Pages

Tuesday, April 16, 2013

ആകാശത്തെ ‘പ്ലസ്‌പോയിന്റുകൾ’ -(ആദ്യ വിമാനയാത്ര - 3)


  ( മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

             സീറ്റുകൾ ഏകദേശം ഫുൾ ആയതോടെ നേരത്തെ വെൽകം ചെയ്തപോലെയുള്ള രണ്ടെണ്ണം കൂടി അകത്ത് പ്രത്യക്ഷപ്പെട്ടു.യാത്രക്കാരുടെ ലഗേജ് വയ്ക്കാനും സീറ്റ് കണ്ടുപിടിക്കാനും എല്ലാം അവർ സഹായിക്കുന്നത് കണ്ടു.അല്പം കഴിഞ്ഞ് മൂന്ന് പേരും മൂന്ന് പൊസിഷനുകളിൽ നിന്നു.വിമാനത്തിനകത്ത് സ്പീക്കറിലൂടെ ചില നിർദ്ദേശങ്ങൾ വന്നു കൊണ്ടിരുന്നു.ഈ മൂന്ന് പേരും അതിനനുസരിച്ചുള്ള ആംഗ്യങ്ങൾ കാണിച്ചു.ഒരു കോമഡി മൈം പോലെയാണ് എനിക്കത് തോന്നിയത്.

             അല്പസമയത്തിന് ശേഷം വിമാനം പാർക്കിംഗ് ബേയിൽ നിന്ന് ട്രാക്കിലേക്ക് മാറ്റി.വിമാനം മെല്ലെ നീങ്ങാൻ തുടങ്ങിയതും സീറ്റ്ബെൽറ്റ് മുറുക്കാനുള്ള നിർദ്ദേശം വന്നു.നിസ്സാം സാറുടെ വയർ ബെൽറ്റിനുള്ളിൽ ശരിക്കും കുടുങ്ങിയപ്പോൾ , എത്ര കളിച്ചിട്ടും കുരുക്ക് മുറുക്കാൻ കഴിയാതെ ഞാൻ പാടുപെട്ടു.ആദ്യ വിമാനയാത്രയായതിനാൽ ഒരു പരീക്ഷണം വേണ്ട എന്ന് കരുതി ഞാൻ ബെൽറ്റിന്റെ ഒരു ഭാഗം ആഞ്ഞ് വലിച്ചു. “ആഹ്….” ബെൽറ്റിനുള്ളിൽ എന്റെ പൌരുഷം ഞെരിഞ്ഞമർന്നു.എങ്കിലും സുരക്ഷിതനായ സന്തോഷത്തിൽ ഞാൻ വേദന മറച്ചു വച്ചു.

             വിമാനം റൺ‌വേയിലൂടെ മന്ദം മന്ദം നീങ്ങിത്തുടങ്ങി.എല്ലാവരും സീറ്റ് ബെൽറ്റ് ഒന്നുകൂടി മുറുക്കി.വിമാന വേഗത ക്രമേണ കൂടി അതിന്റെ ഉച്ചസ്ഥായിയിലെത്തി.വശങ്ങളിൽ മിന്നിമറയുന്നത് എന്തെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത അത്ര വേഗത്തിൽ പിന്നിലേക്കോടി.പെട്ടെന്ന് വയറൊന്ന് കാളി – വിമാനം നിലം വിട്ട് ആകാശത്തിലേക്ക് പൊങ്ങി! ശരിക്കും എന്റെ ശരീരം ആകാശത്തിലൂടെ ചിറക് വിരിച്ച് പറക്കുന്ന പോലെ എനിക്ക് തോന്നി. പൈലറ്റ്, വിമാനം അല്പമൊന്ന് ചരിച്ചു.ആകാശത്തും വളവും തിരിവും ഉണ്ടെന്ന് അപ്പോൾ മനസ്സിലായി.

