Pages

Sunday, May 15, 2011

ഏറനാട് തെരഞെടുപ്പ് ഫലം

ജനാധിപത്യത്തിന്റെ ഭൂതം രണ്ട് ദിവസം മുമ്പ് എല്ലാ വോട്ടിംഗ് യന്ത്രങ്ങളില്‍ നിന്നും പുറത്ത് ചാടി , അല്ല കുറേ സിദ്ധന്മാരുടെ നേതൃത്വത്തില്‍ പുറത്ത് ചാടിച്ചു.ഫലം കണ്ടവരും കേട്ടവരും എല്ലാം ഞെട്ടിത്തരിച്ചു.ഇരു മുന്നണികളും ഒരു ട്വെന്റി ട്വെന്റി മാച്ചിന്റെ വീറോടെ ഒപ്പത്തിനൊപ്പം പൊരുതി.അവസാനം വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തില്‍ നാല് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഐക്യമുന്നണി ഭരണം തിരിച്ചുപിടിച്ചു.

പുതിയ മണ്ഡലമായ ഏറനാടിന്റെ ആസ്ഥാനമാണ് എന്റെ നാടായ അരീക്കോട്.1921-ലെ കലാപത്തിന് ശേഷം, ഈ അടുത്ത് ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തോ ഒരു ചെറിയ അടിപിടി നടന്നതിനാല്‍ ,അതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും, സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്ത്കളില്‍ ഒന്നാണ് ഞാന്‍ വോട്ട് രേഖപ്പെടുത്തുന്ന ടൌണ്‍ ബൂത്ത്. അതുകൊണ്ട് തന്നെ ഇത്തവണ രണ്ട് ലോക്കല്‍ പോലീസിന് പുറമെ നാല് കേന്ദ്ര പോലീസുകാരും ബൂത്തിന്റെ കാവലിനായി തോക്കും പിടിച്ച് നില്ക്കുന്നുണ്ടായിരുന്നു.

ഇടതുപക്ഷത്തിന് പറ്റിയ ഒരു അമളിയാണ് ഏറനാട് മണ്ഡലത്തിനെ ശ്രദ്ധാകേന്ദ്രമാക്കിയത്.ഒരു പൊതു സമ്മതനായ സ്വതന്ത്രനെ നിര്‍ത്താന്‍ സി.പി.എം ശ്രമിച്ചപ്പോള്‍ , മുന്നണി ധാരണ പ്രകാരം സീറ്റ് ലഭിച്ച സി.പി.ഐക്ക് സ്വന്തം ചിഹ്നത്തില്‍ തന്നെ മത്സരിക്കണം എന്ന് വാശി.അവസാനം സീതിഹാജിയുടെ മകനും ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയുമായ പി.കെ ബഷീറിന് എതിരെ ഇടതുപക്ഷം നിര്‍ത്തിയ സ്ഥാനാര്‍ത്ഥി ആരോരും അറിയാത്ത ഒരാള്‍.സ്വതന്ത്ര വേഷത്തില്‍ ബഷീറിന്റെ തന്നെ അയല്‍നാട്ടുകാരനായ പി.വി അന്‍‌വറും.മുന്‍ കോണ്‍ഗ്രസ് ‌കാരനായതിനാല്‍, എറനാട് മണ്ഡലം തങ്ങള്‍ക്ക് ലഭിക്കാത്തതില്‍ പ്രതിഷേധമുള്ള കുറേ കോണ്‍ഗ്രസ്‌കാര്‍ അന്‍‌വറിന്റെ കൂടെ നിന്നു.ഒപ്പം സി.പി.എം ലെ പ്രബല വിഭാഗവും.

