Pages

Monday, August 30, 2010

“മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍“ - വാര്‍ഷിക ഉത്ഘാടനം

മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ അഞ്ചാം വയസ്സിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി നാലാം വാര്‍ഷികം സമുചിതമായി ആഘോഷിക്കാന്‍ ഒരു തീരുമാനം എടുത്തു നോക്കി.എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് മനസ്സ് പറഞ്ഞതിനാല്‍ ആദ്യം സുന്ദരമായി ഒന്നു കിടന്നുറങ്ങാന്‍ തീരുമാനിച്ചു.ആ ഉറക്കത്തില്‍ എന്റെ ബ്ലോഗിന്റെ ആഘോഷ പരിപാടിയുടെ ക്ഷണങ്ങള്‍ നടന്നു.ആദ്യം വിളിച്ചത് ഐ.ടി മിനിസ്റ്റര്‍ കൂടിയായ അച്ചുമാമനെ തന്നെയായിരുന്നു.

“ഹലോ, സി.എം അല്ലേ ?”

“അല്ല, വി.എസ് ആണ്...”

“ങാ, ഞാന്‍ അരീക്കോടനാ...”

“അഴീക്കോടനോ, ലാല്‍ സലാം...”

“അഴീക്കോടനല്ല അരീക്കോടന്‍...”

“ങേ!അരിങ്ങോടരോ...ഓണക്കാലത്ത് മാവേലിയോടൊപ്പം നുഴഞ്ഞ് കയറിയതാണോ?”

“അരിങ്ങോടരുമല്ല സാര്‍...അരീക്കോടന്‍...അരിയില്ലേ അരി...ഊണ്‍ ഉണ്ടാക്കുന്ന...”

“ങാ...മനസ്സിലായി, ഊണ്‍ തയാര്‍ എന്നല്ലേ...ഞാനിപ്പോ എത്തി...”

‘ശ്ശൊ, നേരാംവണ്ണം ചെവിയും..’ പിറുപിറുത്തുകൊണ്ട് ഞാന്‍ മന്ത്രിസഭയിലെ രണ്ടാം മുഖ്യന്‍ കൊടിയേരിയെ വിളിച്ചു.

“ഹലോ, കൊടിയേരി ബാലകൃഷ്ണന്‍...?”

“യെസ്...ഹോം മിനിസ്റ്റര്‍ സ്പീക്കിംഗ്...”

“സാര്‍ ഞാന്‍ മലയാളിയാണ്...”

“ങാ...മനസ്സിലായി.എന്റെ ഇംഗ്ലീഷിന് മുന്നില്‍ പതറുന്നവന്‍ മലയാളി ആയിരിക്കും എന്ന് തീര്‍ച്ചയാ...കാര്യം എന്താണെന്ന് പറയൂ...”

“സാര്‍, ഞാന്‍ ഒരു ബ്ലോഗര്‍ ആണ്...”

“ഓ...ബ്രോക്കര്‍ ആണല്ലേ? വിഹിതം പാര്‍ട്ടി ഫണ്ടിലേക്കും നല്‍കുന്നില്ലേ?”

“ബ്രോക്കര്‍ അല്ല സാര്‍ ....ബ്ലോഗര്‍ ...വിവരസാങ്കേതിക വിദ്യയുടെ ആധുനിക ഔട്പുട്ട്...”

“ഓണത്തിനിടയിലാണെടോ തന്റെ ഈ പുട്ട് കച്ചവടം ?”

‘ഹോ, ഇതും കുലുമായല്ലോ’ ഞാന്‍ അടുത്ത മന്ത്രിയെ ക്ഷണിക്കാന്‍ നമ്പര്‍ തിരഞ്ഞു.കിട്ടിയത് മലപ്പുറത്തിന്റെ ഏകമന്ത്രി പാലോളിയെ.

“ഹലോ, പാലൊളിയാണോ ?”

“ആ ഞമ്മള് പാലോളി മയമോട്ടി, എത്താ കാര്യം”

“ഞാന്‍ അരീക്കോട് നിന്നാ...”

“ആ അപ്പം ഞമ്മളെ നാട്ട്ന്ന് തന്ന്യാല്ലെ, അനക്ക് എത്താ മാണ്ട്യേത് കുഞാപ്പോ?”

“എനിക്ക് ഒരു ബ്ലോഗ് ഉണ്ട്...വായിച്ചിരിക്കാന്‍ സാധ്യതയില്ല”

“എന്തിനാ വായിക്കുന്നത് , ഞാന്‍ പല പ്രാവശ്യം നിയമസഭയില്‍ കേട്ടിട്ടുണ്ട്...“

“ങേ! നിയമസഭയില്‍ കേള്‍ക്കുകയോ?”

“അതേ നല്ല ബ്ലോക്കാ, അരീക്കോട് ബ്ലോക്ക്...”

‘മണ്ണാങ്കട്ട,ഈ മന്ത്രിമാരെ എങ്ങനെയാ ഇതൊന്ന് മനസ്സിലാക്കി കൊടുക്കുക ദൈവമേ’ ഫോണ്‍ വച്ച് ഞാന്‍ അല്പ സമയം ആലോചിച്ചു.ഇനി അല്പം വിവരം ഉള്ള വിദ്യാഭ്യാസമന്ത്രിയെ കൂടി വിളിച്ചു നോക്കാം.

“ഹലോ, ബേബി മന്ത്രിയല്ലേ?”

“എം.എ ബേബി എം.എ”

‘ഇതെന്താ പുഷ്പുള്‍ ട്രെയിനോ, മുന്നിലും പിന്നിലും എം.എ’എന്ന് ചോദിക്കാന്‍ നാവ് എന്തോ പൊങ്ങിയില്ല.

“ആ...ഞാന്‍ അരീക്കോട് നിവാസി...ഞാന്‍ ഒരു ബ്ലോഗര്‍ കൂടിയാണ്...ഈ ഇരുപത്തെട്ടിന് എന്റെ ബ്ലോഗിന്റെ അഞ്ചാം പിറന്നാള്‍ ആണ്...അതോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിലേക്ക് താങ്കളുടെ ഒരു ഡേറ്റ്...” ശ്വാസം മുറിഞപ്പോള്‍ ഞാന്‍ നിര്‍ത്തി.

“നീ കോബ്ലറോ ബ്ലോക്കറോ എന്തോ ഒന്ന് പറഞ്ഞു.എനിക്ക് അതെന്താണെന്ന് പിടികിട്ടിയിട്ടില്ല.ഞാന്‍ വെറും ഒരു ശിശു ആണ് ഇക്കാര്യത്തില്‍, റിയലി ബേബി!”

“ശരി സാര്‍ ...”

സുഹൃത്തിന്റെ ഒരു എസ്.എം.എസ് എന്നെ ഉണര്‍ത്തി.“കേരളത്തിന്റെ ഭാവി ഈ കൈകളില്‍ ഭദ്രം” എന്ന ആ എസ്.എം.എസ് ഞാന്‍ വായിച്ചു നോക്കി.ഓരോ മന്ത്രിമാരുടേയും വിദ്യഭ്യാസ യോഗ്യത ആയിരുന്നു അതിന്റെ ഉള്ളടക്കം.മൊത്തം കൂട്ടിയപ്പോള്‍ കിട്ടിയത് അന്‍പതിന്റെ താഴെ!

അതിനാല്‍ ഒരു മന്ത്രിയും ഇല്ലാതെ മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ അഞ്ചാം വയസ്സിലേക്ക് കാലുകുത്തുന്നു.ആദ്യം വന്ന് കമന്റടിക്കുന്നയാള്‍ ഈ വാര്‍ഷിക പരിപാടിയും നാനൂറ്റി ഒന്നാമത്തെ ഈ പോസ്റ്റും ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.

33 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ ഒരു മന്ത്രിയും ഇല്ലാതെ മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ അഞ്ചാം വയസ്സിലേക്ക് കാലുകുത്തുന്നു.ആദ്യം വന്ന് കമന്റടിക്കുന്നയാള്‍ ഈ വാര്‍ഷിക പരിപാടിയും നാനൂറ്റി ഒന്നാമത്തെ ഈ പോസ്റ്റും ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.

നൗഷാദ് അകമ്പാടം said...

കൊള്ളാം നന്നായിട്ടുണ്ട്..
നല്ല ആശയം..സരസമായ എഴുത്ത്..
ഒന്നു കൂടെ ഒന്നാഞ്ഞു പിടിച്ചിരുന്നെങ്കില്‍
അവസാനഭാഗം ഒന്നു കൂടെ നന്നാക്കാമായിരുന്നു എന്നൊരഭിപ്രായം എനിക്കുണ്ട്..

പിന്നെ സ്വപ്നത്തിലായതിനാല്‍ എഡിറ്റിംഗിനു സാധ്യതയില്ല എന്നു മനസ്സിലാക്കി സമാധാനിച്ചു!

നൗഷാദ് അകമ്പാടം said...

പറയാന്‍ മറന്നു..
അഞ്ചാം വാര്‍ഷികത്തിനു ആശംസകള്‍!!

മൻസൂർ അബ്ദു ചെറുവാടി said...

തൊട്ടപ്പുറത്ത് ചെറുവാടിയില്‍ ഞാനില്ലേ? ഒന്ന് കൂവിയാല്‍ വിളി കേള്‍ക്കുന്ന ദൂരത്ത്‌. NV brothers ലെ പൊറോട്ടയിലും ബീഫിലും പാര്‍ട്ടി ഒതുക്കുകയും ചെയ്യാമായിരുന്നു.
ഏതായാലും ആശംസകള്‍ .
യാത്ര തുടരട്ടെ .

Jishad Cronic said...

കൊള്ളാം നന്നായിട്ടുണ്ട്..
നല്ല ആശയം...

Unknown said...

മന്ത്രിമാരെ വിളിച്ചതാ പ്രശ്നമായത്, ബ്ലോഗര്‍ മാരെ വിളിക്കാമായിരുന്നില്ലേ.

അഞ്ചാം വാര്‍ഷികത്തിനു ആശംസകള്‍.

മാണിക്യം said...

ഈ വാര്‍ഷിക പരിപാടിയും നാനൂറ്റി ഒന്നാമത്തെ ഈ പോസ്റ്റും ഉത്ഘാടനവും ആരും ചെയ്തില്ല..
അഴീക്കോടാ അരിങ്ങോടരേ ഓ ആകെ കണ്‍ഫ്യൂഷന്‍ ആയി
അരീക്കോടാ ഉല്‍ഘാടനം ഞാന്‍ ചെയ്യുന്നു..
ആഘോഷങ്ങള്‍ അടുത്ത ഒരു വര്‍ഷം മുഴുവന്‍ നീളട്ടെ!
സര്‍വ്വമംഗളങ്ങളും നേരുന്നു..

ഒപ്പം ചെറിയ പെരുന്നാള് ആശംസകളും

അരുണ്‍ കരിമുട്ടം said...

അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരം ആയിരം അഭിവാദ്യങ്ങള്‍

കണ്ണനുണ്ണി said...

ആറാം വാര്‍ഷികത്തിന് നമുക്ക് രാഹുല്‍ ഗാന്ധിയെ വിളിക്കാം മാഷെ....
ആള്‍ക്ക് ബ്ലോഗ്ഗും ട്വിട്ടെരും ഒക്കെ വശം ണ്ടെന്ന കേട്ടെ

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

തരൂരിനെ വിളിച്ചു നോക്കാർന്നു,,:)


നന്നായി.ആശംസകൾ മാഷെ

Akbar said...

അഞ്ചു വര്‍ഷത്തെ പീടാനുഭങ്ങള്‍. വാര്‍ഷികം ഒരു തമാശ പോസ്റ്റില്‍ ഒതുക്കി അല്ലെ. പോസ്റ്റ് ചിരിപ്പിച്ചു കേട്ടോ.

ചെറുവാടിയെപ്പോലെ തൊട്ടടുത്തുള്ള വാഴക്കാട്ടുകാരനായ എന്നെ വിളിക്കായിരുന്നില്ലേ. നമ്മള്‍ ഒരു 'വണ്‍വെ' ട്രാഫിക് ആണെങ്കിലും ഞാന്‍ എപ്പോഴും ഈ അരീക്കോടന്‍ ബ്ലോഗില്‍ വന്നു പോകുന്ന ആളല്ലേ.

അനില്‍@ബ്ലോഗ് // anil said...

ഞമ്മളും എത്തി.
:)

ശ്രദ്ധേയന്‍ | shradheyan said...

മാഷക്ക് ആശംസകള്‍... വേണേ ഞാന്‍ തന്നെ നേരിട്ട് വരാം, പരിപാടി ഉദ്ഘാടിക്കാന്‍ :)

Areekkodan | അരീക്കോടന്‍ said...

നൌഷാദ് അകമ്പാടം...താങ്കളെ ഉത്‌ഘാടകനായി പ്രഖ്യാപിച്ചിരിക്കുന്നു.അഭിപ്രായത്തിന് നന്ദി.

ചെറുവാടി...ശരിയായിരുന്നു.പക്ഷേ താങ്കളുടേ ഇഷ്ടസ്ഥപനമായ എന്‍.വി ബ്രഡേഴ്സ് എന്നോ അടച്ചു പൂട്ടി!

ജിഷാദ്...നന്ദി

തെച്ചിക്കോടാ...വരുന്നുണ്ട്,എല്ലാവരേയും വിളിക്കാന്‍.പ്ലീസ് വെയിറ്റ്

മാണിക്യം...വിളിച്ച് എന്നേയും ഇന്‍ഫ്യൂഷന്‍ ആക്കല്ലേ.ചെറിയ പെരുന്നാള്‍ ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി.

ശ്രീ said...

വാര്‍ഷികാശംസകള്‍!

Areekkodan | അരീക്കോടന്‍ said...

അരുണ്‍...സൂപ്പര്‍ ഫാസ്റ്റിലെ തിരക്ക് കാരണം ഇപ്പോള്‍ അവിടെ കയറാറേ ഇല്ല.കൂടുതല്‍ ബോഗികള്‍ ഉടന്‍ അനുവദിക്കും എന്ന് കരുതുന്നു.

കണ്ണനുണ്ണീ...പുള്ളിയുടെ പേരില്‍ ആരോ ചെയ്യുനതായിരിക്കുമത്.നമ്മുടെ മമ്മൂക്കയും ഒരു ബ്ലോഗര്‍ ആയിരുന്നല്ലോ?

പ്രവീണ്‍...അദ്ദേഹം ഹണിമൂണില്‍ അല്ലേ?ട്വിറ്ററില്‍ അതും ഇട്ടിട്ടുണ്ടൊ ആവോ?

അക്‌ബര്‍...അതെ തെക്ക് അക്ക്ബറും വടക്ക് ചെറുവാടിയും നിന്നാല്‍ ചെകുത്താനും കടലിനും മധ്യേ എന്ന് തന്നെയല്ലേ?വെറുതേ പറഞതാട്ടൊ?ആ വണ്‍ വേ ഉടന്‍ ഫോര്‍വേ ആക്കുന്നുണ്ട്!

അനില്‍ജീ...സന്തോഷം

ശ്രദ്ധേയാ...അതിന് മറ്റൊരു സമയം തരുന്നുണ്ട്.

Faizal Kondotty said...

:)
ആശംസകള്‍ ..

Mohamedkutty മുഹമ്മദുകുട്ടി said...

എന്നെ വിളിച്ചില്ലെങ്കിലും വാര്‍ഷികത്തിനു ആശംസകള്‍ നേരുന്നു. സമയം കിട്ടുമ്പോള്‍ നമ്മുടെ കളത്തിലും വന്നു നോക്കുമോ? കുറെ കൃഷി ഞാനും നടത്തിയിട്ടുണ്ട്.അഴീക്കോടന്‍,സോറി അരീക്കോടന്‍ മാഷിനെപ്പറ്റി നമ്മുടെ കൊട്ടോട്ടി എപ്പോഴും പറയുമായിരുന്നു. താങ്കളൊഴികെ പലരും എന്റെയടുത്തും വരാറുണ്ട്. കുറ്റം പറയുകയല്ല ഞാനും ഇവിടെ വന്നിട്ടില്ല!

ജന്മസുകൃതം said...

'ആദ്യം വന്ന് കമന്റടിക്കുന്നയാള്‍ ഈ വാര്‍ഷിക പരിപാടിയും നാനൂറ്റി ഒന്നാമത്തെ ഈ പോസ്റ്റും ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.'

എന്നിട്ട് ഉത്ഘാടനം സ്വന്തം അങ്ങു ചെയ്തു അല്ലേ?
കൊള്ളാല്ലോ....അപ്പൊപ്പിന്നെ പറഞ്ഞപോലെതന്നെ ....ഹായ്...ബൈ

Sabu Kottotty said...

അരീക്കോട് ഭാഗത്തേയ്ക്ക് തീവണ്ടിയില്ലാത്തതിനാല്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ല. മിനിമം ഒരു വിമാനത്താവളം പോലുമില്ലാത്ത നാട്....
ശാപ്പാടൊക്കെ പിന്നെക്കഴിച്ചോളാം.. തല്‍ക്കാലം ഒരു ആശംസയിരിയ്ക്കട്ടെ...

...വാര്‍ഷികത്തിന് വര്‍ഷം പോലെ ആശംസകള്‍...

ഏറനാടന്‍ said...

അഞ്ചാം വയസ്സിലേക്ക്‌ കാലെടുത്ത് വെക്കുന്ന ഞമ്മളെ പൊന്നാര ചെങ്ങായി അരീക്കോടന്‍ മാഷിന് ഒരയ്യായിരം പൂച്ചണ്ട്.. ഇത്രേം കാലം പിടിച്ച് നിന്ന് വാണരുളിയ ഇനിയും നിലനിന്നു പോരാന്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

ഇങ്ങള് വെറും രാഷ്ട്രീയക്കാരെ മാത്രം വിളിച്ചതാ വിനയായത്‌. വല്ല തിലകനെയോ, അഴീക്കൊടിനെയോ ഒരുമിച്ച് ക്ഷണിച്ചാല്‍ മതിയായിരുന്നു.

Sidheek Thozhiyoor said...

മനോരാജ്യത്തിലെ തോന്യാക്ഷരങ്ങള്‍ എന്ന ഈ ബ്ലോഗിനെ കുറിച്ച് പറയുകയാണെങ്കില്‍ .!@@@**!...ഞാന്‍ ചോദിക്കുകയാണ്.....!@@@!!
അതുകൊണ്ട് ഈ സാധനം ഉദ്ഘാടനം ചെയ്യാന്‍ വന്ന ഞാന്‍ ആ കര്‍മ്മം മറ്റാരോ നിര്‍വഹിച്ചതിനാല്‍ മടങ്ങിപ്പോവുന്നു...

Areekkodan | അരീക്കോടന്‍ said...

ശ്രീ...നന്ദി

ഫൈസല്‍ ... വീണ്ടും കണ്ടതില്‍ സന്തോഷം

മുഹമ്മദ് കുട്ടിക്ക...കൊട്ടോട്ടി അങ്ങനെ പറഞു അല്ലേ?അവനെ ഞാന്‍ , ഒരു കട്ടന്‍ ചായയും രണ്ട് പരിപ്പ് വടയും കൊടുത്ത് സല്‍ക്കരിക്കുന്നുണ്ട്.

ലീല ചന്ദ്രന്‍ ...അതു തന്നെ.സ്വയം ഉത്‌ഘാടകനാകുന്നതാ നല്ലത് എന്ന് തിരിച്ചറിഞ്ഞു.

