Pages

Tuesday, July 10, 2007

അബു കോഴിക്കോട്ട്‌

അര്‍മാന്‍ മോല്യാര്‍ ഇറങ്ങിപ്പോയതോടെ അബുവിന്‌ സമാധാനമായി.അബുവിന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി.അതിനിടക്ക്‌ എപ്പോഴോ അബു ഉറക്കത്തിലേക്ക്‌ വഴുതി വീണു.മനസ്സ്‌ ശാന്തമായതോടെ അബു കൂര്‍ക്കം വലിച്ചുറങ്ങാന്‍ തുടങ്ങി.വണ്ടി കോഴിക്കോട്ടെത്തിയത്‌ അബു അറിഞ്ഞതേ ഇല്ല. കാളവണ്ടികള്‍ നിര്‍ത്താനുള്ള വിശാലമായ മൈതാനത്തിന്റെ ഒരറ്റത്ത്‌ ഒരു വന്മരത്തിന്റെ ചുവട്ടില്‍ വണ്ടി നിര്‍ത്തി.വണ്ടിയുടെ പിന്നില്‍ ഒരു താങ്ങ്‌ കൊടുത്ത്‌ വണ്ടിക്കാരന്‍ കാളകളെ അഴിച്ചുമാറ്റി.കാളകള്‍ക്ക്‌ വെള്ളം കൊടുക്കാനായി അവയെ മരത്തിലേക്ക്‌ മാറ്റികെട്ടി. "ശൂ...ശൂ.." വണ്ടിക്കാരന്‍ ഒരു പ്രത്യേക താളത്തില്‍ ചൂളമടിച്ചു. "ശൂ...ശൂ.." മറുപടിചൂളവും വന്നു.പിന്നാലെ രണ്ടുപേര്‍ പിണ്ണാക്കും മറ്റും ചേര്‍ത്ത രണ്ട്‌ വലിയ ബക്കറ്റ്‌ വെള്ളവുമായി എത്തി.കാളകള്‍ക്ക്‌ വച്ചുകൊടുക്കേണ്ട താമസം അവ ആര്‍ത്തിയോടെ അതിലേക്ക്‌ തലയിട്ടു കുടിക്കാന്‍ തുടങ്ങി. വണ്ടിക്കാരന്‍ കാളകളെ ഒന്ന്‌ തൊട്ടുതലോടിയ ശേഷം മൈതാനത്തിന്റെ ഒരു വശത്തുള്ള കിണറിനടുത്തേക്ക്‌ തോര്‍ത്തുമായി നീങ്ങി. പൊടിയില്‍ മുങ്ങിയ ദേഹത്തും തലയിലും നന്നായി വെള്ളമൊഴിച്ചുകൊണ്ട്‌ വണ്ടിക്കാരന്‍ വിശദമായി കുളിച്ചു.കുളിക്കിടയില്‍ തന്നെ വാങ്ങേണ്ട സാധനങ്ങളെക്കുറിച്ചും പോകേണ്ട സ്ഥലങ്ങളെക്കുറിച്ചും തിരിച്ചുപോകേണ്ട സമയത്തെക്കുറിച്ചും പദ്ധതികള്‍ ആസൂത്രണം ചെയ്തു.കുളികഴിഞ്ഞ്‌ വണ്ടിക്കാരന്‍ കാളകളുടെ അടുത്തേക്ക്‌ തന്നെ തിരിച്ചു പോയി. "ബേ..ബേ..." വണ്ടിക്കാരനെ കണ്ട്‌ കാളകള്‍ കരയാന്‍ തുടങ്ങി.ശബ്ദം കേട്ട്‌ അബു ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ചുറ്റും നോക്കി. 'ങേ....വണ്ടി നിന്നല്ലോ.....കോയ്ക്കോട്ടെത്ത്യോ?' അബു പെട്ടെന്ന് തട്ടിക്കുടഞ്ഞ്‌ എഴുന്നേറ്റു.വണ്ടിക്കുള്ളിലെ ആളനക്കം വണ്ടിക്കാരന്റെ ശ്രദ്ധയില്‍പെട്ടു.അയാള്‍ സൂക്ഷിച്ചു നോക്കി "ങേ...ഒര്‌ ചെക്കന്‍!* ഇബന്‍ യൗടന്ന് കേറിക്കൂടിയതാണാവോ ?" ആത്മഗതം ചെയ്തുകൊണ്ട്‌ വണ്ടിക്കാരന്‍ അബുവിന്റെ അടുത്തേക്ക്‌ നീങ്ങി. വണ്ടിക്കാരന്റെ വരവ്‌ കണ്ട അബു പേടിച്ച്‌വിറച്ച്‌ വണ്ടിയില്‍ നിന്നിറങ്ങി. "ആരാടാ നീ..?" വണ്ടിക്കാരന്‍ ഉച്ചത്തില്‍ ചോദിച്ചു. "ഞാന്‍...." അബുവിന്റെ വാക്കുകള്‍ പുറത്തേക്ക്‌ വന്നില്ല. "അന്റെ പേരത്താന്ന്..?" "അവ്വോക്കര്‍...അബൂന്ന് ബിളിച്ചും.. "ആ...ജ്ജ്‌* യൗടന്നാ കേറ്യേ..?" "പോത്താഞ്ചീരീന്ന്..." "സുബ്‌ഹാനള്ളാ...അരീക്കോട്ടെ പോത്താഞ്ചീരീന്നോ..? അപ്പം ഇന്നലെ മഗ്‌രിബ്‌ മൊതല്‌ ജ്ജ്‌ ഞമ്മളെ വണ്ടീല്‌ണ്ടായ്ന്യോ ?" "ആ..." "അപ്പം നാട്‌ ബ്‌ട്ടതാണല്ലേ..?" "ആ..." "ഹമ്‌ക്കേ...അന്റെ തന്ത അന്നെ തെരഞ്ഞ്‌ നടക്ക്‌ണ്‌ണ്ടാവൂലെ?" "ഇച്ച്‌ തന്തല്ല..." "ഓ...അപ്പം ജ്ജ്‌ എത്ത്‌നാ നാട്‌ ബ്‌ട്ടത്‌?" "പണിട്‌ത്ത്‌ കായി*ണ്ടാക്കാന്‍..." "എത്ത്നാ അനക്ക്‌ കായി?" "മംഗലം കയ്ച്ചാന്‍.." "ആ...ഹാ...അപ്പം ജ്ജ്‌ എത്ത്‌ പണ്യാ ഇട്‌ക്കാ?" "കായി ക്‌ട്ട്‌ണ ഏത്‌ പണിം.." "ആ..സരി...സരി..അനക്ക്‌ ബെസക്ക്‌ണ്‌ണ്ടോ*..?" "ആ.." "ന്നാ ബാ....ബടെ ഞമ്മളൊക്കെ പോണ ഒര്‌ മക്കാനി*ണ്ട്‌...അനക്ക്‌ ഔടെ പണിം ക്‌ട്ടും....പച്ചേ...ഒര്‌ കണ്ടീസന്‍....ഞമ്മള്‌ ഈ കോയ്ക്കോട്ട്‌ ബെരുമ്പോളൊക്കെ ജ്ജ്‌ ഔടെ ണ്ടാവണം...ഏറ്റോ...?" "ആ...ഏറ്റു..." "ന്നാ നടക്ക്‌ മക്കാനീക്ക്‌..." അവര്‍ മക്കാനി ലക്ഷ്യമാക്കി നടന്നു.അര്‍മാന്‍ മോല്യാര്‍ പറഞ്ഞ സംഗതികള്‍ വണ്ടിക്കാരന്‍ മറന്നുപോയിരുന്നതിനാല്‍ അബുവിനെ വണ്ടിക്കാരന്‌ മനസ്സിലായില്ല. (തുടരും...) ************************** ചെക്കന്‍ = ആണ്‍കുട്ടി ജ്ജ്‌ = നീ കായി = കാശ്‌ ബെസക്കുക = വിശക്കുക മക്കാനി = ഹോട്ടല്‍

15 comments:

അരീക്കോടന്‍ said...

"സുബ്‌ഹാനള്ളാ...അരീക്കോട്ടെ പോത്താഞ്ചീരീന്നോ..? അപ്പം ഇന്നലെ മഗ്‌രിബ്‌ മൊതല്‌ ജ്ജ്‌ ഞമ്മളെ വണ്ടീല്‌ണ്ടായ്ന്യോ ?"
അബു ആന്റ്‌ സൈനബ - ഭാഗം 12

G.manu said...

മാഷേ......ശൈലികളുടെ ആരാധകന്‍ ആയതുകൊണ്ടാവും.ഇതിലെ ഡയലോഗുകള്‍ ഞാന്‍ കാണാതെ പടിച്ചത്‌.... ഒരുപാട്‌ ഇഷ്ടമായി

വല്യമ്മായി said...

:)

Kiranz..!! said...

എന്റെ കര്‍ത്താവേ..അരീക്കോടനും തുടങ്ങിയോ ഈ തുടര്‍പ്രേതം :(,മനുഷ്യനെ ഈ കഥയില്‍ കെട്ടിയിടാ‍നായിട്ട് :)

അരീക്കോടന്‍ said...

മനു - ഇതാണ്‌ ഒറിജിനല്‍ മലപ്പുറം ശൈലി
വല്ല്യമ്മായീ...നന്ദി, വീണ്ടും വരിക
കിരണ്‍സേ..ഇത്‌ തുടങ്ങിയിട്ട്‌ കുറെ കാലമായി.ഇപ്പോഴാ കാണുന്നതല്ലേ ?

One Swallow said...

:-) ശാസ്ത്രത്തില്‍ അമിതമായി വിശ്വസിച്ചവരെപ്പറ്റിയാണ് ഞാന്‍ എഴുതിയത്. അരീക്കോട്ടെ ആര്‍ട്ടിസ്റ്റ് ശങ്കരനെ അറിയുമോ?
paliyath@gmail.com

സുനീഷ് തോമസ് / SUNISH THOMAS said...

അരീക്കോടാ... വായനയില്‍ ഒരു എന്‍.പി. സുഖം. അറബിപ്പൊന്ന് ഓര്‍മ വരുന്നു.
എഴുത്. വേഗം, വേഗം എഴുത്.

പഴയതു കൂടിയൊന്നു വായിക്കട്ടെ...

ആപ്പിള്‍കുട്ടന്‍ said...

അബുവിന്റെ ദേശാടനം ഇഷ്ട്പ്പെട്ടു, അവിഘ്നം തുടരട്ടെ.

ബീരാന്‍ കുട്ടി said...

:)

Aisibi said...

Maasha Allah. ഇതു വായിക്കുമ്പം ഒരു മയ പെയ്ത സൊഖം മനസ്സില്‍. :)

deepdowne said...

വളരെ നന്നായിട്ടുണ്ട്‌ കേട്ടോ. പക്ഷേ, ഇത്‌ പന്ത്രണ്ടാം ഭാഗമാണ്‌. ഇതിനുമുന്‍പുള്ള ഭാഗങ്ങള്‍ക്കുവേണ്ടി തിരഞ്ഞുതിരഞ്ഞു ഞാന്‍ ഒരു പരുവമായി! പല എപിഡോസുകളും പല ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്നു. തിരഞ്ഞുതിരഞ്ഞു വായിക്കാന്‍ സമയം പോരാത്തതുകൊണ്ട്‌ അതൊന്നും വായിച്ചിട്ടില്ല. ഓരോ എപിഡോസിന്റെയും കൂടെ അതിനു തൊട്ട്‌ മുന്‍പുള്ള എപിഡോസിന്റെയും തൊട്ട്‌ ശേഷമുള്ള എപിഡോസിന്റെയും, പറ്റുമെങ്കില്‍ ഏറ്റവും ആദ്യത്തെ എപിഡോസിന്റെയും ലിങ്ക്‌ കൊടുത്തിരുന്നെങ്കില്‍ എല്ലാവര്‍ക്കും സഹായകമായേനേ.

deepdowne said...

ഇപ്പോഴാണ്‌ labels-ന്റെ കാര്യമോര്‍ത്തത്‌. അബുവിന്റെ എല്ലാ പോസ്റ്റുകള്‍ക്കും ഒരു label കൊടുത്തുകൂടെ. അപ്പോള്‍ അതില്‍ ഒന്ന് ക്ലിക്ക്‌ ചെയ്യേണ്ടതാമസം എല്ലാ എപിഡോസുകളും ഒന്നിച്ച്‌ അണിനിരക്കുമല്ലോ. ലിങ്കിന്റെ ആവശ്യവുമില്ല. എന്റെ ഒരു നിര്‍ദ്ദേശം മാത്രം. അത്രേയുള്ളൂ :)

Anonymous said...

ആശയമൊക്കെ കൊള്ളാം പക്ഷെ ഭാവന തീരെ പോര...കൂടുതല്‍ പുസ്ത്കള്ളും കവിതകളും വായിക്കാന്‍ ശ്രമിക്കുക...‍

RUMANA said...

ഉഷാറായ്‌ക്ക്ണ്‌ട്ടാ... ഒരുപാട് നാളായി മലപ്പുറത്ത് പോയിട്ട്.നിഷ്കളങ്ക ഹ്ര്ദയവുമായി സ്വാഗതം ചെയ്യുന്ന അരീക്കോട്ടേ കാളവണ്ടിപ്പാതയെ കുറിച്ചും കാലിച്ചന്തയെ കുറിച്ചും അല്പം കൂടി വര്‍ണിക്കാമായിരുന്നു.എന്നാലും ഞമ്മക്ക് പെരുത്തിഷ്ടായിട്ടാ‍ാ‍ാ..അബൂനേ പടച്ചോന്‍ കാക്കട്ടെ.,

അരീക്കോടന്‍ said...

One swallow സ്വാഗതം...ശങ്കരന്‍ വരച്ച എന്റെ ചിത്രം താമസിയാതെ കാണാം.....ഒറിജിനല്‍ ഞാന്‍!!!
സുനീഷേ....എന്‍.പി.സുഖം???നല്ല വാക്കിന്‌ ഹൃദയം നിറഞ്ഞ നന്ദി
ആപ്പിള്‍,ബീരാന്‍....നന്ദി
ഐസിബി...സ്വാഗതം.ഇനിയും വരണേ...
deepdowne..സ്വാഗതം... അബുവിനെ മൊത്തം പിടിച്ച്‌ ഒരു കൂട്ടിലാക്കാന്‍ ശ്രമിച്ചു,നടന്നില്ല.label കൂടി ഒന്ന്‌ പരീക്ഷിക്കട്ടെ
rumana ...സ്വാഗതം....ഇഷ്ടപ്പെട്ടതില്‍ സന്തോഷം

Post a Comment

നന്ദി....വീണ്ടും വരിക