Pages

Friday, November 12, 2010

ഒരു ദീപാവലി പിറ്റേന്ന്

കോയമ്പത്തൂര്‍ എത്തിയ ആദ്യദിവസം.അന്ന് ദീപാവലിയായിരുന്നു.വഴിനീളെ പൊട്ടിച്ച കാശിന്റെ അവശിഷ്ടങ്ങള്‍ കാണാമായിരുന്നു.അതിലൂടെ എല്ലാവരേയും പോലെ ഞങ്ങളും നടന്നു.പൊട്ടാത്ത വല്ലതും പൊട്ടിത്തെറിക്കുമോ എന്ന ഉള്‍ഭയം ഞാന്‍ മനസ്സില്‍ വച്ചു.അതെങ്ങാനും പുറത്ത് പറഞ്ഞാല്‍ മക്കളും ഭാര്യയും അടുത്ത വണ്ടിക്ക് നാട്ടിലേക്ക് കയറുമെന്ന് ഉറപ്പായിരുന്നു.

പൊരിയുന്ന വയറിന് ഒരു ഇടക്കാലാശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ഞാന്‍ ഒരു ഹോട്ടലും തേടി അലഞ്ഞു.അവസാനം മലയാളത്തില്‍ ഊണ്‍ തയ്യാര്‍ എന്നു് ചോക്കുകൊണ്ടും മറ്റുപല വിഭവങ്ങളുടെ പേര് മലയാളത്തില്‍ പ്രിന്റും ചെയ്ത ഒരു ഹോട്ടല്‍ കണ്ടപ്പോള്‍ സമാധാനമായി.ഞാന്‍ വേഗം അങ്ങോട്ട് കയറി , കൈ കഴുകി ഇരുന്നു - വിശപ്പ് അത്ര മാത്രം ഉണ്ടായിരുന്നു.എന്റെ പിന്നാലെ ഭാര്യയും മക്കളും ആസനസ്ഥരായി.

ഞങ്ങള്‍ ഇരുന്ന പാടേ എവിടെ നിന്നോ ഒരു വെയ്റ്റര്‍ പാഞ്ഞെത്തി.മറ്റു വെയ്റ്റര്‍മാര്‍ യൂണിഫോമിലായിരുന്നെങ്കില്‍ ഈ പയ്യന് യൂണിഫോം ഒന്നും ഇല്ലായിരുന്നു.എന്റെ അടുത്തെത്തി തമിഴില്‍ എന്തൊക്കെയോ പറഞ്ഞു.
“ചോറ്‌ ഇല്ലേ?” ഞാന്‍ പച്ച മലയാളത്തില്‍ തന്നെ ചോദിച്ചു.

“ചപ്പാത്തി ഉണ്ട്” ഇത് ആര് ചോദിച്ചതിന്റെ ഉത്തരമാണ് അവന്‍ പറഞ്ഞത് എന്നറിയില്ല.

ഭാര്യയുടേയും മക്കളുടേയും മുഖത്ത് ഒരു പൂനിലാവ് കാണാത്തതിനാല്‍ ഞാന്‍ അവിടെ നിന്നും എണീറ്റു.പിന്നാലെ അവരും എണീറ്റു.ഞങ്ങള്‍ അടുത്ത ഹോട്ടലും തിരക്കി തെണ്ടല്‍ തുടര്‍ന്നു.ഒരുവിധം നല്ല ഒരു ഹോട്ടലില്‍ കയറി രണ്ട് വീതം പൊറാട്ട തട്ടി നല്ല ഒരു സംഖ്യയും പൊട്ടിച്ചു (അല്ല പൊട്ടി).

പിറ്റേ ദിവസം പ്രാതലിനായി ഞാന്‍ തലേന്ന് ഇറങ്ങിപ്പോയ അതേ ഹോട്ടലില്‍ ചെന്നു.ഇന്നലെ ഇരുന്ന സ്ഥാനം മാറി ഇരുന്നു.ഉടനെ തലേ ദിവസത്തെ വെയ്റ്റര്‍ പാഞ്ഞെത്തി രണ്ട് ഗ്ലാസ് വെള്ളം മേശയില്‍ വച്ചു.പിന്നാലെ യൂണിഫോമിട്ട ഒരു വെയ്റ്റര്‍ വന്ന് ഇവനോട് എന്തൊക്കെയോ പറഞ്ഞു.ഇവനും തിരിച്ച് എന്തൊക്കെയോ അങ്ങോട്ടും പറഞ്ഞു. അതിനിടയില്‍ നാല് പ്ലേറ്റ് ഇഡ്‌ലിക്കുള്ള ഞങ്ങളുടെ ഓഡറും എടുത്തു.അവര്‍ തമ്മിലുള്ള ശണ്ഠ അടുക്കളയിലും തുടര്‍ന്നു എന്ന് തോന്നുന്നു.ഏതായാലും രണ്ട് പ്ലേറ്റ് ഇഡ്‌ലി ഞങ്ങളുടെ മുന്നില്‍ എത്തി.പിന്നെ ഞങ്ങളുടെ വെയ്റ്ററെ കണ്ടില്ല!!

അല്പസമയത്തിന് ശേഷം മാനേജറെന്ന് തോന്നിപ്പിക്കുന്ന ഒരാളുടെ അടുത്ത് ഞങ്ങളുടെ വെയ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.അവന്‍ കയ്യിലും കാലിലും എന്തൊക്കെയോ ചൂണ്ടി കാണിക്കുന്നതും നേരത്തെ വന്ന രണ്ടാമത്തെ വെയ്റ്ററെ ചൂണ്ടുന്നതും ഞാന്‍ കണ്ടു.പക്ഷേ എല്ലാം കേട്ടിരുന്ന മാനേജര്‍ അവനെ ശകാരിക്കുന്നതാണ് പിന്നീട് ദൃശ്യമായത്.അവന്‍ പിന്നേയും മാനേജറോട്‌ എന്തൊക്കെയോ കെഞ്ചി പറയുന്നുണ്ട്.അതും കേട്ട ശേഷം
“നീ പോ...” എന്നൊരു ആട്ടലും മാനേജര്‍ മുകളിലേക്ക് കയറിപ്പോയതും ഒരുമിച്ചായിരുന്നു.ഒരു നിമിഷം നിന്ന ശേഷം രൂക്ഷമായ ഒരു നോട്ടത്തോടെ അവനും മാനേജറുടെ പിന്നാലെ മുകളിലേക്ക് കയറിപ്പോയി.

അല്പസമയത്തിനകം, രണ്ട് പഴയ ബാഗും കഴുത്തില്‍ ഒരു സ്വാമി തോര്‍ത്തുമായി അവന്‍ ഇറങ്ങി വന്നു.കാശ് കൌണ്ടറിലിരിക്കുന്ന ആളോട് അഞ്ച് ദിവസത്തെ പണിയുടെ കാശ് ചോദിച്ചു.എത്രയെന്നല്ലേ - ഇരുനൂറ്‌ രൂപ!!!അയാള്‍ നൂറ് രൂപ എടുത്ത് നീട്ടിക്കൊണ്ട് പോകാന്‍ പറഞ്ഞു.ആ ഹോട്ടലിലെ തന്നെ പ്ലേറ്റും മറ്റും എടുത്ത് കൊണ്ടു പോകുന്ന ചേച്ചിയുടെ അടുത്ത് ഈ പയ്യന്‍ നടന്ന സംഭവങ്ങള്‍ വിവരിച്ചു.നല്ലവളായ ആ ചേച്ചി കാഷ്യറോട്‌ പറഞ്ഞ പ്രകാരം അവന്റെ കാശ് മുഴുവന്‍ നല്‍കി അവനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.ആ ഹോട്ടലില്‍ അവസാനമായി ഞങ്ങള്‍ക്ക് ആഹാരം വിളമ്പാനായിരുന്നു അവന്റെ വിധി.നല്ലൊരു ദീപാവലി പിറ്റേന്ന് തന്റെ ജോലി തെറിക്കും എന്ന് ആ പയ്യന്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.ജോലി നഷ്ടപ്പെട്ട് ഇറങ്ങിപ്പോകുന്ന ആ പയ്യന്റെ ദയനീയ മുഖം ഇപ്പോഴും എന്റേയും കുടുംബത്തിന്റേയും മനസ്സുകളില്‍ മായാതെ നില്‍ക്കുന്നു.ചെറിയ ഒരു സഹായം നല്‍കാന്‍, വീണ്ടും തെരുവില്‍ എവിടെയെങ്കിലും അവനെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല.

വാല്‍: നമ്മുടെ കീഴില്‍ ജോലി ചെയ്യുന്നവരെ നിസ്സാരകാര്യത്തിന് പിരിച്ചു വിടുമ്പോള്‍ അതേ അവസ്ഥ നമുക്കായിരുന്നെങ്കില്‍ എന്ന ഒരു ചെറുചോദ്യം മനസ്സിലിട്ടുകൊണ്ട് പ്രവര്‍ത്തിക്കുക.

16 comments:

Areekkodan | അരീക്കോടന്‍ said...

ജോലി നഷ്ടപ്പെട്ട് ഇറങ്ങിപ്പോകുന്ന ആ പയ്യന്റെ ദയനീയ മുഖം ഇപ്പോഴും എന്റേയും കുടുംബത്തിന്റേയും മനസ്സുകളില്‍ മായാതെ നില്‍ക്കുന്നു.ചെറിയ ഒരു സഹായം നല്‍കാന്‍, വീണ്ടും തെരുവില്‍ എവിടെയെങ്കിലും അവനെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല.

ചെറുവാടി said...

അരീക്കോടന്‍ മാഷേ,
ആ ദീപാവലി പടക്കത്തിന് പിന്നാലെ ഈ ഒരു സങ്കട പോസ്റ്റുമായി വരും എന്നല്ല പ്രതീക്ഷിച്ചിരുന്നത്.
മാഷ്‌ പറഞ്ഞ പോലെ ജോലി നഷ്ടപ്പെട്ടു നടന്നു പോകുന്ന ആ പയ്യന്‍റെ മുഖം എന്നെയും അസ്വസ്ഥമാക്കുന്നു.

വീ കെ said...

അതിലും ദയനീയമാ മാഷെ,ഇവിടന്ന് എല്ലാം നഷ്ടപ്പെട്ട് സ്വന്തം പാസ്പ്പോർട്ട് പോലും ഇല്ലാതെ തിരിച്ചു വരുന്ന പാവം പ്രവാസികളുടെ കാര്യം....!!

മാഷിലെ നന്മ എന്നും നില നിൽക്കട്ടെ....
ആശംസകൾ...

അനില്‍@ബ്ലോഗ് // anil said...

നിങ്ങള്‍ക്ക് ഇഡ്ഡലി തന്നതിന് അയാളെ പിരിച്ചു വിട്ടോ?

രമേശ്‌അരൂര്‍ said...

തമിഴ് നാടല്ലെ അതും അതിലപ്പുറവും നടക്കും .എറണാകുളത്തെ വീക്ഷണം റോഡിലുള്ള ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ പത്ര സമ്മേളനത്തിന് ശേഷം ഭക്ഷണം കഴിക്കവേ പന്ത്രണ്ടോ പതിമൂന്നോ വയസു മാത്രം പ്രായം ഉള്ള തമിഴന്‍ ചെക്കന്‍ കൊട്ടും ടൈയും ഒക്കെ കെട്ടി എച്ചില്‍ പാത്രം പെറുക്കുന്നു.അന്വേഷിച്ചപ്പോള്‍ അവന്‍ ട്രെയിനി ആണത്രേ .മാസ ശമ്പളം 600 രൂപ ! ഞാന്‍ അവന്റെ പടം എടുത്തപ്പോള്‍ അവന്‍ താണ്‌ കേണു പറഞ്ഞു ..സാര്‍ ചതിക്കരുത് ...വേറെ വഴിയില്ലെന്ന് ..അവന്‍ ജയിച്ചു .ഞാന്‍ തോറ്റു,,കാരണം വേറെ വഴിയില്ലല്ലോ !

jazmikkutty said...

:(

Aneesa said...
This comment has been removed by the author.
Aneesa said...

അതിനേകാളും നല്ലൊരു ഹോട്ടലില്‍ അവനിപ്പോ ഉണ്ടാകും എന്ന പ്രതീക്ഷിക്കാം

»¦മുഖ്‌താര്‍¦udarampoyil¦« said...

> ആ ഹോട്ടലില്‍ അവസാനമായി ഞങ്ങള്‍ക്ക് ആഹാരം വിളമ്പാനായിരുന്നു അവന്റെ വിധി. <
ഞാനപ്പഴേ കരുതി, പാവം!


കുറിപ്പില്‍ കഴമ്പുണ്ട്.

Areekkodan | അരീക്കോടന്‍ said...

ചെറുവാടീ...ആ പോസ്റ്റിന്റെ ബാക്കി വരുന്നു.ടൈപ്പാന്‍ സമയം ഇതുവരെ കിട്ടിയില്ല.ഇത് അതിനിടക്ക് അല്പം പുട്ട് ഛെ തേങ്ങ ഇട്ടതാ....

വീ.കെ...അത് ഞാന്‍ നേരിട്ട് കാണാത്തതിനാല്‍ നൊ കമന്റ്സ്

അനില്‍ജീ...അങനേയും പറയാം അല്ലേ?

രമേശ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ദൈവത്തിന്റെ സ്വന്തം നാട്!!

Areekkodan | അരീക്കോടന്‍ said...

ജസ്മിക്കുട്ടി...???

അനീസ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതെ , ഞാനും അതു തന്നെ പ്രതീക്ഷിക്കുന്നു.

മുക്താര്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.കുറിപ്പില്‍ ഉള്ള കുഴമ്പ് ഏതാ - ധാന്വന്തരമോ അതോ കൊട്ടഞ്ചുക്കാദിയോ?

keraladasanunni said...

അസംഘടിതരായ തൊഴിലാളികളുടെ പ്രതിനിധിയാണ്
ആ പയ്യന്‍. ഇത്തരം തൊഴിലാളികള്‍ പലതരം 
ചൂഷണങ്ങള്‍ക്കും വിധേയരാവേണ്ടി വരുമെന്ന് കേട്ടിട്ടുണ്ട്. ആ കുട്ടിക്ക് നല്ലൊരു ജോലി കിട്ടിയിരുക്കുമെന്ന് പ്രത്യാശിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

പാലക്കാട്ടേട്ടാ...ഞാനും അങ്ങനെ പ്രതീക്ഷിക്കുന്നു.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആ വാൽക്കഷ്ണമാണ് കലക്കീത്...കേട്ടൊ ഭായ്

Areekkodan | അരീക്കോടന്‍ said...

ബിലാത്തിചേട്ടാ...നന്ദി

തെച്ചിക്കോടന്‍ said...

എന്തെല്ലാം ചൂഷണങ്ങള്‍! അവനിപ്പോള്‍ നല്ല മറ്റൊരു ജോലി കിട്ടിയിരിക്കും എന്ന് കരുതുന്നു.

Post a Comment

നന്ദി....വീണ്ടും വരിക