Pages

Wednesday, September 02, 2009

ഗുരു നെഞ്ചിലൂടെ ഒരു സൈക്കിള്‍ സവാരി

           ഇന്ന് എന്റെ മൂത്തമകള്‍ക്കും ഒരു പുത്തന്‍ ബി.എസ്‌.എ ലേഡിബേഡ്‌ ബൈസിക്ക്‌ള്‍ വാങ്ങി.മാനന്തവാടിയില്‍ നിന്നും സൈക്കിളിംഗ്‌ നന്നായി വശമാക്കിയ അവള്‍ ഇതില്‍ കയറിയ ഉടനെ സമീപത്തെ റോസച്ചെടിയിലൂടെ കെട്ടിമറിഞ്ഞു വീണു.ഉടന്‍ അവളുടെ മുഖവും വാടി.അപ്പോള്‍, ഞാന്‍ സൈക്കിളിംഗ്‌ പഠിച്ച കഥ അവളോട്‌ ഇവിടെ വായിക്കാന്‍ പറഞ്ഞു.ബാക്കി അവള്‍ക്ക്‌ പറഞ്ഞുകൊടുത്തു.അത്‌ താഴെ...
               വേലായുധനെ ഗുരുവായി പുറമേ സ്വീകരിച്ചെങ്കിലും മനസ്സ്‌ അതിന്‌ പൊരുത്തപ്പെടുന്നില്ല എന്ന് ആദ്യമേ തോന്നിയിരുന്നു. കാരണം മൂത്താപ്പയുടെ പശുവിനെ നോക്കലായിരുന്നു വേലായുധന്റെ ജോലി.പശുവിനെ മേയ്ക്കുന്ന അവന്‍ ഞങ്ങളെ മേക്കുന്നതില്‍ എന്തോ ഒരു അനൗചിത്യം. ഏതായാലും 'സൈക്കിളിംഗ്‌ പഠിക്കുവോളം വേലായുധഗുരു, സൈക്കിളിംഗ്‌ പഠിച്ചുകഴിഞ്ഞാല്‍ വേലാണ്ടികുരു' എന്ന് മനസ്സില്‍ ഉരുവിട്ട്‌ ഞങ്ങള്‍ പഠിത്തം ആരംഭിച്ചു.
               ഇടവഴിയുടെ ഒരറ്റത്ത്‌ നിന്ന് ഞങ്ങള്‍ സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങും.അതിന്‌ ആദ്യം സൈക്കിളില്‍ കയറണം.വേലായുധഗുരുവും എന്റെ അനിയനും കൂടി സൈക്കിളിന്റെ മൂക്കുകയറ്‌ (ഹാന്റിൽ) പിടിക്കും.ഞാന്‍ എങ്ങിനെയൊക്കെയോ സൈക്കിളിന്റെ മുകളില്‍ കയറിപറ്റും.ഒരു സൈഡില്‍ നിന്നും ഗുരുവും മറുസൈഡില്‍ നിന്നും അനിയനും സീറ്റിന്റെ പിന്നില്‍ പിടിക്കും.ഞാന്‍ മെല്ലെ ചവിട്ടും.
              സൈക്കിള്‍ മുന്നോട്ട്‌ നീങ്ങുന്നതോടെ കാര്യങ്ങള്‍ അവരുടെ പിടിയില്‍ നിന്നും  വിടും, എന്റെ കണ്ട്രോളില്‍ കാര്യം നില്‍ക്കുകയും ഇല്ല!ഫലമോ....കുണ്ടുകുളി ഇടവഴി എന്ന ആ ഇടവഴി വീതി കൂടിക്കൊണ്ടേ ഇരുന്നു!!!
           ഇതിങ്ങനെ തുടര്‍ന്നാല്‍ ശരിയാവില്ല എന്ന തിരിച്ചറിവില്‍ നിന്നായിരിക്കണം ഒരു ദിവസം വേലായുധന്‍ ഒരു ആയുധവുമായിട്ടായിരുന്നു പഠിപ്പിക്കാന്‍ വന്നത്‌.ഊര ബാലന്‍സ്‌ തെറ്റിയാല്‍ ഒന്ന് പൊട്ടിക്കാനുള്ള ആയുധം....വടിയല്ല.ആ സാധനത്തിന്‌ ഇങ്ങനേയും ഒരു ഉപയോഗം ഉണ്ടെന്ന് വേലായുധനാണ് എന്നെ പഠിപ്പിച്ചത്.                  തേങ്ങയെ തേങ്ങാകുലയുമായി ബന്ധിപ്പിക്കുന്ന ഒരു സാധനം ഉണ്ടല്ലോ....തേങ്ങയുടെ ഞെട്ട്‌ എന്ന് വേണമെങ്കില്‍ പറയാം.യഥേഷ്ടം വളയാനും പുളയാനും സാധിക്കുന്ന അതായിരുന്നു വേലായുധന്റെ പുതിയ ആയുധം. അതുകൊണ്ട്‌ ഊരക്കിട്ട്‌ ഒന്ന് കിട്ടിയാലുള്ള വേദന എനിക്കും അനിയനും മാത്രമേ ഒരു പക്ഷേ ഈ ലോകത്തില്‍ അറിവുണ്ടാവൂ.
            അന്ന് വേലായുധന്‍ എന്നെ സൈക്കിളില്‍ കയറ്റി.ഞാന്‍ മെല്ലെ ചവിട്ടിത്തുടങ്ങി.ചക്കംതൊടി ഗ്രൗണ്ടിലൂടെ ചേര പായുന്നപോലെ വളഞ്ഞും പുളഞ്ഞും സൈക്കിള്‍ മുന്നോട്ട്‌ നീങ്ങി.സൈക്കിള്‍ മറിഞ്ഞില്ലെങ്കിലും പോക്കിന്റെ പന്തികേട്‌ കണ്ട്‌ വേലായുധന്‍ കയ്യിലെ ആയുധം വീശി.'ച്‌ലിം' എന്റെ ഇടത്തേ ഊരയില്‍ തേങ്ങാ ഞെട്ടിയുടെ കാരിക്കേച്ചര്‍ പതിഞ്ഞു.പെട്ടെന്ന് , ഗാന്ധിജി മറ്റേ മുഖം കാണിച്ചു കൊടുത്ത പോലെ അടി കിട്ടിയ ഊര നിവര്‍ന്ന് വലത്തേ ഊര വളഞ്ഞു.'ച്‌ലിം' അവിടേയും കാരിക്കേച്ചര്‍ പതിഞ്ഞു. രണ്ടടി വീണപ്പോള്‍ ഊര അറിയാതെ ബാലന്‍സ്‌ ആയി.പക്ഷേ ഇടവഴിയുടെ അറ്റത്ത്‌ സൈക്കിള്‍ വളക്കാന്‍ നേരത്ത്‌ കുരുത്തം കെട്ട ഊര ആദ്യം വളഞ്ഞു. 'വീണിതല്ലോ കിടക്കുന്നു ഇടവഴിയില്‍' എന്ന് ചൊല്ലാനുള്ള വിദ്യാഭ്യാസം വേലായുധന്‌ ഇല്ലാത്തതിനാല്‍ അവന്‍ പൊട്ടിച്ചിരിച്ചു.കൂടെ അനിയനും.
                 'ഹും.....എങ്കില്‍ കാണിച്ചുതരാം' എന്ന് മനസ്സില്‍ കരുതി ഞാന്‍ സൈക്കിള്‍ തിരിച്ചു നിര്‍ത്തി എങ്ങനെയോ അതിന്റെ മണ്ടപ്പുറത്ത്‌ കയറി.പിന്നെ എവിടേയോ ശക്തിയില്‍ ഒന്ന് ചവിട്ടി.ചെറിയ ഇറക്കമായതിനാല്‍ ഞാന്‍ ഒന്നും ചെയ്യാതെ തന്നെ സൈക്കിള്‍ കുതിക്കാന്‍ തുടങ്ങി.

"ബ്രേക്ക്‌ ചവിട്ടിക്കോ..." സൈക്കിളിന്റെ അല്‍പം മുമ്പിലായി നിന്ന വേലായുധഗുരു വിളിച്ചുപറഞ്ഞു.

ഞാന്‍ ആഞ്ഞ്‌ ഒന്ന് ചവിട്ടി....ചവിട്ടിയത്‌ പെഡലില്‍ ആയിരുന്നു.റോക്കറ്റ്‌ കണക്കെ പാഞ്ഞ സൈക്കിള്‍ ഗുരുവിന്റെ നെഞ്ചത്തുകൂടി തന്നെ കയറി.
             വേലായുധന്റെ അടുത്ത്‌ നിന്നും കിട്ടിയേക്കാവുന്ന അടികളുടെ എണ്ണം ഓര്‍ത്ത്‌ ഗുരു എണീറ്റ്‌ വരുന്നതിന്‌ മുമ്പേ സൈക്കിള്‍ വാടകയായ അമ്പത്‌ പൈസയും സൈക്കിളും അവിടെ ഇട്ട്‌ ഞാനും അനിയനും വീട്ടിലേക്കോടി.സൈക്കിൾ പഠനം അന്ന് അവസാനിച്ചെങ്കിലും സൈക്കിള്‍ നന്നായി ഓടിക്കാന്‍ കഴിയുമെന്ന് പിന്നീട്‌ എപ്പോഴോ സൈക്കിളിൽ കയറിയപ്പോൾ മനസ്സിലായി.

16 comments:

Areekkodan | അരീക്കോടന്‍ said...

'ച്‌ലിം' എന്റെ ഊരയില്‍ തേങ്ങാ ഞെട്ടിയുടെ കാരിക്കേച്ചര്‍ പതിഞ്ഞു.പെട്ടെന്ന് , ഗാന്ധിജി മറ്റേ മുഖം കാണിച്ചുകൊടുത്ത പോലെ അടി കിട്ടിയ ഊര നിവര്‍ന്ന് മറ്റേ ഊര വളഞ്ഞു.'ച്‌ലിം' അവിടേയും കാരിക്കേച്ചര്‍ പതിഞ്ഞു.

ramanika said...

happy onam!

കുട്ടന്‍ said...

അല്ല നമ്മടെ സൈക്കിള്‍ നന്നാക്കാനുള്ള കാശു വേലായുധന്‍ വീട്ടില്‍ വന്നു വാങ്ങിചിട്ടുണ്ടാവും അല്ലെ

വാഴക്കോടന്‍ ‍// vazhakodan said...

സൈക്കിള്‍ കഥ കൊള്ളാം!

ഓണാശംസകള്‍

പൊട്ട സ്ലേറ്റ്‌ said...

Nice.

Anil cheleri kumaran said...

രസായിട്ടുണ്ട്.

ചാണക്യന്‍ said...

ആശാന്റെ നെഞ്ചത്ത് കളി പഠിച്ചവരൊക്കെ രക്ഷപ്പെട്ടിട്ടുണ്ട്...:):):)

മാണിക്യം said...

പശുവിനെ മേയ്ക്കുന്ന അവന്‍
ഞങ്ങളെ മേക്കുന്നതില്‍ എന്തോ ഒരു അനൗചിത്യം...:)


ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

Unknown said...

സൈക്കിൾ പഠനം കൊള്ളാം മാഷെ

Areekkodan | അരീക്കോടന്‍ said...

രമണിക ചേട്ടാ.....നന്ദി

കുട്ടാ....സ്വാഗതം.അത്‌ ഓര്‍മ്മയിലില്ല

വാഴക്കോടാ....നന്ദി

പൊട്ട സ്ലേറ്റ്‌....നന്ദി

കുമാരാ....നന്ദി

ചാണക്യാ.....അങ്ങിനെയോ?എന്നാല്‍ ഇനി ബൈക്കില്‍ കേറി ഒന്ന് പയറ്റണം...ഗുരുവായി ആരെ കിട്ടും?

മാണിക്യം....നന്ദി

അനൂപ്‌....നന്ദി

siva // ശിവ said...

സൈക്കിള്‍ പഠനം എല്ലാവര്‍ക്കും ഒരുപാട് അനുഭവങ്ങള്‍ സമ്മാനിക്കാറുണ്ട്.... എന്നാലും ഗുരുവിന്റെ നെഞ്ചത്തുകൂടി..... ഇത് ഇത്തിരി കടന്നുപോയി.... :)

sheriffkottarakara said...

ഓടുന്ന ബഹളത്തിനിടയിൽ വാടക അൻപതു പൈസ അവിടെ ഇട്ടേച്ചു ഓടാൻ കാണിച്ച മര്യാദ ഗുരു കടാക്ഷമായി ലഭിച്ചതിനാലാണു പിന്നീടു സൈക്കിൽ നന്നായി പഠിക്കാൻ സാധിച്ചതു.

ഒരു നുറുങ്ങ് said...

മാഷെ
മോള് സൈക്കിളീന്ന് വീണപ്പൊ ഒന്ന് മനസ്സറിഞ്ഞു
ചിരിച്ചില്ലെ മാഷ്,വായിച്ചപ്പോള്‍ ഞാനങ്ങ് ഊറിച്ചിരിച്ചു
പോയി മാഷേ!ആഖ്യാനം കൊള്ളാം,ആശംസകള്‍!

പാവപ്പെട്ടവൻ said...

ചക്കംതൊടി ഗ്രൗണ്ടിലൂടെ ചേര പായുന്നപോലെ വളഞ്ഞും പുളഞ്ഞും സൈക്കിള്‍ മുന്നോട്ട്‌ നീങ്ങി

കൊള്ളാം മാഷേ അഭ്യാസം
നന്മയും സമൃദ്ധിയും നിറഞ്ഞ ഓണാശംസകള്‍..

VEERU said...

എന്നാലും എന്റെ വേലായുധേട്ടാ...!!
കഥ കലക്കി..അഭിനന്ദനങ്ങൾ!!

Areekkodan | അരീക്കോടന്‍ said...

കാപ്പിലാന്‍....നന്ദി...ഒപ്പം ആശംസകളും നേരുന്നു

ശിവ....വേറിട്ട അനുഭവം എന്ന് പറയുന്നത്‌ ഇതായിരിക്കും.....

Sheriff-ക്ക.....ങാ.....പാവം ഗുരുവിന്റെ ഗുരുത്വം

haroon-ക്ക....ഞാന്‍ മാത്രമല്ല എല്ലാവരും ചിരിച്ചു.വീഴുന്നത്‌ കണ്ടിട്ട്‌ ചിരിക്കാത്തവന്‍ ബന്ധുവല്ല എന്നല്ലേ?

പാവപ്പെട്ടവനേ...അഭ്യാസമല്ല,സൈക്കിള്‍ വിദ്യാഭ്യാസം..നന്ദി

VEERU....സ്വാഗതം...അഭിനന്ദനങ്ങള്‍ എനിക്കോ അതോ വേലാണ്ടികുരുവിനോ?

Post a Comment

നന്ദി....വീണ്ടും വരിക