ഈ നോമ്പിന്റെ മൂന്നാം ദിവസം ഔദ്യോഗിക ആവശ്യാര്‍ത്ഥം തിരുവനന്തപുരത്ത് പോയി.ആറ്റിങ്ങല്‍ അടുത്ത് തോന്നക്കലുള്ള സുഹൃത്തായ ശറഫുദ്ദീനിന്റെ വീട്ടില്‍ നോമ്പ് തുറക്കാനും അവസരം ലഭിച്ചു.തൊട്ടടുത്തുള്ള പള്ളിയില്‍ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പള്ളിയില്‍ നിന്നും വിതരണം ചെയ്യുന്ന കഞ്ഞി കാണിച്ച് സുഹൃത്ത് പറഞ്ഞു - “അല്പം കഞ്ഞി കുടിക്കാം...”
മുമ്പ് ഒരു റമദാന് കാലത്ത് ബാപ്പയുടെ നാട്ടില്‍ പോയി നോമ്പ് തുറക്കുന്ന സമയത്ത് ഒരു ചെറുപയര്‍ കഞ്ഞി കുടിച്ചതും ചര്‍ദ്ദിച്ച് നാശമായതും ഓര്‍ത്ത് ഞാന്‍ ഈ ക്ഷണം നന്ദി പൂര്‍വ്വം നിരസിച്ചു.എങ്കിലും മുമ്പ് എന്റെ റൂം മേറ്റ് ആയിരുന്നപ്പോള്‍ ആദ്യമായി രാത്രിയില്‍ കഞ്ഞി കുടിക്കാന്‍ ആരംഭിച്ച ശറഫുദീന് സാര്‍ ഈ കഞ്ഞി ടേസ്റ്റ് നോക്കണം എന്ന് നിര്‍ബന്ധിച്ചത് പ്രകാരം ഒരല്പം ഞാനും വാങ്ങി.
വേവിച്ച ചെറുപയര്‍ ആദ്യം പാത്രത്തിലിട്ട് അതിലേക്ക് കഞ്ഞി ഒഴിക്കും.ആ കഞ്ഞി തന്നെ എരിവുള്ളതാണ്.കാരറ്റും മറ്റു ചില പച്ചക്കറികളും അതില്‍ തന്നെ ചേര്‍ത്തിട്ടുണ്ടാകും.കുടിച്ച് കഴിഞ്ഞപ്പോള്‍ തോന്നി ഒരല്പം കൂടി ആവാമായിരുന്നു എന്ന്.ഇതാണ് തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ നോമ്പ്കഞ്ഞി.ഇതേ കഞ്ഞി തന്നെ പാളയം പള്ളിയില്‍ ആകുമ്പോള്‍ അല്പം കൂടി എരിവും രസവും കൂടും എന്നും സുഹൃത്ത് പറഞ്ഞു.അവസരം കിട്ടിയാല്‍ അതും രുചിച്ച് നോക്കണം എന്നും ശറഫ് സാര്‍ എന്നെ ഉപദേശിച്ചു.
ഓരോ നാട്ടിലും റമദാനോടനുബന്ധിച്ച് വ്യത്യസ്തമായ വിഭവങ്ങള്‍ ആണുള്ളത്.കഞ്ഞി തന്നെ ഞാന്‍ മേല്‍ പറഞ്ഞപോലെ കോഴിക്കോട് ജില്ലയില്‍ പാകം ചെയ്യുന്നത് ചെറുപയര്‍ കഞ്ഞി എന്ന പേരിലാണ്.രാത്രി കുത്തരി കൊണ്ടുണ്ടാക്കുന്ന ജീരകമരച്ച് ചേര്‍ത്ത ജീരാകഞ്ഞിയും വടക്കന്‍ ജില്ലകളീല്‍ കിട്ടും.അതുപോലെ തന്നെ തേങ്ങാപാല്‍ ചേര്‍ത്ത വളരെ കുറിയ അരി കൊണ്ടുണ്ടാക്കിയ ഒരു തരം കഞ്ഞി ഫാറൂക്ക് കോളേജിനടുത്ത് താമസിക്കുന്ന എന്റെ മൂത്താപ്പയുടെ വീട്ടില്‍ നിന്നും നോമ്പ് കാലത്ത് രാത്രി എനിക്ക് ലഭിക്കാറുണ്ടായിരുന്നു.
മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുമ്പോള്‍ നോമ്പ്തുറ സമയത്തുള്ള കഞ്ഞിയുടെ പേര് തരിക്കഞ്ഞി എന്നാണ്.റവ വെള്ളത്തിലോ പാലിലോ തിളപ്പിച്ച് അതില്‍ മധുരം ചേര്‍ക്കുന്ന, വളരെ എളുപ്പം ഉണ്ടാക്കാവുന്നതും സ്വാദിഷ്ടവുമായ ഒരു വിഭവമാണ് തരിക്കഞ്ഞി.
മറ്റു ജില്ലകളില്‍ ഈ കഞ്ഞി ഏതൊക്കെ പേരില്‍ ഏതൊക്കെ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു എന്ന് എനിക്കറിയില്ല.ഏതായാലും നോമ്പിനോടനുബന്ധിച്ച് എല്ലാ സ്ഥലങ്ങളീലും ഇത്തരം ഡിഷുകളും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.അതിവിടേ പങ്ക് വയ്ക്കും എന്നും പ്രതീക്ഷിക്കുന്നു.
3 comments:
കോഴിക്കോട് ജില്ലയില്‍ പാകം ചെയ്യുന്നത് ചെറുപയര്‍ കഞ്ഞി എന്ന പേരിലാണ്.രാത്രി കുത്തരി കൊണ്ടുണ്ടാക്കുന്ന ജീരകമരച്ച് ചേര്‍ത്ത ജീരാകഞ്ഞിയും വടക്കന്‍ ജില്ലകളീല്‍ കിട്ടും.
ഇവിടെ വീടുകളിൽ മഞ്ഞൾ ചേർത്ത രുചികരമായ മറ്റൊരു തരം കഞ്ഞികളും കിട്ടും.കഞ്ഞികളുടെ വെറൈറ്റികൾ അറിയുന്നത് നോമ്പുകാലത്താണ്.അതെ,രുചികരമായ എത്രതരം കഞ്ഞികൾ!
ചീര കഞ്ഞി , തരിക്കഞ്ഞി , പാല്‍കഞ്ഞി , ,, അങ്ങിനെ എത്ര തരം കഞ്ഞികള്‍
ഇവിടെ പ്രവാസം ആരംഭിച്ചപ്പോള്‍ പിന്നെ കഞ്ഞിക്കും പകരം ശുര്ബ എന്ന് അറബികള്‍ വിളിക്കുന്ന പലതരം സൂപ്പുകള്‍ ...
എല്ലാം കഞ്ഞി പോലെ ........................
Post a Comment
നന്ദി....വീണ്ടും വരിക