Pages

Sunday, April 14, 2013

ഉലഹന്നാൻ ഉലാത്തുകയാണ്.....(ആദ്യ വിമാനയാത്ര - 2)

       (  മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

               രേഖാപരിശോധനകൾക്ക് ശേഷം എത്തിയത് ബാറ്റു പോലെ ഒരു സാധനം പിടിച്ച് നിൽക്കുന്ന തൊപ്പിക്കാരന്റെ മുന്നിലാണ്.കയ്യിലുള്ള ബാഗ് സൈഡിലുള്ള ഒരു യന്ത്രത്തിൽ വയ്ക്കാൻ പറഞ്ഞു.അത് സുന്ദരമായി ഒരു കർട്ടനുള്ളിലൂടെ പോയി അപ്പുറം എത്തി.എന്നെ ഒരു പ്ലാറ്റ്ഫോമിലേക്ക് കയറ്റി ഹാൻസ് അപ് പൊസിഷനിൽ നിർത്തി.ശേഷം പ്രസ്തുത ‘ബാറ്റ്’ശരീരത്തിലൂടെ മുഴുവൻ ഓടിച്ച് നോക്കി(ഒന്നരലക്ഷം രൂപ വില വരുന്ന ബോംബ് ഡിറ്റക്ടർ ആയിരുന്നു ആ ‘ബാറ്റ്’ എന്ന് ഇക്കഴിഞ്ഞ ജനുവരി അവസാനം കോളേജിൽ വച്ച് നടന്ന ലക്ഷ്യ ’13 എക്സിബിഷനിൽ വച്ചാണ് തിരിച്ചറിഞ്ഞത്.)

         ഈ ടെസ്റ്റും പാസ്സായവർക്ക് യാത്രക്കാർക്കായി ഒരുക്കിയ ലോഞ്ചിൽ പോയി വിശ്രമിക്കാം . ഞാനും മറ്റുള്ളവരുടെ കൂടെ ലോഞ്ചിലെത്തി. ആദ്യത്തെ അനുഭവങ്ങൾ ആയതിനാൽ കലശലായ മൂത്രശങ്ക ഉണ്ടായിരുന്നു.അടുത്ത സ്റ്റെപ് എന്താണെന്നറിയാത്തതിനാൽ മൂത്രമൊഴിക്കാൻ പോകാൻ ചെറിയ ഒരു പേടിയും ഉണ്ടായിരുന്നു.അതിനാൽ തന്നെ കമ്പനിക്കായി ഒരാളേയും കൂടി ഒപ്പം കൂട്ടി.വിമാനം വിട്ടു പോകാതിരിക്കാൻ അവിടെ നിന്ന ആരോടോ ‘പെർമിഷനും’ വാങ്ങി.’മൂത്രമൊഴിക്കാൻ അനുവാദം ചോദിച്ച് പോകുന്നത് എൽ.പി ക്ലാസ്സിന് ശേഷം ആദ്യമായിട്ടാ…” എന്റെ സഹയാത്രികൻ പറഞ്ഞു.

         “എ 137 മുംബൈക്ക് പോകുന്ന സ്പൈസ്ജെറ്റ് എയർവെയ്സിലെ യാത്രക്കാരനായ ഉലഹന്നാൻ എത്രയും പെട്ടെന്ന് ഫ്ലൈറ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്…” മൂത്രമൊഴിച്ച് തിരിച്ചെത്തിയപ്പോൾ ഞാൻ കേട്ടത് ഇതായിരുന്നു.ഓരോ ഫ്ലൈറ്റിലേയും യാത്രക്കാർക്ക് ഇരിക്കാനുള്ള പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങളിലേക്ക് ഞങ്ങൾ നീങ്ങി.എൻ‌ട്രി പോയിന്റ്ൽ നിൽക്കുന്ന പെൺകുട്ടികൾ ബോർഡിംഗ് പാസ് ചെക്ക് ചെയ്ത് ഞങ്ങളെ കയറ്റി ഇരുത്തി.അപ്പോഴാണ് ഒരു ചായ കുടിച്ചാൽ കൊള്ളാം എന്ന് ഒരാൾക്ക് തോന്നിയത്.

          “എ 137 മുംബൈക്ക് പോകുന്ന സ്പൈസ്ജെറ്റ് എയർവെയ്സിലെ യാത്രക്കാരനായ ഉലഹന്നാൻ എത്രയും പെട്ടെന്ന് ഫ്ലൈറ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്…” വീണ്ടും അനൌൻസ്മെന്റ് മലയാളത്തിലും ഇംഗ്ലീഷിലും കേട്ടു.’ഈ ഉലഹന്നാൻ എവിടെ പോയി ഉലാത്തുകയാണാവോ…’ ഞാൻ ആത്മഗതം ചെയ്തു.

          “ബോർഡിംഗ് പാസ് എടുത്തയാളെ കയറ്റാതെ വിമാനം പൊങ്ങില്ല” നിസാം സാർ പറഞ്ഞപ്പോൾ ടെക്നോളജി അത്രയും വളർന്നോ എന്ന് ഞാനും സംശയിച്ചു.തൊട്ടടുത്ത കഫറ്റീരിയയിൽ ചായ കുടിച്ചിരിക്കുമ്പോഴാണ് അടുത്ത അനൌൻസ്മെന്റ് കേട്ടത് –
 “എ 320 എയരിന്ത്യാ എക്സ്പ്രെസ്സിലെ യാത്രക്കാർ ദയവായി ലോഞ്ചിൽ കയറി ഇരിക്കേണ്ടതാണ്…”

       ഞങ്ങളിൽ പലരും ആദ്യമായിട്ട് വിമാനയാത്ര ചെയ്യുന്നവരായതിനാൽ അവിടേയും ഇവിടേയും അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്നവർ വേഗം ഇരിപ്പിടങ്ങളിലേക്ക് കയറി ഇരുന്നു.കുടിച്ചുകൊണ്ടിരുന്ന ചായ മുഴുവനാക്കി കടക്കാരനോട് വില ചോദിച്ചപ്പോൾ മനസ്സിൽ ഒരു ബോംബ് തന്നെ പൊട്ടി – ഒരു ചായക്ക് വെറും തൊണ്ണൂറ് രൂപ!!!!

         വിമാനം കയറുന്നതിന് മുമ്പുള്ള സ്ഥിതി വിശേഷങ്ങൾ ഭാര്യയേയും കുട്ടികളേയും ഫോണിൽ വിളിച്ചറിയിച്ചു.കാരണം വിമാനം പൊങ്ങുമ്പോൾ കോടിയിലൊരാൾക്ക് ഹൃദയാഘാതം സംഭവിക്കാറുണ്ട് പോലും!ആ അപൂർവ്വ ‘സെലക്ഷൻ‘ കിട്ടിയാൽ പിന്നെ ഈ കഥയൊന്നും പറയാൻ ഭാര്യയെ ലൈനിൽ കിട്ടില്ലല്ലോ.

            ഫോൺ വിളി കഴിഞ്ഞ ഉടനെ, കൂട്ടത്തിലെ വനിതാ യാത്രക്കാരികളിൽ ഒരാൾക്ക് ഒടുക്കത്തെ ഒരു സംശയം – വിന്റോ സീറ്റാണ് കിട്ടിയിരിക്കുന്നത് , ഷട്ടർ താഴ്ത്തിയാൽ കാഴ്ചകൾ ഒന്നും കാണാൻ പറ്റില്ല, താഴ്ത്തിയില്ലെങ്കിൽ കാറ്റടിച്ച് ജലദോഷം പിടിക്കുകയും ചെയ്യും. എനിക്ക് ഒരു പരിഹാരവും നിർദ്ദേശിക്കാൻ ഇല്ലാത്തതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല.

             വിവിധ വിമാനങ്ങളിൽ കയറാനുള്ളവർക്കുള്ള നിർദ്ദേശങ്ങൾ പല സമയങ്ങളിലായി വന്നു കൊണ്ടിരുന്നു.പെട്ടെന്ന് എല്ലാവരും എണീറ്റ് അതേ ലോഞ്ചിൽ തന്നെയുള്ള കൂറ്റൻ ചില്ലിനടുത്തേക്ക് നീങ്ങുന്നത് കണ്ടു.അതുവരെ ഒരു ചുമരു പോലെ നിന്നിരുന്ന ആ ചില്ല് പെട്ടെന്ന് ഒരു വാതിലായി തുറക്കപ്പെട്ടു! ഓരോരുത്തരായി ആ വാതിലിലൂടെ ഒരു ഇടനാഴിയിലേക്ക് പ്രവേശിച്ചു.ഇടുങ്ങിയ ആ ഇടനാഴി അവസാനിക്കുന്നിടത്ത് ,സാരിയുടെ മുകളിൽ കോട്ടിട്ട് ചുണ്ടുകൾ നന്നായി ചുവപ്പിച്ച് രണ്ട് സുന്ദരികൾ പുഞ്ചിരിച്ച് നിൽക്കുന്നു.

“വെൽകം സാർ” എന്നെ കണ്ട ഉടനെ അവർ പറഞ്ഞു.

                ‘ഓ ഞാൻ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സാറാണെന്ന് ഇവർ മനസ്സിലാക്കി’ എന്ന് ഞാൻ അഭിമാനിച്ചു.എന്റെ കോളേജിലെ പയ്യനായ അഫ്നാസിനോടും അവർ “വെൽകം സാർ” . പറഞ്ഞപ്പോൾ അതിന്റെ യാന്ത്രികത എനിക്ക് മനസ്സിലായി.അവരേയും കടന്ന് ഞാൻ വിമാനത്തിനകത്തേക്ക് പ്രവേശിച്ചു.

            നീളം കൂടിയ ഒരു ടൂറിസ്റ്റ് ബസ്സിനുള്ളീൽ എത്തിയ പോലെയാണ് എനിക്ക് തോന്നിയത്.ഇരു ഭാഗങ്ങളിലുമായി മൂന്ന് സീറ്റുകൾ വീതമുള്ള അനേകം നിരകൾ.അതിൽ അവസാനത്തേതിന് തൊട്ടുമുന്നിലെ വരിയിലായിരുന്നു ഞങ്ങളുടെ സീറ്റ്.തലക്ക് തൊട്ടുമുകളിലുള്ള ലഗേജ് കാരിയറിലേക്ക് ഞാൻ ബാഗ് വച്ചു.

          മുമ്പിലെ സീറ്റിന്റെ പുറകിലുള്ള കവറിൽ ചില പ്രസിദ്ധീകരണങ്ങൾ കണ്ടു.അതിലൊന്ന് യാത്രക്കാർക്കുള്ള നിർദ്ദേശങ്ങളും മുന്നറിയിപ്പുമായിരുന്നു. മറ്റൊന്ന് ഒരു ബിസിനസ് മാഗസിൻ ആയിരുന്നു.പിന്നെ അന്നത്തെ ഒരു ഇംഗ്ലീഷ് പത്രവും.

 എല്ലാവരും അതൊക്കെ എടുത്ത് നോക്കുന്നത് കണ്ട അഫ്‌നാസും ഒരു ഇംഗ്ലീഷ് പത്രം എടുത്തു.  

“അതേയ്...കൈ തുടക്കാൻ അവിടെ ടിഷ്യൂ പേപ്പർ കാണും “  ഞാൻ അഫ്‌നാസിനോട് പറഞ്ഞു. 


(അടുത്ത ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ...)

19 comments:

ajith said...

വെല്‍കം സാര്‍

വിവരണം രസമാകുന്നുണ്ട്. തുടര്‍ന്ന് വായിയ്ക്കാന്‍ എത്താം

Cv Thankappan said...

തുടര്‍ന്നോളൂ മാഷെ, പിറകെയുണ്ട്....
ആശംസകള്‍

Mohamedkutty മുഹമ്മദുകുട്ടി said...

ദാ..വീണ്ടും പറ്റിച്ചു.ഇനി നില്‍ക്കണോ അതോ പോണോ...?

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ ഒരു സംശയം.? ഉലഹന്നാനോ...?

mini//മിനി said...

ഇംഗ്ലീഷ് പേപ്പർ എടുക്കുന്നതിനു മുൻപ് കൈ തുടക്കണം,,, മലയാളികളുടെ ഓരോ ശീലങ്ങൾ!

Areekkodan | അരീക്കോടന്‍ said...

അജിത്ജീ...എനിക്ക് കമന്റാൻ കഴിയുന്നതിന് മുമ്പേ ഇവിടെ എത്തിയതിൽ സന്തോഷം.

തങ്കപ്പൻ‌ജീ...വായനക്ക് നന്ദി

മയമൂട്ടിക്കാ...ങ്ങളൊന്ന് സബൂറാകി...ഉലഹന്നാൻ പിന്നെ എന്തായീന്ന് ഞമ്മക്കറീല.

മിനി ടീച്ചറേ...ഓ അതൊരു ട്വിസ്റ്റ് ആണല്ലോ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ആബിദ് സാർ തമാശ ചുമ്മാ അങ്ങ് എഴുതി വിടുന്നു. പെട്ടെന്നുള്ള വായനയിൽ പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെട്ടില്ലെന്നു വരും "ടെക്നോളജി ഇത്ര പുരോഗമിച്ചൊ" എന്ന സംശയം ഞാൻ ചിരിച്ചു മണ്ണു കപ്പിയില്ലെന്നെ ഉള്ളു മുൻപിൽ മണ്ണ് ഇല്ലാഞ്ഞിട്ടാ കേട്ടൊ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മിനി റ്റീച്ചർ
ഇംഗ്ലീഷ് പത്രം എടുത്തപ്പൊഴല്ലെ പറഞ്ഞത് അഴുക്കു സാധനമൊക്കെ തൊട്ടാലല്ലെ കയ്യ് തുടയ്ക്കേണ്ടത്?

Hafnas said...

സാറിന്റെ കോളേജിലെ പയ്യനായിട്ടും എന്നോട് "വെൽക്കം സർ" എന്ന് പറഞ്ഞത് എന്റെ "ഗെറ്റ് അപ്പ്‌ " കണ്ടിട്ടായിരിക്കും എന്ന് സാറിന്റെ വിശാലമായ തലയിൽ തൊന്നിയില്ലെ... ? ;)

ഫൈസല്‍ ബാബു said...

“കൈ തുടക്കാൻ അവിടെ ടിഷ്യൂ പേപ്പർ കാണും “ - അഫ്നാസ് ഇംഗ്ലീഷ് പത്രം എടുത്തപ്പോൾ ഞാൻ പറഞ്ഞു. ഹാഹ്ഹ മാഷേ ഇത്തവണയും വിമാനം പൊങ്ങിയില്ല അല്ലെ :)

Akbar said...

"ടെക്നോളജി ഇത്ര പുരോഗമിച്ചൊ" :)

ശ്രീ said...

അഫ്‌നാസിനിട്ട് ഒരു കൊട്ടു കൊടുത്തു അല്ലേ?

അല്ല, അപ്പോ ഈ ഉലഹന്നാന്‍???

Unknown said...

ഓരോ ഭാഗത്തിന്റെയും അവസാനം അടുത്തതിലേക്കുള്ള ഒരു ലിങ്ക് ഫിറ്റ് ചെയ്താൽ...
ടെക്നോളജി വളരുന്നു...

Echmukutty said...

ഉം... ആദ്യായിട്ട് വിമാനത്തില്‍ കയറുമ്പോള്‍ ... സാരമില്ല.. ഇതൊന്നും സാരമില്ല...

kochumol(കുങ്കുമം) said...

തുടര്‍ന്നോളൂ പുറകെ ഉണ്ട് ..

Areekkodan | അരീക്കോടന്‍ said...

പണിക്കര്‍ ഡോക്ടറേ...ഇത് എഴുതുമ്പോള്‍ മനസ്സില്‍ നിന്നും അറിയാതെ വന്ന് പോയ ഒരു വരിയാ അത്.പിന്നെ മേമ്പോടിയായി കിടക്കട്ടെ എന്ന് കരുതി അങ്ങ് ഫിറ്റാക്കി.

അഫ്‌നാസ്...ഏയ് അങ്ങനേ ആവാന്‍ വഴിയില്ല.എന്റെ ഒപ്പം വരുന്നവന്‍ എന്ന പരിഗണന ആയിരിക്കാം അവര്‍ തന്നത്.

ഫൈസലേ....ദാ , ഇപ്പം ശരിയാക്കിത്തരാം(താമരശ്ശേരി ചുരം....)

അക്ബര്‍ക്കാ...തുടരും കണ്ടിട്ടാണോ?



Areekkodan | അരീക്കോടന്‍ said...

ശ്രീ...ഉലഹന്നാന്‍ ഇപ്പോഴും ഉലാത്തുകയാണ്.

ചീരാമുളകേ...തുടക്കത്തില്‍ ലിങ്കുണ്ട്.ഇനി ഒടുക്കത്തിലും കൊടുത്താല്‍ ഇത് പുഷ്-പുള്‍ ട്രെയിന്‍ പോലെയാവില്ലേ?

എച്മു‌ക്കുട്ട്യേ...അതെ , സാരമില്ല

കുങ്കുമം...അടുത്തതും പോസ്റ്റിയിട്ടുണ്ട്.

പട്ടേപ്പാടം റാംജി said...

“വെൽകം സാർ” എന്നെ കണ്ട ഉടനെ അവർ പറഞ്ഞു.
നല്ല വേഗതയോടെ നീങ്ങുന്നുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

മൂന്ന് ചായക്ക് വെറും തൊണ്ണൂറ് രൂപ!!!!

ഇവിടത്തെയൊക്കെ വീമാനത്താവളത്തിൽ ഒരു ചായക്ക് 300 രൂപയാ കേട്ടൊ ഭായ്

Post a Comment

നന്ദി....വീണ്ടും വരിക