Pages

Thursday, May 01, 2008

ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്‌...

ഞാനും കുടുംബവും താമസിക്കുന്ന വീട്ടില്‍ തന്നെയാണ്‌ എന്റെ മാതാപിതാക്കളും രണ്ട്‌ അനിയന്മാരും അനിയന്റെ ഭാര്യയും രണ്ട്‌ കുട്ടികളും താമസിക്കുന്നത്‌. പിതാവിന്റെ ഹോബികളില്‍ പ്രധാനപ്പെട്ടതായിരുന്നു ഉദ്യാനപരിപാലനം.അയല്‍പക്കത്തൊന്നും ഇല്ലാത്ത അപൂര്‍വ്വ ഇനം ചെടികളെക്കൊണ്ട്‌ നിറഞ്ഞതായിരുന്നു ഒരു കാലത്ത്‌ ഞങ്ങളുടെ മുറ്റം.കാലക്രമേണ അവയുടെ പുതുമ നശിച്ചപ്പോള്‍ അവ മുറ്റത്ത്‌ നിന്നും വേലിപ്പടര്‍പ്പിലേക്ക്‌ പറിച്ചു മാറ്റപ്പെട്ടു. പിതാവില്‍ നിന്നും കിട്ടിയതായിരിക്കും , ഇന്ന് എന്റെ ഹോബികളില്‍ ഒന്ന് ഉദ്യാനപരിപാലനമാണ്‌.എന്റെ വീട്ടിന്റെ മുറ്റത്തെ ചെടികളിലേക്ക്‌ നോക്കുമ്പോള്‍ തന്നെ പലരും ഓര്‍മ്മയില്‍ ഓടി എത്തും.തളിപ്പറമ്പുകാരി സബിതയുടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന എവര്‍ഗ്രീന്‍, കൊല്ലംകാരന്‍ ഷാജഹാന്റെ വീട്ടില്‍ നിന്നുള്ള പ്രത്യേകതരം ചെമ്പരത്തി,മണ്ണുത്തിയില്‍ ഔദ്യോഗിക ടൂര്‍ പോയപ്പോള്‍ കിട്ടിയ പേരറിയാത്ത ചെടി, കണ്ണൂര്‍ St.Angelose കോട്ടയില്‍ നിന്നും കിട്ടിയ പേരറിയാത്ത മറ്റൊരു ചെടി,കൊടുങ്ങല്ലൂരുകാരന്‍ ഖൈസിന്റെ വീട്ടില്‍ നിന്നും കിട്ടിയ ബ്ലീഡിഹര്‍ട്ട്‌,കൊണ്ടോട്ടി നൗഷാദിന്റെ വീട്ടില്‍ നിന്നുള്ള തെച്ചി,ഫാറൂഖ്‌ കോളേജിനടുത്ത്‌ താമസിക്കുന്ന മൂത്താപ്പയുടെ മകളുടെ വീട്ടില്‍ നിന്നുള്ള അരിപ്പൂ,മാനന്തവാടിയില്‍ നിന്നുള്ള റോസുകള്‍...അങ്ങിനെ അങ്ങിനെ ഗതകാലസ്മരണകള്‍ തികട്ടി വരുത്തുന്ന ചെടികള്‍. മിക്കവാറും എവിടെ പോയാലും എന്റെ വീട്ടില്‍ ഇല്ലാത്ത ചെടി കണ്ടാല്‍ , തരപ്പെടുമെങ്കില്‍ അത്‌ ഞാന്‍ എന്റെ വീട്ടിലും എത്തിക്കും.ചെടി എത്തിച്ച്‌ നടുക എന്ന കര്‍മ്മമേ ഇപ്പോള്‍ എനിക്ക്‌ ചെയ്യാനാവൂ, അല്ലെങ്കില്‍ ചെയ്യേണ്ടതുള്ളൂ.വെള്ളമൊഴിക്കലും മറ്റു പരിപാലനവും എല്ലാം എഴുപത്‌ കഴിഞ്ഞ എന്റെ പിതാവ്‌ തന്നെയാണ്‌ നിര്‍വ്വഹിക്കുന്നത്‌. ഒരു ഒഴിവുദിനത്തില്‍ മുറ്റത്ത്‌ മക്കളുമൊത്ത്‌ ഒഴിവ്‌ സമയം ചെലവഴിക്കുമ്പോള്‍ പിതാവിനെ ഞാന്‍ ശ്രദ്ധിച്ചു.ചട്ടിയിലും മുറ്റത്തും വേലിപടര്‍പ്പിലും തൊടിയിലുമായി നട്ടിരിക്കുന്ന ഓരോ ചെടിയുടെയും അടുത്ത്‌പോയി നോക്കുകയാണദ്ദേഹം.വെള്ളം വേണ്ടത്ര കിട്ടിയോ എന്ന് മണ്ണില്‍ തൊട്ട്‌ നോക്കി, പൂക്കള്‍ വിരിഞ്ഞിട്ടുണ്ടോ,പുതുനാമ്പുകള്‍ കിളിര്‍ക്കുന്നുണ്ടോ, പൂമൊട്ടുകള്‍ പിടിച്ചിട്ടുണ്ടോ, കമ്പ്‌ ചാഞ്ഞ്‌ വീണിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ച്‌ നോക്കി മുഖത്ത്‌ പുഞ്ചിരിയുമായി അദ്ദേഹം അവക്കിടയിലൂടെ നടക്കുകയായിരുന്നു.ജീവിതത്തിന്റെ സായം സന്ധ്യയില്‍ എത്തി നില്‍ക്കുന്ന ആ മുഖത്ത്‌ നിന്ന് ഞാന്‍ ചില കാര്യങ്ങള്‍ വായിച്ചെടുത്തു. നമ്മെ ആശ്രയിച്ച്‌ നമ്മുടെ കരുണയില്‍ ജീവിക്കുന്ന അനേകം ജീവികളുണ്ട്‌.ചെടികളും മൃഗങ്ങളും എന്തിനേറെ നമ്മുടെ ഭാര്യയും കുട്ടികളും ബന്ധുമിത്രാദികളും അതിലുള്‍പ്പെടുന്നു.അവര്‍ക്കത്യാവശ്യമായ സൗകര്യങ്ങളും വളരാനാവശ്യമായ സാഹചര്യങ്ങളും ഒരുക്കല്‍ അവരുടെ യജമാനന്റെ കര്‍ത്തവ്യമാണ്‌.ആ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിക്കുമ്പോള്‍ അവര്‍ നമ്മോട്‌ നന്ദി കാണിക്കുന്നു.ചെടികളും മരങ്ങളും പൂക്കള്‍ വിടര്‍ത്തിയും കായ്ഫലങ്ങള്‍ തന്നും മൃഗങ്ങള്‍ പാല്‍ ചുരത്തിയും മനുഷ്യര്‍ മറ്റ്‌ രീതിയിലൂടെയും ഈ നന്ദി പ്രകടിപ്പിക്കുന്നു.അവരുടെ നന്ദിപ്രകടനം നമ്മുടെ ജീവിതത്തില്‍ ആനന്ദവും സന്തോഷവും നിറക്കുന്നു.അതുവഴി നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നു.

10 comments:

Areekkodan | അരീക്കോടന്‍ said...

നമ്മെ ആശ്രയിച്ച്‌ നമ്മുടെ കരുണയില്‍ ജീവിക്കുന്ന അനേകം ജീവികളുണ്ട്‌.ചെടികളും മൃഗങ്ങളും എന്തിനേറെ നമ്മുടെ ഭാര്യയും കുട്ടികളും ബന്ധുമിത്രാദികളും അതിലുള്‍പ്പെടുന്നു.അവര്‍ക്കത്യാവശ്യമായ സൗകര്യങ്ങളും വളരാനാവശ്യമായ സാഹചര്യങ്ങളും ഒരുക്കല്‍ അവരുടെ യജമാനന്റെ കര്‍ത്തവ്യമാണ്‌.ആ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിക്കുമ്പോള്‍ അവര്‍ നമ്മോട്‌ നന്ദി കാണിക്കുന്നു.ചെടികളും മരങ്ങളും പൂക്കള്‍ വിടര്‍ത്തിയും കായ്ഫലങ്ങള്‍ തന്നും മൃഗങ്ങള്‍ പാല്‍ ചുരത്തിയും മനുഷ്യര്‍ മറ്റ്‌ രീതിയിലൂടെയും ഈ നന്ദി പ്രകടിപ്പിക്കുന്നു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഞാന്‍ ഇവിടെ ഇതു നടാടെ ആണ്.”അതുവഴി നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നു.‘നല്ല ഒരു തിരിച്ചറിവ്”ഇനിയും വരും ഇതിലേ...
എന്റെ ബ്ലൊഗില്‍ വന്നതിനു നന്ദി.

