാന്നിദ്ധ്യത്തിൽ എൻ്റെ വീട്ടിൽ വച്ച് തന്നെയായിരുന്നു സമ്മാന ദാനം.

                കൃഷിയിലുള്ള താല്പര്യത്തിന് പുറമെ  എൻ്റെ വായനാശീലം കൂടി മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല, അഞ്ചു പുസ്തകങ്ങളും സമ്മാനപൊതിയിൽ അടങ്ങിയിരുന്നു. സുഭാഷ് ചന്ദ്രന്റെ സമുദ്രശില , സുഗതകുമാരി ടീച്ചറുടെ ജാഗ്രത,അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര, വി ടി ഭട്ടതിരിപ്പാടിന്റെ സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു എന്നീ പുസ്തകങ്ങൾക്കൊപ്പം, എൻ്റെ യുട്യൂബ് ചാനലിലെ ഇപ്പോഴത്തെ വിഷയത്തിന് സഹായിക്കുന്ന Career Compass എന്ന പുസ്തകവും ആയിരുന്നു അവ. കൃഷിക്ക് സമ്മാനമായി പുസ്തകങ്ങൾ ലഭിച്ചത് നവ്യാനുഭവമായി.

ദുരിതങ്ങൾ ഏറെ അനുഭവിപ്പിച്ച 2020 അതോടെ എൻ്റെ ജീവിതത്തിൽ നിന്ന് സന്തോഷത്തോടെ വിട പറയുകയായി.

Saturday, December 26, 2020

ഓടക്കയം കാഴ്ചകൾ (എന്റെ അരീക്കോട് )

              ലോക്ക്ഡൗണിന്റെ ആലസ്യത്തിൽ നിന്ന് നാടും നഗരവും മെല്ലെ മെല്ലെ ഉയർത്തെണീക്കുകയാണ് . എങ്കിലും കുടുംബ സമേതമുള്ള ദൂരയാത്രകളും വിനോദ യാത്രകളും ഇപ്പോഴും സുരക്ഷിതമല്ല. എന്നാൽ സ്വന്തം വാഹനത്തിൽ സൗകര്യപ്രദമായ സ്ഥലം ഒന്ന് സന്ദർശിച്ച് ഈ കാലത്തിന്റെ വിരസത അകറ്റുന്നവർ നിരവധിയാണ്.മാസങ്ങൾക്ക് മുമ്പ് കൊല്ലംകൊല്ലി വെള്ളച്ചാട്ടത്തിൽ ഞങ്ങൾ പോയതും മൈൻഡ് റിഫ്രഷ്‌മെന്റിന് വേണ്ടിയായിരുന്നു. വളരെ കാലങ്ങൾക്ക് ശേഷമാണ് ഒരു ഡിസമ്പർ വെക്കേഷൻ മുഴുവനായി എനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കിട്ടിയത്. അതിനാൽ പേരിന് ഒരു യാത്രയെങ്കിലും നടത്തണം എന്ന് എൻ്റെ വെക്കേഷൻ പ്ലാനിൽ ഞാനും തീരുമാനിച്ചിരുന്നു. 

              വയനാടിന്റെ കുളിര് നുകരാനായിരുന്നു എനിക്കിഷ്ടം. പക്ഷെ തിരക്ക് പിടിച്ച് പോയി വരാൻ ആർക്കും താല്പര്യമില്ലാത്തതിനാൽ അതൊഴിവാക്കി. എങ്കിൽ ഒരു ലോക്കൽ ലൊക്കേഷൻ ആകട്ടെ എന്ന് എനിക്ക് തോന്നി. വീട്ടിൽ തേൻ കൊണ്ട് വരാറുള്ള അബ്ദ്വാക്കയുടെ ഒരു ഓഫറും ഉണ്ടായിരുന്നതിനാൽ ഓടക്കയം എന്ന ഓണംകേറാ മൂലയിലേക്ക് തിരിക്കാൻ തീരുമാനമായി.

