Pages

Monday, February 25, 2008

ഒരു പാചക ദുരന്തം

സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ അദ്ധ്യാപകരായ മാതാപിതാക്കള്‍ ചില ദിവസങ്ങളില്‍ വൈകിയാണ്‌ വീട്ടിലെത്താറ്‌.അത്തരം ദിവസങ്ങളില്‍ ചായ ഇടാന്‍ഉമ്മ പഠിപ്പിച്ച്‌ തന്നിരുന്നു.ചോറും കറിയും ഉപ്പേരിയും എല്ലാം സ്വയംപാകം ചെയ്തിരുന്ന ബാപ്പയുടെ കൈപുണ്യം എനിക്ക്‌ ചായയില്‍ മാത്രമായി ഒതുങ്ങി.ആ ചായ തന്നെ , ഒരു തവണ തെങ്ങിന്റെ ഉണങ്ങിയ ഓല (ഞങ്ങള്‍ ഓലക്കൊടി എന്ന് വിളിക്കും) കത്തിച്ച്‌ കാച്ചിയതിനാല്‍ ടേസ്റ്റ്‌ മാറി നാശമായതോടെ ആ പരിപാടിയും ഞാന്‍ നിര്‍ത്തി.ഉമ്മയും ഉപ്പയും റിട്ടയര്‍ചെയ്യുകയും ഞാന്‍ വിവാഹിതനാവുകയും ചെയ്തതോടെ എന്റെ ഉള്ളിന്റെയുള്ളില്‍ഒളിഞ്ഞ്‌ കിടന്നിരുന്ന " മിസ്റ്റര്‍ കുക്ക്‌ " അവസരം കിട്ടാതെ അവശകലാകാരനായിമാറി.

നീണ്ട 20 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ജോലി ആവശ്യാര്‍ത്ഥം കുടുംബത്തില്‍ നിന്ന് മാറിത്താമസിച്ചതോടെ സംഗതി വീണ്ടും കുലുമാലായി.അന്തി മയങ്ങുമ്പോള്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വാചകകലയോടൊപ്പം , വയറ്‌ നിറയണമെങ്കില്‍ പാചകകലയും അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമായി.ആമാശയ വിപുലീകരണത്തിന്‌ആവശ്യമായ ഏറ്റവും മിനിമം പരിപാടിയായ കഞ്ഞിവെപ്പും കപ്പ പുഴുങ്ങലുംപഠിച്ചുകൊണ്ട്‌, എന്റെ ഉള്ളിലെ " മിസ്റ്റര്‍ കുക്ക്‌ " വീണ്ടും തളിരിടാന്‍ തുടങ്ങി.

റൂമിലെ നാല്‌ പേരും ഒരുമിക്കാന്‍ ഏറ്റവും സാധ്യതയുള്ള ദിവസമായ ബുധനാഴ്ചയായിരുന്നു ഞങ്ങളുടെ സ്പെഷ്യല്‍ ഡേ (പാചക പരീക്ഷണങ്ങള്‍നടത്താനായി ഞാന്‍ തന്നെ സംവിധാനം ചെയ്ത ഒരു കലാപരിപാടിയായിരുന്നുഇത്‌).അന്ന് ഞങ്ങള്‍ നാല്‍വര്‍ സംഘം അതുവരെ ഉണ്ടാക്കാത്ത ഒരു പുതിയ ഐറ്റം ഉണ്ടാക്കണം.നൂറ്‌ ശതമാനം പാളിപ്പോകും എന്നതിനാലും അതുവഴി കഞ്ഞികുടിമുട്ടും എന്നതിനാലും ഈ പുത്തന്‍ ഐറ്റം എപ്പോഴും സബ്സിഡിയറി ആയി നില്‍ക്കണംഎന്ന് ഞങ്ങളുടെ റൂം ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ അനുശാസിച്ചു.

അങ്ങിനെ ഒരു ബുധനാഴ്ചയുടെ തലേ ദിവസം.അന്ന് പുതിയൊരു ഐറ്റം ഞാന്‍ വായ കൊണ്ട്‌ introduce ചെയ്തു - മുട്ടമറി.വര്‍ണ്ണനയില്‍ ഒരു പിശുക്കും കാട്ടാത്തതിനാല്‍അത്‌ ഞാന്‍ ഉദ്ദേശിച്ച ഐറ്റം ആയാലുള്ള രുചി ഓര്‍ത്ത്‌ എന്റെ സഹമുറിയരുടെവായില്‍ കപ്പലോടി.ഞാന്‍ ഉദ്ദേശിക്കാത്ത ഐറ്റം ആയാലുള്ള സ്ഥിതിയോര്‍ത്ത്‌ എന്റെ ഇടനെഞ്ചില്‍ മിസൈലുമോടി.

