Pages

Wednesday, November 17, 2010

പെരുന്നാള്‍ - ചില ബാല്യകാല സ്മരണകള്‍.

വീണ്ടും ഒരു ബലിപെരുന്നാള്‍ സുദിനം.പെരുന്നാളിന്റെ ഓര്‍മ്മയിലേക്ക് ഊളിയിടുമ്പോള്‍ എന്റെ പ്രിയപ്പെട്ട പിതാവാണ് ഓര്‍മ്മയില്‍ വരുന്നത്.കാരണം മറ്റൊന്നുമല്ല, എന്റെ പിതാവിന്റെ ചില ചിട്ടകള്‍.

പെരുന്നാളിന് ഒരു മാസം മുമ്പേ ഉദ്യോഗസ്ഥരായ ഉപ്പയും ഉമ്മയും കോഴിക്കോട്‌ പോകും.എന്റെ കുഗ്രാമമായിരുന്ന അരീക്കോട്ട് അത്ര വലിയ കടകളൊന്നും ഉണ്ടായിരുന്നില്ല.മാത്രമല്ല, ഞങ്ങളുടെ ‘സ്റ്റൈലിന്’ ചേരുന്ന വസ്ത്രങ്ങള്‍ അരീക്കോട്ട് ലഭ്യമായിരുന്നില്ല!എനിക്കും അനിയനും ഒരേതരം തുണിയുമായി ബാപ്പയും ഉമ്മയും വരുന്നത് ഞങ്ങള്‍ കാത്തിരിക്കും.കുറേ കട്‌പീസുമായി ഉമ്മയും ആ പോക്ക് മുതലാക്കും.വസ്ത്രങ്ങളെക്കാള്‍ ഞങ്ങളുടെ ആകാംക്ഷക്ക് കാരണം അതിന്റെ കൂടെ കൊണ്ടുവരുന്ന എള്ളുണ്ട ആയിരുന്നു!

ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമായി എടുത്ത നീളന്‍ തുണിയുമായി പിറ്റേ ദിവസം തന്നെ അറുമുഖേട്ടന്റെ ഷൈമ ടൈലേഴ്സിലേക്ക് നടക്കും.അറുമുഖേട്ടന്റെ മകന്‍ രവിയേട്ടന്‍(അദ്ദേഹമാണ് അറുമുഖേട്ടന്‍ എന്നായിരുന്നു ഞങ്ങളുടെ ധാരണ)ഞങ്ങളുടെ അളവെടുക്കും.ഇറങ്ങിപോരുമ്പോള്‍ ഞങ്ങളുടെ ‘അറുമുഖേട്ടനോട്‌‘ ഒരു നിര്‍ദ്ദേശം നല്‍കും - “എല്ലാ പുതിയ ഫാഷനും വേണം കേട്ടോ?”.അതായത് ആ കാലത്ത് നിലവിലുള്ള എല്ലാതരം മോഡിഫിക്കേഷനുകളും വേണം എന്നര്‍ത്ഥം.തയ്പ്പിച്ച് കിട്ടുന്ന കുപ്പായത്തില്‍ എന്തൊക്കെ ഫാഷന്‍ ഉണ്ടെന്നറിയാന്‍ ആകാംക്ഷയോടെ തുറന്ന് നോക്കും.പഴഞ്ചന്‍ അറുമുഖേട്ടനുണ്ടോ ഈ ഫാഷന്‍ തിരിയുന്നു?എല്ലാ പ്രാവശ്യവും അടിച്ചു തരുന്നപോലെ ഒരു മാതിരി ഒരു കുപ്പായം അടിച്ചുതരും.

ഒരിക്കല്‍ കൈയില്‍ ഒരു ചെറിയമടക്ക് അടിക്കുന്ന ഫാഷന്‍ നിലവില്‍ ഉണ്ടായിരുന്നു.പ്രതീക്ഷയോടെ ആ വര്‍ഷത്തെ പെരുന്നാള്‍ കുപ്പായത്തില്‍ ഞങ്ങള്‍ അത് ആവശ്യപ്പെട്ടു.തയ്പ്പിച്ച് കിട്ടിയ കുപ്പായത്തില്‍ അങ്ങനെ ഒരു സംഭവമേ ഇല്ല.വീട്ടില്‍ വന്ന ഞാന്‍ കുപ്പായ കൈ അല്പം മടക്കി ഒറ്റ അടി!പിന്നെ അതിനുള്ളിലൂടെ കൈ ഇടാന്‍ പറ്റാതായി!!!എവിടെ നിന്നോ ഒരു ബ്ലേഡ് ഒപ്പിച്ച് മുഴുവന്‍ അറുത്ത്മാറ്റി തടി സലാമത്താക്കി.

