Pages

Wednesday, September 10, 2008

അവസാനത്തെ ഉപദേശം

2008 ജൂണ്‍ 29. രണ്ട്‌ ദിവസത്തെ അവധിക്കായി വീട്ടില്‍ എത്തിയ ഞാന്‍ അന്ന് ഉച്ചക്ക്‌ തിരിച്ച്‌ മാനന്തവാടിയിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.അന്ന് രാവിലെ, അനിയന്‍ പറഞ്ഞതനുസരിച്ച്‌, ഞാന്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടിന്റെ പരിസരത്ത്‌ പരന്ന് കിടന്നിരുന്ന മണല്‍ സ്വയം കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു.ഇടയ്ക്കെപ്പോഴോ എന്റെ ബാപ്പ കുറേ ചെടിക്കമ്പുകളുമായി അവിടെ വന്നു.ആ കമ്പുകള്‍ അദ്ദേഹം എവിടെയൊക്കെയോ നടുകയും ചെയ്തു. മണല്‍ കൂട്ടുന്നതിനിടയിലാണ്‌ ആ വേനലവധിക്കാലത്ത്‌ വയനാട്ടില്‍ നിന്നും കൊണ്ടുവന്ന ഒരു മാവിന്‍ തൈ എന്റെ ഓര്‍മ്മയിലെത്തിയത്‌.ചെടികള്‍ നടാനായി മണ്ണ്‍ ഒരുക്കിയ ഒരു കവറില്‍ അപ്രതീക്ഷിതമായി മുളച്ച്‌ വന്നതായിരുന്നു ആ മാവിന്‍ തൈ.മഴ പെയ്തതിന്‌ ശേഷം കുഴിച്ചിടാമെന്ന തീരുമാനത്തില്‍ അത്‌ നാട്ടിലേക്ക്‌ കൊണ്ടുവന്നു.മഴ പെയ്ത്‌ തുടങ്ങിയിട്ടും എനിക്ക്‌ സമയം ലഭിക്കാത്തതിനാല്‍ ഇത്രയും കാലം അത്‌ കവറില്‍ തന്നെ ഇരുന്നു. ഞാന്‍ ആ മാവിന്‍ തൈ കവറോടെ പൊക്കി കൊണ്ടു വന്നു.മണ്ണില്‍ നടാന്‍ വേണ്ടി അതിന്റെ കവര്‍ പൊട്ടിക്കുമ്പോള്‍ ബാപ്പ എന്റെ അടുത്ത്‌ എത്തി. "എന്താ അത്‌?" ബാപ്പ ചോദിച്ചു. "ഒരു മാവിന്‍ തൈ ആണ്‌" "ഏത്‌ മാവാ?" "വയനാട്ടില്‍ നിന്നുള്ളതാ....ഏതാണെന്നറിയില്ല...." "ആ...ഏത്‌ വൃക്ഷത്തൈ നടുന്നതും 'സദഖത്തും ജാരിയ'ആണ്‌" എന്റെ ബാപ്പ എനിക്ക്‌ തന്ന അവസാനത്തെ ഉപദേശമായിരുന്നു അത്‌.അന്ന് രാത്രി എന്റെ പ്രിയപ്പെട്ട പിതാവ്‌ ഇഹലോകവാസം വെടിഞ്ഞു. ഇസ്ലാം മത വിശ്വാസപ്രകാരം ഒരാളുടെ മരണത്തോടെ അയാള്‍ക്ക്‌ ഈ ലോകവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു.അയാളുടെ സമ്പത്തിനേയും ബന്ധുമിത്രാദികളേയും ഉപേക്ഷിച്ച്‌ അയാള്‍ ശാശ്വതമായ ലോകത്തേക്ക്‌ യാത്രയായി.എന്നാല്‍ ഈ ലോകത്തെ സത്യവിശ്വാസിയായ മകന്റെ പ്രാര്‍ത്ഥനയുടെ ഗുണം അപ്പോഴും ആ ആത്മാവിന്‌ ലഭിച്ചു കൊണ്ടിരിക്കും.കൂടാതെ സദഖത്തും ജാരിയയില്‍ പെടുന്ന ദാനധര്‍മ്മങ്ങളും. മറ്റുള്ളവര്‍ക്ക്‌ എന്നെന്നും ഉപകാരപ്പെടുന്ന ദാനത്തെയാണ്‌ സദഖത്തും ജാരിയ എന്ന് പറയുന്നത്‌.ഒരു വൃക്ഷത്തൈ നട്ടാല്‍ അത്‌ വളര്‍ന്ന് വലുതാകുമ്പോള്‍ പലതരം ജന്തുജാലങ്ങള്‍ അതിനെ പലവിധത്തിലും ഉപയോഗപ്പെടുത്തുന്നു.പക്ഷികള്‍ കൂട്‌ കൂട്ടാനും കായ്‌കനികള്‍ ഭക്ഷിക്കാനും ശലഭങ്ങള്‍ തേന്‍ നുകരാനും മനുഷ്യര്‍ തണല്‍ ആസ്വദിക്കാനും ആ വൃക്ഷം കാരണമാകുന്നു.ഇതിന്റെയെല്ലാം പുണ്യം ആ വൃക്ഷം നട്ട ആള്‍ക്ക്‌ മരണാനന്തരവും ലഭിച്ചുകൊണ്ടിരിക്കും. അറിവ്‌ പകര്‍ന്ന് നല്‍കുന്നതും,ആശുപത്രിയില്‍ വീല്‍ചെയര്‍ നല്‍കുന്നതും,പൊതുവഴിയില്‍ കുടിവെള്ളവും അഭയകേന്ദ്രവും സ്ഥാപിക്കുന്നതും പള്ളിയില്‍ പാരായണത്തിനായി മുസ്‌ഹഫുകള്‍ നല്‍കുന്നതും സദഖത്തും ജാരിയയില്‍ ഉള്‍പ്പെടുന്നു. ഈ ലോകത്തും മരണ ശേഷമുള്ള അടുത്ത ലോകത്തും ഉപകാരപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ജാതിമതഭേദമന്യേ നമുക്ക്‌ പ്രയത്നിക്കാം.ചുരുങ്ങിയത്‌ ഒരു വൃക്ഷത്തൈ എങ്കിലും നട്ടുകൊണ്ട്‌ പ്രകൃതിയോടും നമ്മുടെ സഹജീവജാലങ്ങളോടും ഉള്ള നമ്മുടെ സഹാനുകമ്പ പ്രകടിപ്പിക്കാം.

13 comments:

Areekkodan | അരീക്കോടന്‍ said...

മറ്റുള്ളവര്‍ക്ക്‌ എന്നെന്നും ഉപകാരപ്പെടുന്ന ദാനത്തെയാണ്‌ സദഖത്തും ജാരിയ എന്ന് പറയുന്നത്‌.ഒരു വൃക്ഷത്തൈ നട്ടാല്‍ അത്‌ വളര്‍ന്ന് വലുതാകുമ്പോള്‍ പലതരം ജന്തുജാലങ്ങള്‍ അതിനെ പലവിധത്തിലും ഉപയോഗപ്പെടുത്തുന്നു.പക്ഷികള്‍ കൂട്‌ കൂട്ടാനും കായ്‌കനികള്‍ ഭക്ഷിക്കാനും ശലഭങ്ങള്‍ തേന്‍ നുകരാനും മനുഷ്യര്‍ തണല്‍ ആസ്വദിക്കാനും ആ വൃക്ഷം കാരണമാകുന്നു.ഇതിന്റെയെല്ലാം പുണ്യം ആ വൃക്ഷം നട്ട ആള്‍ക്ക്‌ മരണാനന്തരവും ലഭിച്ചുകൊണ്ടിരിക്കും.

Kichu $ Chinnu | കിച്ചു $ ചിന്നു said...

മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് എന്തു കൊണ്ടും നല്ല കാര്യമാണ്..
എന്റെ വക ഒരു തേങ്ങ ഇരിക്കട്ടെ, ഉടയ്ക്കുന്നില്ല, നമുക്ക് പാകി മുളപ്പിക്കാം

കുഞ്ഞന്‍ said...

എന്തു നന്മ ചെയ്താലും അത് സദഖത്തും ജാരിയാണ്.

വൃക്ഷം കൊണ്ട് ഏറ്റവും വലിയ ഉപകാരം അവ ഓക്സിജന്‍ ഉല്പാദിപ്പിക്കുന്നുവെന്നതാണ്.

പിതാവിന് പുത്രന്റെ പ്രവൃത്തിയാല്‍ യശസ്സ് ലഭിക്കട്ടെ.

അനില്‍@ബ്ലോഗ് said...

അമൂല്യമായൊരു ഉപദേശം.

കാന്താരിക്കുട്ടി said...

പ്രിയപ്പെട്ട ബാപ്പ തന്ന ഉപദേശം അമൂല്യമാണ്.അതെന്നും ഓര്‍മ്മയില്‍ വെക്കൂ..അദ്ദേഹത്തിനറിയാമയിരുന്നു ഒരു മരം വെച്ചാലുള്ള ഗുണം.

വല്യമ്മായി said...

നല്ല പോസ്റ്റ്.രണ്ട് വര്‍ഷം മുമ്പത്തെ നോമ്പിന് ഞാനെഴുതിയ സമാനമായൊരു പോസ്റ്റ് ഇവിടെ.

ശ്രീ said...

നല്ല പോസ്റ്റ് മാഷേ...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നല്ല ഉപദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക്‌ കഴിയട്ടെ.. ആശംസകള്‍

ശ്വാശ്വത സമ്പാദ്യത്തെ കുറിച്ച്‌ മുഹമ്മദ്‌ നബി(സ) തങ്ങളുടെ മൊഴി ഇവിടെ വായിക്കാം

Areekkodan | അരീക്കോടന്‍ said...

കിച്ചു...അത്‌ നന്നായി,ആ തേങ്ങ ഉടക്കാത്തത്‌.
കുഞ്ഞാ....ശരിയാ,നന്മ എല്ലാം നല്ലത്‌ തന്നെ
അനില്‍....നന്ദി
കാന്താരീ....എല്ലാ പിതാക്കളും ഇങ്ങനെ പലതും മക്കളോട്‌ ഉപദേശിക്കുന്നുണ്ടാകില്ലേ എന്നാണ്‌ എന്റെ ചിന്ത.
വല്ല്യമ്മായി...ആ പോസ്റ്റ്‌ വായിച്ചു.കുഞ്ഞിപ്പാലു അപ്പാപ്പന്‍ ഇന്നും ഓര്‍മ്മയില്‍ നിറയുന്നു അല്ലേ?
ശ്രീ...നന്ദി
ബഷീര്‍...അത്‌ അന്ന് തന്നെ ഞാന്‍ വായിച്ചിരുന്നു.നന്ദി

Areekkodan | അരീക്കോടന്‍ said...

ഇവരുടെ അഭിപ്രായം കൂടി ..മോനൂസ് പറഞ്ഞു...
മരിച്ച് പോയവരുടെ ഈ ലോകത്ത് ഭാക്കിയാവുന്ന സംബാദ്യം അവരുടെ സത്കർമങ്ങളും,നല്ലവരായ മക്കളുമാണ്.ആ പിതാവിന്റെ ഉപദേശങ്ങൽക്കനുസരിച്ച് ജീവിക്കാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ..

September 11, 2008 11:23 AM
രസികന്‍ പറഞ്ഞു...
നമ്മൾ നിസ്സാരമായി കരുതുന്ന പലതും നമുക്ക് ഒരുപാട് നേട്ടങ്ങൾ തരുന്നുണ്ട് . അറിവുകൾ പകർന്നു തരുന്നത്തിനു നന്ദി അരീക്കോടൻ .

September 11, 2008 1:25 PM
നിരക്ഷരന്‍ പറഞ്ഞു...
'സദഖത്തും ജാരിയ'എന്താണെന്ന് മനസ്സിലാക്കിത്തന്ന ഈ പോസ്റ്റിന് നന്ദി അരീക്കോടന്‍ മാഷേ...

ഓണാശംസകള്‍........

September 11, 2008 7:06 PM
ശിവ പറഞ്ഞു...
ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് അതിയായ ആഗ്രഹം എനിക്ക് ഉണ്ട്. എന്നാലും പലപ്പോഴും അതിനൊന്നും കഴിയാറില്ല. അതില്‍ അതിയായ വിഷമവും ഉണ്ട്.

September 12, 2008 12:12 PM

Areekkodan | അരീക്കോടന്‍ said...

മോനൂസ്‌.....സ്വാഗതം.ദൈവം ആ പ്രാര്‍ത്ഥന സ്വീകരിക്കട്ടെ.
രസികാ...നന്ദി
നിരക്ഷരാ....മനസ്സിലാക്കിയതനുസരിച്ച്‌ പ്രവര്‍ത്തിക്കുക കൂടി ചെയ്താല്‍ ഞാന്‍ കൃതാര്‍ത്ഥനായി.
ശിവ...ശ്രമിക്കുക,ശ്രമിച്ചു കൊണ്ടേ ഇരിക്കുക.ചെയ്യാനുള്ള ആ മനസ്സ്‌ നിലനിര്‍ത്തുക.ദൈവം സഹായിക്കട്ടെ.

Areekkodan | അരീക്കോടന്‍ said...

B Shihab said...
good words ashamsakal b shihab

September 13, 2008 4:38 AM

Areekkodan | അരീക്കോടന്‍ said...

Shihab.....സ്വാഗതം.നല്ല വാക്കുകള്‍ക്ക്‌ നന്ദി

Post a Comment

നന്ദി....വീണ്ടും വരിക