Pages

Wednesday, April 24, 2013

നരകക്കോഴിയെ ഏറ്റുവാങ്ങുമ്പോൾ.......


               കാട്ടാന നാട്ടിലിറങ്ങിയ വാര്‍ത്ത വായിച്ചാണ് ഏപ്രില്‍ 21 ന്റെ സുപ്രഭാതം തുടങ്ങിയത്. തുഞ്ചന്‍പറമ്പ് മീറ്റിന് കുടുംബ സമേതം പോകാന്‍ തീരുമാനിച്ചതിനാല്‍ ഇടക്കിടെ ഭാര്യയുടേയും കുട്ടികളുടേയും ഡ്രെസ്സിംഗിന്റെ പുരോഗതിയും പത്രവായനക്കിടക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 എട്ടു മണിക്കെങ്കിലും ഇറങ്ങാന്‍ വേണ്ടി ഏഴരക്ക് പോകണം എന്ന്  ഞാന്‍ ഭാര്യയോട് പറഞ്ഞിരുന്നു.ഈ അര മണിക്കൂര്‍ ‘ഇഞ്ചുറി ടൈം‘ കിട്ടും എന്ന് ഇപ്പോള്‍ അവള്‍ക്കും മനസ്സിലായി തുടങ്ങി.

“ദേ....സമയം ഇപ്പോള്‍ തന്നെ എട്ടാവാറായി ട്ടോ....” ഞാന്‍ ഭാര്യയെ വീണ്ടും ഓര്‍മ്മപ്പെടുത്തി.

“ഒമ്പതരക്കല്ലേ തുടങ്ങാ....?” അവളുടെ മറുചോദ്യം എനിക്കങ്ങ് ദഹിച്ചില്ല.

“ഒമ്പതരക്ക് തന്നെയാ....ഈ സാധനം വിട്ട് അങ്ങ് തിരൂര്‍ എത്തണമെങ്കില്‍ സമയം ശ്ശി പിടിക്കും....60 കിലോമീറ്ററിലധികം ദൂരം ഡ്രൈവ് ചെയ്യാനുണ്ട്...”

“ അപ്പോള്‍ ഉപ്പച്ചീ 60 കിലൊമീറ്റര്‍ പെര്‍ ഹവര്‍ സ്പീഡില്‍ പോയാല്‍ തന്നെ,  ഒരു മണിക്കൂര്‍ കൊണ്ട് എത്തുമല്ലോ?” മകള്‍ അവള്‍ പഠിച്ച ഫിസിക്സും മാത്‌സും ഒക്കെ പ്രയോഗിക്കാന്‍ തുടങ്ങി.

“:ങാ....അതിന് രാജവീഥി വേണം മോളേ.....നമ്മുടെ ഈ കുണ്ടനെടായി റോഡുകള്‍ പറ്റൂലാ...”

“ങ്ങള്‍ എന്തൊരുപ്പച്ച്യാ....സ്പീഡില് കാറ് വിടാനും കഴിയൂലാ....”

“മോളേ...ഇതെന്നെ ഉപ്പച്ചിക്ക് ഒത്തിട്ടല്ല....വേഗം എറങ്ങാന്‍ നോക്ക്....”

അല്പസമയത്തിനകം ഭാര്യയും കുട്ടികളും റെഡിയായി ഇറങ്ങി.കാറില്‍ കയറിയതും ഞാന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി, ഗിയര്‍ മാറ്റി , ആക്സിലേറ്ററില്‍ ചവിട്ടി...

 “ഉപ്പച്ച്യേ....ആ ഗേറ്റ് പുതിയതാട്ടോ...” അളിയന്റെ വീടിന്റെ മുന്നിലെ ഗേറ്റ് കാണിച്ചുകൊണ്ട് മോള്‍ പറഞ്ഞപ്പോള്‍ ഞാന്‍ കാല് ബ്രേക്കിലേക്ക് മാറ്റിച്ചവിട്ടി.വണ്ടി ഗേറ്റും കടന്ന് മെയിന്‍ റോഡില്‍ എത്തി,

“ഇന്ന് ‘നരകക്കോഴി’ ഇറങ്ങുന്നുണ്ട്...”ഞാന്‍ തുഞ്ചന്‍പറമ്പ് വിശേഷം തുടങ്ങി.

“നരകക്കോഴിയോ? അതെന്താ?” ഭാര്യയുടെ ചോദ്യം.

“അങ്ങനെ ഒരു സിനിമയെപറ്റി ഞങ്ങളും എവിടേയും വായിച്ചില്ലല്ലോ...” ഇറങ്ങുന്നു എന്ന് പറയുന്നതെല്ലാം സിനിമയോ സീഡിയോ ആണെന്ന് തെറ്റിദ്ധരിച്ച പുതുതലമുറയിലെ മകള്‍ പറഞ്ഞു.

“;നരകക്കോഴി’യെ ഞാന്‍ കണ്ടിട്ടുണ്ട്....കെ.ആര്‍ ബേക്കറിയില്‍...” രണ്ടാമത്തെ മകള്‍ അവളുടെ അറിവും വിളമ്പി.

“ഇത് അതൊന്നുമല്ല....പ്രശസ്ത ബ്ലോഗര്‍.....”

“ഒന്ന് മിണ്ടാതിരിക്കി.....പ്രശസ്ത ബ്ലോഗര്‍.....”  ഭാര്യ എന്നെ പറയാന്‍ അനുവദിച്ചില്ല.

“എടീ എന്നെ പറ്റിയല്ല പറയുന്നത്.....പ്രശസ്ത ബ്ലോഗര്‍ ഇസ്മായില്‍ കുറുമ്പടി.....”

