Pages

Saturday, May 29, 2010

ഞാനും , ഇനി ???

ഇന്നായിരുന്നു എന്റെ നാട്ടിലെ ആ നരകയാതനാ ദിനം!!കൂടുതല്‍ അനുഭവിച്ചില്ലെങ്കിലും രണ്ട് മണിക്കൂര്‍ ഞാനും അതിന്റെ രുചി അറിഞ്ഞു.കൈകുഞ്ഞുങ്ങളേയും കൊണ്ട് സ്ത്രീകളും അവശത പേറുന്ന വൃദ്ധരും യുവത്വം തുളുമ്പുന്ന യുവാക്കളും ഒരു പോലെ ഈ യാതനാദിനത്തിലൂടെ കടന്നു പോയി.അരീക്കോടിലൂടെ മാത്രം കടന്നു പോയ ആ ദിനം ഏത് എന്ന് ആരും അതിര് കടന്ന് ചിന്തിക്കേണ്ട, റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ള പെടാപാടിനെ പറ്റിയാണ് ഞാന്‍ സൂചിപ്പിച്ചത്.

എന്റെ പഞ്ചായത്തിലെ മാന്യമഹാജനങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട ദിവസം ഇന്നായിരുന്നു.പല സ്ഥലങ്ങളിലേയും ക്യൂവിനെപറ്റി കേട്ടറിവും സപ്ലൈ ഓഫീസിലെ ക്യൂ നേരിട്ട് കണ്ടും പരിചയമുള്ളതിനാല്‍ നേരത്തെ ഞാന്‍ ചെന്നില്ല.ഉച്ചക്ക് ശേഷം മൂന്ന് മണി കഴിഞ്ഞാണ് ഞാന്‍ സംഭവ സ്ഥലമായ എന്റെ പഴയ സ്കൂളില്‍ എത്തുന്നത്.

രണ്ടാഴ്ച മുമ്പ് വരെ താലൂക്ക് സപ്ലൈ ഓഫീസില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് വാങ്ങേണ്ടിയിരുന്ന റേഷന്‍ കാര്‍ഡ് ലഭിക്കാനുള്ള അപേക്ഷഫോറം ഇന്ന് ഇവിടെ വളരെ കൂളായി വില്‍ക്കപ്പെടുന്നു!രണ്ട് മാസം മുമ്പ് വരെ ഇത് പൂരിപ്പിച്ച് നല്‍കാനും താലൂക്ക് സപ്ലൈ ഓഫീസില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടിയിരുന്നു.അതേതായാലും ഓരൊ പഞ്ചായത്തിലേക്ക് മാറ്റിയത് സ്വാഗതാര്‍ഹം തന്നെ.

നാട്ടിലെ പലര്‍ക്കും എന്നല്ല ഒട്ടുമുക്കാല്‍ പേര്‍ക്കും കാര്‍ഡ് ഇല്ലായിരുന്നു എന്ന സത്യം ഇവിടെ നിന്നും ഗ്രഹിച്ചു.പൌരപ്രമുഖരായവര്‍ പോലും ഇന്ന് ക്യൂ നിന്ന് അപേക്ഷ നല്‍കിയത് കണ്ടപ്പോള്‍ ഒരു റേഷന്‍ കാര്‍ഡ് ഇല്ലാത്ത എന്റെ എല്ലാ ദു:ഖവും തീര്‍ന്നു. തുല്യ ദു:ഖിതരായ ഇത്രയും പേര്‍ ഈ പഞ്ചായത്തില്‍ മാത്രം വസിക്കുമ്പോള്‍ ഞാന്‍ എന്തിന് പേടിക്കണം?

പക്ഷേ പൊതുജനങ്ങളെ പൊരി വെയിലത്ത് മണിക്കൂറുകളോളം നിര്‍ത്തി, പണ്ട് മാമാങ്കം നടത്തിയ പോലെ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ പരിപാടി മാറിയേ പറ്റൂ. കാര്യങ്ങള്‍ സുതാര്യവും സ്മൂത്തുമായി നടന്നു പോകാന്‍ ആവശ്യമായ സംഗതികളെപറ്റി ഈ ഓഫീസ് മേധാവികള്‍ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.ഇന്ന് അപേക്ഷാഫോറം ഇവിടെ വിതരണം ചെയ്ത പോലെ അപേക്ഷ അതത് റേഷന്‍ കടകളില്‍ നല്‍കുന്ന ഒരു കാലം വരും എന്ന് പ്രത്യാശിക്കാം.മാത്രമല്ല വര്‍ഷത്തില്‍ ഒരു തവണ എങ്കിലും ഇത്തരം പരിപാടികള്‍ നടത്തിയാല്‍ ഈ തിരക്ക് ഒഴിവാക്കാമായിരുന്നു.

12 comments:

മൻസൂർ അബ്ദു ചെറുവാടി said...

അത്ര പെട്ടൊന്നൊന്നും ഒരു മാറ്റം പ്രതീക്ഷിക്കേണ്ട അരീക്കൊടം മാഷെ. അതല്ലേ നമ്മുടെ നാട്ടിലെ ഒരു സിസ്റ്റം

ഷാജി ഖത്തര്‍ said...

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ കൊടുക്കുന്നെയുളൂ! എന്റെ ഭാര്യ പുതിയ കാര്‍ഡു കയ്യില്‍ വെച്ച് പഴയ കാര്‍ഡു ഉപയോഗിക്കുന്നാല്ലോ,പുതിയ കാര്‍ഡു വിതരണത്തില്‍ എന്തോ അപാകത അതുകൊണ്ട് പഴയത് ഉപയോഗിചാമതി എന്ന് പറഞ്ഞെന്നു ഭാര്യ പറയുന്നത് കേട്ടു.ഇപ്പൊ ഇത് ഏതു റേഷന്‍ കാര്‍ഡിനാ പുതിയ അപേക്ഷ, ഭാര്യ ഒന്നും പറഞ്ഞു കേട്ടില്ലല്ലോ?!.

ഷൈജൻ കാക്കര said...

പ്രവാസിയായത്‌ കൊണ്ട്‌ റേഷൻകാർഡുമില്ല, സെൻസസിലുമില്ല!!!

Mohamed Salahudheen said...

പൌരപ്രമുഖരായവര്‍ പോലും ഇന്ന് ക്യൂ നിന്ന് അപേക്ഷ നല്‍കിയത് കണ്ടപ്പോള്‍ ഒരു റേഷന്‍ കാര്‍ഡ് ഇല്ലാത്ത എന്റെ എല്ലാ ദു:ഖവും തീര്‍ന്നു.

അതിഷ്ടായി ഇക്കാ

കൂതറHashimܓ said...

>>> അപേക്ഷ അതത് റേഷന്‍ കടകളില്‍ നല്‍കുന്ന ഒരു കാലം വരും <<<
ഓഹ് അന്നെങ്കിലും റേഷന്‍ കടയില്‍ നിന്ന് എനിക്കും കിട്ടും വല്ലതും. അങ്ങനെ എങ്കിലും അവിടം ഒക്കെ ഒന്ന് കാണാലോ

കണ്ണനുണ്ണി said...

സത്യമാണ് ...
നൂലാമാലകളില്‍ കുടുങ്ങി ജനങ്ങള്‍ ഇങ്ങനെ ഒക്കെ കഷ്ടപെടുന്നത് പരിഗണിക്കേണ്ടത് തന്നെയാണ്

അരുണ്‍ കരിമുട്ടം said...

ചേട്ടാ, ലേബല്‍ പ്രതികരണം എന്ന് കൊടുക്കു.ആരെങ്കിലുമൊക്കെ ഇതിനെതിരെ പ്രതികരിക്കട്ടെ

ബയാന്‍ said...

വെയിലില്‍ ക്യൂ നില്‍ക്കുകയോ ; അയ്യേ..... നാണമില്ലേ. റേഷന്‍ കാര്‍ഡ് ഓണ്‍‌ലൈനില്‍ അപ്ലൈ ചെയ്യാന്‍ താന്കള്‍ക്ക് ഇനിയും അറിയില്ലെന്നോ. അരീക്കോട് കാര് പറയിപ്പിക്കാതെ. സാക്ഷരതയില്‍ മുന്നിലുണ്ടായിരുന്നു ഒരു നാടാണിത്. website : www.ekerala.gov.in

ഒരു നുറുങ്ങ് said...

നെടുനാളിലെ കൂവിലൊടുവില്‍ രേഷന്‍ കാര്‍ഡൊത്തു !
ഭാര്യക്ക് 10 വയസ്സധികം !! മൂത്ത മകന്‍ 14 വയസ്സ്! ചെറിയവന്‍ 26 വയസ്സുകാരനും ???"

Areekkodan | അരീക്കോടന്‍ said...

ചെറുവാടി...ശരി തന്നെ.നിരന്തര അപേക്ഷകള്‍ക്ക് ശേഷം ചെറുവാടിയുടെ മുഖം മാറുന്നത് ഞാന്‍ ദിവസവും കണ്ടുകൊണ്ടിരിക്കുന്നു.

ഷാജി...പേടിക്കേണ്ട, ഓരോ പഞ്ചായത്തിലും പല ദിവസങ്ങളിലായിട്ടാണ് ഈ മാമാങ്കം നടക്കുന്നത്.

കാക്കരേ...പ്രവാസി എന്നും പ്രയാസി തന്നെ.

സലാഹ്...സത്യം, ഇവര്‍ക്കൊന്നും ഇത്ര കാലം ഇതിനുള്ള ‘സൌഭാഗ്യം‘ ലഭിച്ചിട്ടുണ്ടവില്ലല്ലോ എന്ന് തോന്നി.

കൂതറേ...കൂതറകള്‍ക്ക് കാര്‍ഡ് കിട്ടുമോ എന്ന് സംശയമാ.

Areekkodan | അരീക്കോടന്‍ said...

കണ്ണനുണ്ണീ...അതേ, പ്രതികരിച്ചതിന്റെ ഫലമായി അത് നമ്മുടെ പഞ്ചായത്ത് പരിധിയില്‍ എത്തി.ഇനിയും പ്രതികരിച്ചേ മതിയാകൂ.

അരുണ്‍ ... നന്ദി, ആ ലേബലും കൊടുക്കുന്നു.

യരലവ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഓണ്‍ലൈന്‍ അപേക്ഷ കാണാഞിട്ടല്ല, അതെന്നും “ഓണ്‍ ലൈന്‍“ ആയിരിക്കും എന്നതിനാലാണ് നല്‍കാത്തത്.

ഹാറൂണ്‍ക്കാ...അതിന്റെ കഥ പറയണ്ട.നിലവിലുള്ള റേഷന്‍ കാര്‍ഡിലെ എന്റെ മകളുടെ വയസ്സ് പ്രകാരം ഞാന്‍ ജനിക്കുന്നതിന് മുമ്പേ വിവാഹിതനായി!!!

niyas said...

അരീക്കോടന്‍ മാഷേ... ഇപ്പോള്‍ റേഷന്‍ കാര്‍ഡിന്റെ ആവശ്യമുണ്ടോ ...? എന്തായാലും നന്നായിട്ടുണ്ട്..

Post a Comment

നന്ദി....വീണ്ടും വരിക