കൊട്ടോട്ടീ...വിമാനത്താവളം ഇല്ലാത്തതുകൊണ്ട് തന്നെയാ താങ്കളെ ക്ഷണിക്കാതിരുന്നത്.ബിസിനസ്സ് ആവശ്യാര്‍ഥം ആസാമിലും കാശ്മീരിലും ഒക്കെയല്ലേ?

ഏറനാടാ... പെണ്ണും കെട്ടി അങ്ങ് കയറിയതില്‍ പിന്നെ ഒരു വിവരവുമില്ല.ചെറുവാടി ഒക്കെ ആകെ മാറിപ്പോയി ട്ടോ.

സിദ്ധീക്ക്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.താങ്കള്‍ വന്നകാലില്‍ തന്നെ തിരിച്ചു പോയതില്‍ അനുശോചനം അറിയിക്കുന്നു.

ബഷീർ said...

ആഘോഷങ്ങൾ നോമ്പ് തുറന്നതിനു ശേഷം ..ഞാൻ അപ്പോൾ വന്ന് ഉത്ഘാടനം ചെയ്തോള്ളാം

അഞ്ചാം വാർഷിക ആശംസകൾ അരീക്കോടൻ മാഷിന്
അഞ്ച് വർഷം ഈ ബ്ലോഗ് സഹിച്ച വായനക്കാർക്ക് അഭിനന്ദനങ്ങൾ

ബഷീർ said...

ഭരണക്കാരെ മാത്രം വിളിച്ച് പ്രതിപക്ഷക്കാരെ ഒഴിവാക്കിയത് ശരിയായില്ല. അറ്റ്ലീസ്റ്റ് ചാണ്ടിയേയും കുഞാലികുട്ടിയെയും വിളിക്കാമായിരുന്നു..ആ മുരളിയെ വിളിക്കാൻ വേണ്ടി കാത്തിരിക്കുകയല്ലേ. ഒന്ന് വിളിക്കാമായിരുന്നു :)

ആളവന്‍താന്‍ said...

അല്ല അരി'കോടന്‍ മാഷേ... ഇങ്ങക്ക് എന്നെ വിളിച്ചൂടാര്‍ന്നാ... ഞാന്‍ വന്ന് വെട്ടി തന്നെനെയല്ലോ... റിബണ്‍! ഇനി ഏതായാലും കഴിഞ്ഞത് കഴിഞ്ഞു. ദേ ഈ പ്രൈവസീ ആക്റ്റ്‌ നോക്കി പറയു.

Areekkodan | അരീക്കോടന്‍ said...

ബഷീര്‍...അഞ്ച് വര്‍ഷം സഹിച്ചിട്ടില്ല.നാല് വര്‍ഷം.എന്നിട്ടും നിര്‍ത്തിയില്ലേ പഹയാ എന്ന് ചോദിക്കരുത്.പിന്നെ മുരളിയെ മറന്നു പോയതാ.പാവം വിളിച്ചിരുന്നെങ്കില്‍ ദീര്‍ഘശ്വാസം വിട്ട് ഓടി വരുമായിരുന്നു.

ആളവന്താന്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.റിബണ്‍ വെട്ട് ഔട്ട് ഓഫ് ഫാഷന്‍.ഇപ്പോള്‍ വെട്ടുന്നത് മറ്റു പലതുമല്ലേ?

Sathees Makkoth said...

ആശംസകൾ!

Sulthan | സുൽത്താൻ said...

ഒരുകൂട്ടം ബ്ലോഗർമാർ ഓടിവരുന്നു.

"എന്താ, എന്താ നൗഷാദെ ഓട്‌ണത്‌"

"മുഹമ്മദ്‌കുട്ടി മാഷ്‌, ഈ വയസ്സ്‌കാലത്ത്‌ ഓട്‌ണത്‌ കണ്ടോ, പിന്നാലെ വയസറിയിക്കാത്ത മാണിക്യം ചേച്ചി, ചിരവ, ചൂല്‌ എന്നിത്യാധി മാരകായുധങ്ങളുമായി ഓടുന്നു. സംഗതി പന്തിയിലല്ല."

