Pages

Tuesday, February 20, 2007

ബാല്യകാലസ്മരണകള്‍ - ഒന്ന്

             ആയിരത്തിതൊള്ളായിരത്തി കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ചെറിയ ചെറിയ സംഭവങ്ങളാണ്‌ ഇവിടെ പറയുന്നത്‌. ഞങ്ങളുടെ അയല്‍വാസിയായിരുന്നു കുഞ്ഞന്‍. ഞങ്ങള്‍ ചെറിയ കുട്ടികള്‍ കുഞ്ഞങ്കാക്ക എന്ന് വിളിക്കും.അദ്ദേഹത്തിന്റെ നല്ലപാതി മോങ്ങത്ത്‌ (യഥാര്‍ത്ഥ പേര്‌ ഞങ്ങള്‍ക്കാര്‍ക്കും അറിഞ്ഞ്‌കൂടാ... മോങ്ങം എന്ന സ്ഥലത്ത്‌ നിന്നുള്ളവളായതിനാല്‍ ഈ പേരിലറിയപ്പെടുന്നു എന്ന് ഉമ്മ പറയുന്നു).പിന്നെ ഇവരുടെ കുറെ ആണ്‍മക്കളും.

               കുഞ്ഞങ്കാക്ക പറമ്പിലെ വിവിധ പണികള്‍ക്കായി മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ വീട്ടിലുണ്ടാകും.മോങ്ങത്ത്‌ അടുക്കളയില്‍ ഉമ്മയെ സഹായിക്കാനും.അവരുടെ മക്കളായ വാസു, ചാത്തന്‍, മുകുന്ദന്‍ എന്നിവരും അഛനെ പറമ്പില്‍ സഹായിക്കാനായി വരും. എന്റെ ഉപ്പ പഠിപ്പിച്ചിരുന്ന ഗവണ്‍മന്റ്‌ ഹൈസ്കൂളിലായിരുന്നു ഈ മക്കളുടെയെല്ലാം വിദ്യാഭ്യാസം നടന്നത്‌.അതിനാല്‍ തന്നെ അവര്‍ക്ക്‌ എന്റെ ഉപ്പയോടും ഉപ്പാക്ക്‌ അവരോടും ഒരു പ്രത്യേക താല്‍പര്യമായിരുന്നു. ഇന്ന് ഈ മക്കളെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്‌.ഇപ്പോഴും ഇടക്കിടെ അവര്‍ വീട്ടില്‍ വരും....
  
           പടിഞ്ഞാറെകണ്ടത്തില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന വരിക്കപ്ലാവ്‌ ചൂണ്ടി വാസ്വേട്ടന്‍ പറയും - 
"ഉപ്പയുടെ കൂടെ ഒരിക്കല്‍ നൊച്ചാട്ട്‌ (ഉപ്പയുടെ സ്വന്തം നാട്‌) പോയപ്പോള്‍ ഉമ്മാമ സ്നേഹപൂര്‍വ്വം തന്നുവിട്ടതാ...ആദ്യ ചക്ക പൊട്ടുന്നത്‌ വരെ അതിന്‌ വെള്ളവും വളവും നല്‍കേണ്ടതും ആടുമാടുകള്‍ കടിക്കാതെ നോക്കേണ്ടതും എന്റെ ഉത്തരവാദിത്വമായിരുന്നു അഥവാ ബാപ്പയുടെ ഉത്തരവായിരുന്നു.ആ പ്ലാവില്‍ ആദ്യ ചക്ക പൊട്ടിയത്‌ കണ്ടപ്പോള്‍ ഉപ്പ എന്നെ കെട്ടിപ്പിടിച്ചാശ്ലേഷിച്ചത്‌ ഞാനിന്നും ഓര്‍ക്കുന്നു.എന്റെ അഛന്‍പോലും എന്നെ അതുപോലെ ആശ്ലേഷിച്ചിട്ടില്ല.ഇപ്പോഴും ചക്ക കിട്ടാറില്ലേ ? ചക്ക തിന്നുമ്പോള്‍ ഈ വാസ്വേട്ടനെയും ഉമ്മാമയേയും ഓര്‍ക്കണേ...." 
( ആ പ്ലാവ്‌ എന്റെ വീട്‌ പണിക്ക്‌ സ്ഥലമൊരുക്കാനായി കഴിഞ്ഞ വര്‍ഷം മുറിച്ചു മാറ്റി...വാസ്വേട്ടന്‍ പിന്നീട്‌ അതുവഴി വന്നതേ ഇല്ല ).

4 comments:

Areekkodan | അരീക്കോടന്‍ said...

ബാല്യകാലസ്മരണകളില്‍ നിന്ന് പെറുക്കി എടുത്ത ചില ഏടുകള്‍ ബൂലോകത്ത്‌ സമര്‍പ്പിക്കുന്നു.

സുല്‍ |Sul said...

പഴയകാലം പുതിയതിനു വേണ്ടി വഴിമാറുമ്പോള്‍, എല്ലാം ഓര്‍മ്മകളില്‍ ഒതുങ്ങുന്നു.

-സുല്‍

P Das said...

നല്ല പോസ്റ്റ്

Areekkodan | അരീക്കോടന്‍ said...

സുല്ലേ....ആ ഓര്‍മ്മകള്‍ എന്നെന്നും നിലനില്‍ക്കാനും തലമുറകളിലേക്ക്‌ കൈമാറാനും ആണ്‌ ഈ പോസ്റ്റുകള്‍.
ചക്കരേ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക