ഞാന്‍ നാട്ടില്‍ നിന്നും കുടുംബ സമേതം മടങ്ങുന്ന ഒരു ദിവസം.ബസ്സില്‍ സാമാന്യം നല്ല തിരക്കാണ്.കുറേ പേര് നിന്ന് യാത്രചെയ്യുന്നു.കണ്ടക്ടര്‍ മുന്നില്‍ കാശ് പിരിച്ചുകൊണ്ടിരിക്കുകയാണ്.അതിനാല്‍ കണ്ടക്ടറുടെ സീറ്റില്‍ ഒരാള്‍ കയറി ഇരുന്നു.
കാശ് പിരിച്ച് പിരിച്ച് കണ്ടക്ടര്‍ തിരിച്ച് സീറ്റിനടുത്തെത്തി.സീറ്റിലിരുന്ന ആള് മാന്യതയോടെ എണീറ്റ് കൊടുത്തു.കണ്ടക്ടര്‍ അയാളെ അവിടെ തന്നെ ഇരുത്തി,ഡോറിന്റെ അടുത്തുള്ള കമ്പിയില്‍ ചാരി നിന്ന് തന്റേതായ പണികള്‍ ചെയ്തുകൊണ്ടിരുന്നു.
"എത്ര നല്ല കണ്ടക്ടര്‍, യാത്രക്കാരന് ഒരിക്കലും ബുദ്ധിമുട്ടുണ്ടാകരുത് എന്ന നയമുള്ളവന്‍" ഞാന്‍ ഭാര്യയോട് പറഞ്ഞു.
"ആ.... ഈ കണ്ടക്ടര്‍ നല്ലൊരു മനുഷ്യനാ.....മുമ്പ് നിങ്ങളുടെ ഒരു സുഹൃത്ത് കൈകുഞ്ഞിനെയും കൊണ്ട് കയറിയത് ഓര്‍മ്മയുണ്ടോ?അന്നും ഇദ്ദേഹമായിരുന്നു കണ്ടക്ടര്‍.കണ്ടക്ടറുടെ സീറ്റില്‍ ഇരുന്ന നിങ്ങളുടെ സുഹൃത്ത് എണീക്കാന്‍ ഭാവിച്ചപ്പോഴേക്കും ഈ കണ്ടക്ടര്‍ അത് വിലക്കി, അവിടെ തന്നെ ഇരിക്കാന്‍ പറഞ്ഞു." ഭാര്യ പഴയ ഒരു സംഭവം കൂടി ഓര്‍ത്തെടുത്തു.
'അതെ...അതെ...ഇത്തരം നല്ല സ്വഭാവക്കാരുണ്ടായാല് തന്നെ KSRTC നന്നാകും' ഞാന്‍ ആത്മഗതം ചെയ്തു.
ബസ് അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരുന്നു.ഇടക്കിടക്കുള്ള സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്തു കൊണ്ടിരുന്നു.അങ്ങനെ ബസ് വൈത്തിരി എത്തി.കല്പറ്റക്ക് മുമ്പുള്ള വൈത്തിരിയില്‍ സാധാരണ ബസുകള്‍ക്ക് രണ്ട് സ്റ്റോപ്പുണ്ട്.
"വൈത്തിരി....വൈത്തിരി" കണ്ടക്ടര്‍ വിളിച്ച് പറഞ്ഞു.രണ്ട് പേരിറങ്ങി, നാല് പേര് കയറുകയും ചെയ്തു.ബസ് വീണ്ടും മുന്നോട്ട് നീങ്ങി.വൈത്തിരിയിലെ തന്നെ അടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ ഭാവമില്ല എന്ന് കണ്ടപ്പോള്‍ യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു."ആളിറങ്ങാനുണ്ട്"
"ഇല്ല...ഇവിടെ സ്റ്റോപ്പില്ല..." കണ്ടക്ടര്‍ പറഞ്ഞു.
"അത് നിങ്ങള്‍ നേരത്തെ പറഞ്ഞില്ലല്ലോ...എല്ലാ ബസുകളും ഇവിടെ നിര്‍ത്തുന്നതാ..."
"ഞാന്‍ വിളിച്ച് പറഞ്ഞിരുന്നല്ലോ....കേള്‍ക്കാന്‍ മേലായിരുന്നോ?" അല്പം ദ്വേഷ്യത്തോടെ പറഞ്ഞുകൊണ്ട്, കണ്ടക്ടര്‍ ശക്തിയില്‍ സിംഗിള്‍ ബെല്ലടിച്ചു.സ്റ്റോപ്പില്‍ നിന്നും കുറേ മുന്നോട്ട് മാറി ബസ് നിര്‍ത്തി.കുപിതനായി ഇറങ്ങുന്ന യാത്രക്കാരനെ നോക്കി കണ്ടക്ടര്‍ പിറുപിറുത്തുകൊണ്ടിരുന്നു.
പെട്ടെന്ന് അതുവരെ എന്റെ മനസ്സില്‍ കണ്ടക്ടറെ പറ്റി ഉണ്ടായിരുന്ന നല്ല അഭിപ്രായം മാറി.മേല്‍ സ്ഥലത്ത് ഒരു സ്റ്റോപ്പിലേ ബസ് നിര്‍ത്തൂ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഒരു പക്ഷേ ആ യാത്രക്കാരന് ആദ്യ സ്റ്റോപ്പില്‍ തന്നെ ഇറങ്ങുമായിരുന്നു.ഒരു ഗുണവുമില്ലാത്ത ആ വാക്തര്‍ക്കം ഉണ്ടാകുമായിരുന്നില്ല.
നല്ല അഭിപ്രായം ഉണ്ടാക്കാന്‍ ധാരാളം ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും.ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും.ധാരാളം പ്രയാസങ്ങള്‍ നേരിടേണ്ടി വരും.ഇങ്ങനെ കഷ്ടപ്പെട്ട്, സഹിച്ച്,ക്ഷമിച്ച് നേടി എടുത്ത സല്പേര് കളയാന്‍ ഒരൊറ്റ നിമിഷം മാത്രം മതി.ആ നിമിഷത്തെ ഒരു വാക്കില്‍ അല്ലെങ്കില്‍ ഒരു ചെറു സംസാരത്തില്‍ നമ്മുടെ സല്പേര് കളഞ്ഞുപോകുന്നത് നാം അറിയുന്നുപോലുമുണ്ടാവില്ല.സംസാരത്തില്‍ മിതത്വവും ശ്രദ്ധയും പാലിക്കേണ്ടത് സല്പേര് നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്.
6 comments:
കഷ്ടപ്പെട്ട്, സഹിച്ച്,ക്ഷമിച്ച് നേടി എടുത്ത സല്പേര് കളയാന്‍ ഒരൊറ്റ നിമിഷം മാത്രം മതി.ആ നിമിഷത്തെ ഒരു വാക്കില്‍ അല്ലെങ്കില്‍ ഒരു ചെറു സംസാരത്തില്‍ നമ്മുടെ സല്പേര് കളഞ്ഞുപോകുന്നത് നാം അറിയുന്നുപോലുമുണ്ടാവില്ല.സംസാരത്തില്‍ മിതത്വവും ശ്രദ്ധയും പാലിക്കേണ്ടത് സല്പേര് നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്.......പ്രതിവാരക്കുറിപ്പുകള്‍
മാഷേ ,
മാഷ് പറയുന്നതിനോട് യോജിക്കുന്നെങ്കിലും , ദീര്‍ഘകാലത്തില്‍ അടിസ്ഥാന വ്യക്തിത്വമായിരിക്കും ആളുകളെ വിലയിരുത്തുന്നതെന്നാണെന്റ്റെ പക്ഷം.
അരീക്കോടന്‍ പറഞ്ഞത് എത്രയോ ശരി. നല്ലകാര്യങ്ങള്‍ സമയമെടുക്കുന്നു. ചീത്ത കാര്യങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്നു.
എല്ലാവരും സാധാരണ മനുഷ്യരല്ലെ. അസാധാരണക്കാരാവാന് ഒരു ഗാന്ധിജിക്കോ ഒരു മദര്‍ തെരേസക്കോ ഒക്കെയല്ലെ പറ്റൂ
തറവാടീ...ശരി തന്നെ...പക്ഷേ ഇപ്പോള്‍ ആ ദീര്ഘകാലാടിസ്ഥാനം എന്നത് ഇല്ലല്ലോ...
താരകം....സ്വാഗതം..
lakshmi.....സ്വാഗതം..അവരും നമ്മെപ്പോലെയുള്ള മനുഷ്യര്‍ തന്നെയായിരുന്നു.കര്‍മ്മം കൊണ്ട് സുകൃതം ചെയ്തവര്‍...നമുക്കും അങ്ങിനെ ആവാമല്ലോ?
കണ്ടക്ടറെ എങ്ങനെ കുറ്റം പറയാന്‍ പറ്റും അദ്ദേഹം രണ്ടു പ്രാവാസ്യം "വൈഥരി...............വൈഥരി" എന്നു പറഞ്ഞല്ലേ ബെല്ല് അടിച്ചത് അപ്പോള്‍ രണ്ട് വൈതതറി കാറും അവിടെ തന്നെ ഇന്റങ്ങണമായിരുന്നു
Post a Comment
നന്ദി....വീണ്ടും വരിക