വഴിയിൽനിന്ന് ആളുകൾ മുഴുവൻ ഓട്ടത്തിൽ പങ്കെടുക്കുന്നു. അരീക്കോട്‌ കോട്ടമൈതാനിയുടെ കോട്ട ചവിട്ടിപൊളിച്ച്‌, ആളുകൾ അകത്തേക്ക്‌, അവിടെ

"തോന്ന്യക്ഷരങ്ങൾകൊണ്ട്‌ മനോരാജ്യം തീർത്ത, പട്ടിണിപാവങ്ങളുടെ ചിഹനമായ, ഗൾഫ്‌ ഗേറ്റിന്റെ ബ്രാണ്ട്‌ അംബസഡറായ, അരീക്കോടിന്റെ സ്വന്തം മുത്ത്‌, അരീക്കോടൻ മാഷിന്റെ അഞ്ചാം വാർഷികം നാമിവിടെ ആഘോഷിക്കുകയാണ്‌." മൈക്ക്‌ കൈയിൽകിട്ടിയാൽ, ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്നതിൽ അഗ്രകണ്യൻ, സുൽത്തൻ വെച്ച്‌കീറുന്നു.

"സുൽത്താനെ, മാഷിന്റെ വാർഷികമല്ല, മാഷിന്റെ ബ്ലോഗിന്റെ വാർഷികമാണ്‌" ആരോ പിന്നിൽനിന്ന് തിരുത്തി

"രണ്ടും ഒന്ന്‌തന്നെ"

ഇതിനിടയിൽ, മാണിക്യം ചേച്ചിയോട്‌ ആരോ ചോദിച്ചു "എന്തിനാ ചേച്ചി ചൂലുമായി ഓടിയത്‌"

"അതെ, വരുന്ന വഴി, കിഴിശ്ശേരി ചന്തയിൽനിന്നും ഡിസ്‌കൗണ്ടിന്‌ കിട്ടിയപ്പോ വാങ്ങിയതാ"

"ഛെ, മാഷെ പിന്നാലെ ഓടുന്നത്‌ കണ്ടപ്പോൾ, എന്തോക്കെ പ്രതീക്ഷയായിരുന്നു. നശിച്ചു"

ഠോ, ഠോ, ഠോ, ഠെ, ഠൊ,

മാലപടക്കത്തിന്‌ തിരികൊളുത്തി, അഞ്ചാം വാർഷികാഘോഷങ്ങൾക്ക്‌ ഇവിടെ തുടക്കം കുറിക്കുന്നു.

MT Manaf said...
This comment has been removed by the author.
MT Manaf said...

അഞ്ചാം വയസ്സിലേക്ക് കടക്കുന്ന സ്ഥിതിക്ക്
ബെഞ്ചമിന്‍ ഫ്രാങ്ക്ലിണോ
കുഞ്ചാക്കോ ബോബനോ
വല്ല മഞ്ചേരിക്കാരോ
വേറെ ഏതെങ്കിലും സന്ചാരിയോ
ഒക്കെ ആകാമായിരുന്നു
ചുരുങ്ങിയ പക്ഷം അരീക്കോട് ബസ്റ്റാന്‍റില്‍
ഇഞ്ചി മുട്ടായി വില്‍ക്കുന്ന
ആളെയെങ്കിലും വിളി അരീക്കോടാ !

Sureshkumar Punjhayil said...

Mangalashamsakal... Prarthanakl...!!!

Areekkodan | അരീക്കോടന്‍ said...

സതീഷ്...നന്ദി

സുല്‍ത്താനേ ... അന്റെ കത ഞമ്മക്ക് നല്ലോം പുട്‌ച്ചി.റൊമ്പ ടാങ്ക്സ്

മനാഫ്...ഇനി അങ്ങനെ ചെയ്യാം.അനുഭവമല്ലേ ‘കുരു’

സുരേഷ്... നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക