Pages

Saturday, September 04, 2010

കള്ളം പറയാനും മൊബൈല്‍ ഫോണ്‍ !

മൊബൈല്‍ ഫോണ്‍ എന്തിനൊക്കെ ഉപയോഗിക്കാം എന്നതിലുപരി എന്തിനൊക്കെ പറ്റില്ല എന്ന് ചോദിക്കുന്നതാണ് നല്ലത് എന്നതാണ് ടെക്നോളജിയുടെ പോക്ക് നമ്മെ എത്തിച്ചിരിക്കുന്ന അവസ്ഥ.പക്ഷേ ഇന്ന് യാത്രയില്‍ എനിക്കനുഭവപ്പെട്ട ഒരു സംഗതി ഇവിടെ പങ്കു വയ്ക്കാതെ നിര്‍വ്വാഹമില്ല.

ഞാന്‍ കോളേജിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്.എന്റെ സഹ സീറ്റുകാരനും കോഴിക്കോട്ടേക്കാണ്.സാധാരണ ഗതിയില്‍ യാത്രയില്‍ ഉറങ്ങാറുള്ളതിനാല്‍ ഞാന്‍ അദ്ദേഹത്തെ സംസാരത്തിലൂടെ മുഷിപ്പിച്ചില്ല.ബസ് ഊര്‍ക്കടവ് കഴിഞ്ഞ് അല്പം മുന്നോട്ട് എത്തിയതേയുള്ളൂ.അദ്ദേഹം ആര്‍ക്കോ ഫോണ്‍ ചെയ്തു.കോഴിക്കോട്ട് കാത്തുനില്‍ക്കുന്ന ആര്‍ക്കോ അല്ലെങ്കില്‍ കോഴിക്കോട്ടേക്ക് വരുന്ന ആര്‍ക്കോ ആണ് ആ ഫോണ്‍ എന്ന് സംസാരത്തില്‍ എനിക്ക് മനസ്സിലായി.പെരുവയലില്‍ പോലും ബസ് എത്തിയിട്ടില്ലായിരുന്നു.ആ സമയത്ത് അദ്ദേഹം ഫോണിലൂടെ പറഞ്ഞത് ഞാന്‍ കുറ്റിക്കാട്ടൂരില്‍ എത്തി എന്ന്!യഥാര്‍ത്ഥത്തില്‍ കുറ്റിക്കാട്ടൂരിലേക്ക് ഇനിയും ഒരു ഏഴോ എട്ടോ കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു!അത് ഒരു ദൂരമല്ലായിരിക്കാം, എങ്കിലും കാത്തു നില്‍ക്കുന്ന ഒരു സുഹൃത്തിനെ സമാധാനിപ്പിക്കാ‍നാണോ ഇത്തരം ഒരു കള്ളം ചൊല്ലിയത്?

ബസ് വീണ്ടും സഞ്ചരിച്ച് സുഹൃത്ത് പറഞ്ഞ കുറ്റിക്കാട്ടൂരില്‍ എത്തി.അപ്പോള്‍ മറ്റൊരാള്‍ ഫോണ്‍ ചെയ്യുന്നു. “ഞാനിതാ ചേവായൂരില്‍ എത്തി!!”.ചേവായൂരിലേക്ക് എത്താന്‍ നേരത്തെ പറഞ്ഞ പോലെ അഞ്ചോ ആറോ കിലോമീറ്റര്‍ ഇനിയും യാത്ര ചെയ്യേണ്ടിയിരുന്നു.അപ്പോള്‍ ഇദ്ദേഹവും കള്ളം ചൊല്ലിയത് എന്തിന് വേണ്ടി?

പൊതുവെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഈ പ്രവണത കൂടി വരുന്നോ എന്നൊരു സംശയം ഉണരുന്നു.”ഞാനിതാ ഇപ്പോ എത്തി” എന്ന് ഫോണിലൂടെ മറുപടി തരുന്നയാള്‍ എത്തുന്നത് അര മണിക്കൂറോ മുക്കാല്‍ മണിക്കൂറോ കഴിഞ്ഞാണ്.അപ്പോള്‍ നുണ പറയാനുള്ള പ്രവണത ഉണ്ടാക്കുന്ന ഒരു ഉപകരണമായും മൊബൈല്‍ ഫോണ്‍ മാറുന്നോ എന്ന് ഒരു ചിന്ത ഉയരുന്നു.തമാശയായി പോലും കള്ളം പറയരുത് എന്ന് എന്റെ മതം എന്നെ പഠിപ്പിക്കുന്നു. നിങ്ങള്‍ എന്തു പറയുന്നു?

19 comments:

Areekkodan | അരീക്കോടന്‍ said...

അപ്പോള്‍ നുണ പറയാനുള്ള പ്രവണത ഉണ്ടാക്കുന്ന ഒരു ഉപകരണമായും മൊബൈല്‍ ഫോണ്‍ മാറുന്നോ എന്ന് ഒരു ചിന്ത ഉയരുന്നു.തമാശയായി പോലും കള്ളം പറയരുത് എന്ന് എന്റെ മതം എന്നെ പഠിപ്പിക്കുന്നു. നിങ്ങള്‍ എന്തു പറയുന്നു?

ഒഴാക്കന്‍. said...
This comment has been removed by the author.
ഒഴാക്കന്‍. said...

മാഷ്‌ പറഞ്ഞതില്‍ സത്യം ഇല്ലാതില്ല!
വേറൊരു മൊബൈല്‍ കഥ ഞാന്‍ എഴുതിയിട്ടുണ്ട് ഇവിടെ ഒന്ന് നോക്ക്

അബുലൈസ്‌ ബച്ചൻ said...

ഞങ്ങൾ ഇതാ പുറപ്പെട്ടു
ഏ' നിങ്ങൾ ഇപ്പൊ പുറപ്പെട്ടതേ ഉള്ളൂ
അല്ല, വേണമെങ്കിൽ ഇനിയും അര മണിക്കൂർ നേരത്തെ പുറപ്പെടാം(റാം ജീ റാവ്‌ സ്പീക്കിംഗ്‌)

ആളവന്‍താന്‍ said...

അങ്ങനെയും ഉപയോഗിക്കപ്പെടുന്നു മൊവീല്....

Gopakumar V S (ഗോപന്‍ ) said...

അതെ, എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം, നമ്മുടെ ജീവിതം പോലെ തന്നെ... നല്ല ചിന്ത....ആശംസകൾ ...

വിചാരം said...

നിങ്ങളുടെ മത ഗ്രന്ഥമായ ഖുറാനില്‍ തൊട്ട് ഒരു ദിവസം കോടതിയില്‍ എത്ര കള്ളം പറയുന്നു ഇതതിലൊന്ന് മാത്രം, അരിക്കോടന്‍ സാറേ .. ഇത് ജീവിതമാണ്, ഹജ്ജിന് പോയി വരുമ്പോള്‍ ടിക്കറ്റിന്റെ കാഷ് മുതലാക്കാന്‍ സ്വര്‍ണ്ണം വരെ ഖുറാന്റെ പേജിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവരുന്ന കാലമാണ് .. അതാ ഞാന്‍ പറഞ്ഞത് ഇത് ജീവിതമാണ് ഇവിടെ ദൈവം എന്നത് മിഥ്യയും നാം എന്നത് സത്യവുമാണ്, നാമെന്ന സത്യം നിലനില്‍ക്കാന്‍ കള്ളവും ചതിയും വഞ്ചനയുമെല്ലാം അത്യാവശ്യമാണ് , ഒരിക്കല്‍ കൂടി ഇത് ജീവിതമണ്.

മൻസൂർ അബ്ദു ചെറുവാടി said...

സത്യം സത്യം

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

വിചാരം said...
നാമെന്ന സത്യം നിലനില്‍ക്കാന്‍ കള്ളവും ചതിയും വഞ്ചനയുമെല്ലാം അത്യാവശ്യമാണ് , ഒരിക്കല്‍ കൂടി ഇത് ജീവിതമണ്.

വിചാരത്തെപ്പോലുള്ള യുക്തിവാദികളുടെ ഒരു കുഴപ്പം ഇതാണ് .. ഒരു നന്മയും അംഗീകരിക്കില്ല ... എന്തിനു പോസ്റ്റിന്റെ ഉദ്ദേശം എന്താണെന്ന് പോലും നോക്കില്ല എന്നിട്ട് എന്തെങ്കിലും ഒക്കെ വിളിച്ചു പറയും .... ഇവിടെ നിത്യ ജീവിതത്തില്‍ ആളുകള്‍ പലരും ഒരു കാര്യവും ഇല്ലാതെ കള്ളം പറഞ്ഞു , അത് ഒരു ശീലമായി മാറ്റിയിരിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് അരീക്കോടന്‍ മാഷ്‌ ഈ പോസ്റ്റിലൂടെ ... തീര്‍ച്ചയായും ഈ പോസ്റ്റിന്റെ പോസിറ്റീവ് വശം ഇത്തരം നല്ലതല്ലാത്ത ശീലങ്ങള്‍ മനപ്പൂര്‍വ്വം തന്നെ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക എന്നത് മാത്രമാണ് ..

എന്നാല്‍ വിചാരം പറയാന്‍ ശ്രമിക്കുന്നതോ ഇത് ജീവിതം ആണ് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇങ്ങിനെ ഒക്കെ വേണ്ടി വരും എന്നൊക്കെ ഉള്ള നെഗറ്റീവ് സന്ദേശം ആണ് ..

ഇവിടെ വിചാരത്തെ പ്രകോപിച്ചത് എന്താണ് ? തമാശക്ക് പോലും കള്ളം പറയരുത് എന്ന് ഒരു മതം പറഞ്ഞതിനാല്‍ ആണോ ? അത് ഒരു മോശപ്പെട്ട കാര്യമാണോ വിചാരം ? പിന്നെ ആ മതത്തിന്റെ ആളുകള്‍ എന്ന് പറയുന്നവരില്‍ പലരും അത്തരം നല്ല നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല എന്നാണെങ്കില്‍ അത്തരം ആളുകളെ കൂടി നന്നാവാന്‍ വേണ്ടി ഓര്‍മ്മപ്പെടുത്തുക കൂടിയാണ് അരീക്കോടന്‍ മാഷ്‌ ഈ പ്രസ്താവനയിലൂടെ .

വിചാരത്തിനെ പ്പോലുള്ളവരുടെ കാര്യം ഓര്‍ക്കുമ്പോള്‍ ചിരി വരും .. ഏതെങ്കിലും കാര്യം മുസ്ലിംകള്‍ പാലിച്ചാല്‍ പറയും മുസ്ലിംകള്‍ ഇസ്ലാമിന്റെ വിക്ടിംസ് ആണ് ...മത നിര്‍ദേശങ്ങള്‍ പാലിക്കുന്നത് കൊണ്ടാണ് അവര്‍ മോശക്കാര്‍ ആകുന്നതു എന്നൊക്കെ വച്ച് കാച്ചും .. ഇനി ഇത് പോലുള്ള ചില വചനങ്ങള്‍ കാണിച്ചു
കൊടുത്താലോ അപ്പൊ പറയും മുസ്ലിംകള്‍ ആരും ഇതൊന്നും പാലിക്കുന്നില്ല , ഇത് ജീവിതമാണ് , ഇസ്ലാം അനുസരിച്ചൊന്നും മുസ്ലിംകള്‍ക്ക് ജീവിക്കാന്‍ കഴിയില്ല എന്നൊക്കെ .

എന്നിട്ട് ഇസ്ലാമിനിട്ടൊരു താങ്ങ് ... സത്യത്തില്‍ ഇവര്‍ ഈ പറയുന്നതിന്റെ വൈരുദ്ധ്യത്തെ ക്കുറിച്ച് ഒരു നിമിഷം പോലും ചിന്തിക്കുന്നില്ല ... അതെങ്ങിനെ ഇത്തരക്കാര്‍ക്ക് വിചാരം തന്നെ പറയുന്നപോലെ അവര്‍ എന്ന സത്യം (സ്വതം ) നിലനില്‍ക്കാന്‍ കള്ളവും ചതിയും വഞ്ചനയുമെല്ലാംഅത്യാവശ്യമാണല്ലോ..;)


പ്രിയ വിചാരം , മുസ്ലിം നാമധാരികള്‍ ചെയ്യുന്ന പ്രവര്‍ത്തി വച്ച് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ നിന്നാല്‍ , താങ്കള്‍ ഏതെങ്കിലും കുറ്റ കൃത്യത്തില്‍ ഏര്‍പ്പെട്ടാലും, താങ്കള്‍ ഒരു മുസ്ലിം നാമധാരി ആയതിനാല്‍ അത് ഇസ്ലാമിന്റെ പേരില്‍ അല്ലെ എഴുതി ചെര്‍ക്കപ്പെടുക ? താങ്കള്‍ ഒരു കടുത്ത ഇസ്ലാമിക വിമര്‍ശകന്‍ ആണെങ്കില്‍ പോലും .. അപ്പൊ പിന്നെ ഇസ്ലാം വിരോധിച്ച കാര്യം , നുണ പറയലും , ഖുറാന്‍ പേജില്‍ സ്വര്‍ണ്ണം കള്ളകടത്ത് നടത്ത്ലും ഉദാഹരിച്ചു ഇസ്ലാമിനെ വിമര്‍ശിക്കുന്നതിന്റെ യുക്തി എന്ത് ?

ഒരൊറ്റ ചോദ്യം മാത്രം , തമാശക്ക് പോലും കള്ളം പറയരുത് എന്നാ ഇസ്ലാമിക നിര്‍ദേശത്തില്‍ എന്ത് തെറ്റാണ് താങ്കള്‍ കാണുന്നത് ? അതില്‍ നന്മയുണ്ടെങ്കില്‍ അത് അംഗീകരിക്കുക അല്ലെ ആദ്യം ചെയ്യേണ്ടത് ..എന്നിട്ട് ചില മുസ്ലിംകള്‍ അങ്ങിനെ ചെയ്യുന്നില്ലെങ്കില്‍ അവരെ അത് പാലിക്കാന്‍ പ്രോത്സാഹിപ്പിക്കുക അല്ലെ ചെയ്യേണ്ടത് ..അല്ലാതെ ഇതൊരു മാതിരി ഇത് ജീവിതം ആണ് , അങ്ങിനെ ഒന്നും പാലിക്കാന്‍ കഴിയില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞു തെറ്റിക്കുകയാണോ വേണ്ടത് ?

ഇതൊക്കെ കാണുമ്പോള്‍ ഒരു കാര്യം വ്യക്തം ..ഇഷ്ടമില്ലാത്തൊരച്ചി ....... അല്ലാതെ എന്ത് പറയാന്‍ ..

പിന്നെ വിചാരത്തിന്റെ ആദര്‍ശം താങ്കളുടെ തന്നെ വാക്കുകളിലൂടെ ഇപ്പൊ മനസ്സിലായി

വിചാരം said...
നാമെന്ന സത്യം നിലനില്‍ക്കാന്‍ കള്ളവും ചതിയും വഞ്ചനയുമെല്ലാം അത്യാവശ്യമാണ് , ഒരിക്കല്‍ കൂടി ഇത് ജീവിതമണ്.

പിപഠിഷു said...

എനിക്ക് ഉണ്ടായ ഒരനുഭവം ഒരു പോസ്റ്റ്‌ ആയി ഇട്ടിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വച്ച് എനിക്കിട്ടൊരു ബ്ലോക്ക്‌ !

Akbar said...

ബസ് വീണ്ടും സഞ്ചരിച്ച് സുഹൃത്ത് പറഞ്ഞ കുറ്റിക്കാട്ടൂരില്‍ എത്തി.അപ്പോള്‍ മറ്റൊരാള്‍ ഫോണ്‍ ചെയ്യുന്നു. “ഞാനിതാ ചേവായൂരില്‍ എത്തി!!”.ചേവായൂരിലേക്ക് എത്താന്‍ നേരത്തെ പറഞ്ഞ പോലെ അഞ്ചോ ആറോ കിലോമീറ്റര്‍ ഇനിയും യാത്ര ചെയ്യേണ്ടിയിരുന്നു.
-----------------------------
ഓടുന്ന ബസ്സിനു ആറു കിലോമീറ്റര്‍ മുന്നേ എന്നല്ലേ പുതിയ ചൊല്ല്.
പിന്നെ ഊര്ക്കടവ് നുമ്മ അവിടെയാണ് കേട്ടാ...)

(വീണ്ടും ഒരു വണ്‍ വേ)

Anees Hassan said...

നുണയാ ഈ ലോകം മുഴുവനും നുണയാ....

ഷാ said...
This comment has been removed by the author.
ഷാ said...

ഇത്തരത്തിലുള്ള കൊച്ചു കൊച്ചു കള്ളങ്ങള്‍ പലപ്പോഴായി പറയേണ്ടി വന്നിട്ടുണ്ട്.

ജീവിച്ചു പോട്ടെന്നേയ്.....

Areekkodan | അരീക്കോടന്‍ said...

ഒഴാക്കാ...എവിടെ ആ കഥ?

അബുലൈസ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതു തന്നെ.

ആളവന്‍ താന്‍...അതേ, അങ്ങനേയും ഉപയോഗിക്കുന്നു.

ഗോപന്‍...നന്ദി

വിചാരം...താങ്കളുടെ വിചാരം മാനിക്കുന്നു.പക്ഷേ ചതിയും വഞ്ചനയും നിറഞ്ഞ ഒരു ജീവിതം എന്തിന് ?

Areekkodan | അരീക്കോടന്‍ said...

ചെറുവാടി...നന്ദി

ഫൈസല്‍...വിശദമായ മറുപടിക്ക് വളരെ നന്ദി

പിപഠിഷു...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായിക്കട്ടെ.

അക്ബര്‍...ഓടുന്ന കാറിന് ആറു കിലോമീറ്റര്‍ മുന്നേ എന്നല്ലേ പുതിയ ചൊല്ല്, ബസ്സാണോ?ഈ വണ്‍ വേ ഇതാ ഇന്ന് തകര്‍ന്നിരിക്കുന്നു!

ആയിരത്തൊന്നാം രാവ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം. ഇതും നുണയാണോ?

ഷാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.കള്ളം പറഞ്ഞ് ജീവിക്കുന്നതെന്തിന്.സത്യം പറഞ്ഞാല്‍ ജീവിക്കാന്‍ പറ്റില്ലേ?

കൊട്ടോട്ടിക്കാരന്‍ said...

എനിയ്ക്കു മൊബൈലില്ല, ഞാനത് ഉപയോഗിച്ചിട്ടില്ല. ഉപയോഗിച്ചുനോക്കട്ടെ എന്നിട്ടുപറയാം മറ്റുള്ളവര്‍ എന്തു വിചാരിയ്ക്കുമെന്ന്!!

Areekkodan | അരീക്കോടന്‍ said...

കൊട്ടോട്ടീ...മൊബൈല്‍ ഇല്ലാതെ ഇത്രയും വല്യ കള്ളം പറയാമെങ്കില്‍ ?????

Post a Comment

നന്ദി....വീണ്ടും വരിക