ഫലം പ്രഖ്യാപിച്ചപ്പോളള്‍ ബഷീര്‍ പതിനൊന്നായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ ഈ മണ്ഡലത്തില്‍ എം.ഐ.ഷാനവാസ് നേടിയ ഭൂരിപക്ഷവും പഞ്ചായത്ത് തെരഞെടുപ്പില്‍ ഐക്യമുന്നണി നേടിയ ഭൂരിപക്ഷവും ആയി തട്ടിച്ചു നോക്കുമ്പോള്‍ ഭീമമായ വോട്ടിടിവ് വന്നിരിക്കുന്നു. അന്‍‌വറിനാകട്ടെ പ്രതീക്ഷിക്കാത്ത അത്രയും വോട്ട്. ഇടതുപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് ബി.ജെ.പിക്കും പിന്നില്‍ നാലാം സ്ഥാനം മാത്രം.

കോണ്‍ഗ്രസ്‌കാര്‍ കാല് വാരി എന്ന് വ്യക്തമായതിനാല്‍ ആഹ്ലാദപ്രകടനത്തിലേക്ക് ഒരൊറ്റ കോണ്‍ഗ്രസ്‌കാരനേയും ലീഗുകാര്‍ അടുപ്പിച്ചില്ല.മാത്രമല്ല പ്രാദേശിക കോണ്‍ഗ്രസ് നേതാവായ എന്റെ ബന്ധുവിന്റെ വീട്ടിന് മുന്നില്‍ വന്ന് തെറിയഭിഷേകം നടത്തുകയും ചെയ്തു എന്ന് ഞാന്‍ കേട്ടു.

അസംതൃപ്തരായ വോട്ടര്‍മാരുടെ പ്രതിഷേധമാണ് പല മണ്ഡലങ്ങളിലും പ്രതിഫലിച്ചത്.അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച വിജയം നേടാന്‍ പലര്‍ക്കും സാധിച്ചില്ല.എങ്കിലും നാളിതു വരെയുള്ള കേരള ചരിത്രത്തില്‍ ആദ്യമായി ഭരണ കക്ഷിക്ക് എതിരായ ഒരു വികാരം ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചില്ല.ഐക്യമുന്നണിയിലെ ചില നേതാക്കളുടെ പ്രതിഛായ അത്രയും മോശമായതിനാല്‍ തന്നെയാണ് ഭരണം നടത്താന്‍ ഇതുപോലെ ഒരു സ്വിറാത്ത്പാലം കേരള ജനത കോണ്‍ഗ്രസ്സിനും സില്ബന്ധികള്‍ക്കും നല്കിയത് എന്നത് വ്യക്തമാണ്.

വാല്: നിന്റെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട , അതില്ലാതെയും ഞങ്ങള്‍ ജയിക്കും എന്ന് വീമ്പിളക്കാന്‍ ഇനി മുതല്‍ ഒരു പാര്‍ട്ടിക്കും കേരളത്തില്‍ സാധ്യമല്ല.

4 comments:

Areekkodan | അരീക്കോടന്‍ said...

നിന്റെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട , അതില്ലാതെയും ഞങ്ങള്‍ ജയിക്കും എന്ന് വീമ്പിളക്കാന്‍ ഇനി മുതല്‍ ഒരു പാര്‍ട്ടിക്കും കേരളത്തില്‍ സാധ്യമല്ല.

അനില്‍@ബ്ലോഗ് // anil said...

കണ്ക്ലൂഷന്‍ തമാശയായല്ലോ മാഷ്‌. കൊണ്ഗ്രസ്സുകാരന്റെ ആത്മഗതം എന്ന് വേണേല്‍ പറയാം.

:)

പാവപ്പെട്ടവന്‍ said...

കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് സി പി എം .
അക്കര്യം മറക്കരുതു..

Areekkodan | അരീക്കോടന്‍ said...

എനിക്ക് പ്രതേകിച്ച് ഒരു രാഷ്ട്രീയ വീക്ഷണം ഇല്ലാത്തതിനാല്‍ ഞാന്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.ഏറനാട് സംഭവത്തില്‍ ഇരു മുന്നണികളിലും പ്രശ്നങ്ങള്‍ ഉരുള്‍പൊട്ടുന്നു!!!

Post a Comment

നന്ദി....വീണ്ടും വരിക