“കുറുവടിയോ?” മക്കള്‍ കേട്ടത് അവര്‍ വിളിച്ചു ചോദിച്ചു.

 “കുറുവടിയല്ല മക്കളേ.....കുറുമ്പടി...ഇസ്മായി
ല്‍ കുറുമ്പടിയുടെ കുറേ കഥകളുടെ സമാഹാരം.....”

“ഓ എങ്കില്‍ എന്തായാലും വാങ്ങണം....ഞങ്ങള്‍ക്കത് വായിക്കണം.....” കഥ എന്ന് കേട്ടതോടെ മക്കള്‍സ് പാസ്സാക്കി.

“ശരി...നമുക്ക് വാങ്ങാം....തുഞ്ചപറമ്പ് എത്തിക്കോട്ടെ....”

*************************************************************

രെജിസ്ട്രേഷന്‍ കഴിഞ്ഞ് ഔദ്യോഗിക ചടങ്ങുകൾ ഒന്നും ഇല്ലാതെ മീറ്റ് തുടങ്ങി.അപ്പോഴാണ് മീറ്റ് തൊഴിലാളികളില്‍ ഒരാളായ കൊട്ടോട്ടി പറഞ്ഞത്.
“നരകക്കോഴിയെ അരീക്കോടന്‍ മാഷ് ഏറ്റ് വാങ്ങണം...”

ഒരു നിമിഷം ഞാന്‍ എതോ ലോകത്തെത്തി.പ്രശസ്തരായ പല സാഹിത്യകാരന്മാരും പുസ്തകപ്രകാശനം നടത്തി അത് ഏറ്റുവാങ്ങാറുണ്ട്.മലയാള ഭാഷാ പിതാവിന്റെ മണ്ണില്‍ വച്ച് അതേ പോലൊരു സൌഭാഗ്യം എന്നെ തേടി എത്തിയിരിക്കുന്നു.
 
 ബൂലോക കാരണവരായ ഷരീഫ്‌ക്ക (ഷരീഫ് കൊട്ടാരക്കര)യില്‍ നിന്നും സ്നേഹപൂര്‍വ്വം ‘നരകക്കോഴി’ യെ ഏറ്റുവാങ്ങുമ്പോള്‍ എന്റെ കൈ പൊള്ളി്!!!പ്രസ്സില്‍ നിന്നും അച്ചടി മഷി പുരണ്ട് പുറത്തിറങ്ങിയിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയിരുന്നുള്ളൂ.ബാക്കി ഇനി പുസ്തകം വായിച്ചതിന് ശേഷം പറയാം.




ഈ പുസ്തകം ഏറ്റുവാങ്ങാൻ  എന്നെ ക്ഷണിച്ച മീറ്റ് തൊഴിലാളികള്‍ക്കും പുസ്തകം എഴുതിയ ഇസ്മായില്‍ തണലിനും പബ്ലിഷ് ചെയ്ത സീ.ൽ.എസ് ബുക്‍സിനും നന്ദിയോടെ....

9 comments:

Areekkodan | അരീക്കോടന്‍ said...

“ഉപ്പച്ച്യേ....ആ ഗേറ്റ് പുതിയതാട്ടോ...” അളിയന്റെ വീടിന്റെ മുന്നിലെ ഗേറ്റ് കാണിച്ചുകൊണ്ട് മോള്‍ പറഞ്ഞപ്പോള്‍ ഞാന്‍ കാല് ബ്രേക്കിലേക്ക് മാറ്റിച്ചവിട്ടി.വണ്ടി ഗേറ്റും കടന്ന് മെയിന്‍ റോഡില്‍ എത്തി,

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നരകക്കോഴിയുടെ ഭാഗ്യമോ അതോ മാഷിന്റെയോ .... ഏതായാലും പുസ്തകം ഞാനും വാങ്ങുന്നുണ്ട് ....

Cv Thankappan said...

ആശംസകള്‍

Aisha Noura /ലുലു said...

ഉപ്പച്ചി ഏറ്റുവാങ്ങിയ നരകക്കോഴിയെ ഞാന്‍ ഞാന്‍ കോഴി തിന്നുന്ന സ്പീഡില്‍ വായിച്ചു തീര്‍ത്തു..!

മൻസൂർ അബ്ദു ചെറുവാടി said...

എനിക്ക് ഒപ്പിട്ട് അയച്ചുതരാം എന്ന് പറഞ്ഞിട്ടുണ്ട് കുറുമ്പടി . അതിന് പൈസ വേറെ കൊടുക്കണമത്രേ . അതങ്ങ് അരീക്കോടൻ മാഷിനോട് പറഞ്ഞാൽ മതി എന്ന് ഞാനും പറഞ്ഞു .

ajith said...

ഗേറ്റ് ഇപ്പോഴും കുഴപ്പമില്ലാതെ നിലനില്‍ക്കുന്നുണ്ടല്ലോ അല്ലെ?

Echmukutty said...

എനിക്കും കിട്ടും വൈകാതെ പുസ്തകം...

അതു ശരി അപ്പോ അങ്ങനെയായിരുന്നു പ്രസാധനം... കൊള്ളാം.

kochumol(കുങ്കുമം) said...

നരകക്കോഴി എനിക്ക് കിട്ടി ..

ഫൈസല്‍ ബാബു said...

അപ്പോള്‍ കുടുമ്പസമേതമായിരുന്നു യാത്ര അല്ലെ,,,നരകക്കോഴി എനിക്കു വേണം ,ഇസ്മയില്‍ ഭായിയെ ഒന്ന് സോപ്പിട്ടു നോക്കട്ടെ :)

Post a Comment

നന്ദി....വീണ്ടും വരിക