              സർക്കാർ സർവീസിൽ കയറിയ അന്ന് മുതലേ  ഞാൻ കേൾക്കുന്ന സ്ഥലമാണ് ഓടക്കയം. ഞാൻ ജോലി ചെയ്തിരുന്ന മൃഗാശുപത്രിയുടെ കീഴിൽ വരുന്ന ഈ സ്ഥലം, ആദിവാസി വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണ്. അന്ന് ഞങ്ങളുടെ അധികാര പരിധിയുടെ ഉച്ചിയിൽ എത്തണമെങ്കിൽ കോഴിക്കോട് ജില്ലയിലൂടെ കയറി മറിഞ്ഞ് എത്തണമായിരുന്നു. അതും മുപ്പത് കിലോമീറ്ററോളം യാത്ര ചെയ്തിട്ട്. ഇന്നും ഈ ഭാഗത്തെ പല സ്ഥലങ്ങളിലും എത്തിച്ചേരാൻ നമുക്ക് പ്രയാസമാണ്.

               എൻ്റെ നാട്ടിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഓടക്കയത്തിന്റെ  പ്രകൃതി രമണീയത ഇത്രയും കാലമായി ഞാൻ തിരിച്ചറിഞ്ഞില്ല എന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ട ദിവസമായിരുന്നു ഈ വർഷത്തെ ക്രിസ്മസ് ഈവ്. മഴക്കാലത്ത് നിരവധി വെള്ളച്ചാട്ടങ്ങൾ കാഴ്ച സദ്യ ഒരുക്കുന്ന പ്രദേശങ്ങൾ ഈ മേഖലയിലുണ്ട്. ആദിവാസി മേഖല ആയതിനാലും വനം വകുപ്പിന്റെ ചില കർശന നിബന്ധനകൾ ഉള്ളതിനാലും ഇതിൽ പലതും അടുത്ത് ചെന്നാസ്വദിക്കാൻ സാധ്യമല്ല .എങ്കിലും ദൂരക്കാഴ്ചകളും മനം നിറയ്ക്കും.

               പാറക്കൂട്ടങ്ങൾ നിറഞ്ഞ വറ്റി വരണ്ട ഒരു പുഴയായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. അല്പം മുകളിൽ നീരൊഴുക്കിന്റെ ചിലമ്പൊലി കേൾക്കുന്നുണ്ടെങ്കിലും താഴേക്ക് എത്താതെ അതെവിടെയോ മറയുന്നു. പുഴയിലെ വലിയ പാറകൾ മിക്കതും ഓരോ വർഷങ്ങളിലും ഉണ്ടാകാറുള്ള ഉരുൾ പൊട്ടലിന്റെ ബാക്കി പത്രമാണെന്ന് പറയപ്പെടുന്നു.

            ഗതാഗത യോഗ്യമായ റോഡിന് ശേഷം പിന്നെ ഉരുളൻ കല്ലുകൾ നിറഞ്ഞ വഴിയാണ് . ചെങ്കുത്തായ മലയുടെ താഴ്വാരത്തിലേക്കാണ് ആ പാത നീളുന്നത്. അരക്കിലോമീറ്റർ കൂടി മുന്നോട്ട് നടന്ന ശേഷം ഞങ്ങൾ കാട്ടാറിലേക്കിറങ്ങി.

                 തെളിഞ്ഞ വെള്ളം, വടക്കു കിഴക്കൻ സംസ്ഥാനത്തെ ഒരു ഫോട്ടോയെ ഓർമ്മപ്പെടുത്തി.ജലാശയത്തിന്റെ അടി വരെ കാണുന്ന കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിന് കാടിൻറെ തണുപ്പും ഉണ്ടായിരുന്നു.   ഒരു ഭാഗം വനം അതിർത്തി ഇടുന്നതിനാൽ സന്ധ്യയായാൽ കാട്ടാനയുടെ ശല്യവും ഉണ്ടെന്ന് തൊട്ടടുത്ത് താമസിക്കുന്ന വീട്ടുകാരി പറഞ്ഞു.

            ഓണം സീസണിലാണ് ആറിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാലമെന്ന് ഞങ്ങൾക്ക് വിവരം കിട്ടി. ഒഴുക്ക് നിലച്ച ചാലിയാറിൽ മുങ്ങിക്കുളിക്കാനും നീന്തിത്തുടിക്കാനും കഴിയാത്തതിന്റെ ദുഃഖം മുഴുവൻ ഞാനും മക്കളും ഇവിടെ തീർത്തു.

             വെള്ളത്തിന്റെ തണുപ്പും ഇരുട്ടിന്റെ പരപ്പും കൂടി വരുന്നത് തിരിച്ചറിഞ്ഞതോടെ ഞങ്ങൾ നീരാട്ട് നിർത്തി തിരിച്ച് കയറി. 

Tuesday, December 22, 2020

സംശയം

"ഉപ്പച്ചീ.... ഉപ്പച്ചീ...." പശുക്കിടാവ് കണക്കെ കുന്തിരി എടുത്ത് ഓടിവരുന്ന എൽ.കെ.ജി ക്കാരൻ, എന്തെങ്കിലും കുന്ത്രാണ്ടവും ഒപ്പിച്ചായിരിക്കും വരവ് എന്ന് ഞാൻ തീർച്ചയാക്കി.

"എന്താ ... നിനക്ക് പതിവില്ലാത്തോരു കുന്തിരി..."

"അത് ഒരു സംശയം ?

"ങാ... നല്ല കുട്ടി... ചോദിച്ചോളൂ ..."

"മലയാളത്തിലെ ഒന്നിനും കൊള്ളാത്ത അക്ഷരമേതാ ?"

"ങേ !!  ഒന്നിനും കൊള്ളാത്ത അക്ഷരമോ ? ചീഞ്ചട്ടി അക്ഷരമായ ഋ ആണോ നീ ഉദ്ദേശിച്ചത് ?" 107

"അല്ല ... അ കുത്ത് കുത്ത് ..."

"ങേ !! അ കുത്ത് കുത്തോ  ..."

"ഇതാ ഈ അക്ഷരം"

"ഇത് അ: അല്ലെ ?"

"ആയിക്കോട്ടെ .... മലയാളത്തിൽ അതുപയോഗിച്ചുള്ള ഒരു വാക്ക് ഉപ്പച്ചി പറഞ്ഞാൽ ഞാൻ എൽ.കെ.ജി പഠനം നിർത്താം ..."

"ഈശ്വരാ ... പറഞ്ഞാലും കുടുങ്ങി , പറഞ്ഞില്ലേലും കുടുങ്ങി"

(അ: ഉപയോഗിച്ചുള്ള ഒരു വാക്ക് ആരെങ്കിലും പറഞ്ഞ് തരണേ ... അവന്റെ എൽ.കെ.ജി കഴിഞ്ഞിട്ട് പറഞ്ഞ് കൊടുക്കാനാ )


Wednesday, December 16, 2020

സ്നേഹമുദ്ര

         തെരഞ്ഞെടുപ്പ് ജോലി ഇപ്രാവശ്യം അനന്തമായ കാത്തിരിപ്പാകാൻ സാധ്യതയുണ്ട് എന്ന് മുൻകൂട്ടി മനസ്സിലാക്കിയതിനാൽ ഒരു മുൻകരുതൽ ഞാൻ എടുത്തിരുന്നു. സമയം ഉപയോഗപ്പെടുത്താനായി ഞാൻ അനുവർത്തിക്കുന്ന സ്ഥിരം പരിപാടികളിൽ ഒന്നായ  വായനക്കായി ഒരു പുസ്തകം. വിതരണ കേന്ദ്രത്തിലെ ബഹളത്തിനിടയിൽ ഗഹനമായ വായന സാധ്യമല്ല എന്നതിനാൽ പെട്ടെന്ന് വായിച്ച് തീർക്കാൻ പറ്റുന്ന ഒരു പുസ്തകമായിരുന്നു ഞാൻ എൻ്റെ ശേഖരത്തിൽ നിന്നും എടുത്തത്. അനിയൻ എൻ്റെ മകൾക്ക് നൽകിയ സ്നേഹമുദ്ര എന്ന കുഞ്ഞുപുസ്തകം.

                ഏഴ് കഥകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം. തലമുറ എന്ന ആദ്യകഥയുടെ തുടക്കം വളരെ മികച്ചതായിരുന്നു. പക്ഷെ ഗതി പെട്ടെന്ന് മാറി ഒരു ശോകപര്യവസാനിയായി എന്ന് മാത്രമല്ല, കഥയില്ലാ കഥയായി അനുഭവപ്പെട്ടു.തേൻകൊഞ്ചലിന്റെ മാധുര്യം എന്ന രണ്ടാമത്തെ കഥയും ദു:ഖ സാന്ദ്രമായി തന്നെ അവസാനിച്ചു.മൂന്നാമത്തെ, ഏകാന്തപഥിക എന്ന കഥ എനിക്ക് ഒന്നും തന്നെ മനസ്സിലായില്ല. എൻ്റെ കുഴപ്പമോ അതല്ല കഥയുടെ ഗുണമോ എന്നെനിക്കറിയില്ല.ദേശാടന പറവകൾ  എന്ന നാലാമത്തെ കഥയും പ്രതീക്ഷക്കനുസരിച്ച് എത്തുന്നില്ല എന്ന്, വായനക്കിടയിൽ ക്ഷണിക്കാതെ കയറിവന്ന ഉറക്കം ഉണർത്തി.എങ്കിലും പുസ്തകം ഞാൻ  മുഴുവൻ വായിച്ച് തീർത്തു.

                രചയിതാവിന്റെ ബയോഡാറ്റയിൽ നിന്നും ഇത് അവരുടെ മൂന്നാമത്തെ പുസ്തകമാണെന്ന് മനസ്സിലാക്കുന്നു. കാത്തിരിപ്പിന്റെ വിരസത അകറ്റാൻ ഞാൻ തെരഞ്ഞെടുത്ത പുസ്തകം വിരസത കൂട്ടിയതായാണ് എനിക്കനുഭവപ്പെട്ടത്. കുട്ടികൾക്ക് വായിക്കാനായി ഇത് നൽകിയ അനിയന്റെ തീരുമാനവും എന്നെ അത്ഭുതപ്പെടുത്തുന്നു. പുസ്തകത്തിന്റെ തലക്കെട്ടും ഉള്ളടക്കവും തമ്മിലുള്ള ബന്ധവും വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കും എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും പ്രോത്സാഹനം അർഹിക്കുന്ന കഥാകാരിയാണ് സായിപ്രഭ .


പുസ്തകം : സ്നേഹമുദ്ര 

രചയിതാവ്:  സായിപ്രഭ

പ്രസാധകർ:  പൂർണ്ണ പബ്ലിക്കേഷൻസ് 

പേജ്: 56

വില : 60 രൂപ 

Tuesday, December 15, 2020

കാത്തിരുപ്പ് ജോലി

          ഇലക്ഷൻ ഡ്യൂട്ടി കിട്ടുമ്പോൾ തന്നെ പലർക്കും ചങ്കിടിപ്പ് ക്രമാതീതമായി ഉയരും. പക്ഷെ ഇത്തവണ റിസർവ് ആയതിനാൽ എനിക്ക് ചെറിയൊരു സന്തോഷം തോന്നി - പലരും പറഞ്ഞ് മാത്രം അറിഞ്ഞ റിസർവ് അനുഭവങ്ങൾ അറിയാൻ സാധിക്കുന്നതിലുള്ള സന്തോഷം.

           രാവിലെ വീട്ടിൽ നിന്നിറങ്ങിയത് തന്നെ എട്ടു മണിക്കാണ്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ജോലികൾക്കെല്ലാം എട്ടു മണിക്ക് വിതരണ കേന്ദ്രത്തിൽ എത്തണം എന്നായിരുന്നു വാറണ്ട് എങ്കിൽ, ഇത്തവണ സമയത്തിന്റെ നേരെ ശൂന്യമായിരുന്നു കണ്ടത്. അങ്ങനെ ഞാൻ റിപ്പോർട്ട് ചെയ്തത് പത്തര മണിക്കായിരുന്നു.

          റിസർവ്വ് ബെഞ്ചിൽ ഒരു പട തന്നെ ഉണ്ടായിരുന്നതിനാൽ പണി കിട്ടും എന്നുറപ്പില്ലായിരുന്നു.പക്ഷെ അക്ഷരമാലാ ക്രമത്തിൽ എന്റെ പേര് ആദ്യം തന്നെ വരും എന്നതിനാൽ പണി കിട്ടും എന്നുറപ്പിച്ചിരുന്നു.ഡ്യൂട്ടി കാൻസൽ ചെയ്യാൻ മുൻപന്തിയിൽ ഉണ്ടായിരുന്നത് സ്ത്രീകൾ ആയതിനാൽ റിസർവ് ബെഞ്ച് വേഗത്തിൽ കാലിയാകുന്നതും അവിടെ ആയിരുന്നു. പുരുഷ കേസരികൾ പലരും പേര് വിളിച്ചാലും അനങ്ങാതിരിക്കാൻ പരിശീലനം നേടിയവരും ആയിരുന്നു.         

             വിവിധ സമയങ്ങളിലായിട്ടായിരുന്നു ഇത്തവണ പോളിങ് സാമഗ്രികളുടെ വിതരണം. കൗണ്ടർ കാലിയാകുന്നതിനനുസരിച്ച് പിന്നിൽ നിന്നും ദീർഘശ്വാസങ്ങൾ ഉയർന്നു.ഒരു കൗണ്ടറിൽ സാമഗ്രികളടങ്ങിയ  സഞ്ചി  കുറെ നേരം ശേഷിച്ചത് ചിലരുടെ ഹൃദയമിടിപ്പും കൂട്ടി. എങ്കിലും പന്ത്രണ്ടരയോടെ എല്ലാവരും റിപ്പോർട്ട് ചെയ്ത് സാമഗ്രികളുമായി സ്ഥലം വിട്ടു. വൈകിട്ട്  4 മണി വരെ ഞങ്ങൾ എല്ലാവരും അവിടെ തന്നെ കയറില്ലാതെ കെട്ടിയിടപ്പെട്ടു . 

         തൊട്ടപ്പുറത്തെ റിട്ടേണിംഗ് ഓഫീസർ പിറ്റേ ദിവസം വെറും പത്ത് പേര് മാത്രം വന്നാൽ മതി എന്നറിയിച്ച് ബാക്കിയുള്ളവർക്ക് റമ്യൂണറേഷനും നൽകിയത് ഇവിടെ ചില കുശുകുശുക്കലുകൾ ഉണ്ടാക്കിയെങ്കിലും അത്  വില പോയില്ല. പിറ്റേ ദിവസം രാവിലെ ഏഴു മണിക്ക് എല്ലാവരും ഹാജരാകണം എന്ന നിർദ്ദേശത്തോടെ ഞങ്ങളെ അന്നത്തേക്ക് സ്വതന്ത്രരാക്കി.   

           ഇലക്ഷൻ ദിവസമായതിനാൽ ബസ്സുകൾ അപൂർവ്വമായേ സർവീസ് നടത്തിയിരുന്നുള്ളു. തലേ ദിവസം തന്നെ ഞാനത് സൂചിപ്പിച്ചതിനാൽ വൈകി വരാനുള്ള ഒരു മൗനാനുവാദം എനിക്കുണ്ടായിരുന്നു. എങ്കിലും ഞാൻ നേരത്തെ വീട്ടിൽ നിന്നിറങ്ങി. പക്ഷെ കിട്ടിയത് തലേ ദിവസത്തെ സമയത്ത് തന്നെയുള്ള ബസ്സായതിനാൽ വിതരണ കേന്ദ്രത്തിൽ എത്തിയത് പത്ത് മണിക്കായിരുന്നു. ഒപ്പ് ചാർത്തി അവിടെ ഉണ്ടായിരുന്ന കൂട്ടത്തിൽ ഞാനും അലിഞ്ഞ് ചേർന്നു.

              അന്താരാഷ്‌ട്ര നിലവാരത്തിലുള്ള നടക്കാവ് ഗേൾസ് സ്‌കൂളായിരുന്നു ഞങ്ങളുടെ വിതരണ കേന്ദ്രം. മൂന്ന് പോളിങ് ബൂത്തുകളും അവിടെ ഉണ്ടായിരുന്നതിനാൽ സമയം കടന്നു പോകാൻ പ്രയാസം തോന്നിയില്ല. സ്‌കൂളിന്റെ സൗകര്യങ്ങൾ അടുത്തറിയാൻ ഞാനും സഹപ്രവർത്തകരായ സുജിത്ത് സാറും വിനോദ് മാഷും ഒന്ന് കറങ്ങി നോക്കാൻ തീരുമാനിച്ചു. അങ്ങനെ സൊറ പറഞ്ഞിരിക്കുന്നതിനിടെയിൽ 12 മണിക്ക് സുജിത് സാറിന് ഉടൻ റിപ്പോർട്ട് ചെയ്യാനുള്ള വിളി വന്നു. അല്പം വിഷമത്തോടെ സാറ് എണീറ്റു നടന്നപ്പോൾ ഞങ്ങളും വെറുതെ പിന്നാലെ പോയി.

           വന്നവർക്കെല്ലാം കാത്തിരുപ്പ് കൂലി നൽകാനുള്ള വിളിയായിരുന്നു അത് !! ഇലക്ഷൻ ക്ലാസ് , രണ്ട് ദിവസത്തെ ചുമ്മാ ഇരുത്തം എന്നിവക്കായി മൊത്തം 1500 രൂപ തന്ന ശേഷം, അടുത്തുള്ള ഏതാനും പേരൊഴികെ ബാക്കിയുള്ളവരോട് സ്ഥലം കാലിയാക്കാനും നിർദ്ദേശം കിട്ടി. തൊട്ടപ്പുറത്തെ റിട്ടേണിംഗ് ഓഫീസറുടെ കീഴിലുള്ളവർക്ക് വൈകിട്ട് നാല് മണിക്കേ കൂലി നൽകു എന്നറിഞ്ഞപ്പോൾ ഇന്നലെ ഉണ്ടായിരുന്ന നീരസം നീരാവിയായി പോയി.

           അങ്ങനെ ആ ഡ്യൂട്ടിയും വിജയകരമായി അവസാനിച്ചു. രണ്ട് ദിവസം കാത്തിരുപ്പ് ജോലി. ആരെങ്കിലും വീണാൽ , തല കറങ്ങിയാൽ, മറ്റെന്തെങ്കിലും സംഭവിച്ചാൽ പകരക്കാരനായി കയറാൻ ഊഴം കാത്ത് നിന്നെങ്കിലും  അതൊന്നും സംഭവിച്ചില്ല.വൈകിട്ട് നാലര മണിയോടെ ഞാൻ വീട്ടിൽ തിരിച്ചെത്തി.  ഒരു ഇലക്ഷൻ  ഡ്യൂട്ടി മുഴുവനാക്കി പോളിങ് സമയം അവസാനിക്കുന്നതിന് മുന്നേ വീട്ടിലെത്താൻ സാധിച്ചത് എന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യമാണ്.