                 ഞാൻ സൈഡ് വിന്റോയിലൂടെ പുറത്തേക്ക് തലയിടാൻ ശ്രമിച്ചു. കഷണ്ടി ഗ്ലാസ്സിൽ നന്നായൊന്നിടിച്ചു.എന്നാലും താഴെ വാഹനങ്ങൾ നീങ്ങുന്നതും കെട്ടിടങ്ങളിലും മറ്റും ലൈറ്റുകൾ തെളിഞ്ഞ് നിൽക്കുന്നതും കാണുന്നുണ്ട്.ആ കാഴ്ച പെട്ടെന്ന് തന്നെ മറഞ്ഞു.ഇപ്പോൾ വിമാനം പറക്കുന്നത് അറബിക്കടലിന്റെ മുകളിൽ കൂടിയാണ്.എനിക്ക് ഒട്ടും ഭയം തോന്നിയില്ല.കോഴിക്കോട്ടെ അറബിക്കടലും കൊച്ചിയിലെ അറബിക്കടലും തിരുവനന്തപുരത്തെ അറബിക്കടലും ഒക്കെ നേരിട്ട് പോയി തൊട്ട ഞമ്മക്കുണ്ടോ അതിന്റെ മുകളിൽകൂടി പറക്കുമ്പോ പേടി ?

             പെട്ടെന്ന് വിമാനം ഒന്ന് കൂടി പൊങ്ങുന്നതായി തോന്നി.പിന്നെ ഒരു കുലുക്കം തുടങ്ങി – തവക്കൽതു അലള്ളാഹ്. ഞാൻ കണ്ണടച്ച് മനസ്സിൽ ഒന്ന് കൂടി പറഞ്ഞു.നേരത്തെ ആകാശത്ത് വളവുകൾ ഉണ്ടായപോലെ ഇനി ഗട്ടറുകളും ഉണ്ടാകുമോ എന്ന് ന്യായമായും ഞാൻ സംശയിച്ചു.എയർപോക്കറ്റ്, മേഘവിസ്ഫോടനം, ബർമുഡ ട്രയാംകിൾ തുടങ്ങീ ആകാശത്തെ നിരവധി ‘പ്ലസ്പോയിന്റുകൾ’ കേട്ട് മാത്രം പരിചയമുള്ളത് നേരിട്ട് അനുഭവിക്കാൻ പോകുന്നതായി എനിക്ക് തോന്നി.പിടിച്ചു വലിക്കാൻ ചങ്ങല ഒന്നും കാണാത്തതിനാൽ ഞാൻ വീണ്ടും നിസാം സാറിന്റെ മുഖത്തേക്ക് നോക്കി.

“പേടിക്കേണ്ട….ഇപ്പോൾ എഞ്ചിൻ ഓഫാണ്….”

“ഈശ്വരാ…ഇത്രേം മുകളിലെത്തീട്ട് എഞ്ചിൻ ഓഫാക്കിയാൽ….അമ്മേ…കൃഷ്ണാ…” തൊട്ടപ്പുറത്തിരുന്ന സ്ത്രീകളുടെ സീറ്റിൽ നിന്നും ആശങ്കാകുലമായ മന്ത്രണങ്ങൾ ഉയർന്നുകൊണ്ടിരുന്നു.

“ഇത്രേം നേരം അമ്മയേയും അഛനേയും ഒന്നും ഓർമ്മ ഇല്ലായിരുന്നല്ലോ…ഒരു പൈലറ്റ് വിചാരിച്ചാൽ നിങ്ങൾ ആരൊക്കെയൊക്കെ വിളിക്കും…?” എന്റെ ഉള്ളിലെ ചോദ്യം പക്ഷേ പുറത്തേക്ക് വന്നില്ല.അപ്പോഴേക്കും ഒരു ഉന്തുവണ്ടിയുമായി ആ വയസ്സൻ സുന്ദരിമാർ എത്തി.


(അടുത്തഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.....)

13 comments:

Areekkodan | അരീക്കോടന്‍ said...

“ഈശ്വരാ…ഇത്രേം മുകളിലെത്തീട്ട് എഞ്ചിൻ ഓഫാക്കിയാൽ….അമ്മേ…കൃഷ്ണാ…” തൊട്ടപ്പുറത്തിരുന്ന സ്ത്രീകളുടെ സീറ്റിൽ നിന്നും ആശങ്കാകുലമായ മന്ത്രണങ്ങൾ ഉയർന്നുകൊണ്ടിരുന്നു.

ഫൈസല്‍ ബാബു said...

ഹഹ മാഷേ ചിരിപ്പിച്ചു ട്ടോ ... അല്ല എഞ്ചിന്‍ നിന്നാലും അല്ഭുതമില്ല നിങ്ങളെപ്പോലെ യുള്ളവരല്ലേ അതിനകത്ത് :)

Unknown said...

പണ്ട് ജീപ്പ് ഡ്രൈവർമാർ ഇറക്കത്തിൽ ന്യൂട്രലടിക്കുന്ന പോലെ?
Technoloജീ...

Echmukutty said...

കൊള്ളാം കൊള്ളാം... യാത്ര തുടരട്ടെ..

ajith said...

അപ്പോഴേക്കും ഒരു ഉന്തുവണ്ടിയുമായി ആ വയസ്സൻ സുന്ദരിമാർ എത്തി.

ഹഹഹ....അതു രസമായി

kochumol(കുങ്കുമം) said...

യ്യോ ഇതെന്താത് മനുഷ്യനെ പേടിപ്പികുകയാ ...:)

Areekkodan | അരീക്കോടന്‍ said...

ഫൈസലേ...അവര്‍ക്കറിയൂലല്ലോ, ലോകപ്രശസ്തനായ ഒരുത്തന്‍ അകത്തിരിക്കുന്നുണ്ട് എന്ന വിവരം.

ചീരാമുളകേ...അതെന്നെ

എച്മുക്കുട്ട്യേ....ഓ ഇവിടെ എത്തി അല്ലേ?

അജിത്‌ജീ...വയസ്സന്മാരെ പറയുമ്പോള്‍ തിളക്കുന്നുണ്ടോ?

കുങ്കുമം....അതേ , വിമാനം വിടല്‍ അങ്ങനെയാണ് പോലും!!!

പട്ടേപ്പാടം റാംജി said...

ഗട്ടറുകള്‍ ഇല്ലായിരുന്നെങ്കില്‍ അല്പം ആസ്വാസമായേനെ അല്ലേ...

Mohamedkutty മുഹമ്മദുകുട്ടി said...

അല്ലാ...ങ്ങള് ശരിക്കും വിമാനത്തില്‍ കയറിയോ..?

Sidheek Thozhiyoor said...

മുക്കാ മണിക്കൂറായി ഇങ്ങടെ ഈ ബ്ലോഗില്‍ കയരിക്കൂടിയിട്ട്, വായിക്കാന്‍ ബാക്കിയുണ്ടായിരുന്നതെല്ലാം വായിച്ചു ,അപ്പൊ ഗട്ടറുകള്‍ എവിടെയും പ്രശ്നം തന്നെയല്ലേ? വീണ്ടും കാണാം .നന്ദി സന്തോഷം

Akbar said...

വിമാനത്തിനകത്ത് സ്പീക്കറിലൂടെ ചില നിർദ്ദേശങ്ങൾ വന്നു കൊണ്ടിരുന്നു.ഈ മൂന്ന് പേരും അതിനനുസരിച്ചുള്ള ആംഗ്യങ്ങൾ കാണിച്ചു.

ഇത് പണ്ടു. ഇപ്പൊ കഥ മാറി. എല്ലാം സിൽമയിൽ തെളിയും. :)

ente lokam said...

cheera mulaku,Ajithji,Akbar
repeat..ha..ha....

Muralee Mukundan , ബിലാത്തിപട്ടണം said...

എനിക്ക് ഒട്ടും ഭയം തോന്നിയില്ല....
കോഴിക്കോട്ടെ അറബിക്കടലും കൊച്ചിയിലെ
അറബിക്കടലും തിരുവനന്തപുരത്തെ അറബിക്കടലും
ഒക്കെ നേരിട്ട് പോയി തൊട്ട ഞമ്മക്കുണ്ടോ അതിന്റെ
മുകളിൽകൂടി പറക്കുമ്പോ പേടി ?

Post a Comment

നന്ദി....വീണ്ടും വരിക