Pages

Wednesday, October 03, 2007

കൂണ്‍ ശേഖരണം

ഇടവപ്പാതി കനക്കുമ്പോഴോ അതോ തുലാവര്‍ഷം ആരംഭിക്കുമ്പോഴാ എന്നറിയില്ല . കൂനിടി (കൂണ്‍ ഇടി) എന്ന ഒരു മൃദുവായ ഇടി വെട്ടുമ്പോളാണ്‌ കൂണുകള്‍ അഥവാ കുമിളുകള്‍ പൊട്ടിമുളക്കുന്നത്‌ എന്നതായിരുന്നു കുട്ടികളായ ഞങ്ങളുടെ ധാരണ.അതിനാല്‍ ഇടി വെട്ടുമ്പോളെല്ലാം അത്‌ കൂനിടിയോ അതോ മറ്റ്‌ വല്ല ഇടിയോ എന്ന് മുതിര്‍ന്നവരോട്‌ ഞങ്ങളന്വേഷിക്കും. കൂനിടിയാണെങ്കില്‍ മഴ തോരുന്ന തക്കത്തില്‍ പറമ്പിലും മറ്റും പോയി പരതിനോക്കും.കൂനിടി വെട്ടിയാല്‍ മാത്രമേ കൂണ്‍ മുളക്കൂ എന്ന ഒരു അബദ്ധധാരണയും അന്ന് ഞങ്ങളില്‍ പ്രചരിച്ചു. 

കൂണില്‍ തന്നെ തിന്നാന്‍ കൊള്ളുന്നവയും കൊള്ളാത്തവയും ഉണ്ട്‌.തിന്നാന്‍ കൊള്ളാത്തവയെ ഞങ്ങള്‍ പിരാന്തന്‍ കൂണ്‍ എന്ന് വിളിക്കും.കുട്ടികളായ ഞങ്ങള്‍ക്ക്‌ അവയെ രണ്ടും തിരിച്ചറിയാന്‍ വലിയ പ്രയാസമായിരുന്നു.കൂണിന്റെ തൊപ്പിക്ക്‌ തൊട്ടു താഴെ ഒരു മോതിരം പോലെ വളയം ഉള്ളത്‌ തിന്നാന്‍ പറ്റുന്നവയും അല്ലാത്തവ തിന്നാന്‍ പറ്റാത്തവയും എന്ന ഒരു സാമാന്യ നിഗമനമുണ്ട്‌. 

അങ്ങനെയിരിക്കെ ഒരു ദിവസം തലേന്നത്തെ കോരിച്ചൊരിയുന്ന മഴയുടെ തുടര്‍ച്ചയെന്നോണം കൂണിടി വെട്ടി.മഴക്ക്‌ ഒരു താല്‍കാലിക വിരാമം വന്നതിനാല്‍ കുട്ടികളെല്ലാവരും കളിക്ക്‌ കോപ്പു കൂട്ടുകയായിരുന്നു . ഞാനും കളിക്കാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങി. 

അപ്പോഴാണ് വഴിയില്‍ അവിടെയുമിവിടെയുമുണ്ടായ ചെറിയ വിള്ളലുകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്.
'അതാ ഒരു വിള്ളലിനകത്തു നിന്ന് ഒരു കൂണ്‍തൊപ്പി പുറത്ത്ചാടാന്‍ വെമ്പുന്നു'.
എനിക്ക്‌ സംഗതി പിടി കിട്ടി.ഈ വിള്ളലെല്ലാം കൂണ്‍ പൊട്ടുന്നതിന്റെ ലക്ഷണങ്ങളാണ്‌.എന്റെ ഉള്ളം സന്തോഷം കൊണ്ട്‌ നിറഞ്ഞു. 

വീട്ടിൽ നിന്ന് ഒരു വലിയ പാത്രവും കൂൺ കിളക്കാനായി തൊടിയിൽ നിന്ന് നീളമുള്ള ഒരു കമ്പുമെടുത്ത്‌ ഞാന്‍ കൂണ്‍ ശേഖരണത്തിനിറങ്ങി.ആദ്യം കണ്ട കൂണിനെ കൈകൊണ്ട്‌ വലിച്ചു.തണ്ട്‌ പൊട്ടി അതിന്റെ മുകള്‍ ഭാഗം എന്റെ കയ്യിലും അടിഭാഗം ഭൂമിയിലുമായി നിന്നു.ബാക്കിയായ ഭാഗം കൂടി ലഭിക്കാനായി ഞാന്‍ വടി കൊണ്ട്‌ കുഴിക്കാന്‍ തുടങ്ങി.മുഴുവന്‍ കിട്ടാനായി ഞാന്‍ മാക്സിമം വിസ്താരത്തില്‍ ഒരു കുഴിയുണ്ടാക്കി.ഒരു ചെറിയ കഷ്ണം കൂടി ലഭിച്ചതല്ലാതെ കൂടുതല്‍ നേട്ടങ്ങളൊന്നും ഉണ്ടായില്ല. 

അടുത്ത വിള്ളലിനടുത്തെത്തി ഞാന്‍ വീണ്ടും മാന്താന്‍ തുടങ്ങി.പത്ത്‌ പതിനഞ്ച്‌ സെന്റിമീറ്റര്‍ ആഴമുള്ള കുഴിയായിട്ടും എനിക്കൊന്നും കിട്ടാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ച്‌ അടുത്ത വിള്ളലിനടുത്തെത്തി.അവിടെയും മാന്തി മാന്തി അത്യാവശ്യം നല്ലൊരു ഗട്ടറുണ്ടാക്കി.ഇങ്ങിനെ വഴിയില്‍ കണ്ട വിള്ളലെല്ലാം ഗട്ടറുകളാക്കി മാറ്റിയെങ്കിലും എനിക്ക് കൂടുതല്‍ കൂണ്‍ ഒന്നും തന്നെ കിട്ടിയില്ല.വിവരം ഞാന്‍ എന്റെ  ഉമ്മയെ ധരിപ്പിക്കുകയും ചെയ്തു. 

വൈകുന്നേരം അതു വഴി വന്ന മൂത്താപ്പയുടെ മകന്‍ അബ്ദുറഹീം , വഴി നിറയെ കുഴി കണ്ട്‌ ചോദിച്ചു - 
" ഇതെന്താ വഴി നിറയെ കുഴികള്‍? രാവിലെ ഉണ്ടായിരുന്നില്ലല്ലോ..." 

"അത്‌...ആബി കൂണിന്‌ വേണ്ടി കുഴിച്ചതാ..." എന്റെ ഉമ്മ റഹീമിനോട് പറഞ്ഞു.

"അയ്യോ....അതെല്ലാം രാവിലെതന്നെ ഞാന്‍ പറിച്ചിരുന്നു.ഒരു പിരാന്തന്‍ കൂണ്‍ മാത്രം പറിക്കാതെ ഞാന്‍ ബാക്കി വച്ചിരുന്നു ...!!" 

അപ്പോഴാണ്‌ എനിക്ക്‌ കിട്ടിയ ഒരു കൂണിന്റെ രഹസ്യവും മറ്റ്‌ കൂണുകള്‍ കിട്ടാഞ്ഞതിന്റെ പരസ്യവും ഞാനറിഞ്ഞത്‌.

8 comments:

Areekkodan | അരീക്കോടന്‍ said...

വൈകുന്നേരം മൂത്താപ്പയുടെ മകന്‍ , വഴി നിറയെ കുഴി കണ്ട്‌ ചോദിച്ചു - " ഇതെന്താ വഴി നിറയെ കുഴികള്‍?"
"അത്‌...ആബി കൂണിന്‌ വേണ്ടി കുഴിച്ചതാ..." ഉമ്മ പറഞ്ഞു.
"അയ്യോ....അതെല്ലാം രാവിലെതന്നെ ഞാന്‍ പറിച്ചിരുന്നു.ഒരു പിരാന്തന്‍ കൂണ്‍ മാത്രം ഞാന്‍ പറിച്ചില്ല...!!"
കൂണ്‍ ശേഖരണം - ഒരു മഴക്കാല സ്മരണ

സുല്‍ |Sul said...