Unknown said...

nalla jeevitha nireekshanam. rajana reethiyum kollam.

ശ്രീ said...

നല്ല പോസ്റ്റ്, മാഷേ.
:)

chithrakaran ചിത്രകാരന്‍ said...

മുറ്റത്ത് ഒരു ഓര്‍മ്മപുസ്തക്മായി ഉദ്യാനം പരിപാലിക്കുന്ന ശൈലി മാതൃകാപരം തന്നെ!
ഉദ്ദ്യാന പരിപാലനവും കൃഷിയുമൊക്കെ വളരെ മനസ്സുഖം നല്‍കുന്ന ജോലികളാണ്.
ഒരു ഫോട്ടോ കൂടി ചേര്‍ത്തുകൂടായിരുന്നോ മാഷെ.

siva // ശിവ said...

വളരെ നല്ല പോസ്റ്റ്...ഇഷ്ടമായി....

Unknown said...

എനിക്കും കുട്ടിക്കാലത്ത് നല്ലൊരു പൂന്തോട്ടം
ഉണ്ടായിരുന്നു
അരിക്കോടന്‍ മാഷ് പിതാവിനെക്കുറിച്ചു പറഞ്ഞ
കൂട്ടത്തീല്‍ ഞാന്‍ എന്റെ ആ പൂന്തോട്ടത്തെ കുറിച്ചോര്‍ത്ത് പോയി

പാമരന്‍ said...

"നമ്മെ ആശ്രയിച്ച്‌ നമ്മുടെ കരുണയില്‍ ജീവിക്കുന്ന അനേകം ജീവികളുണ്ട്‌.ചെടികളും മൃഗങ്ങളും എന്തിനേറെ നമ്മുടെ ഭാര്യയും കുട്ടികളും ബന്ധുമിത്രാദികളും അതിലുള്‍പ്പെടുന്നു."

അതെന്താ മാഷേ അങ്ങനെ പറയുന്നത്‌? ഭാര്യയും കുട്ടികളും ബന്ധുമിത്രാദികളും നമ്മുടെ 'കരുണയില്‍' ആണോ?

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒരു ബഷീര്‍ സ്റ്റൈല്‍ ചിന്ത ആണല്ലോ?... കൊള്ളാം

Areekkodan | അരീക്കോടന്‍ said...

kilukkampetty .....ഹൃദയം നിറഞ്ഞ സ്വാഗതം...
സാദിഖ്‌.....സ്വാഗതം...അഭിപ്രായത്തിന്‌ നന്ദി....
ശ്രീ,ശിവ...നന്ദി
ചിത്രകാരാ...നല്ല അഭിപ്രായം...പക്ഷേ ഈ ബ്ലോഗിന്റെ ഓരോന്നിന്റെയും പ്രിന്റ്‌ എടുത്ത്‌ ഞാന്‍ സൂക്ഷിക്കുന്നുണ്ട്‌.അതിനാല്‍ ഇതില്‍ ഫോട്ടോ ഇടാന്‍ പ്രയാസമുണ്ട്‌.
അനൂപ്‌....പഴയ പൂന്തോട്ടം ഇപ്പോള്‍ ഇല്ലേ?എങ്കില്‍ ഒന്ന് പുതിയത്‌ ഉണ്ടാക്കൂ വേഗം.....
പാമരാ....അങ്ങനെയല്ലെങ്കില്‍ സോറി....
കിച്ചു & ചിന്നു....സ്വാഗതം...നല്ല വാക്കുകള്‍ക്ക്‌ നന്ദി

Post a Comment

നന്ദി....വീണ്ടും വരിക