Pages

Friday, October 01, 2010

മാപ് - കോഴിക്കോടിന്റെ ഒരു സ്വപ്നപദ്ധതി.

കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ ഒരു കലാലയത്തിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്ന നിലക്ക് കഴിഞ്ഞ ദിവസം എനിക്ക് കോഴിക്കോട്‌ ജില്ലാ കളക്ടറുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി.ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ല പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്ന യജ്ഞത്തിന്റെ ആരംഭം കുറിക്കാനുള്ള യോഗത്തിന്റെ കൂടിയാലോചനക്കായിട്ടായിരുന്നു മറ്റു പല ഓഫീസര്‍മാരുടേയും പൊതുപ്രവര്‍ത്തകരുടേയും കൂടെ എനിക്കും, കളക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.

MAP (Mass Awareness for Plastic waste free Kozhikkode) എന്ന സ്വപ്ന പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിക്കുകയാണ്.ഇതിന്റെ ഭാഗമായി നാളെ കോഴിക്കോട് ബീച്ചില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ സംഗമിക്കുന്ന ഒരു ബൃഹത്പരിപാടി വിഭാവനം ചെയ്തിട്ടുണ്ട്.സാംസ്കാരിക രംഗത്തെ പലരും ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.നാളെ പദ്ധതിപ്രഖ്യാപനസംഗമത്തില്‍ തന്നെ ഭരത് സുരേഷ്‌ഗോപിയും മറ്റും പങ്കെടുക്കും എന്നറിയിച്ചിട്ടുണ്ട്.മുന്‍ രാഷ്ട്രപതി ശ്രീ.എ.പി.ജെ.അബ്ദുല്‍ കലാമും പരിപാടിയുടെ ഭാഗമായി മറ്റൊരു ദിവസം കോഴിക്കോട് എത്തുന്നുണ്ട്.

ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങി ഈ വരുന്ന റിപബ്ലിക് ദിനത്തില്‍ ലക്ഷ്യം നേടുന്ന വിധത്തിലാണ് ഇപ്പോള്‍ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.ബോധവല്‍ക്കരണം,കൂടുതല്‍ ഉപയോഗിക്കുന്ന രംഗങ്ങള്‍ കണ്ടെത്തി അവിടെ നിയന്ത്രണം ഏര്‍പ്പെടുത്തല്‍,പ്ലാസ്റ്റിക്കിന് പകരം സാധനം കണ്ടെത്തലും ഉപയോഗപ്പെടുത്തലും, നിയമം കൊണ്ട് തടയല്‍ , കളക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കല്‍ തുടങ്ങി അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.വിദ്യാര്‍ത്ഥി-അദ്ധ്യാപക സമൂഹത്തെ മുഴുവന്‍ ഫലപ്രദമായി ഇതിന് ഉപയോഗിക്കാനും ധാരണയുണ്ട്.

ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് മാലിന്യ വിമുക്ത ജില്ലയാകാന്‍ പോകുന്ന കോഴിക്കോടിന്റെ ഈ സ്വപ്നപദ്ധതിയില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞ ഒരു മലപ്പുറംകാരനാണ് ഞാന്‍.പ്ലാസ്റ്റിക്ക് കാരിബാഗുകള്‍(കീസുകള്‍) പരമാവധി ഒഴിവാക്കാന്‍ ബിഗ്‌ഷോപ്പര്‍ കൊണ്ടുനടക്കുന്ന എനിക്ക് ഈ ആശയം നന്നായി തോന്നി.ഔദ്യോഗികമായി അതിന് ഒരു നേതൃത്വം നല്‍കി അതൊരു വലിയപരിപാടിയാക്കി മാറ്റാന്‍ സന്മനസ്സ് കാണിച്ച കോഴിക്കോട് ജില്ലാ കളക്ടറെ ഈ അവസരത്തില്‍ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.

കോഴിക്കോട് ജില്ല എന്നല്ല കേരളം മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാന്‍ നമുക്കും നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങാം.സാധനം വാങ്ങാന്‍ അങ്ങാടിയില്‍ പോകുമ്പോള്‍ ഇന്നു മുതല്‍ ദയവ് ചെയ്ത് ഒരു തുണി സഞ്ചിയോ ബിഗ്‌ഷോപ്പറോ അതുമല്ലെങ്കില്‍ നേരത്തെ നിങ്ങള്‍ വീട്ടിലെത്തിച്ച പ്ലാസ്റ്റിക് കാരിബാഗ് തന്നെയോ ഒപ്പം കരുതുക.ഭൂമിയെ മൂന്ന് പ്രാവശ്യം മൂടാനുള്ള പ്ലാസ്റ്റിക്ക് മാലിന്യം ഇപ്പോള്‍ ഭൂമിയിലുണ്ട് എന്ന ദുരന്തസത്യം മനസ്സിലാക്കി നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുക.

10 comments:

Areekkodan | അരീക്കോടന്‍ said...

കേരളം മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാന്‍ നമുക്കും നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങാം.സാധനം വാങ്ങാന്‍ അങ്ങാടിയില്‍ പോകുമ്പോള്‍ ഇന്നു മുതല്‍ ദയവ് ചെയ്ത് ഒരു തുണി സഞ്ചിയോ ബിഗ്‌ഷോപ്പറോ അതുമല്ലെങ്കില്‍ നേരത്തെ നിങ്ങള്‍ വീട്ടിലെത്തിച്ച പ്ലാസ്റ്റിക് കാരിബാഗ് തന്നെയോ ഒപ്പം കരുതുക.

Junaiths said...

കോഴിക്കോട് ജില്ല എന്നല്ല കേരളം മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാന്‍ നമുക്കും നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങാം

തീര്‍ച്ചയായും മാഷേ..

Anonymous said...

എന്നാ പിന്നെ ഇതങ്ങു നിരോധിച്ച്ചുടെ ......അതെന്താ ആരും ചെയ്യാത്തെ ?
ജനങ്ങളെ അല്ല ബോധ്വല്‍കരികേണ്ടത്.. ..ബോധമില്ലാത്ത ഭരണാധികാരികളെ ആണ്‌ ....
രോഷം കൊണ്ട് തിളക്കാ..ഞാന്‍ .ഇത്തിരി തണുത്ത വെള്ളം കുടിക്കട്ടെ...

Anees Hassan said...

"മാപ് - കോഴിക്കോടിന്റെ ഒരു സ്വപ്നപദ്ധതി."
ആശംസകള്‍

Unknown said...

അനോണി പറഞ്ഞപോലെ നിയമം മൂലം നിരോധിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ആര്‍ജവം കാണിക്കണം, എന്നാലേ ഈ വിപത്തില്‍ നിന്ന് രാജ്യം രക്ഷപ്പെടൂ.

ഷൈജൻ കാക്കര said...

അനോനിയുടെ പിന്നാലെ കാക്കരയും ചോദിക്കുന്നു...

എന്നാൽ പിന്നെ നിരോധിച്ചുകൂടെ?

Gopakumar V S (ഗോപന്‍ ) said...

നല്ല ഉദ്യമം, മാഷേ, ഞാനും പഠിക്കുന്ന കാലത്ത് എന്‍ എസ്സ് എസ്സ് ന്റെ സജീവപ്രവര്‍ത്തകനായിരുന്നു...കേരള സര്‍വകലാശാലയില്‍

ആശംസകള്‍

മുക്കുവന്‍ said...

അതെന്തു ചോദ്യാ ഗഡീ.. നിരോധിച്ചാല്‍ പിന്നെ ഇവര്‍ക്ക് എന്തേലും പണിയുണ്ടോ? :)

Akbar said...

ഇത് നടപ്പില്‍ വന്നാലും കോഴിക്കോട് ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക്‌ മാലിന്യ മുക്ത ജില്ല ആകും എന്ന് തോന്നുന്നില്ല. തമിഴ് നാട്ടില്‍ നീലഗിരിയില്‍ ഇത് നേരത്തെ നടപ്പാക്കിയിത്തുണ്ട് എന്നാണു തോന്നുന്നത്. ഈ ഉദ്യമം വിജയിക്കട്ടെ. എല്ലാ ആശംസകളും.

Areekkodan | അരീക്കോടന്‍ said...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.‘മാപ്’ എവിടം വരെ എന്ന് കാത്തിരുന്ന് കാണാം.

Post a Comment

നന്ദി....വീണ്ടും വരിക