Pages

Wednesday, December 19, 2007

പെരുന്നാള്‍ ഓര്‍മ്മകള്‍....

കുട്ടിക്കാലത്ത്‌ പെരുന്നാള്‍ എന്നാല്‍ ചെറുതോ വലുതോ എന്നൊന്നും ഞങ്ങള്‍ക്ക്‌ നിശ്ചയമില്ലായിരുന്നു.ഒരു പെരുന്നാള്‍ കഴിഞ്ഞ്‌ കുറച്ച്‌ കാലങ്ങള്‍ക്ക്‌ ശേഷം അടുത്തത്‌ എത്തും.പിന്നെ വീീണ്ടും ഒരു പെരുന്നാളിന്‌ കുറേ ദിവസങ്ങള്‍ കാത്തിരിക്കണം എന്നു മാത്രമറിയാം. പെരുന്നാള്‍ ദിവസത്തില്‍ മൂത്താപ്പമാരും അവരുടെ മക്കളും എല്ലാം അടങ്ങുന്ന ഒരു സംഘം തക്ബീര്‍ ധ്വനികള്‍ മുഴക്കി പള്ളിയിലേക്ക്‌ നടക്കും.വഴിയില്‍ വച്ച്‌ ചെറു സംഘങ്ങള്‍ കൂടിച്ചേരും.പള്ളിയില്‍ എത്തുമ്പോഴേക്കും അതൊരു വന്‍സംഘമായി മാറിയിട്ടുണ്ടാവും. പള്ളി കഴിഞ്ഞ്‌ തിരിച്ചുപോരുമ്പോള്‍ പള്ളിക്കടുത്ത്‌ തന്നെയുള്ള ഒരു വീട്ടില്‍ എല്ലാവരും കയറും.കൂട്ടത്തില്‍ ഞാനും.അന്ന് അത്‌ ഏത്‌ വീടാണെന്ന് അറിയില്ലായിരുന്നു.പിന്നീടാണ്‌ അത്‌ വലിയ മൂത്താപ്പയുടെ ജ്യേഷ്ഠന്റെ വീടാണെന്ന് മനസ്സിലാക്കിയത്‌.അവിടെ നിന്നും 'കാവ' എന്ന പായസം കുടിക്കും. പിന്നെ നേരെ എത്തുന്നത്‌ അങ്ങാടിയില്‍ മയമാക്കയുടെ പാലൈസ്‌ വില്‍ക്കുന്ന സൈക്കിളിനടുത്താണ്‌.പെരുന്നാളിന്‌ മാത്രമേ എനിക്കും അനിയനും ഐസ്‌ തിന്നാന്‍ അനുവാദമുള്ളൂ.ഒന്ന് വാങ്ങാനേ കാശും ഉണ്ടാകൂ.അത്‌ ഞങ്ങള്‍ ഷെയര്‍ ചെയ്യും. ഐസ്‌ തിന്ന് പിന്നെ അസ്കറിന്റെ പെട്ടിക്കടയില്‍ കയറി അഞ്ച്‌ പൈസയുടെ മിഠായി അല്ലെങ്കില്‍ പത്ത്‌ പൈസക്ക്‌ മൂന്നെണ്ണം കിട്ടുന്ന പ്ലാസ്റ്റിക്‌ മോതിരം വാങ്ങും. അതും കഴിഞ്ഞ്‌ ഏതോ നാട്ടില്‍ നിന്നും തലേ ദിവസം തന്നെ വന്ന് തമ്പടിച്ച കളിപ്പാട്ട വില്‍പനക്കാരന്റെ കളിപ്പാട്ടം തൂക്കിയ സ്റ്റാന്റില്‍ തൂങ്ങുന്ന വിവിധ കളിപ്പാട്ടങ്ങള്‍ നോക്കി നില്‍ക്കും.എല്ലാത്തിന്റെയും വില അന്വേഷിച്ച്‌ പത്തു പൈസയുടെ ഒരു ബലൂണും വാങ്ങി വീട്ടിലേക്ക്‌ പോരും. വീട്ടിലെത്തി വളരെ ശ്രദ്ധയോടെ വെയിലു കൊള്ളിക്കാതെയും നനവ്‌ തട്ടാതെയും ബലൂണ്‍ സൂക്ഷിച്ചു വക്കും.ഇടക്ക്‌ ഒന്ന് എടുത്ത്‌ തട്ടിക്കളിക്കും. ഇടക്കെപ്പോഴോ ഒരു വന്‍ ശബ്ദത്തോടെ ബലൂണ്‍ താനേ പൊട്ടും.അതോടെ എന്റെ പെരുന്നാളിന്റെ രസച്ചരടും പൊട്ടും.പൊട്ടാതെ ബാക്കിയാകുന്ന മറ്റുള്ളവരുടെ ബലൂണ്‍ നോക്കി അസൂയയോടെ ബാക്കി സമയം തള്ളി നീക്കും. രാത്രി ആകാറാകുമ്പോള്‍ പെരുന്നാള്‍ കഴിഞ്ഞു പോകുന്നതിന്റെ സങ്കടം തോന്നുമെങ്കിലും ഉറങ്ങുന്നതോടെ അതും അവസാനിക്കും.അന്നത്തെ സ്വപ്നത്തില്‍ അഞ്ച്‌ പാലൈസ്‌ തിന്നുന്നതും കുറേ ബലൂണ്‍ കിട്ടുന്നതും കാണുന്നതോടെ പെരുന്നാള്‍ ഭംഗിയായി അവസാനിക്കും.

5 comments:

Areekkodan | അരീക്കോടന്‍ said...

ബലിപെരുന്നാള്‍ സുദിനത്തില്‍ , ഓര്‍മ്മയില്‍ ബാക്കിയായവയില്‍ നിന്ന്.....

ബൂലോകര്‍ക്കെല്ലാം പെരുന്നാള്‍ ആശംസകളോടെ
.....

ഏ.ആര്‍. നജീം said...

എത്ര രസമായി എഴുതിയിരിക്കുന്നു.. :)
ചിന്തകളെ പുറകോട്ട് പായിച്ചൂട്ടൊ..നന്ദി

ദിലീപ് വിശ്വനാഥ് said...

സ്വന്തം ബലൂണ്‍ പൊട്ടുമ്പോള്‍ മറ്റുള്ളവരുടെ ബലൂണ്‍ പൊട്ടണേ എന്നു പ്രാര്‍ത്ഥിക്കാറില്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പെരുന്നാള്‍കുറിപ്പ് നന്നായി

ശ്രീ said...

നന്നായി എഴുതിയിരിക്കുന്നു, മാഷേ...

പെരുന്നാള്‍‌ ആശംസകള്‍‌!

:)

Post a Comment

നന്ദി....വീണ്ടും വരിക