അരീക്കോഡ്‌സ് :)
കൂണ്‍ ശേഖരണം കൊള്ളാം. ഇങ്ങനെ ഒരു പരിപാടി ഞങ്ങളുടെ നാട്ടില്‍ ഇല്ലല്ലൊ :(

-സുല്‍

സഹയാത്രികന്‍ said...

ഹ ഹ ഹ മാഷേ...കൊള്ളാല്ലോ ഈ പരിപാടി....

മാഷ് പറഞ്ഞപോലെ കൂണിടിയുടെ കാര്യം ഞാനും കേട്ടിരിക്കണൂ

:)

ശ്രീ said...

കൂണ്‍‌ ശേഖരണം കൊള്ളാം.
:)

Sanal Kumar Sasidharan said...

വായില്‍ വെള്ളപ്പൊക്കം :)

കുഞ്ഞന്‍ said...

ഹഹ കൊള്ളാം, ഇപ്പോഴത്തെ കുട്ടികള്‍ ഇതു വല്ലതും കണ്ടിട്ടുണ്ടൊ, അതെങ്ങിനെ കോണ്‍ക്രീറ്റ് കാടുകളല്ലേ...

കുറുമാന്‍ said...

കൂണിടിയും, കൂണ്‍ പറിക്കാന്‍ കല്ലുവെട്ടാമടയിലും, ഇടവഴികളിലും മറ്റും നടന്നതും ഓര്‍മ്മ വന്നു. പിന്നെ അധികമ വിരിഞ്ഞ കൂണുകളും പറിക്കാറില്ല. പിരാന്തന്‍ കൂണ്‍ എന്നതിന്‍ ഞങ്ങടെ നാട്ടില്‍ വിഷക്കൂണ്‍ എന്നും പറയും.

ആ കൂണുകൊണ്ട് തേങ്ങാ വറുത്തരച്ച് വക്കുന്ന കറി ഇറച്ചികറിയെ പോലും വെല്ലും. ഇന്ന് കടയില്‍ കിട്ടുന്ന ആര്‍ട്ടിഫിഷ്യല്‍ കൂണ്‍ കടിച്ചാല്‍ റബ്ബര്‍ കഷ്ണം പോലെ ഇരിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

സുല്ലേ.....കടാപുറത്ത്‌ കൂണ്‍ ഉണ്ടാവില്ല...അതോണ്ടായിരിക്കും...
സഹയാത്രികാ....കൂണിടി തലക്ക്‌ കിട്ടിയിട്ടുണ്ടോ ???
സനാതനാ....റോട്ടിലാകെ വെള്ളപൊക്കം...പിന്നെ വാ വെറുതേ ഇരിക്കേണ്ടന്ന് കരുതിയിരിക്കും...
ശ്രീ , കുഞ്ഞാ....ഇപ്പോഴത്തെ കുട്ടികള്‍ക്ക്‌ ഇതൊന്നും അറിയില്ല...കഷ്ടം....
കുറുമാന്‍ജീ....സ്വാഗതം...ഞങ്ങളും കൂടുതല്‍ വിരിഞ്ഞ കൂണ്‍ പറിക്കാറില്ല.വാങ്ങുന്ന കൂണ്‍ അത്ര ടേസ്റ്റ്‌ ഇല്ല.പിന്നെ ആ കറി....അതൊന്ന് ടെസ്റ്റ്‌ ചെയ്യണമല്ലോ....അടുത്ത കൂണിടി വെട്ടട്ടെ..

Post a Comment

നന്ദി....വീണ്ടും വരിക