Pages

Monday, December 29, 2008

ട്രെയ്‌നിന്റെ നീളം ...

പരീക്ഷ ആരംഭിക്കാനുള്ള മണി മുഴങ്ങി.അസീസ്‌ സാര്‍ ചോദ്യ പേപ്പര്‍ വിതരണം ചെയ്യാന്‍ തുടങ്ങി.Abcd സോറി Abid എന്ന ചെറുതും സുന്ദരവും ഇംഗ്ലീഷ്‌ അക്ഷരമാലയിലെ ആദ്യ നാലില്‍ മൂന്ന് അക്ഷരങ്ങളും വരുന്നതുമായ പേര്‌ എന്റേത്‌ മാത്രമായതിനാല്‍ ക്ലാസ്സില്‍ ഒന്നാം സീറ്റില്‍ തന്നെ ഇടം കിട്ടിയ എനിക്ക്‌ തന്നെയായിരുന്നു ആദ്യ ചോദ്യപേപ്പര്‍ ഏറ്റുവാങ്ങേണ്ട യോഗവും.ഒരു ഐശ്വര്യ(റായ്‌) പുഞ്ചിരിയോടെ ഞാന്‍ അസീസ്‌ സാറില്‍ നിന്നും ചോദ്യപേപ്പര്‍ സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ വീണക്കമ്പികള്‍ പോലെ വലിഞ്ഞ്‌ മുറുകി തന്നെ നിന്നു. ഞാന്‍ ചോദ്യ പേപ്പറിലൂടെ കണ്ണോടിച്ചു.ആദ്യ ചോദ്യം - Which is the equation of a straight line? "എന്റമ്മോ??എത്ര ഈസി..." എന്റെ മനസ്സിന്‌ ഉത്തരം തൂറാന്‍ മുട്ടി.കൃത്യസ്ഥലത്ത്‌ തന്നെ ആ കൃത്യം നിര്‍വ്വഹിച്ച്‌ ഞാന്‍ അടുത്ത ചോദ്യത്തിലേക്ക്‌ നോക്കി. മൂര്‍ഖന്‍ പാമ്പ്‌ ഫണം വിടര്‍ത്തി നില്‍ക്കുന്നപോലെ ഒരു ചിത്രം!!എന്നിട്ട്‌ അതിനകത്ത്‌ എന്തൊക്കെയോ സൂത്രവാക്യങ്ങള്‍.ആ പാമ്പിനെ ഞാന്‍ വെറുതെ വിട്ടു,അല്ല പാമ്പ്‌ എന്നെ വെറുതെ വിട്ടു(ഇന്റഗ്രേഷന്‍ എന്ന പരിപാടിയാണത്‌ എന്ന് ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ മനസ്സിലായി) മൂന്നാമത്തെ ചോദ്യം.....വന്ദ്യ വയോധികയായിരുന്ന ഞങ്ങളുടെ അയല്‍വാസി കുഞ്ഞമ്മ നില്‍ക്കുന്ന പോലെ നടുവളഞ്ഞ D. അതും ഒന്നല്ല ....താഴെയും മേലെയുമായി രണ്ടെണ്ണം !!(അതിനെ ഡോ എക്സ്‌ ബൈ ഡോ വൈ എന്നാണ്‌ ചീത്ത വിളിക്കേണ്ടത്‌ എന്നും പാര്‍ഷ്യല്‍ ഡിഫറന്‍സിയേഷന്‍ എന്ന കിണ്ണം കട്ട പരിപാടിയാണ്‌ അതെന്നും ഡിഗ്രിക്ക്‌ പഠിച്ചു) അങ്ങിനെ ചോദ്യങ്ങള്‍ നിരനിരയായി കിടക്കുന്നു.ഉത്തരക്കടലാസില്‍ എനിക്കാകെ എഴുതാനായത്‌ ഒരു Y = mx + C മാത്രം.അപ്പോഴാണ്‌ ആ ചോദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്‌ - ഒരു ട്രെയ്‌നിന്റെ നീളമോ മറ്റോ കണ്ടെത്താനായിരുന്നു ചോദ്യം (ശരിക്കോര്‍മ്മിക്കുന്നില്ല).പേപ്പറില്‍ ഉത്തരം നിറക്കാനായി ഞാന്‍ ഉത്തരം എഴുതിത്തുടങ്ങി.അതിന്റെ ഏകദേശ മലയാളം താഴെ കൊടുക്കുന്നു. "ട്രെയ്‌നിന്റെ നീളം X എന്ന് കരുതുക.പാളത്തിന്റെ നീളം ഇന്‍ഫിനിറ്റിയും(പാളം കന്യാകുമാരിയിലേ അവസാനിക്കൂ എന്നതിനാലും ഈ പരീക്ഷ കാലികറ്റ്‌ യൂണിവേഴ്സിറ്റി നടത്തുന്നതിനാലും എന്റെ ഊഹം ന്യായമായും ശരിയല്ലേ?).അങ്ങനെയെങ്കില്‍ പൈതഗോറസ്‌ സിദ്ധാന്തപ്രകാരം പാദം സ്ക്വയര്‍ + ലംബം സ്ക്വയര്‍ = കര്‍ണ്ണം സ്ക്വയര്‍.ഒരിക്കലും ഒരു ട്രെയിന്‍ പാളത്തിന്‌ ലംബമായി നില്‍ക്കില്ല എന്നതിനാല്‍ ട്രെയ്‌നിന്റെ നീളം = കമ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം X കമ്പാര്‍ട്ട്‌മെന്റിന്റെ നീളം !!!സാധാരണ ട്രെയ്‌നില്‍ പത്ത്‌ കമ്പാര്‍ട്ട്‌മെന്റും ഒരു കമ്പാര്‍ട്ട്‌മെന്റിന്റെ നീളം 25 മീറ്ററും ആയതിനാല്‍ ട്രെയ്‌നിന്റെ നീളം = 10 X 25 = 250 മീറ്റര്‍ " (എത്ര ഇഷ്ട മനോഹരമായ ഉത്തരം) പിന്നെ ഞാന്‍ കാത്തിരുന്നു....ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ അടിക്കുന്ന ബെല്ലിനായി.ബെല്‍ മുഴങ്ങിയതും പേപ്പര്‍ തുന്നിക്കെട്ടി അസീസ്‌ സാറെ ഏല്‍പിച്ച്‌ ഞാന്‍ പുറത്തിറങ്ങി.അപ്പോള്‍ അദ്ദേഹം ഹൃദ്യമായി പുഞ്ചിരിച്ചോ? (പിന്നീടറിയാം...)

5 comments:

Areekkodan | അരീക്കോടന്‍ said...

"ട്രെയ്‌നിന്റെ നീളം X എന്ന് കരുതുക.പാളത്തിന്റെ നീളം ഇന്‍ഫിനിറ്റിയും(പാളം കന്യാകുമാരിയിലേ അവസാനിക്കൂ എന്നതിനാലും ഈ പരീക്ഷ കാലികറ്റ്‌ യൂണിവേഴ്സിറ്റി നടത്തുന്നതിനാലും ന്യായമായും ശരിയല്ലേ?).അങ്ങനെയെങ്കില്‍ പൈതഗോറസ്‌ സിദ്ധാന്തപ്രകാരം പാദം സ്ക്വയര്‍ + ലംബം സ്ക്വയര്‍ = കര്‍ണ്ണം സ്ക്വയര്‍.ഒരിക്കലും ഒരു ട്രെയിന്‍ പാളത്തിന്‌ ലംബമായി നില്‍ക്കില്ല എന്നതിനാല്‍ ട്രെയ്‌നിന്റെ നീളം = കമ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം X കമ്പാര്‍ട്ട്‌മെന്റിന്റെ നീളം !!!
സാധാരണ ട്രെയ്‌നില്‍ പത്ത്‌ കമ്പാര്‍ട്ട്‌മെന്റും ഒരു കമ്പാര്‍ട്ട്‌മെന്റിന്റെ നീളം 25 മീറ്ററും ആയതിനാല്‍ ട്രെയ്‌നിന്റെ നീളം = 10 X 25 = 250 മീറ്റര്‍ " (എത്ര ഇഷ്ട മനോഹരമായ ഉത്തരം)

...പകല്‍കിനാവന്‍...daYdreamEr... said...

ഹഹഹ .... വായിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍മ്മകളുടെ ഒരു പെരുമഴ ആയിരുന്നു മനസ്സില്‍.. കലക്കി...
പുതുവത്സരാശംസകള്‍... !

ശിവ said...

അപ്പോള്‍ റിസള്‍ട്ട് എപ്പോഴാ.....

സുമയ്യ said...

മാഷേ..ഇത് വല്ലാത്തൊരു കണക്കാണല്ലൊ കൂട്ടി വച്ചിരിക്കുന്നത്.

നവവത്സരാശംസകള്‍

Areekkodan | അരീക്കോടന്‍ said...

പകല്‍കിനാവാ... നന്ദിശിവാ....റിസള്‍ട്ട്‌ മെയ്‌ മാസത്തിലാ സാധാരണ വരാറ്‌...നോക്കട്ടെ.... സുമയ്യ...സ്വാഗതം. കണക്ക്‌ തിരിഞ്ഞു അല്ലെ?

Post a Comment

നന്ദി....വീണ്ടും വരിക