ബുധനാഴ്ച രാത്രി പുതിയ വിഭവത്തിന്റെ എരിവും പുളിയും കലര്‍ന്ന രുചി ചിന്ത എല്ലാവരെയും പതിവിലും നേരത്തെ അടുക്കളയിലെത്തിച്ചു.ആവശ്യമുള്ള സാധനങ്ങളായ എട്ട്‌ കോഴിമുട്ടകളും ഉപ്പും കുരുമുളകുംകറിവേപ്പിലയും എല്ലാം റെഡി.

താജ്‌ റെസിഡന്‍സിയിലെ മെയിന്‍ കുക്കിന്റെ കൈ തഴക്കത്തോടെ , സ്പൂണ്‍ കൊണ്ടടിച്ച്‌പൊട്ടിച്ച്‌ മുട്ടകള്‍ ഞാന്‍ ഗ്ലാസ്സിലൊഴിച്ചു.ശേഷം മൂന്ന് സഹമുറിയന്മാരില്‍ഓരോരുത്തരെ വിളിച്ചു.ഉപ്പ്‌ ഒന്നാമനോടും കുരുമുളക്‌ രണ്ടാമനോടും കറിവേപ്പിലമൂന്നാമനോടും നിക്ഷേപ്പിക്കാന്‍ ആവശ്യപ്പെട്ടു( കൊളമായാല്‍ ഈ മുട്ടമറിയില്‍എനിക്ക്‌ പങ്കില്ല എന്ന് ആരും പറയരുതല്ലോ?).ശേഷം തട്ടുകടക്കാരന്‍കുട്ടപ്പേട്ടന്‍ അടിക്കുന്ന പോലെ സ്പൂണിട്ട്‌ നല്ലവണ്ണം അടിച്ചുകലക്കി.സഹമുറിയന്മാരുടെ ആകാംക്ഷാഭരിതമായ മുഖത്ത്‌ നിന്നും അവരുടെ ആമാശയത്തിന്റെ അങ്കലാപ്പ്‌ ഞാന്‍ വായിച്ചെടുത്തു.

സുനാമി അടിച്ച ഇന്തോനേഷ്യ പോലെയായ ഗ്ലാസ്സിലെ മിശ്രിതം ഞാന്‍ സ്റ്റൗവില്‍വച്ചിരുന്ന ചട്ടിയിലേക്ക്‌ നേരെയങ്ങ്‌ ഒഴിച്ചു (ചട്ടിയില്‍ എണ്ണ ഒഴിക്കണമെന്നഅടിസ്ഥാന വിവരം ആവേശത്തിനിടയില്‍ ഞാന്‍ മറന്നുപോയി ). ചൂടുള്ള ചട്ടിഒരു ശീല്‍ക്കാര ശബ്ദം പുറപ്പെടുവിച്ചു.എണ്ണ ഒഴിക്കതെയാണ്‌ ഈ വിഭവം തയ്യാറാക്കുന്നതെന്ന ധാരണയില്‍ ചട്ടിയിലേക്ക്‌ ആര്‍ത്തിയോടെ എത്തിനോക്കിയഎന്റെ സഹമുറിയന്മാരുടെ മുഖത്തേക്ക്‌ കരിഞ്ഞ മുട്ടയുടെ പുക അടിച്ചുകയറി.അബദ്ധം മനസ്സിലാക്കിയ ഞാന്‍ പെട്ടെന്ന് സ്റ്റൗ അണച്ചതിനാല്‍ കൂടുതല്‍ ഗ്യാസ്‌നഷ്ടമായില്ല.

"മുട്ടമറി" ചട്ടിയില്‍ "മുട്ടകരി" ആയി കിടക്കുമ്പോള്‍ വിഭവം റെഡിയായി എന്നധാരണയില്‍ സഹമുറിയന്മാര്‍ കഞ്ഞി വിളമ്പാനുള്ള തയ്യാറെടുപ്പിലായിരുന്നു.അവരെയും നഷ്ടപ്പെട്ട എട്ട്‌ മുട്ടകളെയും കുറിച്ചോര്‍ത്ത്‌ സഹതാപത്തോടെഞാനും അവരോടൊപ്പം ചേര്‍ന്നു.

12 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങിനെ ഒരു ബുധനാഴ്ചയുടെ തലേ ദിവസം.അന്ന് പുതിയൊരു ഐറ്റം ഞാന്‍ വായ കൊണ്ട്‌
introduce ചെയ്തു - മുട്ടമറി.വര്‍ണ്ണനയില്‍ ഒരു പിശുക്കും കാട്ടാത്തതിനാല്‍
അത്‌ ഞാന്‍ ഉദ്ദേശിച്ച ഐറ്റം ആയാലുള്ള രുചി ഓര്‍ത്ത്‌ എന്റെ സഹമുറിയരുടെ
വായില്‍ കപ്പലോടി.ഞാന്‍ ഉദ്ദേശിക്കാത്ത ഐറ്റം ആയാലുള്ള സ്ഥിതിയോര്‍ത്ത്‌
എന്റെ ഇടനെഞ്ചില്‍ മിസൈലുമോടി.

Areekkodan | അരീക്കോടന്‍ said...
This comment has been removed by the author.
കണ്ണൂരാന്‍ - KANNURAN said...

അടുത്ത പരീക്ഷണം, അല്ല ദുരന്തം എന്നാണാവോ? പാവം സഹമുറിയന്മാര്‍....

ഇത്തിരിവെട്ടം said...

ഹ ഹ ഹ...
മുട്ടക്കറി മുട്ടക്കരി ആയപോലെ പായസം ഉപ്പുമാവ് ആയ കഥയടക്കം ഇത് പോലെ ഒരുപാട് അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എഴുതാന്‍ തുടങ്ങിയാല്‍ എന്റെ പാചക പരീക്ഷണങ്ങള്‍ എന്നൊരു ബ്ലോഗ് തന്നെ തുടങ്ങേണ്ടി വരും...

ഇടിവാള്‍ said...

ഹോ!

സത്യത്തില്‍ അരിക്കോടന്റെ കമന്റ് ഞാന്‍ മറുമ്മൊഴി വഴി വായിച്ചപ്പോ ഞെട്ടി..

മുട്ടമുറി എന്നാ പെട്ടെന്നു കണ്ടത്. ഹോ ;)

ശ്രീ said...

ഹ ഹ. പാചക ദുരന്തത്തിന്റെ ക്ലൈമാക്സ് അത്ര കണ്ടാല്‍ പോരല്ലോ മാഷേ... ആ സുഹൃത്തുക്കള്‍ വേറെ ഒന്നും പറഞ്ഞില്ലേ?
[ഇത്തരം അനുഭവങ്ങള്‍ക്കൊരു പഞ്ഞവുമില്ല, എനിയ്ക്കും]
;)

ശ്രീവല്ലഭന്‍ said...

:-)

സുല്‍ |Sul said...

മുട്ട ഇങ്ങനെയും മറിക്കാം അല്ലേ.
-സുല്‍

വാല്‍മീകി said...

ഹഹഹ...എന്തായാലും ബാക്കി കൂടി പറയൂ... എന്നിട്ട് അവര്‍ കഞ്ഞി അല്‍പ്പം പോലും തരാതെ അന്നു രാത്രി പട്ടിണി കിടന്നതൊക്കെ.

sivakumar ശിവകുമാര്‍ said...

ഹോ.....സൂപ്പര്‍....

സസ്നേഹം
ശിവ.....

Areekkodan | അരീക്കോടന്‍ said...

കണ്ണൂരാനേ....ഇനിയും ഒരു ദുരന്തത്തിന്‌ കാത്ത്‌ നില്‍ക്കാതെ സഹമുറിയന്മാരെല്ലാം വിട്ടുപോയി.
ഇത്തിരീ....എങ്കില്‍ അങ്ങിനെ ഒന്ന് തുടങ്ങാം , കൂട്ടായി.
ഇടിവാള്‍....ഞാനും ഞെട്ടി, അതു തന്നെയാണോ എഴുതിയത്‌ എന്ന്
ശ്രീ,വാല്മീകീ...ശേഷം റൂമില്‍ മാത്രം
സുല്ലേ....ഇങ്ങിനെയും മറിക്കാം
ശിവാ,ശ്രീവല്ലഭാ..നന്ദി

തറവാടി said...

:)

Post a Comment

നന്ദി....വീണ്ടും വരിക