പെരുന്നാള്‍ ദിനത്തിലെ മറ്റൊരു പ്രത്യേകത വാപ്പ തരുന്ന അത്തറാണ്.സെന്റ് എന്നാണ് ഞങ്ങള്‍ അതിന്പറയാറ്‌.ബാപ്പയുടെ അലമാരിയില്‍ വസ്ത്രങ്ങള്‍ അടുക്കി വച്ചതിന്റെ ഒരു മൂലയില്‍ ആണ് സെന്റ് കുപ്പി വയ്ക്കുന്നത്. സെന്റ് കുപ്പിയുടെ വായക്കടുത്ത് ഒരു ചെറിയ പഞ്ഞിക്കഷ്ണം പൊത്തിപ്പിടിച്ച് ഒന്ന് ചെരിച്ച് ആ പഞ്ഞിക്കഷ്ണം ഞങ്ങളുടെ വസ്ത്രങ്ങളില്‍ പലസ്ഥലത്തും ഉരസും.ശേഷം അത് രണ്ട് കഷ്നങ്ങളാക്കി ഒന്ന് എനിക്കും ഒന്ന് അനിയനും തരും.അത് ചെവിയുടെ ഏതോ ഒരു മടക്കിനുള്ളില്‍ തിരുകി കയറ്റും!!എന്തിനാ ഈ ഏര്‍പാട് എന്ന് മനസ്സിലായിരുന്നില്ല.എങ്കിലും ഇടക്കിടക്ക് ചെവിയില്‍ തപ്പി ആ പഞ്ഞിക്കഷ്ണം അവിടെ ഉണ്ടോ എന്ന് ഉറപ്പ് വരുത്തും.

ഇന്ന് ഈ പെരുന്നാള്‍ സുദിനത്തിന് കുപ്പായം തയ്പ്പിക്കാന്‍ അറുമുഖേട്ടന്റെ ഷൈമ ടൈലേഴ്സ് നിലവിലില്ല.മിക്കപേരും റെഡിമെയ്ഡിലേക്ക് തിരിഞ്ഞതോടെ അറുമുഖേട്ടന്റെ ജോലി ഇല്ലാതായതാകാം കാരണം.സെന്റിന് പകരം നെക്ക്യാല്‍ ചീറ്റുന്ന സ്പ്രേ വന്നതോടെ സെന്റും പഞ്ഞിയും നാമാവശേഷമായി.2008 ജൂണിലെ അവസാന ദിവസം ബാപ്പ മരിച്ചതോടെ ഇവയെല്ലാം മരിക്കാത്ത ഓര്‍മ്മകള്‍ മാത്രമായി.

വാല്‍: അതാ കേള്‍ക്കുന്നു - “മധുരിക്കും ഓര്‍മ്മകളേ...
മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെ ആ
മാഞ്ചുവട്ടില്‍...
ആ മാഞ്ചുവട്ടില്‍...“

ബൂലോകര്‍ക്കും എല്ലാ വായനക്കാര്‍ക്കും എന്റേയും കുടുംബത്തിന്റേയും ഈദാശംസകള്‍.

13 comments:

Areekkodan | അരീക്കോടന്‍ said...

“മധുരിക്കും ഓര്‍മ്മകളേ...
മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെ ആ
മാഞ്ചുവട്ടില്‍...
ആ മാഞ്ചുവട്ടില്‍...“

junaith said...

Eid Mubarak...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഈദ് മുബാറക്

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ശരിക്കും മധുരിക്കും ഓർമ്മകൾ..
ഒപ്പം ബക്രീദ് ആശംസകളും..കേട്ടൊ ഭായ്

ശ്രീ said...

ഓര്‍മ്മകളെ ആ പഴയ കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി, മാഷേ...

പെരുന്നാള്‍ ആശംസകള്‍!

Abduljaleel (A J Farooqi) said...

aa madhurikkunna ellunda.....

jazmikkutty said...

nalla ormmakal...eid mubarak..

വീ കെ said...

പെരുന്നാൾ ആശംസകൾ...

Areekkodan | അരീക്കോടന്‍ said...

ജുനൈദ്...നന്ദി

റിയാസ്...നന്ദി

മുരളിയേട്ടാ...സ്വീകരിച്ചു

ശ്രീ...ന്നന്ദി

അബ്ദുള്‍ജലീല്‍...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഇന്നും ആ ഓര്‍മ്മക്കായി ഇടക്ക് എള്ളുണ്ട വാങ്ങുന്നു.

ജസ്മിക്കുട്ടി...നന്ദി

വീ.കെ...നന്ദി

തെച്ചിക്കോടന്‍ said...

പെരുന്നാള്‍ ആശംസകള്‍.

Pranavam Ravikumar a.k.a. Kochuravi said...

നല്ലൊരു ഓര്‍മ്മകുറിപ്പ്...അഭിനന്ദങ്ങള്‍

ഹംസ said...

ഞാന്‍ ആശംസ പറയാന്‍ വന്നപ്പോഴേക്കും അടുത്ത ഹജ്ജ് ഇങ്ങെത്തി അല്ലെ... സാരമില്ല താമസിച്ചു കിട്ടുന്ന ആശംസക്കും ഒരു സുഖമൊക്കെ ഉണ്ടാവില്ലെ... ആശംസകള്‍

പിന്നെ പഴയ ഓര്‍മകള്‍ സുഖം നല്‍കുന്നു . അത് കഷ്ടപ്പാടിന്‍റെ ആണെങ്കില്‍ പോലും ...

Areekkodan | അരീക്കോടന്‍ said...

തെച്ചിക്കോടാ... നന്ദി

പ്രണവം രവി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.നന്ദി

ഹംസ...ആശംസകള്‍ക്ക് നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക