Pages

Tuesday, September 25, 2007

പാളിപ്പോയ ഒരു സൈക്കിള്‍ കച്ചവടം.

എന്റെ ഇത്താത്തയുടെ മകന്‍ ഇഫാസ്‌ അഞ്ചാം ക്ലാസ്സിലാണ്‌ പഠിക്കുന്നത്‌.ഏതൊരു അഞ്ചാം ക്ലാസ്സ്‌ ആണ്‍കുട്ടിയുടെയും പോലെ അവനും ഒരു ഹെര്‍ക്കുലിസ്‌ ബ്രാവോ ബ്രാന്‍ഡ്‌ സൈക്കിളിന്റെ ഉടമയായിരുന്നു.വാങ്ങിയകാലത്ത്‌ പുതുപുത്തന്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ അത്‌ ഓള്‍ഡ്‌ ഫാഷനായി മാറിയതിലവന്‌ അല്‍പം കുണ്ഠിതമുണ്ട്‌.ഹെര്‍ക്കുലിസാണെങ്കില്‍ അവനോട്‌ ചോദിക്കാതെ(!!) പുതിയ മോഡലായ അള്‍ട്ടിമ പുറത്തിറക്കി എന്ന് മാത്രമല്ല അവന്റെ പരിചയക്കാരനായ സവാദിന്‌ തന്നെ അതിലൊന്ന് വില്‍ക്കുകയും ചെയ്തപ്പോള്‍ ഇഫാസിന്റെ ഉള്ളില്‍ രോഷവും അമര്‍ഷവും നുരഞ്ഞ്‌ പൊങ്ങി. സവാദും ഇഫാസും വ്യത്യസ്ത സ്കൂളുകളിലാണ്‌ പഠിക്കുന്നത്‌.എട്ടിലോ ഒമ്പതിലോ എത്തേണ്ട സവാദ്‌ ഇപ്പോഴും അഞ്ചാം ക്ലാസ്സില്‍ ഇരിക്കുന്നതിന്റെ ഗുട്ടന്‍സ്‌ അവന്റെ 916 പരിശുദ്ധമായ മണ്ടത്തല തന്നെയാണ്‌.സൂത്രങ്ങള്‍ ഒപ്പിക്കാനും അവന്‍ ഈ മണ്ടരിത്തല നന്നായി ഉപയോഗിച്ചിരുന്നു.ഒരേ നാട്ടുകാരായതിനാലും ഒരേ കമ്പനിയുടെ വിവിധ "ബ്രാന്‍ഡ്‌ അമ്പാസഡര്‍"മാരായതിനാലും സവാദും ഇഫാസും പരിചയത്തിലായി. സവാദിന്റെ അള്‍ട്ടിമയെ മനസാ നെഞ്ചേറ്റി നടക്കുന്ന ഒരു ദിവസം ഉച്ചക്ക്‌ ഇഫാസിന്റെ വീട്ടില്‍ സവാദ്‌ സൈക്കിളുമായെത്തി.ശേഷം ഇഫാസിനോട്‌ ചോദിച്ചു. "നിന്റെ സൈക്കിള്‍ ഏതാ?" "ഹെര്‍ക്കുലിസ്‌ ബ്രാവോ..." "ങ്‌ ഹേ!!! ബ്രാവോയോ....അപ്പോള്‍ നീ അതറിഞ്ഞില്ലേ...?" "എന്ത്‌?" ഇഫാസ്‌ ചോദിച്ചു. "ബ്രാവോ സൈകിളില്‍ റ്റാത്ര ചെയ്യുമ്പോള്‍ ഒരു കുട്ടി വീണുമരിച്ചു!!!വിവരമറിഞ്ഞ ഹെര്‍ക്കുലിസ്‌ കമ്പനിക്കാര്‍ ബ്രാവോ സൈകിളുകളെല്ലാം കത്തിച്ചു."സവാദ്‌ ഒരു തകര്‍പ്പന്‍ നുണ കാച്ചി. "ങ്‌ ഹേ!! അങ്ങിനെയോ...?" ഇഫാസും ഒന്ന് ഞെട്ടി. "പിന്നെ....ഞാനിപ്പോള്‍ വന്നത്‌....എന്റെ ഈ അള്‍ട്ടിമ ഞാന്‍ അടുത്താഴ്ച വില്‍ക്കും..നിന്റെ ബ്രാവോയും അഞ്ഞൂറ്‌ രൂപയും തന്നാല്‍ ഇത്‌ നിനക്ക്‌ തരാം...എന്താ വേണോ...?" സവാദ്‌ രഹസ്യമായി ചോദിച്ചു. ബ്രാവോയെപ്പറ്റി സവാദ്‌ പറഞ്ഞതും അള്‍റ്റിമ കൈക്കലാക്കാനുള്ള മോഹവും കൂടിച്ചേര്‍ന്നപ്പോള്‍ ഇഫാസിന്‌ സവാദ്‌ പറഞ്ഞത്‌ നല്ല ആശയമായി തോന്നി.അവന്‍ പറഞ്ഞു. "ങാ....ഉമ്മയോട്‌ ചോദിക്കട്ടെ..." "ശരി....നീ ഉമ്മയോട്‌ ചോദിക്ക്‌.....ഇപ്പോള്‍ ഞാനിത്‌ നിന്റെ വീട്ടില്‍ നിര്‍ത്തട്ടെ....എന്റെ വീട്ടില്‍ നിര്‍ത്തിയിടാനുള്ള സ്ഥലമില്ല...." സവാദ്‌ പറഞ്ഞു. "ശരി...ശരി.."വൈകുന്നേരം കയ്യില്‍ ഒരു പോപിന്‍സ്‌ മിഠായി പാക്കറ്റുമായിട്ടാണ്‌ സവാദ്‌ വന്നത്‌.ഇഫാസ്‌ വീട്ടില്‍ ഇല്ലായിരുന്നു.ഇഫാസിന്റെ കുഞ്ഞനിയന്‍ അമല്‍ പുറത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. "ഇഫാസ്‌ ഉണ്ടോ..?" സവാദ്‌ ചോദിച്ചു. "ഇല്ല" അമല്‍ പറഞ്ഞു. "നിന്റെ പേരെന്താ..?" "അമല്‍" "ആ....അമല്‍ ഇങ്ങോട്ട്‌ വാ...ഇന്നാ ഇതുപിടിച്ചോ..." സവാദ്‌ പോപിന്‍സെടുത്ത്‌ അമലിന്‌ നേരെ നീട്ടി. "ഇഫാസ്‌ കാക്കയോട്‌വാദ്‌ കാക്ക വന്നിരുന്നു എന്ന്‌ പറയണം ട്ടോ.." ഇതും പറഞ്ഞ്‌ സവാദ്‌ നേരെ ഇഫാസിന്റെ ഉമ്മയെ (എന്റെ ഇത്താത്ത) അന്വേഷിച്ച്‌ വീട്ടിലേക്ക്‌ കയറി. "സവാദ്‌ കാക്ക സിന്ദാബാദ്‌....സവാദ്‌ കാക്ക സിന്ദാബാദ്‌...."മിഠായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ ജയ്‌ വിളിയുമായി അമല്‍ അകത്തേക്കോടി.അമലിന്റെ ജയ്‌ വിളി കേട്ട്‌ ഉമ്മ പുറത്തേക്ക്‌ വന്നു.ഉമ്മയെ കണ്ടപാടേ സവാദ്‌ പറഞ്ഞു. "ഇഫാസിന്‌ എന്റെ സൈക്കിള്‍ വേണമെന്ന് പറഞ്ഞിരുന്നു!500 രൂപക്ക്‌ ഞാനത്‌ അവന്‌ വിറ്റു!!പൈസ നിങ്ങളോട്‌ വാങ്ങാന്‍ പറഞ്ഞു!!!" "ങേ!!ഇഫാസ്‌ എന്നോടൊന്നും പറഞ്ഞില്ലല്ലോ?അവനെന്തിനാ രണ്ട്‌ സൈക്കിള്‍?" "ഇല്ലല്ല...അവന്റെ സൈക്കിള്‍ എന്നോട്‌ എടുക്കാനും പറഞ്ഞു....എന്റെ സൈക്കിള്‍ പുറത്ത്‌ നിര്‍ത്തിയിട്ടുണ്ട്‌...അവന്റെ സൈക്കിള്‍ അകത്താണെന്ന് അവന്‍ പറഞ്ഞിരുന്നു..." സവാദ്‌ സമര്‍ത്ഥമായി തട്ടിവിട്ടു.സവാദ്‌ പറഞ്ഞുതീരുന്നതിന്‌ മുമ്പ്‌ പുറത്തെവിടെയോ പോയിരുന്ന ഇഫാസ്‌ തിരിച്ചെത്തി.ഇഫാസിനെ ഗേറ്റില്‍ കണ്ട സവാദ്‌ പരുങ്ങി. "ഇത്താത്താ....എനിക്കൊരു പള്ളവേദന.....ഞാനിപ്പം വരാ...." ഇതും പറഞ്ഞുകൊണ്ട്‌ സവാദ്‌ പുറത്തേക്ക്‌ ചാടി ഇഫാസ്‌ കാണാതെ വീടിന്റെ പിന്നിലൂടെ ഓടി രക്ഷപ്പെട്ടു.അന്ന് അമലിന്‌ കൈക്കൂലിയായി നല്‍കിയ പോപിന്‍സ്‌ മിഠായി പാക്കിനെക്കുറിച്ചും നഷ്ടപ്പെട്ട ഹെര്‍ക്കുലിസ്‌ അള്‍റ്റിമ സൈക്കിളിനെക്കുരിച്ചും ആലോചിച്ചോ ആലോചിക്കാതെയോ സവാദ്‌ ഇപ്പോള്‍ മറ്റേതോ നാട്ടില്‍ കഴിയുന്നു.

10 comments:

ശ്രീ said...

ഓരോ പ്രായത്തിലുള്ള കച്ചവടങ്ങള്‍‌... അല്ലേ?

അന്ന് പോപ്പിന്‍‌സ് മതി, കൈക്കൂലിയായി. ഇന്നാണെങ്കിലോ?
:)

Areekkodan | അരീക്കോടന്‍ said...

"ഇത്താത്താ....എനിക്കൊരു പള്ളവേദന.....ഞാനിപ്പം വരാ...."ഇതും പറഞ്ഞുകൊണ്ട്‌ സവാദ്‌ പുറത്തേക്ക്‌ ചാടി ഇഫാസ്‌ കാണാതെ വീടിന്റെ പിന്നിലൂടെ ഓടി രക്ഷപ്പെട്ടു

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇപ്പോള്‍ സവാദ് രാഷ്ട്രീയത്തിലായിരിക്കും അല്ലേ?

മഴവില്ലും മയില്‍‌പീലിയും said...

ഈ പിള്ളേരുടെ ഓരൊ കാര്യങ്ങള്...

കുഞ്ഞന്‍ said...

സവാദ് ഇപ്പോള്‍ വലിയൊരു ബിസിനസ്സ് മാഗ്‌നറ്റ് ആയിട്ടുണ്ടാകും.!

മഴത്തുള്ളി said...

കൊള്ളാം നന്നായിരിക്കുന്നു കുട്ടികളുടെ സൈക്കിള്‍ കച്ചവടം.

എന്നാലും ഹെര്‍ക്കുലീസ് എന്താ അള്‍ട്ടിമ ഇറക്കുന്ന കാര്യം ഇഫാസിനോട് പറയാത്തതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ലല്ലോ ;)

ഏ.ആര്‍. നജീം said...

:)

മനോജ് കുമാർ വട്ടക്കാട്ട് said...

സവാദ് കൊള്ളാലോ! നല്ല വിളഞ്ഞ വിത്ത്.

Areekkodan | അരീക്കോടന്‍ said...

ശ്രീ,....കുട്ടികളുടെ കൈക്കൂലി ഇങ്ങിനെയൊക്കെയാ...ഏതായാലും ഞാന്‍ കമന്റുന്നതിന്‌ മുമ്പേ ഇവിടെ ചാടിയത്തിയല്ലേ?
ചാത്തന്‍,പടിപ്പുര,നജീം,പ്രദീപ്‌ and കുഞ്ഞന്‍.....സവാദിന്‌ നല്ല ഭാവി ഉണ്ട്‌ എന്നേ എനിക്ക്‌ പറയാനുള്ളൂ
മഴത്തുള്ളീ....കൂടുതല്‍ ആലോചിച്ചാല്‍ തുള്ളി ആവിയാവും , സൂക്ഷിച്ചോ!!!

സഹയാത്രികന്‍ said...

ഹ ഹ ഹ...കൊള്ളാം മാഷേ കച്ചോടം...!
:D

Post a Comment

നന്ദി....വീണ്ടും വരിക